ഇരട്ടി പ്രതിഫലങ്ങൾ അർഹിക്കുന്ന നന്മകൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 31/08/2018
വിഷയം: ഇരട്ടിക്കും പ്രതിഫലങ്ങൾ


       അല്ലാഹു പരമ കാരുണികനും ദയാലുവുമാണ്. കൂടുതൽ വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുത്തുനൽകുന്നവനുമാണ്. നന്മകൾക്ക് പ്രതിഫലങ്ങൾ ഏകുന്നതും തിന്മകൾക്ക് ശിക്ഷ നൽകുന്നതും അവൻ തന്നെ. തെറ്റുകുറ്റങ്ങൾക്ക് വിടുതിയും മോക്ഷവും പ്രദാനം ചെയ്യുന്ന അല്ലാഹു സദ് ചെയ്തികൾക്ക് അറ്റമില്ലാ പ്രതിഫലങ്ങളും കൂലികളുമാണ് വാഗ്ദാനം ചെയ്യുന്നത്. പാപിയുടെ പശ്ചാത്താപം സ്വീകരിച്ച് മാപ്പു കൊടുക്കുകയും സദ് പ്രവർത്തനങ്ങൾക്ക് ഇരട്ടികളായ പാരിതോഷികങ്ങൾ സമ്മാനിക്കുകയും ചെയ്യും. സത്യവിശ്വാസി നന്മ ചെയ്തതിന്റെ പ്രതിഫലത്തിൽ നിന്ന് ഒരംശം പോലും അല്ലാഹു കുറയ്ക്കുകയില്ല, എന്നാൽ അനന്തമായി പ്രതിഫലം ഇരട്ടിപ്പിച്ചു കൊടുക്കുകയും ചെയ്യും. അല്ലാഹു തന്നെ പറയുന്നു: നിശ്ചയം അല്ലാഹു ഒരണു അളവ് അനീതി കാട്ടില്ല. കടുകിട നന്മയാണുള്ളതെങ്കിൽ അതവൻ ഇരട്ടിയാക്കിക്കൊടുക്കും. തന്റെ പക്കലിൽ നിന്നുള്ള മഹത്തായ കൂലി നൽകുകയും ചെയ്യും (ഖുർആൻ, സൂറത്തു ന്നിസാഅ് 40).

നബി (സ്വ) പറയുന്നു: തീർച്ചയായും അല്ലാഹു നന്മകളും തിന്മകളുമെല്ലാം രേഖപ്പെടുത്തുകയും പിന്നീടവ വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുത്തൻ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്താൽ അല്ലാഹു അവന്റെ പേരിൽ ഒരു പൂർണ നന്മ രേഖപ്പെടുത്തിവെക്കും. അവൻ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അവന്റെ പേരിൽ ആ നന്മയെ പത്തു മുതൽ എഴുന്നൂറ് ഇരട്ടികൾ വരെയും അതിൽ കൂടുതലും നന്മകളായി ഇരട്ടിപ്പിച്ചു കൊടുക്കും. ഒരുത്തൻ ഒരു തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അതവൻ ചെയ്യാതിരിക്കുകയും ചെയ്താൽ അല്ലാഹു അവന്റെ പേരിൽ ഒരു പൂർണ നന്മ രേഖപ്പെടുത്തും. ഒരു തിന്മ ഉദ്ദേശിച്ച് അതവൻ ചെയ്താൽ അവന്റെ പേരിൽ ഒരു പൂർണ തിന്മ രേഖപ്പെടുത്തും (ഹദീസ് ബുഖാരി, മുസ്ലിം).

