യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
മൻസൂർ ഹുദവി കളനാട്
തീയ്യതി: 26.10.2018
വിഷയം: വയസ്സിൽ മുതിർന്നവരുടെ സംഭാവനകൾ
ഇസ്ലാമിക ബാലപാഠമായ മര്യാദ (അദബ്)യുടെ ആദ്യഗണത്തിൽപ്പെട്ടതാണ് മൂത്തവരെ ബഹുമാനിക്കൽ. പരിശുദ്ധ ഇസ്ലാം മതം മുതിർന്നവരെ മാനിക്കാനും പരിഗണിക്കാനും കർശനമായി നിഷ്‌കർശിക്കുന്നുണ്ട്. പ്രവാചകർ നബി (സ്വ) പറയുന്നു: മുതിർന്നവരെ ബഹുമാനിക്കാത്തവൻ നമ്മളിൽപ്പെട്ടവനല്ല (ഹദീസ് തുർമുദി 2043, അഹ്മദ് 6937). അവരുടെ സ്ഥാനവും മാനവും വകവെച്ചു നൽകണമെന്ന് ഉദ്‌ഘോഷിക്കുന്ന ഇസ്ലാമിക ശരീഅത്ത് ചെറിയവർ ബഹുമാനാർത്ഥം വലിയവരോട് സലാം പറയണമെന്നും കൽപ്പിക്കുന്നുണ്ട്. നബി (സ്വ) പഠിപ്പിച്ചതാണത് (ഹദീസ് ബുഖാരി 6231). നബി (സ്വ) എന്തിലും ഏതിലും മുതിർന്നവർക്ക് മുൻഗണന നൽകുമായിരുന്നു. ഒരിക്കൽ ഒരു സംഘം ആളുകൾ നബി (സ്വ)യുടെ അടുക്കൽ വരികയുണ്ടായി. അവരെ പ്രതിനിധീകരിച്ച് പ്രായം കുറഞ്ഞയൊരാൾ സംസാരിക്കാൻ തുനിഞ്ഞപ്പോൾ നബി (സ്വ) പറഞ്ഞു: വലിയവർ പറയട്ടെ, വലിയവർ പറയട്ടെ (ഹദീസ് ബുഖാരി, മുസ്ലിം). കാരണം മുതിർന്നവർ ഉത്തരവാദിത്വപൂർവ്വം സൂക്ഷ്മതയോടെ മാത്രമേ സംസാരിക്കുകയുള്ളൂ. സംസാരിച്ചു പരിചയമുള്ള അവർ കാര്യാവതരണത്തിൽ തഴക്കവും പഴക്കവും വന്നവരായിരിക്കും. വൃദ്ധജനങ്ങളെ മുന്തിച്ചുക്കൊണ്ടുള്ള പ്രവാചകരുടെ (സ്വ) ഈ സമീപനം തന്നെയാണ് അനുചരന്മാരും അനുവർത്തിച്ചത്. സ്വഹാബി വര്യൻ സമുറത്ത് ബ്‌നു ജുൻദുബ് (റ) പറയുന്നു: നബി (സ്വ)യുടെ കാലത്ത് ഞാൻ കുട്ടിയായിരുന്ന സമയത്ത് തിരുസന്നിതിയിൽ വെച്ച് സംസാരിക്കാതിരിക്കാൻ ജാഗ്രത പാലിച്ചിരുന്നു. കാരണം അവിടെ എന്നെക്കാൾ മുതിർന്നവരാണ് ഉണ്ടായിരുന്നത് (ഹദീസ് മുസ്ലിം 964).
