മുഹമ്മദ് നബി (സ്വ): ദൈവ പ്രവാചകദൂതർ പ്രപഞ്ച കാരണഭൂതർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 16.11.2018
വിഷയം:  പ്രവാചകർ മുഹമ്മദ് നബി (സ്വ)

അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ മാസമാണല്ലൊ റബീഉൽ അവ്വൽ. അപദാനങ്ങൾ വാഴ്ത്തിയും ശ്രുതികൾ മുഴക്കിയും നബി സ്മരണകൾ കൂടുതൽ കൂടുതൽ പുതുക്കപ്പെടേണ്ട ധന്യനിമിഷങ്ങൾ. ഇസ്ലാമിക വിശ്വാസത്തിന്റെ മർമ്മമായ തൗഹീദിന്റെ അന്തസത്ത അല്ലാഹുവും പുണ്യ നബി (സ്വ)യുമാണ്. 'അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ തിരുദൂതരുമാണെന്ന' സത്യസാക്ഷ്യമാണ് ഏകദൈവാരാധനയെ പൂർണമാക്കുന്നത്. അന്ത്യപ്രവാചകരായി നിയോഗിതരാണെങ്കിലും നബി (സ്വ) സകലരുടെയും നേതാവാണ്. ആദിമരെന്നോ അന്തിമരെന്നോ വിത്യാസമില്ല. ആ മാണിക്യമുത്ത് നബി (സ്വ) തിരുമേനിയുടെ സമുദായത്തിൽപ്പെട്ട നാമെത്ര ഭാഗ്യവാന്മാർ !  അല്ലാഹുവിന് സ്തുതി.

മാനവരാശിയുടെ മാർഗദർശകനായ നബി (സ്വ) യുടെ ശ്രുതിസ്‌തോത്രങ്ങൾ അല്ലാഹു ഉയർത്തിയതാണ്. അവയെന്നും നിലനിൽക്കും. തീർച്ച. ലോകർക്ക് ദൈവങ്കലിൽ നിന്നുള്ള സത്യദൂതൂമായി പ്രബോധന പ്രചാരണ വീഥിയിൽ സന്നദ്ധസജ്ജനായ നബി (സ്വ)യെ അനുധാവനം ചെയ്യാനാണ് ദൈവ കൽപന. ചുരുക്കത്തിൽ ലോകത്തിന് അനിവാര്യമായ ജന്മമായിരുന്നു പ്രവാചകരുടേത് (സ്വ). ആ തിരു ജന്മത്തിനായി പ്രവാചകന്മാരുടെ പിതാവായ ഇബ്രാഹിം നബി (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്: ഞങ്ങളുടെ നാഥാ, ആ ജനതക്കു നിന്റെ വചനങ്ങൾ ഓതിക്കൊടുക്കുകയും, വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും സംസ്‌ക്കാരം ശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നു തന്നെ നിയോഗക്കണമേ. നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും (ഖുർആൻ, സൂറത്തുൽ ബഖറ 129). പ്രവാചക തിരുദൂതർ (സ്വ) പിറക്കുമെന്ന് ഈസാ നബി (അ) സുവിശേഷം അറിയിക്കുകയും ചെയ്തിരുന്നു: മർയമിന്റെ മകൻ ഈസാ നബി പറഞ്ഞ സന്ദർഭവും സ്മരണീയമാണ്. ഇസ്രയേല്യരേ, എനിക്കു മുമ്പുള്ള തൗറാത്തിനെ ശരിവെച്ചും എന്റെ വഴിയെ വരുന്ന അഹ്മദ് എന്നു പേരുള്ള ദൂതനെക്കുറിച്ച് ശുഭവാർത്ത നൽകിയും കൊണ്ട് നിങ്ങളിലേക്ക് നിയുക്തനായ ദൂതനാണ് ഞാൻ (സൂറത്തു സ്വഫ്ഫ് 06). മുഹമ്മദ് നബി (സ്വ)യെ പ്രസവിച്ചപ്പോൾ ശാമിലെ കൊട്ടാരങ്ങൾക്ക് ഒന്നടങ്കം പ്രഭ പരത്തുന്ന ഒരു പ്രകാശത്തെ മാതാവ് ആമിന ബിൻത് വഹ്ബ് (റ) സ്വപ്‌നത്തിൽ ദർശിച്ചിട്ടുണ്ട് (ഹദീസ് അഹ്മദ് 17163, സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 6404). തിരുപ്പിറവിയാൽ പ്രപഞ്ചം പ്രകാശപൂരിതമായെന്നും അതിലൂടെ സത്യമാർഗം വെട്ടിത്തെളിഞ്ഞെന്നും പ്രമുഖ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീറു ത്വിബ്‌രിയിൽ വിശദീകരണമുണ്ട് (8/264). തിരു നിയോഗത്തെപ്പറ്റി അല്ലാഹു മാലോകരോട് പറയുന്നു: അല്ലാഹുവിങ്കൽ നിന്ന് നിങ്ങൾക്കിതാ ഒരു പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവും വന്നുകിട്ടിയിരിക്കുന്നു (സൂറത്തുൽ മാഇദ 15). ഈ സൂക്തത്തിൽ പ്രതിപാദിച്ച പ്രകാശം മുഹമ്മദ് നബി (സ്വ)യും വേദഗ്രന്ഥം പരിശുദ്ധ ഖുർആനുമാണെന്ന് ഇമാം റാസി (റ)യടക്കം ഒട്ടുമിക്ക ഖുർആൻ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിട്ടുണ്ട് (തഫ്‌സീറു റാസി 11/327).

