കൂടുമ്പോൾ മാത്രം ഇമ്പം ഉണ്ടാവേണ്ടതല്ല കുടുംബം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 09/11/2018
വിഷയം: കുടുംബക്കാർ

അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധികളായ മനുഷ്യർക്ക് സംവിധാനിക്കപ്പെട്ട സാമൂഹിക ക്രമമാണ് കുടുംബം. മനുഷ്യൻ സാമൂഹ്യ ജീവിയാകുന്നത് കുടുംബത്തിലൂടെയാണ്. മനുഷ്യോൽപത്തി മുതൽക്കേ ഈ ക്രമം ആരംഭിച്ചതുമാണ്. ആദിമ ദമ്പതിമാരായ ആദം നബി (അ)യും ഹവ്വാ ബീബിയും ആദ്യം സ്വർഗത്തിലും പിന്നീട് ഭൂമിയിലും വസിച്ചത് കുടുംബമെന്ന പവിത്രമായ ബന്ധത്തോടെയാണ്. അന്ത്യനാൾ വരെ കുടുംബക്രമത്തിന്റെ തുടർച്ച ഉണ്ടായിരിക്കുന്നതാണ്.

കുടുംബബന്ധത്തിന് ശ്രേഷ്ഠത കൽപ്പിക്കുന്ന പരിപാവന ഇസ്ലാം മതം അത് നിലനിർത്താനും സുദൃഢമാക്കാനും അനുശാസിക്കുന്നുണ്ട്. കുടുംബക്കാരോട് നന്മ ചെയ്യണമെന്നും കുടുംബബന്ധം ശക്തമാക്കണമെന്നുമുള്ള നിരവധി ദൈവിക കൽപനകളും തിരു നബിവചനങ്ങളുമുണ്ട്. അല്ലാഹു പറയുന്നു: ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയിൽ നിന്നു നിങ്ങളെ പടക്കുകയും അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും  ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവന്റെ പേരിൽ നിങ്ങൾ അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക. നിശ്ചയം അവൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് (ഖുർആൻ, സൂറത്തുന്നിസാഅ് 01). നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുത്. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, അഗതികൾ, ബന്ധുവോ അന്യനോ ആയ അയൽക്കാരൻ, സഹവാസികൾ, സഞ്ചാരികൾ, സ്വന്തം അധീനതയിലുള്ള അടിമകൾ എന്നിവരോടൊക്കെ നല്ലരീതിയിൽ വർത്തിക്കുക (സൂറത്തുന്നിസാഅ് 36). നിശ്ചയം അല്ലാഹു അനുശാസിക്കുന്നത് നീതി പാലിക്കാനും നന്മ അനുവർത്തിക്കാനും കുടുംബങ്ങൾക്ക് ദാനം ചെയ്യാനുമാണ് (സൂറത്തുന്നഹ്‌ല് 90).

ബന്ധുജനങ്ങൾക്ക് ഗുണം ചെയ്യണമെന്ന് അല്ലാഹുവിന്റെ വസ്വിയ്യത്തുണ്ടെന്ന് മേൽ സൂക്തങ്ങൾ സുചിപ്പിക്കുന്നു. മാത്രമല്ല, നബി (സ്വ) പറയുന്നു: നിശ്ചയം, ഒന്നാമതായും രണ്ടാമതായും മാതാവിനോട് നന്മ ചെയ്യാനാണ് അല്ലാഹു ഉപദേശിക്കുന്നത്. പിന്നെ പിതാവിനോട്. അതിന് ശേഷം അടുത്ത കുടുംബക്കാരോടും ഗുണം ചെയ്യാൻ അല്ലാഹു വസ്വിയ്യത്ത് ചെയ്യുന്നു (ഹദീസ് ഇബ്‌നുമാജ 3661, അഹ്മദ് 17650). കുടുംബക്കാരെന്നാൽ ഉമ്മയുടെയും ഉപ്പയുടെയും ഭാഗത്തിലൂടെയുള്ള ബന്ധുക്കളാണ്. ഉമ്മയുടെ സഹോദരന്മാർ, സഹോദരിമാർ, അവരുടെ മക്കൾ, ഉപ്പയുടെ സഹോദരന്മാർ, സഹോദരിമാർ, അവരുടെ മക്കൾ എന്നിവർ അടുത്ത ബന്ധുക്കളിൽപ്പെടും.

