സത്ക്കർമ്മങ്ങൾക്ക് ഇഹലോകത്തും പ്രതിഫലമുണ്ട്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്



തീയ്യതി: 24.08.2018
വിഷയം: വിശ്വാസിയുടെ ഐഹിക സൗകര്യങ്ങൾ

അന്ത്യനാളിലും മരണാനന്തര ലോകത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം പരലോക വിജയം തന്നെയാണ്. ഇഹലോകം പരലോകത്തേക്കുള്ള വിജയമാർഗം വെട്ടിത്തെളിയിക്കാനുള്ള കേവലമൊരു ഇടത്താവളം മാത്രം. പരമ കാരുണികനായ അല്ലാഹു തന്റെ സൽവൃത്തരായ അടിമകൾക്ക് പാരത്രിക സൗഖ്യം പ്രദാനം ചെയ്യുന്നതോടൊപ്പം ഐഹിക സുഖസൗകര്യങ്ങളും ആസ്വദിപ്പിക്കുന്നതായിരിക്കും. വിശ്വാസിയെ വിശ്വാസിയാക്കുന്നത് തഖ്‌വ (ദൈവഭയ ഭക്തി)യാണല്ലൊ. ആ തഖ്‌വ തന്നെയാണ് ഇഹപര സൗഭാഗ്യങ്ങളുടെ പ്രധാന കാരിണിയും. തഖ് വയുള്ളവരുടെ ഉപജീവനോപാധികൾ അധികരിക്കുകയും ജീവിതകാര്യങ്ങൾ അനായാസമാവുകയും ചെയ്യും. മാത്രമല്ല അല്ലാഹു അവരുടെ പാപങ്ങൾക്ക് മോക്ഷം നൽകുകയും സൽക്കർമ്മങ്ങൾക്ക് ഇരട്ടി പ്രതിഫലങ്ങൾ നൽകുകയും ചെയ്യും. അല്ലാഹു പരിശുദ്ധ ഖുർആൻ സൂറത്തു ഥ്ഥലാഖിലൂടെ പറയുന്നു: അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കിൽ അവൻ അയാൾക്കൊരു മോചനമാർഗം സജ്ജീകരിച്ചുകൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നൽകുന്നതുമാണ്. അവന്റെ മേൽ ആരെങ്കിലും കാര്യങ്ങൾ ഭരമേൽപ്പിക്കുന്നുവെങ്കിൽ അയാൾക്ക് അവൻ തന്നെ മതി (സൂക്തം 2, 3) അല്ലാഹുവിനെ ഒരാൾ സൂക്ഷിക്കുന്നുവെങ്കിൽ അയാളുടെ കാര്യങ്ങൾ അവൻ സുഗമമാക്കിക്കൊടുക്കുന്നതാകുന്നു (സൂക്തം 4) ആരെങ്കിലും അവനെ സൂക്ഷിച്ചു ജീവിക്കുന്നുവെങ്കിൽ അയാളുടെ തിന്മകളവൻ മായ്ച്ചു കളയുന്നതും അവനു മഹത്തായ പ്രതിഫലം നൽകുന്നതുമാണ് (സൂക്തം 5).

അല്ലാഹു അടിമകളുടെ പുണ്യപ്രവർത്തികൾക്ക് പാരത്രിക ലോകത്ത് അളവറ്റ പ്രതിഫലങ്ങൾ കരുതുന്നതോടൊപ്പം ഈ ഐഹിക ജീവിതത്തിലും അതിന്റെ പ്രതിഫലനം കാട്ടുന്നതാണ്: ഇഹലോകത്തെ പ്രതിഫലമാണ് ഒരാൾ ഉദ്ദേശിക്കുന്നതെങ്കിൽ അവനറിയണം ഇഹലോകത്തെയും പരലോകത്തെയും പ്രതിഫലം അല്ലാഹുവിങ്കലുള്ളതാണ്, അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു (ഖുർആൻ, സൂറത്തുന്നിസാഅ് 134). നബി (സ്വ) പറയുന്നു: സത്ക്കർമ്മത്തിന്റെ കാര്യത്തിൽ അല്ലാഹു ഒരു വിശ്വാസിയോടും അതിക്രമം കാട്ടുകയില്ല, അവന് ആ നന്മ കാരണം ഇഹത്തിൽ സൗഭാഗ്യങ്ങളുണ്ടാവുകയും പരത്തിൽ പ്രതിഫലങ്ങൾ നൽകപ്പെടുകയും ചെയ്യും (ഹദീസ് മുസ്ലിം 2808). വിശ്വാസിയോ വിശ്വാസിനിയോ ആവട്ടെ സത്ക്കർമ്മം അനുഷ്ഠിക്കുന്ന ആർക്കും ഉത്തമമായൊരു ജീവിതം അനുഭവിപ്പിക്കുന്നതാണെന്ന് സൂറത്തുന്നഹ്‌ല് 97ാം സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്.

