'ബാഖിയാത്തു സ്സ്വാലിഹാത്ത്' നിത്യമായ സുകൃതസൗഭാഗ്യങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 10/08/2018
വിഷയം: ബാഖിയാത്തു സ്സ്വാലിഹാത്ത്

പരിശുദ്ധ ഖുർആനിലെ സൂറത്തുൽ കഹ്ഫിലെ 46ാം സൂക്തത്തിലൂടെ അല്ലാഹു വിവരിക്കുന്നു: “സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ പൊലിമയത്രെ. എന്നാൽ ബാക്കിവരുന്ന ഉത്തമ കർമ്മങ്ങളാണ് (ബാഖിയാത്തു സ്സ്വാലിഹാത്ത്) താങ്കളുടെ നാഥന്റെ പക്കൽ ഉദാത്ത പ്രതിഫലമുള്ളതും ശുഭപ്രതീക്ഷാദായകവും”. ഇഹലോകത്തെ സകല സൗഭാഗ്യങ്ങളും നശ്വരമാണ്. ഈ സൗഭാഗ്യങ്ങൾ പരലോകത്ത് ഉപകരിക്കുംവിധം ധർമ്മാധിഷ്ഠിതമാവുമ്പോഴാണ് ശാശ്വതമാവുന്നത്. അല്ലെങ്കിൽ അവ ഈ ക്ഷണിക ലോകത്ത് വെറും അലങ്കാരപ്രദർശനങ്ങളായി മാത്രം നിലകൊള്ളും. എല്ലാവിധ സമ്പാദനങ്ങളിൽ നിന്നുള്ള നിലനിൽക്കുന്ന ധർമ്മഫലങ്ങളാണ് മേൽസൂക്തത്തിൽ പ്രതിപാദ്യമായ ബാഖിയത്തു സ്സ്വാലിഹാത്ത്. പാരത്രിക ലോകത്തേക്കു കൂടി പ്രതിഫലാർഹമായി ബാക്കിയായി നിലനിൽക്കുന്നത് കൊണ്ടാണ് 'ബാക്കിയാവുന്ന സുകൃതങ്ങൾ' എന്ന അർത്ഥത്തിൽ ബാഖിയാത്തു സ്സ്വാലിഹാത്ത് എന്നു പറയപ്പെടുന്നത്. എല്ലാ ആരാധനകളും ധർമ്മങ്ങളും നന്മകളും ബാഖിയാത്തു സ്സ്വാലിഹാത്തിൽപ്പെടുമെന്ന് ഇസ്ലാമിക പ്രബല പണ്ഡിതാഭിപ്രായം. പ്രമുഖ ഖുർആൻ പണ്ഡിതനായിരുന്ന ഇബ്‌നു അബ്ബാസ് (റ) മേൽസൂക്തത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ: “ബാഖിയാത്തു സ്സ്വാലിഹാത്തെന്നാൽ അല്ലാഹുവിനെ സ്മരിക്കലാണ്. നമസ്‌ക്കാരവും നോമ്പും ഹജ്ജും ദാനധർമ്മവും കുടുംബബന്ധം ചേർക്കലും.. എന്നല്ല സകല സത്കർമ്മങ്ങളും അതിൽപ്പെടും. അത് ചെയ്തവർക്ക് സ്വർഗലോകത്ത് നല്ലത് അനുഭവിക്കാം” (തഫ്‌സീർ ഇബ്‌നു കസീർ 164/5, തഫ്‌സീറു ത്ത്വബ്‌റി 280/15). മർയം സൂറത്തിലെ 76ാം സൂക്തത്തിൽ കാണാം: “താങ്കളുടെ രക്ഷിതാവിങ്കൽ ഉദാത്ത പ്രതിഫലവും ഉത്തമ പരിണാമവുമുള്ളത് അനശ്വര സുകൃതങ്ങളത്രെ (ബാഖിയാത്തു സ്സ്വാലിഹാത്ത്)”. പരലോക വിചാരണ ദിവസം ഉപകാരപ്പെടുന്ന സുകൃതസൗഭാഗ്യങ്ങളാണ്  ബാഖിയാത്തു സ്സ്വാലിഹാത്തെന്ന് പ്രമുഖ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാ തഫ്‌സീറുൽ ഖുർത്വുബി വിശദമാക്കുന്നു (145/11).

