പ്രവാചക വസ്വിയ്യത്തുകൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 17/08/2018
വിഷയം: നബി(സ്വ) യുടെ ചില വസ്വിയ്യത്തുകൾ

വസ്വിയ്യത്തെന്നാൽ ഉപദേശം, കൽപന, ഉത്തരവ് എന്നൊക്കെയാണ് അറബിയിൽ അർത്ഥമാക്കുന്നത്. പ്രവാചകർ മുഹമ്മദ് നബി (സ്വ) ജീവിത്തിന്റെ പല ഘട്ടങ്ങളിലായി അനുചരന്മാരിലൂടെ പല ഉപദേശ നിർദേശങ്ങൾ സമുദായത്തിന് നൽകിയിട്ടുണ്ട്. അതാണ് പ്രവാചകരുടെ (സ്വ) വസ്വിയ്യത്തായി അറിപ്പെടുന്നത്. പ്രവാചക വസ്വിയ്യത്തുകളിൽ നിന്ന് ചില പ്രധാനപ്പെട്ടവ ചർച്ച ചെയ്യാം.

തഖ്‌വ (ദൈവഭയഭക്തി) കാണിക്കാനാണ് അല്ലാഹു എല്ലാ കാലത്തെയും ജനവിഭാഗങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നത്. തഖ്‌വ തന്നയാണ് പ്രവാചകരുടെ (സ്വ) വസ്വിയ്യത്തുകളിൽ സുപ്രധാനവും. ഉപദേശം ആവശ്യപ്പെട്ട പ്രമുഖ സ്വഹാബിവര്യൻ മുആദ് ബ്‌നു ജബലി (റ)നോട് എവിടെയായിരുന്നാലും അല്ലാഹുവിനെ പേടിക്കണമെന്നാണ് നബി (സ്വ) വസ്വിയ്യത്ത് ചെയ്തത് (ഹദീസ് അഹ്്മദ് 22059, ത്വബ്‌റാനി 530). ദൈവഭയത്തിൽ നിന്നാണല്ലൊ സർവ്വ നന്മകളും ഉത്ഭവിക്കുന്നത്. തഖ്‌വ പൂർണമാവാൻ അല്ലാഹുവിനോടുള്ള ലജ്ജയും ആവശ്യമാണ്. കാരണം അല്ലാഹുവിനോട് ലജ്ജ ഉണ്ടാവുമ്പോൾ കൂടിയാണ് ഏതുവിധ നല്ലകാര്യവും ചെയ്യാൻ നിമിത്തമാവുന്നത്. സൃഷ്ടിച്ച സൃഷ്ടാവിനോട് സൃഷ്ടികളായ മനുഷ്യർക്ക് സൃഷ്ടികർമ്മ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നതിനെ തൊട്ട് നാണം ഉണ്ടാവേണ്ടിയിരിക്കുന്നു. അതായത് അല്ലാഹു എല്ലാം നിരീക്ഷിക്കുകയും കാണുകയും ചെയ്യുന്നുവെന്ന ലജ്ജയാർന്ന ബോധ്യത്തിലൂടെയാണ് ദൈവഭക്തിയും ഉണ്ടാവുന്നത്. സമൂഹത്തിലെ സൽവൃത്തരായ ഒരാളോട് ലജ്ജിക്കുന്നത് പോലെ അല്ലാഹുവിനോടും ലജ്ജ കാണിക്കണമെന്നാണ് നബി (സ്വ) സ്വഹാബികളോട് വസ്വിയ്യത്ത് ചെയ്തത് (ഹദീസ് ത്വബ്‌റാനി 5539).

പാപസുരക്ഷിതരായ പ്രവാചകരൊഴിച്ച് മനുഷ്യരെല്ലാം പാപികളണ്. ഏവർക്കും പാപമോക്ഷത്തിനായി ഖേദിച്ചു മടങ്ങാനുള്ള അവസരവും അല്ലാഹു നൽകിയിട്ടുണ്ട്. അതാണ് തൗബ അതായത് പശ്ചാത്താപം. നബി (സ്വ) നമ്മോട് തൗബ ചെയ്യാനും വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. വസ്വിയ്യത്ത് ആവശ്യപ്പെട്ട മുആദ് ബ്‌നു ജബലി (റ)നോട് ഒരു ദോഷം ചെയ്താൽ അതിൽ അല്ലാഹുവിനോട് മാപ്പുതേടി തൗബ ചെയ്യാനാണ് നിർദേശിച്ചത് (ഹദീസ് ത്വബ്‌റാനി 331). ഒരു തിന്മക്ക് പകരം ഒരു നന്മ ചെയ്താൽ മാത്രമേ പശ്ചാത്താപം പൂർണമാവുകയുള്ളൂ. വസ്വിയ്യത്ത് ചെയ്യണമെന്ന് അപേക്ഷിച്ചുവന്ന അബൂദറി (റ)നോട് പറഞ്ഞിട്ടുണ്ട്: താങ്കളൊരു ദോഷം ചെയ്താൽ അതിനെ തുടർന്ന് ഒരു സൽക്കർമ്മവും ചെയ്യണം. അത് ആ ദോഷത്തെ മായ്ച്ച് കളയും (ഹദീസ് അഹ്്മദ് 22104).