വൃദ്ധജനം സമൂഹത്തിന്റെ ഭാഗ്യലക്ഷണമാണ്. ജീവിതത്തിന്റെ സുകൃത കോലങ്ങളാണവർ. നബി (സ്വ) പറയുന്നു: ദൈവാശീർവാദം നിങ്ങളിലെ മുതിർന്നവർക്കൊപ്പമാണ് (ഹദീസ് സ്വഹീഹ് ഹിബ്ബാൻ 2/319, ത്വബ്‌റാനി 9/16). കാരണം അവർ ജീവതത്തിലെ തീക്ഷണമായ ഘട്ടങ്ങൾ മറികടന്നവരാണ്. ജീവിതാനുഭവങ്ങളും പരിചയ സമ്പത്തും അവരെ നയിച്ചുക്കൊണ്ടിരിക്കും. പക്വതയും പാകതയും കൈമുതലാക്കിയ അവരുടെ അഭിപ്രായങ്ങൾ സ്വീകാര്യമായിരിക്കും. അവരുടെ വാക്കുകളും പ്രവർത്തികളും യുക്തിസഹവുമായിരിക്കും. അവരുടെ ചിന്തകളും മനനങ്ങളും വരെ മുതിർന്നതായിരിക്കും. അനന്തമായ സമർപ്പണത്തിന്റെ പ്രതിരൂപങ്ങളാണവർ.
മനുഷ്യചരിത്രത്തിൽ നിസ്തുലമായ അനവധി സംഭാവനകൾ അർപ്പിച്ചവരാണ് വൃദ്ധരായിട്ടുള്ളവർ. പ്രവാചകരിൽ നിന്ന് ചില വൃദ്ധമാതൃകാ താരങ്ങളെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയിട്ടുണ്ട് : നൂഹ് നബി (അ) തൊള്ളായിരത്തി അമ്പത് വർഷം ജീവിച്ചവരാണെന്ന് സൂറത്തുൽ അൻകബൂത്ത് 14ാം സൂക്തത്തിലൂടെ അല്ലാഹു അറിയിക്കുന്നു. സംഭവബഹുലമായ ആ ജീവിതത്തിന്റെ അവസാന കാലത്താണ് വമ്പൻ നൗക പണിയാൻ അല്ലാഹു കൽപ്പിക്കുന്നത്. ഖുർആൻ വിവരിക്കുന്നു: തത്സമദ്ദേഹത്തിനു നാം ഇങ്ങനെ സന്ദേശം നൽകി: നമ്മുടെ മേൽനോട്ടത്തിലും ബോധനമനുസരിച്ചും താങ്കൾ ജലയാനം പണിയുക. നമ്മുടെ ശാസന വന്നെത്തുകയും അടുപ്പിൽ നിന്ന് ഉറവ പൊട്ടി ജലമൊലിക്കുകയും ചെയ്താൽ മുഴുജീവികളിൽ നിന്നും രണ്ട് ഇണകളെയും സ്വകുടുംബത്തെയും (അവരിൽ നിന്ന് ശിക്ഷാ വിധി മുൻകടന്നവരൊഴികെ) അതിൽ കയറ്റുക (സൂറത്തുൽ മുഅ്മിനൂൻ 27). ജൈവവംശങ്ങൾ നിലനിൽക്കാനും അവയുടെ ഉപകാരങ്ങൾ തുടരാനുമായി പ്രവഞ്ചത്തിലെ എല്ലാ ജീവികളിൽ നിന്നും ഇണകളെ കൂടെക്കൂട്ടിയ വൃദ്ധനായ നൂഹ് നബി (അ)യാണ് ആർത്തിരമ്പുന്ന തിരമാലകൾക്കിടയിലൂടെ കപ്പലോടിച്ചത്. മലപോലുള്ള തിരമാലകളെന്നാണ് അല്ലാഹു വിശേഷിപ്പിച്ചത് (സൂറത്തു ഹൂദ് 42). സർവ്വ സന്നദ്ധതയുടെ ഉത്തുംഗ മാതൃകയാണ് നൂഹ് നബി (അ) കാണിച്ചുത്തന്നത്.