അചഞ്ചമായ ദൈവവിശ്വാസവും പുണ്യപ്രവർത്തനങ്ങളുമാണ് ഭൗതിക സൗകര്യങ്ങളും സൗഖ്യങ്ങളും സാധ്യമാക്കുന്ന ഉപാധികൾ. സ്രഷ്ടാവിനോട് ഇത്തരത്തിൽ അനുസരണ കാട്ടുന്നവനോട് ഈ ഭൗതിക ലോകത്ത് വെച്ച് സൃഷ്ടികളും സ്‌നേഹത്തിലും അനുകമ്പയിലുമായിരിക്കുമെന്ന് അല്ലാഹു തന്നെ പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും സത്ക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് കരുണാമയനായ അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുക തന്നെ ചെയ്യുന്നതാണ് (ഖുർആൻ, സൂറത്തു മർയം 96). സ്രഷ്ടാവായ അല്ലാഹുവിനോട് ഹൃദയം തുറന്നവന് സൃഷ്ടികളായ അടിമകൾ സ്‌നേഹാർദ്രവും കരുണാമയവുമായ ഹൃദയബന്ധം കാട്ടുമെന്ന് ഇസ്ലാമിക പണ്ഡിതർ അഭിപ്രായപ്പെടുന്നു (തഫ്‌സീറു ഇബ്‌നുകസീർ 5/269). അല്ലാഹുവിൽ വിശ്വസിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്തവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും അവന്റെ ചോദിക്കാതെ തന്നെ ജീവിത സൗഭാഗ്യങ്ങൾ ധാരാളമായി കൊടുക്കുന്നവനുമാണ് അല്ലാഹു (ഖുർആൻ, സൂറത്തു ശ്ശൂറാ 26). സൽവൃത്തരുടെ ജീവിതാവസ്ഥകളും അല്ലാഹു മെച്ചപ്പെടുത്തിക്കൊടുക്കുന്നതാണ് (ഖുർആൻ, സൂറത്തു മുഹമ്മദ് 2). മാത്രമല്ല സത്ക്കർമ്മങ്ങൾ വിപത്തുകളിൽ നിന്ന് രക്ഷ നേടാനും കാരണമാകും. നബി (സ്വ) ഒരു ചരിത്രം വിവരിക്കുന്നുണ്ട്. മൂന്നു പേര് നടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ ശക്തമായ മഴ പെയ്തു. മൂന്നു പേരും മലയിടുക്കിലെ ഒരു ഗുഹാ മുഖത്ത് അഭയം പ്രാപിച്ചു. പെട്ടെന്ന് വലിയൊരു പാറക്കല്ല് ഉരുണ്ട് വന്ന് ഗുഹാമുഖം മൂടി. അവർ പുറത്തിറങ്ങാനാവാത്ത വിധം അകത്തകപ്പെട്ടു. അപ്പോൾ അവരിലെ ഒരാൾ പറഞ്ഞു: 'നമ്മൾ ഓരോർത്തരും അല്ലാഹുവിന്റെ മാർഗത്തിൽ ചെയ്ത സത്പ്രവർത്തനങ്ങൾ ഓർത്തുവെക്കുക. എന്നിട്ട് അവ മുൻനിർത്തി നമ്മുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം, അവൻ നമ്മളെ രക്ഷപ്പെടുത്തിയേക്കാം'. മൂന്നു പേരും അപ്രകാരം പ്രാർത്ഥിക്കുകയും അല്ലാഹു ആ പാറക്കല്ല് ഗുഹാമുഖത്തു നിന്ന് നീക്കിക്കൊടുത്ത് അവരെ രക്ഷപ്പെടുത്തുകയും ചെയ്തു (ഹദീസ് മുസ്ലിം 3743) നിർബന്ധ കാര്യങ്ങളോടൊപ്പം സുന്നത്തായ കാര്യങ്ങളും ചെയ്യുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള പ്രത്യേക പരിഗണനയും പരിരക്ഷയും ഉണ്ടായിരിക്കും. മഹാന്മാരായ ഔലിയാക്കൾ അത്തരത്തിൽ അല്ലാഹുവിലേക്ക് അടുത്തവരാണ്. നബി (സ്വ) പറയുന്നു: അല്ലാഹു പറഞ്ഞിട്ടുണ്ട് സുന്നത്തായ പുണ്യ കർമ്മങ്ങൾക്കൊണ്ട് എന്റെ അടിമ എന്നിലേക്ക് അടുത്തുക്കൊണ്ടിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും. ഞാനൊരുത്തനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവൻ കേൾക്കുന്ന കാത് ഞാനാവും, അവൻ കാണുന്ന കണ്ണ് ഞാനാവും, അവൻ പിടിക്കുന്ന കൈ ഞാനാവും, അവൻ നടക്കുന്ന കാൽ ഞാനാവും. അവൻ ചോദിച്ചാൽ ഞാൻ നൽകിയിരിക്കും, അവൻ കാവൽ തേടിയാൽ അവനെ ഞാൻ കാത്തു സംരക്ഷിച്ചിരിക്കും. (ഹദീസ് ഖുദ്‌സിയ്യ് ബുഖാരി 6502).