ദിക്‌റുകളാണ് ബാഖിയാത്തു സ്സ്വാലിഹാത്തിൽ പ്രധാനം. അവക്ക് മഹത്തരങ്ങളായ പ്രതിഫലങ്ങളാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. നബി (സ്വ) പറയുന്നു: ബാഖിയാത്തു സ്സ്വാലിഹാത്ത് എന്നാൽ തക്ബീർ, തഹ്‌ലീൽ, തസ്ബീഹ്, തഹ്മീദ്, ലാ ഹൗല വലാഖുബ്ബത്ത ഇല്ലാ ബില്ലാഹ് എന്നീ ദിക്‌റുകളാണ് (ഹദീസ് അഹ്്മദ് 11713). ഒരുത്തൻ ഈ അഞ്ചു ദിക്‌റുകൾ ചൊല്ലിയാൽ അവന്റെ പാപങ്ങൾ കടലിലെ നുരപോലെ നിരന്തരവും അധികവുമാണെങ്കിൽ പോലും പൊറുക്കപ്പെടുമെന്ന് തിരുവചനവുമുണ്ട് (ഹദീസ് തുർമുദി 3460, അഹ്മദ് 6479). അല്ലാഹു ആ ദിക്‌റുകൡ നിന്ന് നാലെണ്ണത്തെ ഇരട്ടി പ്രതിഫലം നൽകുന്ന വചനങ്ങളായി പ്രത്യേകം നിർണയിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ്വ) പറയുന്നു: അല്ലാഹു വചനങ്ങളിൽ നിന്ന് നാലെണ്ണത്തെ തെരഞ്ഞെടുത്തിട്ടുണ്ട്: സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിയാണവ. ഒരാൾ സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞാൽ അത് അവനിക്ക് ഇരുപത് പ്രതിഫലങ്ങളായി എഴുതപ്പെടുകയും അതുമൂലം അവന്റെ ഇരുപത് ദോഷങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും. അല്ലാഹു അക്ബർ എന്ന് ചൊല്ലിയാലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിയാലും തഥൈവ. അൽഹംദുലില്ലാഹി റബ്ബി ആലമീൻ എന്ന് ചൊല്ലിയാൽ അത് അവനിക്ക് മുപ്പത് പ്രതിഫലങ്ങളായി എഴുതപ്പെടുകയും അതുമൂലം അവന്റെ മുപ്പത് ദോഷങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും (ഹദീസ് അഹ്മദ് 8012). അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ്വ) ഞങ്ങളിലേക്ക് വന്ന് പറഞ്ഞു: നിങ്ങൾ നരകത്തിൽ നിന്നുള്ള രക്ഷാകവചം കരുതുക. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ് ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, ലാ ഹൗല വലാഖുബ്ബത്ത ഇല്ലാ ബില്ലാഹ് ചൊല്ലുക. അവയാണ് കവചം. അവ അന്ത്യനാളിൽ ചൊല്ലിയയാളുടെ മുമ്പിലും പിമ്പിലും, വലതിലും ഇടതിലും രക്ഷയായെത്തും. അവയാണ്് ബാഖിയാത്തു സ്സ്വാലിഹാത്ത് (ഹദീസ് ത്വബ്‌റാനി 3179, നസാഈ 10617).

സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നീ ദിക്‌റുകൾ ഒരുത്തൻ ചൊല്ലുകയാണെങ്കിൽ ഓരോ ദിക്‌റിനും പകരം അവനിക്ക് സ്വർഗത്തിൽ ഒരു മരം നടപ്പെടുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ഇബ്‌നു മാജ 3807). ആ മരങ്ങൾ സ്വർഗത്തിൽ വളർന്ന് തളിർത്ത് കായ്ച്ച് ആ ദിക് ർ ചൊല്ലിയവനെ കാത്തിരിക്കും. അവന് മരണശേഷം സ്വർഗത്തിൽ നിന്ന് അതിലെ പഴങ്ങൾ പറിച്ച് ഭക്ഷിക്കാനും അതിന്റെ തണലിൽ കഴിയാനും അതിൽ നിന്നുള്ള മറ്റു ഉപകാരങ്ങൾ നേടാനുമാകും.

