യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 19/10/2018
വിഷയം: നമസ്‌ക്കാരം അല്ലാഹുവോടുള്ള സംഭാഷണം
ഇസ്ലാം കാര്യങ്ങളിൽ രണ്ടാമത്തേതായ നമസ്‌ക്കാരമാണ് കർമ്മരംഗത്ത് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രധാന അന്തരം. നിർബന്ധ നിർവ്വഹണത്തോടൊപ്പം സമയനിഷ്ഠ പാലിക്കേണ്ടവയാണ് ദിനേനയുള്ള അഞ്ചു ഫർള് നമസ്‌ക്കാരങ്ങൾ. 'നിശ്ചയമായും സത്യവിശ്വാസികൾക്ക് സമയ നിർണിതമായ നിർബന്ധ ബാധ്യതയാണത്രെ നമസ്‌ക്കാരം' (ഖുർആൻ, സൂറത്തുന്നിസാഅ് 103). ഒരാൾ പൂർണരീതിയിലുള്ള അംഗശുദ്ധി വരുത്തി ഭക്തിസാന്ദ്രമായി സുജൂദും റുകൂഉം നന്നായി ചെയ്ത് കൃത്യതയോടെ അഞ്ചു നിർബന്ധ നമസ്‌ക്കാരങ്ങൾ നിർവ്വഹിച്ചാൽ അവന്റെ പ്രായശ്ചിത്തം അല്ലാഹു ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രവാചകർ മുഹമ്മദ് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 425, അഹ്മദ് 22704).
പ്രായപൂർത്തിയായ ശുദ്ധിയും ബുദ്ധിയുമുള്ള എല്ലാ വിശ്വാസികൾക്കും അഞ്ചു നമസ്‌ക്കാരങ്ങൾ ലിംഗഭേദമന്യെ നിർബന്ധമാണ്. അവ മുറപോലെ നിലനിർത്തണമെന്നാണ് പ്രവാചക വസ്വിയ്യത്ത്. കൂട്ടികളെ നമസ്‌ക്കാരത്തിനായി പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. അലിയ്യുബ്‌നു അബൂത്വാലിബ് (റ) പറയുന്നു: മരണമാസന്നമായ സമയം നബി (സ്വ) അവസാനമായി ഉരുവിട്ടത് 'നമസ്‌ക്കാരം നിലനിർത്തണേ, നമസ്‌ക്കാരം നിലനിർത്തണേ' എന്നായിരുന്നു (സുനനു ബൈഹഖി 15700). തന്റെ സമുദായം നമസ്‌ക്കാരത്തിലൂടെ അല്ലാഹുവുമായുള്ള ബന്ധം ഊഷ്മളമാക്കണമെന്ന അതിയായ ആഗ്രഹമുള്ളവരായിരുന്നു നബി (സ്വ). അല്ലാഹു പറയുന്നു: താങ്കൾ പ്രഖ്യാപിക്കുക, അല്ലാഹുവിന്റേതാണ് ശരിയായ മാർഗം. സർവലോക സംരക്ഷകനായ അവനു വിധേയരാകുവാനും നമസ്‌ക്കാരം നിലനിർത്താനും അവനെ സൂക്ഷിച്ചുജീവിക്കാനുമാണ് ഞങ്ങൾ അനുശാസിക്കപ്പെട്ടിട്ടുള്ളത് (ഖുർആൻ, സൂറത്തുൽ അൻആം 71,72). തങ്ങളുടെ നമസ്‌ക്കാരത്തിൽ ഭയപ്പാടുള്ളവരായ സത്യവിശ്വാസികൾ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു (സൂറത്തുൽ മുഅ്മിനൂൻ 1,2).
അല്ലാഹുവും അടിമയും നേരിട്ട് ബന്ധപ്പെടുന്ന ആരാധന കർമ്മമാണ് നമസ്‌ക്കാരം. ആത്മീയോന്നതിയുടെ ഏറ്റവും വിശാലമായ കോണിപ്പടികളുമാണിത്. ഭക്തിയുള്ള ഹൃദയവും വണങ്ങിയ ശരീരാവയവങ്ങളുമായി നമസ്‌ക്കാരത്തിനായി അല്ലാഹുവിനെ അഭിമുഖീകരിച്ച് പ്രാർത്ഥിച്ചു നിൽക്കുന്നവൻ യഥാർത്ഥത്തിൽ അവനോട് സംഭാഷണം നടത്തുകയാണ്. നബി (സ്വ) പറയുന്നു: തീർച്ചയായും നമസ്‌ക്കരിക്കുന്നവൻ നാഥനായ അല്ലാഹുവിനോട് സംഭാഷണം നടത്തുകയാണ് ചെയ്യുന്നത് (ഹദീസ് മുവത്വ 176). അതായത് നമസ്‌ക്കരിക്കുമ്പോൾ ദൈവ സ്മരണയിലൂടെയും ഖുർആൻ പാരായണത്തിലൂടെയും അല്ലാഹവിനോട് അഭിസംബോധനം നടത്തുന്നുണ്ട്. തന്നെ സ്മരിക്കാനായി നമസ്‌ക്കാരം നിലനിർത്തണമെന്ന് ത്വാഹാ സൂറത്ത് 14ാം സൂക്തത്തിലൂടെ അല്ലാഹു കൽപ്പിക്കുന്നുണ്ട്.