അടിമകൾക്ക് പുണ്യപ്രവർത്തനങ്ങൾ ചെയ്യാനും സുകൃതങ്ങൾ അധികരിപ്പിക്കാനും പ്രേരണയേകുന്ന അല്ലാഹു അവയിലൂടെ വമ്പിച്ച പ്രതിഫലവർധവാണ് വാഗ്ദാനം ചെയ്യുന്നത്: ആരെങ്കിലും ഒരു നന്മയനുവർത്തിച്ചാൽ പത്തിരട്ടി പ്രതിഫലമുണ്ട് (ഖുർആൻ, സൂറത്തുൽ അൻആം 160). ഒരാൾ ഒരു നന്മയനുവർത്തിക്കുന്നുവെങ്കിൽ അവനു നാം ഗുണം അധികരിപ്പിക്കുന്നതാണ്. അല്ലാഹു ഏറെ മാപ്പരുളുന്നവനും ഉദാത്ത കർമ്മങ്ങൾ സ്വീകരിക്കുന്നവനുമത്രെ (ഖുർആൻ, സൂറത്തു ശ്ശൂറാ 23). സത്യവിശ്വാസം കൈക്കൊള്ളുകയും സദ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തവർക്ക് വണ്ണമായ കൂലികളും പരലോക വിജയവുമുണ്ടെന്ന് അല്ലാഹു സന്തോഷ വാർത്ത അറിയിക്കുന്നുണ്ട്. ചെറിയ നന്മകൾക്ക് പോലും ധാരാളിത്തം നൽകുകയും തിന്മകൾക്ക് പ്രായശ്ചിത്തം നൽകി മറച്ചുവെക്കുന്നവനുമാണ് അല്ലാഹു. അവൻ തന്നെ പരിശുദ്ധ ഖുർആനിലൂടെ വ്യക്തമാക്കുന്നു: താനുദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി അല്ലാഹു നൽകും. അവൻ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രെ (സൂറത്തുൽ ബഖറ 261). അല്ലാഹുവിന്റെ ഔദാര്യമാണത്. താനുദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. മഹത്തായ ഔദാര്യനാണ് അവൻ ( സൂറത്തുൽ ജുമുഅ 04).

സത്യവിശ്വാസത്തിൽ ഉറച്ച് അല്ലാഹുവിനെ വഴിപ്പെട്ടുക്കൊണ്ട് സദ് വൃത്തികളിലേർപ്പെടുന്നവർക്ക് പെരുക്കമായ ഗുണഫലങ്ങളാണ് വരാനിരിക്കുന്നത്. അല്ലാഹു പറയുന്നു: തങ്ങളുടെ സമ്പത്തുക്കളും സന്താനങ്ങങളുമൊന്നും നമ്മുടെയടുത്ത് സാമീപ്യമുണ്ടാക്കുന്നവയല്ല. എന്നാൽ സത്യവിശ്വാസം കൈക്കൊള്ളുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്തവർ അങ്ങനെയല്ല. തങ്ങളുടെ കർമ്മഫലമായി അവർക്ക് ഇരട്ടി പ്രതിഫലമുണ്ടാകും. സമാധാനപൂർണരായി സമുന്നത സൗധങ്ങളിൽ കഴിയും അവർ (ഖുർആൻ, സൂറത്തു സബഅ് 37). അതായത് സത്യവിശ്വാസിയുടെ ഒരു സദ് പ്രവർത്തനം എഴുന്നൂറ് ഇരട്ടികൾ വരെയായി കണക്കാക്കപ്പെടുമെന്നും പിന്നീട് നിർഭയനായി സ്വർഗസ്ഥനാവുമെന്നും മേൽസൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു കസീർ (റ) വിവരിക്കുന്നു (6/522).

തഖ്‌വക്ക് (ദൈവഭയഭക്തി) രണ്ടു പ്രതിഫലമാണുള്ളത്. കാരണം തഖ് വയുള്ളവൻ ഏകദൈവമായ അല്ലാഹുവിൽ വിശ്വസിക്കുകയും ദേഹേഛകളെ കടിച്ചമർത്തി ദൈവകൽപനകൾ അനുസരിക്കുകയും നിരോധനങ്ങൾ വിലങ്ങുകയും ചെയ്തവനാണ്. മാത്രമല്ല, നബി (സ്വ) കാണിച്ചുതന്ന ഋജു പാതയിൽ തന്നെയായിരിക്കും അവന്റെ ജീവിത സഞ്ചാരം. വിശുദ്ധ ഖുർആൻ സൂറത്തുൽ ഹദീദ്  28ാം സൂക്തത്തിൽ അല്ലാഹു പറയുന്നുണ്ട്: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും (തഖ്‌വ) അവന്റെ തിരുദൂതരിൽ വിശ്വസിക്കുകയും ചെയ്യുക. എങ്കിൽ അവന്റെ കാരുണ്യത്തിൽ നിന്ന് രണ്ടു വിഹിതം നിങ്ങൾക്ക് കനിഞ്ഞേകുന്നതും മുന്നോട്ടു നടക്കാവുന്ന ഒരു തേജസ് നിങ്ങൾക്കുണ്ടാക്കിത്തരുന്നതും പാപമോചനം നൽകുന്നതുമാണ്. അവൻ ഏറെ മാപ്പരുളുന്നവനും കരുണാമയനുമത്രെ. ഈ സൂക്തത്തിൽ രണ്ടു വിഹിതമെന്നത് അർത്ഥമാക്കുന്നത് രണ്ടു പ്രതിഫലമെന്നാണ് (തഫ്‌സീറുൽ ത്വബ്‌രി 23/208).


