യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/11/2018
വിഷയം: നാട് നന്നാക്കണേ നാഥാ
നാട് ഒരു അനുഗ്രഹമാണ്. താമസിച്ചു വളരാൻ അല്ലാഹു ഏകിയ ഒരിടം. മനുഷ്യന്റെ സാമൂഹ്യവൽക്കരണവും സംസ്‌കാര രൂപീകരണവും നടക്കുന്ന സ്ഥാപനവുമാണ് നാട്. വളർന്ന മണ്ണിനോട് മനുഷ്യന് ഒരു ഹൃദയബന്ധം സ്വാഭാവികമായിരിക്കും. സ്വവാസ ദേശമായാലും പ്രവാസ ദേശമായാലും ജീവിക്കുന്ന നാടിന്റെ മണ്ണും വിണ്ണും അതിലെ വായുവും ഐശ്വര്യപൂർണമാവാനേ പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാടുള്ളൂ. അത്തരത്തിൽ ദേശങ്ങളോട് സ്‌നേഹബന്ധം പുലർത്തിയവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നിയോഗിക്കപ്പെട്ട സത്യമത പ്രബോധകരായ പ്രവാചകന്മാർ.
'നാഥാ ഈ നാടിനെ നിർഭയമാക്കുകയും ഇന്നാട്ടുകാരായ വിശ്വാസികൾക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ' എന്നാണ് ഇബ്രാഹിം നബി (അ) മക്കാ പട്ടണത്തിന് വേണ്ടി പ്രാർത്ഥിച്ചത് (ഖുർആൻ, സൂറത്തുൽ ബഖറ 126). ഭാര്യ ഹാജറാ ബീബിയെയും കുഞ്ഞുപൈതൽ ഇസ്മാഈലിനെയും മക്കയിലേക്ക് കൂട്ടിക്കൊണ്ട് പോയി താമസിപ്പിക്കണമെന്ന അല്ലാഹുവിന്റെ ആജ്ഞ അക്ഷരം പ്രതി ശിരസ്സാ വഹിക്കുകയായിരുന്നു ഇബ്രാഹിം നബി (അ). അന്ന് മക്ക തനി തരിശു ഭൂമിയായിരുന്നു. ആൾവാസമില്ലാത്ത താഴ്‌വര. വെള്ളമില്ല. കൃഷിയില്ല. കുടുംബത്തെ മക്കയിലാക്കിയ ശേഷം ഇബ്രാഹിം നബി (അ) മടങ്ങി. ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു: ഞങ്ങളുടെ നാഥാ, എന്റെ ചില സന്തതികളെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയിൽ നിന്റെ വിശുദ്ധ ഗേഹ (കഅ്ബ) ത്തിനു സമീപം അവർ കൃത്യമായി നമസ്‌ക്കാരം നിലനിർത്താനായി ഞാൻ നിവസിപ്പിച്ചിരിക്കുന്നു. അതു കൊണ്ട് ജനഹൃദയങ്ങൾ അവരോടു ചായ്‌വുള്ളതാക്കുകയും അവർക്ക് ആഹരിക്കാനായി ഫലങ്ങൾ നൽകുകയും ചെയ്യേണമേ. അവർ കൃതജ്ഞരായേക്കാം (ഖുർആൻ, സൂറത്തു ഇബ്രാഹിം 37) (ഹദീസ് ബുഖാരി 3364). മക്കയെ ആളുകൾ ആകർഷിക്കുന്ന പുണ്യസ്ഥലിയാക്കണമെന്ന പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകി. പുണ്യ കഅ്ബാലയം ഉൾക്കൊള്ളുന്ന മക്കാ പ്രദേശം വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായി മാറി. ഹജ്ജനുഷ്ഠാനങ്ങൾക്കായി ലോകത്തിന്റെ അഖില ദിക്കുകളിൽ നിന്നും മുസ്ലിങ്ങളുടെ ആഗമനം ഏറ്റവും വലിയ തീർത്ഥാടക സംഗമഭൂമിയാക്കി മാറ്റി. അല്ലാഹു പറയുന്നു: ജനങ്ങൾക്കു ഒരഭയസ്ഥാനവും വിശ്വസ്ത കേന്ദ്രവുമായി കഅ്ബാ മന്ദിരം നാമാക്കിയതും ഓർക്കുക (ഖുർആൻ, സൂറത്തുൽ ബഖറ 125). മാത്രമല്ല, ഭക്ഷണ വിഭവങ്ങൾക്കൊണ്ട് സമൃദ്ധമാക്കി അവിടത്തെ ജീവിതം ക്ഷേമനിർഭരമാക്കുകയും ചെയ്ത് അനുഗ്രഹീതമാക്കിയിരിക്കുകയാണ് അല്ലാഹു. എല്ലാ നാടുകളിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കൾ മക്കയിൽ എത്തപ്പെടുകയും ചെയ്തു. എല്ലാം ഇബ്രാഹിം നബി (അ)യുടെ പ്രാർത്ഥനക്കുള്ള ഫലം. അങ്ങനെ മക്ക ആരാധനാനുഷ്ഠാനങ്ങൾക്ക് സൗകര്യപൂർണമാവുകയും ചെയ്തു.