നബി (സ്വ) സത്യവിശ്വാസികളായ നമ്മളോട് ചെയ്ത വസ്വിയ്യത്തുകളിൽ ഗൗരവമേറിയതാണ് അഞ്ചു നേരത്തെ നിർബന്ധ നമസ്‌ക്കാരങ്ങൾ. നമസ്‌ക്കാരങ്ങൾ സത്യമതത്തിന്റെ സുസ്ഥിര സതൂപങ്ങളാണ്. അബൂ ദർദാഇ (റ)നോട് നബി (സ്വ) വസ്വിയ്യത്തായി പറയുന്നു: താങ്കൾ മനപൂർവ്വം നിർബന്ധ നമസ്‌ക്കാരങ്ങൾ ഉപേക്ഷിക്കരുത് (ഹദീസ് ബുഖാരി 11 20). സമയാസമയം മുറപോലെ നിർവ്വഹിച്ചുകൊണ്ടാണ് അവ നിലനിർത്തേണ്ടത്. അബൂദറി (റ)നോടും നബി (സ്വ) നമസ്‌ക്കാരങ്ങൾ സമയനിഷ്ഠയോടെ നിർവ്വഹിക്കാൻ വസ്വിയ്യത്ത് ചെയ്തിട്ടുണ്ട് (ഹദീസ് മുസ്ലിം 648). നമസ്‌ക്കാര ശേഷമുള്ള ദിക്‌റുകൾ ഉപേക്ഷിക്കാതിരിക്കാനും നബി (സ്വ)യുടെ വസ്വിയ്യത്തുണ്ട്. മുആദി (റ) ന്റെ കൈപ്പിടിച്ച് നമസ്‌ക്കാര ശേഷമുള്ള ദിക്‌റുകൾ അവഗണിക്കാതിരിക്കാൻ നബി (സ്വ) നിർദേശം നൽകി യിട്ടുണ്ട് (ഹദീസ് അബൂ ദാവൂദ് 1522, നസാഈ 1303).

ജനങ്ങളോട് നല്ലരീതിയിൽ പെരുമാറാനും മാന്യമായി സമീപിക്കാനുമാണ് പ്രവാചകോപദേശം (ഹദീസ് തുർമുദി 1987, അഹ്മ്ദ് 21403). സൗമ്യവും ഹൃദ്യവുമായ സമീപനങ്ങൾ മാനുഷികബന്ധങ്ങൾ ഊട്ടിയുറപ്പിക്കുമെന്നതിൽ സംശയമില്ല. ജനങ്ങളിൽ വെച്ച് ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളാണല്ലൊ. അവർക്ക് ഗുണം വരുത്താനാണ് ഖുർആനിക വസ്വിയ്യത്ത്: മാതാപിതാക്കളോട് ഉദാത്ത സമീപനം പുലർത്തണമെന്ന് മനുഷ്യനോട് നാം കൽപ്പിച്ചു (സൂറത്തുൽ അഹ്്ഖാഫ് 15). നബി (സ്വ) അബൂ ദർദാഇ (റ)ന്  നൽകിയ ഒമ്പതു വസ്വിയ്യത്തുകളിൽ മാതാപിതാക്കളെ അനുസരിക്കണമെന്നും ഉപദേശിക്കുന്നുണ്ട്. കുടുംബക്കാർക്ക് ഗുണം ചെയ്യണമെന്നും പ്രവാചകർ (സ്വ) ഉത്തരവ് നൽകിയിട്ടുണ്ട്. അബൂദർ (റ) പറയുന്നു: എത്രദൂരത്തെ ബന്ധമാണെങ്കിൽ പോലും കുടുംബബന്ധം കൂട്ടിച്ചേർക്കണമെന്നാണ് നബി (സ്വ) എന്നോട് വസ്വിയ്യത്ത് ചെയ്തത്. കുടുംബ ബന്ധമാണ് പാരസ്പര്യ ബോധത്തെയും സ്‌നേഹാർദ്രതയെയും വളർത്തുന്നത്. നബി (സ്വ) പറയുന്നു: കുടുംബ ബന്ധം നേരാംവണ്ണം പുലർത്തുന്ന ഒരു കുടുംബത്തോട് ബന്ധം ചേർക്കുന്നതിനേക്കാൾ മഹത്തരം കുടുംബ ബന്ധം മുറിഞ്ഞുകിടക്കുന്ന കുടുംബത്തോട് ബന്ധം ചേർക്കലാണ് (ഹദീസ് ബുഖാരി 5991).