ഇരട്ടി പ്രതിഫലം അർഹിക്കുന്ന മറ്റൊരു പുണ്യപ്രവർത്തനമാണ് ഖുർആൻ പാരായണം. വിശുദ്ധ ഖുർആനിലെ ഓരോ അക്ഷരം ഉച്ചരിക്കുന്നതിനും ഓരോ കൂലിയുണ്ട്. മാത്രമല്ല, അത് അല്ലാഹു പത്തിരട്ടിയായി ഗുണീഭവിപ്പിച്ചു കൊടുക്കുകയും ചെയ്യും. നബി (സ്വ) പറയുന്നു: ഒരുത്തൻ പരിശുദ്ധ ദൈവിക ഗ്രന്ഥമായ ഖുർആനിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ട്. ആ നന്മ പത്തിരട്ടി പ്രതിഫലം ലഭിക്കാൻ അർഹമാണ്. 'അലിഫ് ലാം മീം' എന്നത് ഒരക്ഷരമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ അതിലെ അലിഫ് ഒരക്ഷരമാണ്. ലാം ഒരക്ഷരമാണ്. മീം ഒരക്ഷരമാണ് (ഹദീസ് തുർമുദി 2910). ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടും ഖുർആൻ പാരായണം ചെയ്യുന്നവന് രണ്ടു കൂലിയുണ്ടെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). അതായത് ഒന്ന്്് ഖുർആൻ പാരായണം ചെയ്തതിന്റെ കൂലി. മറ്റേത് ബുദ്ധിമുട്ടി ഖുർആൻ പാരായണം ചെയ്യാൻ ശ്രമിച്ചതിന്റെ കൂലി.

ദിനേന അഞ്ചു സമയങ്ങളിലായുള്ള നിർബന്ധ നമസ്‌ക്കാരങ്ങൾ സമയനിഷ്ഠയോടെ മുറപോലെ നിർവ്വഹിക്കുന്നവർക്കും ഇരട്ടി പ്രതിഫലങ്ങളാണ് അല്ലാഹു നൽകാനിരിക്കുന്നത്. പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ മിഹ്‌റാജ് ആകാശ പ്രയാണത്തിൽ വെച്ച് അമ്പത് നമസ്‌ക്കാരങ്ങളാണല്ലൊ അല്ലാഹു നിർബന്ധമാക്കിയത്. പിന്നീട് അല്ലാഹു അവന്റെ മഹത് കൃപയാൽ അവ അഞ്ചായി ചുരുക്കുകയും അഞ്ചിന് അമ്പതിന്റെ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. മിഹ്‌റാജ് യാത്ര വിവരിച്ചുക്കൊണ്ട് നബി (സ്വ) പറയുന്നു: അന്നേരം ഒരശിരീരി കേട്ടു: 'നിശ്ചയം ഞാൻ നിർബന്ധ നമസ്‌ക്കാരങ്ങൾ നടപ്പിലാക്കുകയും എന്റെ അടിമകൾക്ക് ലഘൂകരിച്ചു നൽകുകയും ചെയ്തു. ഒരു സദ് കർമ്മത്തിന് ഞാൻ പത്തിരട്ടി പ്രതിഫലം നൽകുന്നതായിരിക്കും' (ഹദീസ് ബുഖാരി 3207). അഞ്ചു നേരവും നമസ്‌ക്കാരങ്ങൾ യഥാവിധി നിലനിർത്തൽ വിശ്വാസിയുടെ ബാധ്യതയാണ്. അസ്വ്ർ നമസ്‌ക്കാരത്തിന് പ്രത്യേകമായും രണ്ടു കൂലിയാണുള്ളത്.  അബൂ ബസ്വറത്തുൽ ഖിഫാറി (റ) പറയുന്നു: ഒരിക്കൽ നബി (സ്വ) അസ്വ്ർ നമസ്‌ക്കാരം നിർവ്വഹിച്ച് പറയുകയുണ്ടായി ഈ നമസ്‌ക്കാരം നിങ്ങൾക്ക് മുമ്പുള്ള സമുദായക്കാർക്കും നിർബന്ധമായിരുന്നു. അവരത് ഉപേക്ഷിച്ചു. ഒരാൾ ആ നമസ്‌ക്കാരം നിലനിർത്തിയാൽ അവനിക്കത് രണ്ടു പ്രാവശ്യം നിർവ്വഹിച്ചതിന്റെ പ്രതിഫലമാണുള്ളത് (ഹദീസ് മുസ്ലിം 831).