കുടുംബക്കാരോട് നിരന്തരം ബന്ധപ്പെടുകയും നേരിട്ട് അന്വേഷണങ്ങൾ നടത്തി അവരോട് സംസാരിക്കുകയും വേണം. ഗൃഹ സന്ദർശനങ്ങളും സമ്പർക്കങ്ങളും പതിവാക്കണം. പരസ്പരം സുഖവിവരങ്ങൾ ആരായുകയും വേണം. അതുപോലെ കുടുംബബന്ധം ചേർക്കാനാവശ്യമായ നല്ല കാര്യങ്ങൾ ചെയ്ത് കുടുംബ കെട്ടുറപ്പ് സുഭദ്രമാക്കുകയും വേണം. നബി (സ്വ) തങ്ങളുടെ കുടുംബക്കാരോട് നല്ല രീതിയിൽ ബന്ധം പുലർത്തിയിരുന്നു. ഉപ്പയുടെ സഹോദരങ്ങളെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഒരാളുടെ ഉപ്പയുടെ സഹോദരൻ അയാളുടെ ഉപ്പാക്ക് സമവാനെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 983, അബൂദാവൂദ് 1623, തുർമുദി 3758). നബി (സ്വ) സ്വന്തം പിതാവിന്റെ സഹോദരി സ്വഫിയ്യ ബിൻത് അബ്ദുൽ മുത്വലിബി (റ)നെ സന്ദർശിക്കാൻ പോകുമായിരുന്നു. മാതാവിന്റെ സഹോദരിമാരായ ഉമ്മു ഹറാം (റ), ഉമ്മു സുലൈം (റ) എന്നിവരെയും സന്ദർശിക്കുമായിരുന്നു. ഉമ്മയുടെ സഹോദരി ഉമ്മക്ക് തുല്യയെന്നാണ് നബി വചനം (ഹദീസ് ബുഖാരി 2699).

ബന്ധുക്കളുടെ സുഖദുഖങ്ങളിൽ പങ്കുചേരണം. അവർക്ക് പ്രശ്‌നങ്ങളുണ്ടായാൽ താങ്ങും തണലുമാവണം. വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും വേണം. അത് നിർബന്ധ ബാധ്യതയാണ്. കേവല കുടുംബ സംഗമങ്ങളിലും ചടങ്ങുകളിലും മാത്രമൊതുങ്ങരുത് ബന്ധങ്ങൾ. ഒരുമിച്ചുകൂടുമ്പോൾ മാത്രമാവരുത് കുശലാന്വേഷണങ്ങൾ. അണമുറിയാതെ ചേർക്കപ്പെട്ടതാവണം കുടുംബങ്ങൾ. നാട്ടുനടപ്പുകൾക്കപ്പുറം ഊഷ്മളമായിരിക്കണം നമ്മുടെ സംബന്ധങ്ങൾ. പ്രമുഖ താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) പറയുന്നു കുടുംബക്കാരന്റെ സന്തോഷത്തിൽ ഒപ്പം ചേരാനും അവന്റെ ദുഖവേളയിൽ നല്ല വാക്കുകൾ കൊണ്ട് സമാശ്വസിപ്പിക്കാനും കടപ്പെട്ടിരിക്കുന്നു.