പശ്ചാത്താപം ചെയ്യുന്നവന് ആകാശങ്ങളിൽ നിന്ന് മഴ വർഷിക്കുകയും ആൺ പെൺ സന്താനങ്ങളെ നൽകുകയും ധനവും ജീവിത ഐശ്വര്യങ്ങളും ഏറ്റിയേറ്റി നൽകുകയും ചെയ്യുമെന്ന് നൂഹ് നബി (അ)യെ ഉദ്ധരിച്ച് അല്ലാഹു ഖുർആനിൽ വ്യക്തമാക്കുന്നുണ്ട് (സൂറത്തു നൂഹ് 10, 11, 12). മനുഷ്യന്റെ ഉയർച്ചയുടെ മറ്റൊരു പ്രധാന നിദാനം താഴ്മയാണ്. താഴ്മ കാണിച്ചവന് അല്ലാഹു ഭൗതിക ലോകത്തു വെച്ചു തന്നെ ഉയർച്ചയും സ്ഥാനവും നൽകുമെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു (ഹദീസ് മുസ്ലിം 2588). താഴ്മയുള്ളവൻ ഈ ലോകത്ത് ഉയരങ്ങൾ കീഴടക്കുകയും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും. ദാനധർമ്മങ്ങളും ഇഹലോകത്തു തന്നെ സൗഭാഗ്യങ്ങൾ വരുത്തുന്ന പുണ്യ ചെയ്തികളാണ്. നന്മയുടെ മാർഗത്തിൽ ചെലവാക്കുന്നവന് നല്ലതു തന്നെ പകരം നൽകുമെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് (ഖുർആൻ, സൂറത്തു സബഅ് 39). മറ്റൊരു ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നുണ്ട് : ആദം സന്തതികളേ.. നിങ്ങൾ ചെലവാക്കുക, നിങ്ങൾക്ക് ഞാൻ ചെലവാക്കും (ഹദീസ് ബുഖാരി, മുസ്ലിം). ദാനധർമ്മം കൊണ്ട് ധനത്തിൽ നിന്ന് ഒന്നും കുറയാൻ പോവുന്നില്ല. പകരം അതുകാരണമായി ഉപജീവനോപാധികൾ വിശാലമാകുകയേയുള്ളൂ. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. അതു ഏഴു കതിരുകൾ ഉൽപ്പാദിപ്പിച്ചു.  ഓരോന്നിലും നൂറു വീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി അല്ലാഹു നൽകും. അവൻ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ (ഖുർആൻ, സൂറത്തു ബഖറ 261).

മാതാപിതാക്കൾക്ക് ഗുണം ചെയ്യലും കുടുംബബന്ധം ചേർക്കലും ഐഹിക സൗഭാഗ്യങ്ങൾക്കും കാരണമാക്കും. ദീർഘായുസ്സിനും ഭക്ഷണവിശാലതക്കും അവസരമൊരുക്കുന്നതുമാണ്. നബി (സ്വ) പറയുന്നു: ഒരുത്തൻ ദീർഘായുസ്സും ഭക്ഷണവിശാലതയും ആശിക്കുന്നുവെങ്കിൽ മാതാപിതാക്കൾക്ക് നന്മ ചെയ്യുകയും കുടുംബബന്ധം ചേർക്കുകയും ചെയ്യട്ടെ (ഹദീസ് അഹ്മദ് 21/318, ഇബ്‌നു ഹബ്ബാൻ 440). ജനങ്ങളെ സഹായിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്നവർക്ക് ഈ ദുനിയാവിൽ വെച്ചു തന്നെ അല്ലാഹുവിന്റെ സഹായം ലഭ്യമായിരിക്കും. നബി (സ്വ) പറയുന്നു: ഒരാൾ മറ്റൊരാളെ സഹാക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചുക്കൊണ്ടിരിക്കും (ഹദീസ് മുസ്ലിം 2699) ഒരാൾ മറ്റൊരാളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാലത്തോളം അല്ലാഹു അവന്റെ ആവശ്യങ്ങളും നിറവേറ്റും (ഹദീസ് ബുഖാരി, മുസ്ലിം). 'നാഥാ ഇഹത്തിലും പരത്തിലും ഞങ്ങൾക്ക് നീ നല്ലത് മാത്രം വരുത്തണേ, നരക ശിക്ഷയെ ത്തൊട്ട് ഞങ്ങളെ നീ കാക്കണേ' എന്നതാണ് സത്യവിശ്വാസിയുടെ പ്രാർത്ഥന.

നബി (സ്വ)യുടെ മേൽ സ്വലാത്തുകൾ ചൊല്ലിയും ജീവിത സൗഖ്യങ്ങൾ കരസ്ഥമാക്കാം. ഒരിക്കൽ ഉബയ്യ് ബ്‌നു കഅ്ബ് (റ) നബി (സ്വ)യോട് ചോദിച്ചു: തിരു ദൂതരേ ഞാൻ എല്ലായ്‌പ്പോഴും അങ്ങയുടെ മേൽ സ്വലാത്തുകൾ ചൊല്ലിയാലോ? നബി (സ്വ) പറഞ്ഞു: എന്നാൽ നിന്റെ വ്യാകുല ചിന്തകൾ മാറുകയും ദോഷങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും (ഹദീസ് തുർമുദി 2457).

back to top