ദാനധർമ്മം ചെയ്തവന് അല്ലാഹു ഇഹലോകത്ത് ഉത്തമമായത് പകരമേകുകയും പരലോകത്ത് ഇരട്ടി പ്രതിഫലങ്ങൾ നൽകുകയും ചെയ്യും. ഖുർആൻ സൂറത്തുൽ ഹദീദിലൂടെ അല്ലാഹു പറയുന്നു: ദാനശീലരായ സ്ത്രീ പുരുഷന്മാരും അല്ലാഹുവിന് ഉദാത്തമായ കടം നൽകുന്നവരും ആരോ, ഇരട്ടിയായി അവർക്ക് തിരിച്ചുകൊടുക്കപ്പെടും. ഉദാരമായ പ്രതിഫലമുണ്ടാകും (സൂക്തം 18). അല്ലാഹുവിന് ഉദാത്തമായ കടം നൽകാൻ ആരുണ്ട്? എങ്കിൽ അവനതയാൾക്ക് ഇരട്ടിയായി നൽകും. ഉദാരമായ പ്രതിഫലവുമുണ്ടാവും (സൂക്തം 11). അവന് ഉദാത്തമായ കടം നൽകുന്നതായി ആരുണ്ട്? എങ്കിൽ അയാൾക്കവൻ അനേകമടങ്ങായി തിരിച്ചുകൊടുക്കും (സൂറത്തുൽ ബഖറ 245).

ആവശ്യക്കാരായ കുടുംബക്കാർക്ക് ദാനധർമ്മം ചെയ്താൽ രണ്ടു പ്രതിഫലമാണുള്ളത്. നബി (സ്വ) പറയുന്നു: പാവപ്പെട്ടവന് ദാനം ചെയ്താൽ അതൊരു ധർമ്മമാണ്. കുടുംബത്തിലുള്ള പാവപ്പെട്ടവർക്ക് ദാനധർമ്മം ചെയ്താൽ രണ്ടു ധർമ്മത്തിന്റെ ഫലമാണ്. ഒന്ന് ദാനധർമ്മത്തിന്റേതും, മറ്റേത് കുടുംബം ചേർത്തിയതിന്റെയും (ഹദീസ് തുർമുദി 658, നസാഈ 2582, ഇബ്‌നു മാജ 1844, അഹ്മദ് 17884). ദമ്പതിമാർ നന്മയിൽ ഒത്തുചേർന്നവരാണ്. അവരുടെ ബന്ധത്തിന് പവിത്രതയുണ്ട്. ആരാധനാ കർമ്മങ്ങൾ ചെയ്യുന്നതോടൊപ്പം വീട് പരിപാലിക്കുകയും ഭർത്താവിനെ സഹായിക്കുകയും ചെയ്യുന്ന ഭാര്യക്ക് ഇരട്ടി പ്രതിഫലങ്ങൾ ലഭിക്കുമെന്നതിൽ സംശയമില്ല. അബ്ദുല്ലാ ബ്‌നു മസ്ഊദിന്റെ (റ) ഭാര്യ സൈനബ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ബിലാൽ (റ) ഞങ്ങളുടെ അടുക്കൽ വന്നു. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: താങ്കൾ നബി (സ്വ)യുടെ അടുക്കൽ പോയി പറയണം, രണ്ടു സ്ത്രീകൾ വാതിക്കലുണ്ട്. അവർ ചോദിക്കുകയാണ് ഭർത്താവിന്റെ പേരിലും ഭർത്താവിന്റെ മരിച്ച ഭാര്യമാരുടെ അനാഥരായ മക്കളുടെ പേരിലും ഞങ്ങൾ ദാനധർമ്മം ചെയ്താൽ മതിയാവുമോ? ബിലാൽ (റ) അപ്രകാരം നബി (സ്വ)യോട് ചോദിച്ചു. നബി (സ്വ) മറുപടി പറഞ്ഞു: അവർക്ക് രണ്ടു പ്രതിഫലമാണുള്ളത് ഒന്ന് കുടുംബബന്ധം ചേർത്തത്, മറ്റേത് ദാനധർമ്മം ചെയ്തത് (ഹദീസ് ബുഖാരി, മുസ്ലിം). കാരണം ഈ പാരസ്പര്യ ബോധം സ്‌നേർഹാർദ്രമായ ദാമ്പത്യവും കുടുംബഭദ്രതയും സന്തുഷ്ടിയും സാമൂഹിക കെട്ടുറപ്പും ഉറപ്പുവരുത്തുന്നുണ്ട്. നബി (സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലിയാലും ഒന്നിന് പത്തിരട്ടി പ്രതിഫലം കണക്കാക്കപ്പെടുന്നതാണ്.

back to top