കുടുംബബന്ധം ചേർക്കാൻ അനുഗുണമായ മാർഗമാണ് കുടുംബത്തിലെ പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കൽ. അതിശ്രേഷ്ഠമായ പുണ്യ പ്രവർത്തിയാണത്. അല്ലാഹു പറയുന്നു: അടുത്ത ബന്ധുക്കൾക്കും അഗതികൾക്കും യാത്രക്കാർക്കും അവരുടെ അവകാശം താങ്കൾ നൽകുക. അല്ലാഹുവിന്റെ സംതൃപ്തി കാംക്ഷിക്കുന്നവർക്ക് അതാണ് ശ്രേഷ്ഠം. അവർ തന്നെയത്രെ വിജയികൾ (ഖുർആൻ, സൂറത്തു റൂം 38). അന്ത്യനാളിൽ അല്ലാഹുവിന്റെ കൃപാകടാക്ഷം കാംക്ഷിച്ചുകൊണ്ട് ധനവിനിയോഗത്താൽ ബന്ധം ചേർക്കുന്നവർ ഇരുലോകത്തും വിജയികളെന്നാണ് മേൽ സൂക്തം പ്രസ്താവിക്കുന്നത് (തഫ്‌സീറു ഇബ്‌നുകസീർ 6/318, തഫ്‌സീറു സആലബി 4/314). കുടുംബക്കാരിലെ അവശരരെയും അനാഥരെയും പ്രത്യേകം സഹായിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ദാനങ്ങളും ഗുണങ്ങളും കിട്ടാൻ ഏറ്റവും യോഗ്യരായിട്ടുള്ളത് കുടുംബക്കാരാണ്. മറ്റൊരു ഖുർആനിക സൂക്തത്തിൽ കാണാം: എന്താണു ഞങ്ങൾ തങ്ങൾ ചെലവഴിക്കേണ്ടത് എന്ന് അവർ താങ്കളോടു ചോദിക്കുന്നു. മറുപടി നൽകുക: എന്തു ധനം ചെലവഴിക്കുന്നുവെങ്കിലും മാതാപിതാക്കൾ, അടുത്ത കുടുംബക്കാർ, ദരിദ്രർ, യാത്രക്കാർ എന്നിവർക്കായിരിക്കണം. എന്തു നന്മ നിങ്ങളനുവർത്തിക്കുന്നുവെങ്കിലും അല്ലാഹു അതു സംബന്ധിച്ച് സൂക്ഷ്മജ്ഞാനിയായിരിക്കും (സൂറത്തുൽ ബഖറ 215). ആർക്കെല്ലാം വേണ്ടി ധനം ചെലവഴിക്കണമെന്ന് മേൽസൂക്തം നിർണയിച്ചുത്തന്നിട്ടുണ്ട്. മാതാപിതാക്കൾക്കും കുടുംബക്കാർക്കും ധനസഹായമേകണമെന്നും അല്ലാഹു കൽപ്പിക്കുന്നുണ്ട്. നബി (സ്വ) പറയുന്നു: ആദ്യം നീ നിന്റെ സ്വന്തത്തിന് ചെലവഴിക്കണം. അതിൽ നിന്ന് മിച്ചമായത് വീട്ടുകാർക്ക് വേണ്ടി ചെലവഴിക്കണം. അതിൽ നിന്നും മിച്ചമായത് കൊണ്ട് നിന്റെ കുടുംബക്കാരെ സഹായിക്കണം (ഹദീസ് മുസ്ലിം 997).

ഒരിക്കൽ അബൂ ത്വൽഹ (റ) നബി (സ്വ)യുടെ അടുക്കൽ വന്ന് പറയുകയുണ്ടായി: എന്റെ സമ്പാദ്യത്തിൽ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ബൈറുആഹ് തോട്ടമാണ്. ഞാനതിനെ അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമ്മമായി നൽകാൻ പോവുകയാണ്. അല്ലാഹുവിങ്കലിൽ നിന്ന് അതിന്റെ പ്രതിഫലം ഞാനാഗ്രഹിക്കുന്നു. തിരു ദൂതരേ, അങ്ങ് ഉദ്ദേശിക്കുന്നവർക്ക് അത് നൽകുക. നബി (സ്വ) പറഞ്ഞു: നിന്റെ ഈ സമ്പാദ്യം നിനക്ക് ലാഭമുണ്ടാക്കി തരുന്നതാണ്, തീർച്ചയായും നിനക്ക് ലാഭം തരുന്നതായിരിക്കും. നീ പറഞ്ഞതെല്ലാം ഞാൻ കേട്ടിരിക്കുന്നു. അത് കുടുംബക്കാർക്ക് നൽകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. അങ്ങനെ അബൂ ത്വൽഹ (റ) ആ തോട്ടം പിതൃ സഹോദരന്റെ മക്കൾക്കും മറ്റു കുടുംബക്കാർക്കും വിഹിതിച്ചു നൽകുകയുണ്ടായി (ഹദീസ് ബുഖാരി, മുസ്ലിം). രണ്ടാം ഖലീഫ ഉമർ ബ്‌നു ഖത്വാബ് (റ) തന്റെ ഭൂമി ദാനധർമ്മമായി നൽകാൻ തീരുമാനിച്ച കാര്യം നബി (സ്വ)യുമായി കൂടിയാലോചന നടത്തുകയുണ്ടായി. അങ്ങനെ നബി (സ്വ) പറഞ്ഞു: ഭൂമി കൈവശം വെച്ച് അതിലെ ഫലങ്ങൾ ദാനം ചെയ്യുക. അങ്ങനെ ഉമർ (റ) അതിലെ പഴങ്ങൾ ദാനം ചെയ്യുകയുണ്ടായി. ആ ഭൂമി ദരിദ്രർക്കും കുടുംബക്കാർക്കും വഖ്ഫായി നൽകുകയും ചെയ്തു (ഹദീസ് ബുഖാരി, മുസ്ലിം). ദാനധർമ്മത്തിലൂടെ കുടുംബബന്ധം ചേർക്കുന്നതിന്റെ നല്ല നല്ല മാതൃകകളാണ് സച്ചരിതരായ സ്വഹാബികൾ കാണിച്ചുത്തന്നിരിക്കുന്നത്.