ഈ ദിക്‌റുകൾ പല സന്ദർഭങ്ങളിലായി ചൊല്ലി അധികരിപ്പിക്കണമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. നമസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ മുപ്പതിമൂന്ന് പ്രാവശ്യം വീതം തസ്ബീഹും തഹ്മീദ് തക്ബീറും ചൊല്ലി തഹ്്‌ലീലിൽ അവസാനിപ്പിച്ചാൽ എത്രയധികം ദോഷങ്ങളുണ്ടെങ്കിലും പ്രായശ്ചിത്തം നൽകപ്പെടുമെന്നും ഹദീസുണ്ട് (മുസ്ലിം 597, അഹ്്മദ് 10538). ഉറങ്ങാൻ കിടക്കുന്ന നേരത്തും ഈ ദിക്‌റുകൾ പതിവാക്കണം. ഒരിക്കൽ നബി (സ്വ) പ്രിയ പുത്രി ഫാത്വിമ (റ)യോട് പറയുകയുണ്ടായി: നിനക്ക് വീട്ടിൽ സഹായത്തിന് ഒരു വേലക്കാരിയുണ്ടാവുന്നതിനേക്കാൾ ഉപകാരപ്രദമായൊരു കാര്യം പറഞ്ഞുത്തരാം, നീ ഉറങ്ങുന്ന നേരത്ത് മുപ്പത്തി മൂന്ന് പ്രാവശ്യം വീതം തസ്ബീഹും തഹ്മീദും മുപ്പതിനാല് പ്രാവശ്യം തക്ബീറും ചൊല്ലുക (ബുഖാരി, മുസ്ലിം 2728). അതായത് ഈ ദുനിയാവിലെ സഹായിയുടെ സഹായങ്ങൾ ഇവിടെ മാത്രമേ ഉപകരിക്കുകയുള്ളൂ. എന്നാൽ ഈ ദിക്‌റുകൾ പരലോകത്തേക്കും ബാക്കിയാവും. ഈ ദിക്‌റുകൾ ഉച്ചരിക്കാൻ നാവുകൾക്ക് ലഘുവും, പാരത്രിക ലോകത്ത് നന്മകളുടെ തുലാസിൽ ഘനം തൂങ്ങുന്നതുമാണ്.

അല്ലാഹു നമ്മുക്ക് ചില ധന്യമുഹൂർത്തങ്ങളുംം ദിവ്യദിവസങ്ങളും സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിൽ മഹത്തരമായതാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യപത്തു ദിവസങ്ങൾ. അല്ലാഹു ആ ദിവസങ്ങളെ ഉദ്ധരിച്ച് സത്യം ചെയ്യുകവരെ ചെയ്തിട്ടുണ്ട് (ഖുർആൻ, സൂറത്തുൽ ഫജ്ർ 02). ആ പത്തു ദിനങ്ങളെപ്പറ്റി അല്ലാഹു ഖുർആനിൽ പറയുന്നു: തങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലങ്ങളിലവർ ഹാജരാകാനും അല്ലാഹു കനിഞ്ഞേകിയ കാലികളെ നിർണിത നാളുകളിൽ അവന്റെ പേരുച്ചരിച്ച് ബലിയറുക്കാനും വേണ്ടിയത്രെ അത്. ആ ബലിമാംസം നിങ്ങൾ ആഹരിക്കുകയും ദരിദ്രനും അഗതിക്കും ഭക്ഷിപ്പിക്കുകയും ചെയ്യുക (സൂറത്തുൽ ഹജ്ജ് 28). ആ നിർണിത നാളുകൾ ദുൽഹുജ്ജയിലെ ആദ്യ പത്താണ്. ആ ദിവസങ്ങളിലാണ് ബാഖിയാത്തു സ്സ്വാലിഹാത്തായ പുണ്യചെയ്തികൾ അധികരിപ്പിക്കാനുള്ള സുവർണാവസരമുള്ളത്. നബി (സ്വ) പറയുന്നു: അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരമായതും അവനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഈ പത്തു ദിവസങ്ങളിലെ സത്ക്കർമ്മങ്ങളാണ്. അതു കൊണ്ട് നിങ്ങൾ തഹ്‌ലീൽ, തക്ബീർ, തഹ്മീദ് അധികരിപ്പിക്കുക (ഹദീസ് അഹ്്മദ് 6154). മറ്റൊരു ഹദീസിൽ കാണാം: നാല് വചനങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിയാണവ (മുസ്ലിം 2127).

back to top