സ്ത്രീകളെ ബഹുമാനിക്കണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നും പ്രവാചകർ (സ്വ) നിർദേശിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഭാര്യയെ ആർദ്രമായി സമീപിക്കുകയും അവൾക്കുള്ള അവകാശങ്ങൾ വകവെച്ചുകൊടുക്കുകയും വേണം. അല്ലാഹു പറയുന്നു: ഉദാത്ത രീതിയിൽ അവരോട് വർത്തിക്കണം (ഖുർആൻ, സൂറത്തുന്നിസാഅ് 19). അയൽവാസിക്ക് ഗുണം ചെയ്യണമെന്നും ബഹുമാനിക്കണമെന്നും ഇടക്കിടെ സന്ദർശിച്ച് അയൽബന്ധങ്ങൾ സുശക്തമാക്കണമെന്നും നബി (സ്വ) വസ്വിയ്യത്ത് ചെയ്തിട്ടുണ്ട് (ഹദീസ് ത്വബ്‌റാനി 7523). അയൽവാസിക്കുള്ള സ്ഥാനവും മാനവും മഹത്തരമാണ്. മാലാഖ ജിബ്‌രീൽ (അ) നബി (സ്വ)ക്ക് നൽകിയ വസ്വിയ്യത്താണ് അയൽവാസിക്കുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നത്. നബി (സ്വ) പറയുന്നുണ്ട് : ജിബ്‌രീൽ (അ) എനിക്ക് അയൽവാസികളെ സംബന്ധിച്ച വസ്വിയ്യത്തുകൾ നൽകികൊണ്ടേയിരുന്നു. എത്രത്തോളമെന്നാൽ, സ്വത്തിൽ നിന്ന് അയൽവാസിക്ക് അനന്തരാവകാശം നൽകേണ്ടിവരുമെന്ന് പോലും ഞാൻ കരുതിപ്പോയി (ഹദീസ് ബുഖാരി, മുസ്ലിം). വീട്ടിൽ കറി പാചകം ചെയ്താൽ അതിൽ വെള്ളമൊഴിച്ച് പോലും അയൽവാസിക്കെത്തിച്ചു കൊടുക്കണമെന്നും നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് മുസ്ലിം 2625).

സൽസ്വഭാവങ്ങളും സൗഹൃദ ഇടപാടുകളും ശീലമാക്കണമെന്നും നബി കൽപനയുണ്ട്. കൈകളും നാവും സൂക്ഷിക്കൽ പ്രധാന സ്വഭാവഗുണമാണ്. സ്വഹാബികളിലൊരാൾ നബി (സ്വ)യോട് വസ്വിയ്യത്ത് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞത് : നീ നിന്റെ നാവു കൊണ്ട് നല്ലതല്ലാതെ പറയരുത്, നിന്റെ കൈ നല്ലതിലേക്കല്ലാതെ നീട്ടരുത് (ഹദീസ് ത്വബ്‌റാനി 817). മനുഷ്യൻ ഉൽകൃഷ്ഠ ജീവിയാണല്ലൊ. ഉൽകൃഷ്ഠ സ്വഭാവങ്ങളാണ് മനുഷ്യനിൽ നിന്നുണ്ടാവേണ്ടത്. ദൈവം നൽകിയ അനുഗ്രഹമായ നാവു കൊണ്ട് നല്ലത് പറയുക, അല്ലെങ്കിൽ നിശബ്ദനായിരിക്കുക. അതാണ് മാനുഷികം.

സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കാനും പ്രവാചക വസ്വിയ്യത്തുണ്ട്. അബൂ ഹുറൈ (റ) പറയുന്നു: തിരുമേനി (സ്വ) എന്നോട് മൂന്നു കാര്യങ്ങൾ ചെയ്യാൻ വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്, മരിക്കും വരെ ഞാനവ ഉപേക്ഷിക്കാതെ നിലനിർത്തും: എല്ലാ മാസവും മൂന്നു ദിവസം വ്രതമനുഷ്ഠിക്കൽ, ളുഹാ നമസ്‌ക്കാരം, രാത്രി ഉറങ്ങുന്നതിന് മുമ്പായുള്ള വിത്ർ നമസ്‌ക്കാരം എന്നിയാണവ ( ഹദീസ് ബുഖാരി, മുസ്ലിം). സുന്നത്തു നോമ്പുകളിൽവെച്ച് ഏറെ പുണ്യകരവും പ്രതിഫലാർഹവുമാണ് അറഫാ ദിനത്തിലെ നോമ്പ്. അറഫാ നോമ്പ് കഴിഞ്ഞ ഒരു വർഷത്തെയും വരാനുള്ള ഒരു വർഷത്തെയും ദോഷങ്ങൾക്ക് പശ്ചാത്താപമാവാനുതകുന്നതാണെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് മുസ്ലിം 624).

സത്യവിശ്വാസികൾ നന്മയിൽ പരസ്പരം വസ്വിയ്യത്ത് ചെയ്യേണ്ടവരും സഹകരിക്കേണ്ടവരുമാണ്. സഹനവും കാരുണ്യവും കൊണ്ട് അന്യോനം ഉപദേശിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികളെന്ന് അല്ലാഹു സൂറത്തുൽ ബലദ് 17ാം സൂക്തത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രവാചകരുടെ വസ്വിയ്യത്തുകൾ നടപ്പിലാക്കാനും സൽചെയ്തികളിൽ പരസ്പരം വസ്വിയ്യത്ത് ചെയ്യാനും നമ്മെ നാഥൻ അനുഗ്രഹിക്കട്ടെ   ആമീൻ.

back to top