മരിച്ചാലും കുടുംബബന്ധം മുറിയരുത്. അവരുടെ നന്മകളെ വാഴ്ത്തുകയും അവരുടെ അനാഥരായ മക്കളെയും വിധവകളെയും സംരക്ഷിക്കുകയും വേണം. എളയപ്പയുടെ മകൻ ജഅ്ഫർ ബ്‌നു അബൂത്വാലിബ് (റ) രക്തസാക്ഷിത്വം വരിച്ചപ്പോൾ നബി (സ്വ) ആ വീട്ടിൽ പോവുകയുണ്ടായി. അവിടെയുള്ളവരോട് പറഞ്ഞു: എന്റെ സഹോദരന്റെ മക്കളെ വിളിക്കുവിൻ. അവരെ ആശ്വസിപ്പിച്ച് നബി (സ്വ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു: നാഥാ ജ്അ്്ഫറിന്റെ കുടുംബത്തിൽ നല്ലൊരുപിൻഗാമിയെ നൽകണേ. ശേഷം ജഅ്ഫറി (റ)ന്റെ ഭാര്യ നബി (സ്വ)യോട് തന്റെ മക്കൾ അനാഥരായല്ലൊയെന്ന് ഖേദം പ്രകടിപ്പിച്ചപ്പോൾ സമാധാനിപ്പിച്ചു: ഇഹലോകത്തും പരലോകത്തും ഞാനവരെ ഏറ്റെടുത്തിരിക്കെ, അവർക്ക് ദാരിദ്ര്യമുണ്ടാവുമോയെന്ന് ഭയപ്പെടുകയാണോ? (ഹദീസ് അഹ്മദ് 1777). അങ്ങനെ ജഅ്ഫറി (റ)ന്റെ അനാഥ മക്കളുടെ സംരക്ഷണം നബി (സ്വ) ഏറ്റെടുക്കുകയും ചെയ്തു. ഇത്തരം സാമൂഹ്യ ബാധ്യതകൾക്ക് ഇരട്ടി പ്രതിഫലങ്ങളാണ് പരിശുദ്ധ ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. ഒരിക്കൽ അബ്ദുല്ല ബ്‌നു മസ്ഊദി (റ) ന്റെ പത്‌നി സൈനബ് (റ) ചോദിച്ചു: തിരു ദൂതരേ, ഞങ്ങൾ ഞങ്ങളുടെ ദരിദ്രനായ ഭർത്താവിനോ അനാഥരായ മക്കൾക്കോ ദാനധർമ്മങ്ങൾ ചെയ്താൽ മതിയാവുമോ? അപ്പോൾ നബി (സ്വ) മറുപടി പറഞ്ഞു: നിനക്ക്് രണ്ടു പ്രതിഫലമുണ്ട്, ഒന്ന് ദാനധർമ്മത്തിന്റേത്. മറ്റേത് കുടുംബബന്ധം ചേർത്തതിന്റെയും (ഹദീസ് ബുഖാരി, മുസ്ലിം, ബൈഹഖി 13230).

ബന്ധുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കലും നമ്മുടെ കടമയാണ്. പ്രവാചക ചര്യയാണത്. ഒരിക്കൽ നബി (സ്വ) മാതൃ സഹോദരി ഉമ്മു സുലൈ (റ)മിന്റെ വീട്ടിൽ പോവുകയുണ്ടായി. ശേഷം വീടിന്റെ ഒരു മൂലയിൽ പോയി സുന്നത്ത് നമസ്‌ക്കാരം നിർവ്വഹിക്കുകയും മാതൃ സഹോദരിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു (ഹദീസ് ബുഖാരി 1982).  സ്‌നേഹാർദ്രമായും കരുണാമയമായും പെരുമാറിക്കൊണ്ട് കുടുംബബന്ധം ചേർക്കുന്നവർക്ക് ഇഹപര വിജയം സുനിശ്ചിതമാണ്. നബി (സ്വ) സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ പട്ടികയിൽ കുടുംബക്കാരോട് ആർദ്രമായി സമ്പർക്കം പുലർത്തുന്നവരെയും എണ്ണിപ്പറഞ്ഞിട്ടുണ്ട്് (ഹദീസ് മുസ്ലിം 2865).

കുടുംബബന്ധം തലമുറകളിലേക്കുള്ള പാലമാണ്. കുടുംബഭദ്രതയും സാമൂഹിക കെട്ടുറപ്പും ആ പാലത്തിലാണ് നിലക്കൊള്ളുന്നത്. ആ ബന്ധം ശക്തീകരിക്കേണ്ടത് മനുഷ്യവർഗത്തിന്റെ തന്നെ ആവശ്യവുമാണ്.





back to top