പ്രവാചകന്മാരുടെ പിതാവെന്നറിയപ്പെടുന്ന ഇബ്രാഹിം നബി (അ)ക്ക് വാർദ്ധക്യ സാഹചര്യത്തിലാണ് കുഞ്ഞ് പിറക്കുമെന്ന് മാലാഖമാർ സന്തോഷ വാർത്ത അറിയിക്കുന്നത് : അപ്പോൾ അദ്ദേഹം മലക്കുകളോട് ചോദിക്കുകയുണ്ടായി ഞാൻ വയസ്സനായിക്കഴിഞ്ഞിട്ടാണോ നിങ്ങളീ സന്തോഷ വിവരം തരുന്നത് ? (സൂറത്തു ഹിജ്‌റ് 54). വൃദ്ധനായിരിക്കെ അദ്ദേഹത്തിന് ജനിച്ച ഇസ്മാഈൽ നബി (അ)യാണ് ആദ്യത്തെ പുണ്യ ഗേഹമായ കഅ്ബ നിർമ്മിക്കാൻ താങ്ങും തണലുമായത്. അക്കാര്യം ഖുർആൻ വിവിരിക്കുന്നു: ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും കഅ്ബാ മന്ദിരത്തിന്റെ അസ്തിവാരം പടുത്തയർത്തിയ സന്ദർഭം സ്മരണീയമത്രെ (സൂറത്തുൽ ബഖറ 127). ദൈവ കൽപന മാനിച്ച് ഈ മകനെ അറുക്കാൻ പോലും സന്നദ്ധനായ ഇബ്രാഹിം നബി (അ) നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തന്റെയും ഉത്തമ പ്രതീകമാണ്.
ഇബ്രാഹിം നബി (അ)യുടെ കാലശേഷം കടന്നുവന്ന പ്രവാചകവര്യരാണ് സക്കരിയ നബി (അ). ഈസാ നബി (അ)യുടെ മാതാവ് മർയം ബീബി (അ) വളർന്നത് വൃദ്ധനായ അദ്ദേഹത്തിന്റെ വീട്ടിലാണ്. അല്ലാഹു പറയുന്നു: അങ്ങനെ നാഥൻ മർയത്തെ നന്നായി സ്വീകരിക്കുകയും ഉദാത്ത രീതിയിൽ വളർത്തുകയും പരിപാലനത്തിനു സക്കരിയ്യ നബിയെ ഏൽപ്പിക്കുകയും ചെയ്തു (സൂറത്തു ആലു ഇംറാൻ 37).
നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) നിശ്വാസത്തിന്റെ അവസാന നിമിഷം വരെ സത്യമത പ്രബോധനത്തിനായി ജീവിതം സമർപ്പിച്ചവരായിരുന്നു. ജന്മനാട്ടിൽ നിന്ന് പലായനം ചെയ്ത് മദീനയിൽ പുതിയൊരു മനുഷ്യ സംസ്‌കാരം സംസ്ഥാപിച്ച നബി (സ്വ)യുടെ ജീവിതാധ്വാനത്തിന്റെ നന്മകൾ തന്നെയാണ് നാമിന്നും ആസ്വദിക്കുന്നത്. നബി (സ്വ)ക്ക് ശേഷം ഖലീഫാ അബൂബക്കർ സിദ്ധീഖും (റ) ആ പാത തുടർന്നു. തന്റെ അറുപതാം വയസ്സിലാണ് ജനങ്ങളുടെ ഐക്യവും നാടിന്റെ അഖണ്ഡതയും തിരിച്ചുപിടിച്ച് ശാന്തി സമാധാന പൂർണമാക്കിയത്. മാത്രമല്ല നിരവധി ദൗത്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. അതിൽ പ്രധാനമാണ് ഖുർആൻ ക്രോഢീകരണം. സ്വഹാബികളിൽ നിന്നും മുതിർന്നവർ നിസ്തുല സേവനകളർപ്പിച്ചിട്ടുണ്ട്. അവരിൽ പ്രധാനിയാണ് അനസ് ബ്‌നു മാലിക് (റ). പ്രഗത്ഭ ഹദീസ് നിവേദകനായിരുന്നു അദ്ദേഹം. തന്റെ നൂറാം വയസ്സിന് ശേഷവും അദ്ദേഹം ആ ജ്ഞാനസപര്യയിൽ തുടർന്നിട്ടുണ്ട്.