പ്രതാഭവും ആഭിജാത്യവുമുള്ള ഉന്നതമായ ഖുറൈശി കുലത്തിലെ ഹാശിം കുടുംബത്തിൽ നിന്നുള്ള സന്തതിയായാണ് നബി (സ്വ) ഭൂജാതനാവുന്നത്. ജനനത്തിന് മുമ്പേ പിതാവ് അബ്ദുല്ല (റ) മരണപ്പെട്ടിരുന്നു. ആ അനാഥ ബാല്യത്തിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതാണ് അക്കാര്യം നബി (സ്വ)യോട് അല്ലാഹു പറയുന്നത് ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്: രക്ഷിതാവ് താങ്കൾക്ക് അനുഗ്രഹങ്ങൾ കനിഞ്ഞേകുന്നതും താങ്കളതിൽ സംതൃപ്തനാകുന്നതുമാണ്. അങ്ങയെ അവൻ അനാഥനായി കണ്ടെത്തിയിട്ട് അഭയമേകുകയും വഴിയറിയാത്തവനായി കണ്ടിട്ട് സന്മാർഗദർശനം നൽകുകയും ദരിദ്രനായി കണ്ടിട്ട് സ്വയം പര്യാപ്തനാക്കുകയും ചെയ്തില്ലേ?  (സൂറത്തു ള്ളുഹാ 5, 6, 7, 8). ഹലീമത്തു സഅദിയ്യ (റ)യാണ് ആ പൈതലിന് മുലയൂട്ടിയത്. നബി (സ്വ) എവിടെ ചെന്നാലും പോയാലും സൗഭാഗ്യങ്ങളായിരുന്നു. സഅ്ദ് ഗോത്രത്തിൽപ്പെട്ട ഹലീമ ബീബീ (റ) മക്കയിലെ മുലക്കുടിക്കുന്ന കുട്ടികളെ അന്വേഷിച്ചു നടക്കുകയായിരുന്നു. അതൊരു ക്ഷാമം നേരിട്ട വർഷമായിരുന്നു. ഭൂമികൾ വരണ്ടുണങ്ങിയിരിക്കുന്നു. മുലപ്പാൽ പോലും വറ്റിപ്പോയിരിക്കുന്നു. അങ്ങനെയാണ് ഹലീമാ ബീബീ (റ) നവജാതനായ നബി (സ്വ)യെ കാണുന്നത്. ആ പിഞ്ചുമുഖത്തെ പ്രഭാവലയം മഹതിയെ ഹഠാദാകർഷിച്ചു. കുട്ടിയെ എടുത്ത് മാറോടടുപ്പിച്ചു. മുലപ്പാൽ അനായാസം ചുരത്താൻ തുടങ്ങി. വേണ്ടുവോളം കുടിച്ചു. അന്നേ ദിവസത്തെപ്പറ്റി ഹലീമാ ബീബീ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്: എന്റെ ഭർത്താവ് നമ്മുടെ ഒട്ടകത്തിന്റെയടുക്കൽ പോയപ്പോൾ അതിന്റെ അകിട് നിറഞ്ഞുവീർത്തിരുന്നു. ഞങ്ങൾക്ക് മതിവരുവോളം പാൽ കറന്നു. അന്നത്തെ ദിവസം സുഭക്ഷമായിരുന്നു. അന്നത്തെ രാത്രി വയറുനിറച്ചു ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. ഞങ്ങളുടെ കുട്ടികൾ സ്വസ്ഥമായി ഉറങ്ങുകയും ചെയ്തിട്ടുണ്ട്. സാധാരണ നിലയിൽ അവർക്ക് വിശപ്പിനാൽ ഉറക്കം വരാറുണ്ടായിരുന്നില്ല. മാത്രമല്ല, ഭർത്താവ് എന്നോട് പറയുകയുണ്ടായി: അല്ലാഹുവാണേ സത്യം, ഹേ ഹലീമേ.. മുലപ്പാൽ കൊടുക്കാനായി നിനക്ക് കിട്ടിയിരിക്കുന്നത് അനുഗ്രഹീതനായ അത്ഭുത സന്തതിയെയാണ് (മുസ്‌നദു അബൂ യഅ്‌ലൽ മൂസ്വലി 7163).