മക്ക ഏറെ നാഗരികവും ജനവാസകേന്ദ്രവുമായി മാറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ ഇബ്രാഹിം നബി (അ) ഈ നാടിന്റെ സുസ്ഥിര നിലനിൽപ്പിന് പ്രത്യേക സംരക്ഷണവും കാവലും ആവശ്യമുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെയാണ് 'ഈ നാടിനെ വിശ്വസ്ത നാടാക്കി മാറ്റണമേ' യെന്ന് പ്രാർത്ഥിച്ചത് (സൂറത്തു ഇബ്രാഹിം 35, സൂറത്തു ബഖറ 126). മഹത്തായ പ്രാർത്ഥനയായിരുന്നു അത്. മഹാനായ ഇബ്രാഹിം നബി (അ) ചെയ്ത ആ പ്രാർത്ഥനയിലൂടെ സ്വദേശ സ്‌നേഹത്തിന്റെ നല്ല പാഠങ്ങളാണ് വിശുദ്ധ ഖുർആൻ പഠിപ്പിച്ചുതരുന്നത്. നാടിന്റെ നന്മക്കും ശാന്തി സമാധാനത്തിനും പ്രാർത്ഥിക്കാനുള്ള ആഹ്വാനവുമുണ്ട് അതിൽ. ഇബ്രാഹിം നബി (അ) വെറും പ്രാർത്ഥനയിൽ ഒതുങ്ങി നിന്നില്ല. മക്കയെന്ന മഹിത നാടിന്റെ നഗരവൽക്കരണത്തിന് കൈമെയ് മറന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. വീടുകൾ പണിയുന്നതിലും വ്യാപൃതനായി. അതിൽപ്പെട്ട ഒരു വീടാണ് 'മഖാമു ഇബ്രാഹിം'. ഇന്നും അത് ഒരു ചരിത്രസാക്ഷ്യമായി നിലക്കൊള്ളുന്നുണ്ട്. അല്ലാഹു പറഞ്ഞിട്ടുണ്ട് : മാനവതയ്ക്കുവേണ്ടി സ്ഥാപിതമായ പ്രഥമ ആരാധനാ ഗേഹം ബക്ക (മക്ക)യിലുള്ളതാകുന്നു. അനുഗ്രഹീതവും ലോകർക്ക് മാർഗദർശകവുമാണത്. സ്പഷ്ട ദൃഷ്ടാന്തങ്ങൾ അതിലുണ്ട്. വിശിഷ്യാ ഇബ്രാഹിം മഖാം. അവിടെ ആരു പ്രവേശിക്കുന്നുവോ അവൻ നിർഭയനായി (ഖുർആൻ, സൂറത്തു ആലു ഇംറാൻ 96, 97). ഇബ്രാഹിം നബി (അ)യുടെ പ്രാർത്ഥനയുടെയും പ്രവർത്തനങ്ങളുടെയും ഉത്തരമെന്നോണം മക്കാനാട് സർവ്വ ക്ഷേമാ ഐശ്വര്യങ്ങളോടെയും സ്ഥായിയായ ഭദ്രത കൈവരിക്കുകയും ചെയ്തു. ഖുർആൻ സൂറത്തുത്തീൻ 3ാം സൂക്തത്തിലൂടെ അല്ലാഹു തന്നെ ഈ നിർഭയ വിശ്വസ്ത നാടിനെ സത്യം ചെയ്ത് പറയുക പോലും ചെയ്തിട്ടുണ്ട്. മക്കയുടെ മഹത്വമറിഞ്ഞവർ മക്കക്കാരെ ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങി. അല്ലാഹുവിന്റെ പുണ്യ ഗേഹത്തെ ഉൾക്കൊള്ളുന്ന നാടിന്റെ ആൾക്കാരായത് കൊണ്ട് തന്നെ മക്കാ നിവാസികളെ ഏവരും വിശ്വസിക്കുകയും അവരോട് സൗഹൃദം കൂടുകയും ചെയ്തു. മക്കാ നിവാസികൾ വാണിജ്യാവശ്യാർത്ഥം സ്വസ്ഥമായി പുറം നാടുകളിലേക്ക് പോവുകയും സുരക്ഷിതരായി മടങ്ങി വരികയും ചെയ്തിരുന്നു. ശൈത്യകാലത്ത് യമൻ യാത്രയും ഉഷ്ണകാലത്ത് സിറിയൻ യാത്രയും നടത്തുന്ന ഖുറൈശികളെ പ്പറ്റി സൂറത്തുൽ ഖുറൈശിൽ പരാമർശമുണ്ട്. അവരാണ് സ്ഥൈര വിഹരായി കച്ചവടം നടത്തിയ മക്കക്കാർ.
നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ജന്മനാടായ മക്കയെ അതിരറ്റ് സ്‌നേഹിച്ചിരുന്നു. മക്കയോട് അഭിസംബോധനമായി പറയുമായിരുന്നു: 'നീയെത്ര സുന്ദര നാട്, നീയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ദേശം!' (ഹദീസ് തുർമുദി 3926). ശേഷം മദീനയിലേക്ക് ഹിജ്‌റ പോയപ്പോൾ നബി (സ്വ) ഇങ്ങനെയാണ് പ്രാർത്ഥിച്ചത് : നാഥാ.. ഞങ്ങൾ മക്കയെ സ്‌നേഹിച്ചത് പോലെ, അതല്ലെങ്കിൽ അതിനേക്കാളേറെ മദീനയെ നമ്മുക്ക് നീ പ്രിയമുള്ളതാക്കണേ (ഹദീസ് ബുഖാരി, മുസ്ലിം). ജന്മനാട് വിട്ടെത്തിയ മദീനായെന്ന പുതിയ നാടിനോടും നബി (സ്വ) ദേശസ്‌നേഹം തുടർന്നിട്ടുണ്ട്. വല്ല യാത്രയും കഴിഞ്ഞ് തിരിച്ചു വരുമ്പോൾ മദീനയിലെ വീടുകളും വാസസ്ഥലങ്ങളും ദൃഷ്ടിയിൽപ്പെട്ടു തുടങ്ങിയാൽ സ്വദേശത്ത് എത്തിയെന്ന സന്തോഷം പ്രകടിപ്പിക്കുമായിരുന്നു. അനസ് ബ്‌നു മാലിക് (റ) പറയുന്നു: പ്രവാചകർ (സ്വ) യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ മദീനയെ കണ്ടു തുടങ്ങിയാൽ തന്നെ ആ നാടിനോടുള്ള അതിയായ ഇഷ്ടത്താൽ വാഹനമാകുന്ന ഒട്ടകത്തിലൂടെയുള്ള സഞ്ചാരം വേഗത്തിലാക്കുമായിരുന്നു (ഹദീസ് ബുഖാരി 1802). മാത്രമല്ല, മദീനയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു: അല്ലാഹുവേ, ഇബ്രാഹിം നബി (അ) മക്കയെ പരിശുദ്ധമാക്കി. മദീനയെ ഞാനും. അല്ലാഹുവേ ഞങ്ങളുടെ മദീനയിൽ നീ പുണ്യം ചെയ്യേണേ. ഞങ്ങളുടെ ഭക്ഷ്യ സാധനങ്ങളിലും വാണിജ്യ വ്യവഹാരങ്ങളിലും പുണ്യം നൽകണേ. ഞങ്ങൾക്ക് നീ ഇരട്ടികളായി പുണ്യങ്ങൾ വർദ്ധിപ്പിച്ചു തരണേ (ഹദീസ് മുസ്ലിം 1374). മുത്ത് നബി (സ്വ)യുടെ പ്രാർത്ഥനാ ഫലമായി മദീന സുഭിക്ഷമായി. അവിടത്തെ ജീവിത നിലവാരം ഉയരുകയും വ്യാപരങ്ങൾ അഭിവൃതിപ്പെടുകയും ചെയ്തു. ധനവും വിഭവങ്ങളും അധികരിക്കുകയും ചെയ്തു. ഈ മദീനാ നാടിന്റെ സുസ്ഥിര വികസനത്തിനും ഉന്നമനത്തിനും നബി (സ്വ) തന്നെ മുന്നിട്ടിറങ്ങി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അങ്ങനെയാണ് അനുചരന്മാരോടൊപ്പം കൂടി മദീനയിൽ മസ്ജിദ് നിർമ്മിക്കുന്നത്. മാത്രമല്ല അതിന് ചുറ്റും വീടുകൾ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം നാടിന്റെ യശസ്സ് ഉയർത്താനായി പ്രവാചകന്മാർ നടത്തിയ പ്രാർത്ഥനകളും പ്രവർത്തനങ്ങളും ദേശ സ്‌നേഹത്തിന്റെ ചരിത്രമാതൃകകളാണ്.
നാടിന്റെ സമൃദ്ധിയും സുരക്ഷയും പരസ്പര ബന്ധിതമാണ്. അതുകൊണ്ടാണല്ലൊ അവയെ അല്ലാഹു ഖുർആനിൽ ഒരുമിച്ച് പ്രസ്താവിച്ചിരിക്കുന്നത് : സുരക്ഷിതത്വ പൂർണമായ ഒരു ഹറം അവർക്കു നാം അധീനപ്പെടുത്തിട്ടില്ലേ? എല്ലാതരം ഫലങ്ങളും നമ്മുടെ പക്കൽ നിന്നുള്ള ആഹാരമായി അവിടെ ശേഖരിക്കപ്പെടുന്നു (സുറത്തുൽ ഖസ്വസ്വ് 57). നിർഭയത്വവും വിശ്വസ്തതയുമാണ് ഒരു നാടിന്റെ ജനജീവിതം സ്വസ്തപൂർണമാക്കുന്നത്. ഈ ദേശസ്‌നേഹം നാം സ്വന്തം നുകരുന്നതോടൊപ്പം വളർന്നു വരുന്ന തലമുറകൾക്ക് പകർന്നു നൽകുകയും വേണം.