തക്ബീറോടു കൂടി തുടങ്ങി സലാം വീട്ടലോടെ അവസാനിക്കുന്ന ആരാധന കർമ്മമാണല്ലൊ നമസ്‌ക്കാരം. സലാം വീട്ടിയാലും നമസ്‌ക്കാരത്തോടനുബന്ധിച്ചുള്ള പ്രത്യേക ദിക്‌റുകളും പ്രാർത്ഥനകളും പുണ്യകരമായിട്ടുണ്ട്. തക്ബീറത്തുൽ ഇഹ്‌റാം, സൂറത്തുൽ ഫാതിഹ പാരായണം, റുകൂഅ്, ഇഅ്തിദാൽ, സുജൂദ്, രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തം, രണ്ടാം തശഹുദ് ഇരുത്തം, അത്തഹിയ്യാത്ത്, നബി (സ്വ)യുടെ മേലിലുള്ള സ്വലാത്തും സലാമും, സലാം വീട്ടൽ എന്നിവയാണ് നമസ്‌ക്കാരത്തിലെ പ്രധാന കർമ്മങ്ങൾ. 'അല്ലാഹു ഏറ്റവും വലിയവൻ' എന്നർത്ഥമാക്കുന്ന 'അല്ലാഹു അക്ബർ' എന്ന മഹത് വചനത്തോടെയാണ് നമസ്‌ക്കാരം തുടങ്ങുന്നത്. വിശ്വാസിയെ സംബന്ധിച്ചടുത്തോളം അല്ലാഹു തന്നെയാണ് ഏറ്റവും കാര്യപ്പെട്ടത്. ദൈവദർശനമാണ് അവൻ ഏറെ ആശിക്കുന്നതും. തക്ബീറിലൂടെ അല്ലാഹുവിനെ മഹത്വവൽക്കരിക്കണമെന്ന് അല്ലാഹു തന്നെ ആജ്ഞാപിച്ചതാണ്.
തക്ബീർ ചൊല്ലി കൈകെട്ടി ഫാതിഹാ സൂറത്ത് ഓതണം. സവിശേഷമായ ഖുർആനിക അധ്യായമാണ് സൂറത്തുൽ ഫാതിഹ. അതിൽ ദൈവസ്തുതിയും സോത്രവും പ്രാർത്ഥനയുമുണ്ട്. ഫാതിഹയിലൂടെ കാരുണ്യവാനും കരുണാമയനുമായ അന്ത്യദിനത്തെ അധിപനുമായ അല്ലാഹുവിനെ സ്തുതിച്ച്, ആരാധ്യനും അവലംബവും അവൻ മാത്രമെന്ന് പ്രഖ്യാപിച്ച് ഋജുപാതയിൽ നിലയുറപ്പിച്ചു തരണേ എന്ന് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഹൃദയം അല്ലാഹുവിന് സമർപ്പിച്ച് ഫാതിഹ ഓതി നമസ്‌ക്കരിച്ചവൻ നവജാത ശിശുവിനെപ്പോലെ കുറ്റമുക്തനായിരിക്കുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 832). ഫാതിഹക്ക് ശേഷം അർത്ഥമറിഞ്ഞു കൊണ്ട് ഖുർആനിൽ നിന്ന് അൽപം പാരായണം ചെയ്യണം. ഖുർആനിനെപ്പറ്റി അല്ലാഹു ഖുർആനിൽ തന്നെ പറഞ്ഞിരിക്കുന്നു: താങ്കൾക്ക് നാമതരിപ്പിച്ചുതന്ന അനുഗ്രഹീത ഗ്രന്ഥമാണിത്. ഇതിലെ സൂക്തങ്ങൾ ആളുകൾ ചിന്താവിധേയമാക്കുവാനും ബുദ്ധിശാലികൾ പാഠമുൾക്കൊള്ളാനും വേണ്ടി (സൂറത്തു സ്വാദ് 29). സൂക്തപാരായണത്തിന് ശേഷം തല വണങ്ങിക്കൊണ്ടുള്ള റുകൂഅ് ചെയ്യണം. റുകൂഇലൂടെ അല്ലാഹുവിനെ മഹത്വവൽക്കരിക്കണമെന്ന് പ്രവാചക മൊഴിയുമുണ്ട് (ഹദീസ് മുസ്ലിം 479). റുകൂഇൽ നിന്ന് എഴുന്നേറ്റ് ഇഅ്തിദാലിൽ നേരെ നിൽക്കണം. ഇഅ്തിദാലിന് വേണ്ടി എഴുന്നേൽക്കുമ്പോഴും എഴുന്നേറ്റ് നിന്ന