വാർദ്ധക്യ കാലത്തും അതുല്യ സംഭാവനകളർപ്പിച്ചവരുടെ പട്ടികയലിൽപ്പെട്ടവരാണ് വിശ്വ വിഖ്വാത ഭിഷഗ്വരനായിരുന്ന ഇബ്‌നുൽ നഫീസ് എന്നറിയപ്പെട്ട അബുൽ ഹസൻ അലാഉദ്ദീൻ. ക്രിസ്താബ്ദം 13ാം നൂറ്റാണ്ടിൽ സിറിയൻ അറബ് ലോകത്ത് വിരാചിച്ച അദ്ദേഹം വൈദ്യരംഗത്ത് നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാർദ്ധക്യ സമയത്താണ് അക്കാലത്തെ പ്രധാന ആശുപത്രി സ്ഥാപിക്കുന്നത്. ഏകദേശം എമ്പത് വയസ്സ് വരെ അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാനിയാണ് സമൂഹ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്‌നു ഖൽദൂൻ. ചരിത്രെഴുത്ത് രംഗത്ത് പ്രൗഢമാണ് അദ്ദേഹത്താൽ വിരചിതമായ 'കിതാബുൽ ഇബറ്'. തന്റെ എഴുപതുകൾക്ക് ശേഷമാണ് അദ്ദേഹമത് എഴുതുന്നത്. എക്കാലത്തെയും അമൂല്യ കൃതിയായി ഗണിക്കപ്പെടുന്ന 'മുഖദ്ദിമ' എന്ന ഗ്രന്ഥം എഴുതുന്നത് ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്.
മുതിർന്ന സ്ത്രീജനങ്ങളും ചരിത്രത്തിൽ തങ്ങളുടെ ഭാഗധേയം തെളിയിച്ചിട്ടുണ്ട്. ഹദീസ് നിവേദന രംഗത്ത് പ്രഗത്ഭയായ വനിതാ രത്‌നമാണ് സൈനബ ബിൻത് യഹ്‌യ എന്ന പണ്ഡിത. തൊണ്ണൂറ് വയസ്സു വരെ ജീവിച്ച മഹതിയെത്തൊട്ട് നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാർദ്ധക്യ കാലത്തും സേവനരംഗത്ത് തുടർന്ന മറ്റൊരു വനിതാ മാതൃകയാണ് കർമ്മശാസ്ത്ര പണ്ഡിതയും ഗ്രന്ഥകാരിയുമായ ശഹ്്ദ ബിൻത് അബൂ നസ്വ്ർ. തൊണ്ണൂറാം വയസ്സു വരെ രചനാ രംഗത്തും അധ്യാപന രംഗത്തും നിലയുറപ്പിച്ചിട്ടുണ്ട് ഇറാഖിൽ നിന്നുള്ള ഈ മഹിളാ പ്രതിഭ.
ചരിത്രത്തിലുടനീളം പണ്ഡിതരും തത്വജ്ഞാനികളുമെല്ലാം മുതിർന്ന പൗരന്മാരെ മാനിക്കുകയും അവരുടെ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്തതായി കാണാം. കാരണം നബി (സ്വ) പറഞ്ഞിട്ടുണ്ടല്ലൊ: മുതിർന്ന വിശ്വാസിയെ ബഹുമാനിക്കൽ അല്ലാഹുവിനോടുള്ള ബഹുമാനത്തിന്റെ ഭാമാണെന്ന് (ഹദീസ് അബൂ ദാവൂദ് 4843). ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: ആരാണ് നബിയേ ജനങ്ങളിലെ ശ്രേഷ്ഠൻ ? നബി (സ്വ) മറുപടി പറഞ്ഞു: ദീർഘായുസ്സ് വരിക്കുകയും സൽപ്രവർത്തന വ്യാപൃതനാവുകയും ചെയ്തവനാണവൻ (ഹദീസ് തുർമുദി 2252).