ശേഷവും പ്രത്യേക ദിക്‌റുകൾ ചൊല്ലണമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആ ദിക്‌റുകൾ ചൊല്ലിയവന്റെ മുൻകഴിഞ്ഞ പാപങ്ങളൊക്കെയും പൊറുക്കപ്പെടുമെന്ന് ഹദീസുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ആ ദിക്‌റുകൾ ചൊല്ലിയവന്റെ പുണ്യകളെഴുതാൻ മുപ്പതിൽ പരം മാലാഖമാർ ധൃതി കാട്ടുന്നത് കണ്ടതായി നബി (സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം 797).
നമസ്‌ക്കാരത്തിലെ മഹത്തായ കർമ്മമാണ് സുജൂദെന്ന സാഷ്ടാംഗം. മനുഷ്യശരീരത്തിലെ ശ്രേഷ്ഠാവയവങ്ങൾ അല്ലാഹുവിന് വണക്കിക്കൊണ്ടുള്ള സുജൂദ് അവനിലേക്ക് അടുക്കാനുള്ള എളുപ്പ മാർഗമാണ്. സുജൂദ് ചെയ്ത് അവനിലേക്ക് അടുക്കണമെന്ന് ഖുർആനിക അധ്യാപനവുമുണ്ട് (സൂറത്തുൽ അലഖ് 19). നബി (സ്വ) പറയുന്നു: ഒരു അടിമ അല്ലാഹുവിലേക്ക് ഏറ്റവുമടുക്കുന്നത് സുജൂദിലായിരിക്കുമ്പോഴാണ്. അതിനാൽ സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുക (ഹദീസ് മുസ്ലിം 482). സുജൂദിൽ ചൊല്ലേണ്ട അനവധി പ്രാർത്ഥനകൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 483, 486). രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തത്തിലും പ്രാർത്ഥിക്കണമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് അഹ്മദ് 3514). റുകൂഇലും സുജൂദിലും മൂന്നു പ്രാവശ്യം പ്രത്യേകം ചൊല്ലേണ്ട ദിക്‌റുമുണ്ട്. അവസാന തശഹുദിൽ അത്തഹിയ്യാത്ത് ഓതി നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലി പ്രാർത്ഥിക്കണം. പ്രത്യേക പ്രാർത്ഥനകളും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 201). സലാം വീട്ടലോടെ നമസ്‌ക്കാരത്തിന് ഉപസംഹാരമായെങ്കിലും ശേഷം ദിക്‌റുകളും പ്രാർത്ഥനകളും സുന്നത്തുണ്ട്.
നമസ്‌ക്കാരം നിർവ്വഹിച്ചവൻ ആത്മവിശ്വാസത്തിലും സന്തോഷത്തിലുമായിരിക്കും. മനസമാധാനവും ആത്മസംതൃപ്തിയും അവനിക്ക് അനുഭവപ്പെടും. കാരണം നമസ്‌ക്കാരം പാപമോചനം സാധ്യമാക്കുന്ന നിർബന്ധ ആരാധനാ കർമ്മമാണ്. നമസ്‌ക്കാരം പ്രകാശമാണെന്നാണല്ലൊ തിരുനബി വചനം (ഹദീസ് മുസ്ലിം 223). ആ പ്രകാശം നമസ്‌ക്കരിച്ചവന്റെ മുഖത്തും മനസ്സിലും ശരീരത്തിലും പ്രഭ പരത്തുന്നതോടൊപ്പം പരലോകത്ത് വിജയവെട്ടമായി വഴിത്തെളിയിക്കുകയും ചെയ്യുന്നതായിരിക്കും.