അഞ്ചു വയസ്സ് പൂർത്തിയായപ്പോൾ ഹലീമാ ബീബീ (റ) നബി (സ്വ)യെ കുടുംബത്തിലേക്ക് തിരികെയേൽപ്പിച്ചു. പിന്നീട് പിതാമഹൻ അബ്ദുൽ മുത്വലിബാണ് പോറ്റി വളർത്തുന്നത്. വല്ലാത്ത സ്‌നേഹമായിരുന്നു ആ പേരക്കിടാവിനോട്. ആരെക്കാളും അബ്ദുല്ലയുടെ മകൻ മുഹമ്മദി (സ്വ)നോട് പ്രത്യേക മമതയും വാത്സല്യവുമായിരുന്നു അബ്ദുൽ മുത്വലിബിന്. 'നിശ്ചയമായും ഈ കുട്ടിക്ക് എന്തോ മഹത്വമുണ്ടെന്ന്' പറയുകയും ചെയ്യുമായിരുന്നു. പ്രിയ മാതാവ് ആമിന (റ)യുടെയും പിതാമഹന്റെയും മരണശേഷം പിതൃവ്യൻ അബൂത്വാലിബാണ് നബി (സ്വ)യെ പരിപാലിച്ചത്. അദ്ദേഹത്തിന് ധാരാളം സന്താനങ്ങളുണ്ടായിരുന്നു. സാമ്പത്തികമാണെങ്കിൽ വളരെ പിന്നാക്കവുമായിരുന്നു. എന്നാൽ ആ ചെറുപ്രായത്തിൽ തന്നെ പിതൃസഹോദരന്റെ ബാധ്യതകൾ മറികടക്കാൻ ആടുകളെ മേയ്ച്ച് സഹായിക്കുമായിരുന്നു (ഹദീസ് ബുഖാരി 2262).

നബി (സ്വ) ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കാവലും വുമുണ്ടായിരുന്നു. അനാഥ ബാല്യത്തിലൂടെ യുവത്വത്തിലെത്തിയപ്പോഴേക്കും അധ്വാനത്തിന്റെയും ചുറുചുറുക്കിന്റെയും ഉപജീവന തേട്ടത്തിന്റെയും സൽഗുണങ്ങൾ വന്നുചേർന്നിരുന്നു. മാത്രമല്ല, ശ്രേഷ്ഠ സ്വഭാവങ്ങൾ സ്വായത്തമാക്കുകയുമുണ്ടായി. അല്ലാഹു നബി (സ്വ)യോട് അഭിസംബോധനമായി ഖുർആനിലൂടെ പറയുന്നുണ്ട്: അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കൾ (സൂറത്തു ഖലം 4). നന്മയുടെ എല്ലാ വിശേഷങ്ങളും നബി (സ്വ)യിലുണ്ടായിരുന്നു. മറ്റുള്ളവരോടുള്ള സമീപനം ലളിതവും മാന്യവുമായിരുന്നു. ആ തിരുവദനം ദർശിച്ചാൽ ഗാംഭീര്യം അനുഭവപ്പെടാനാവും. കൂട്ടുചേർന്നാൽ വല്ലാതെ ഇഷ്ടപ്പെട്ടുപോവും. ഇതു പോലെ ശുദ്ധപ്രകൃതക്കാരനെ നബി (സ്വ)ക്ക് മുമ്പോ പിമ്പോ കണ്ടിട്ടില്ലെന്ന് സമകാലികർ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

നബി (സ്വ)യുടെ സ്വഭാവ വൈശിഷ്ട്യങ്ങളെപ്പറ്റി സമർത്ഥയും സമ്പന്നയുമായ ഖദീജ ബിൻത് ഖുവൈലിദ് (റ) കേട്ടറിഞ്ഞപ്പോൾ ആളെ അയച്ച് വിളിപ്പിക്കുകയുണ്ടായി. തന്റെ വസ്തുവകകൾ ശാമിലേക്ക് പോയി വിറ്റഴിക്കണമെന്ന് അഭ്യർത്ഥിച്ച പ്രകാരം നബി (സ്വ) കച്ചവടക്കാരനായി. ശേഷം മഹതി വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സഖിയായി സ്വീകരിക്കുകയും ചെയ്തു.  അതികൂർമ്മ ബുദ്ധിയും പ്രതികരണശേഷിയും ഗ്രാഹ്യശേഷിയും കൈമുതലായുണ്ടായിരുന്നു. ആരെങ്കിലും അഭിപ്രായം തേടിവന്നാൽ വ്യക്തമായ നിർശേദങ്ങൾ നൽകുമായിരുന്നു. നീതിയുക്തമായും സത്യസന്ധമായും വിധി കൽപ്പിക്കുകയും ചെയ്തിരുന്നു. സുന്ദരരൂപവും പൂർണകായവും ആ മാഹാത്മ്യത്തിന് മാറ്റ് കൂട്ടുകയായിരുന്നു.

നൽപതാം വയസ്സിലാണ് അല്ലാഹുവിൽ നിന്ന് ദിവ്യബോധനം ലഭിക്കുന്നത്. ആദ്യത്തെ വഹ്‌യ്. സ്വപ്‌നത്തിലൂടെയായിരുന്നു അത്. നബി (സ്വ) ഒരു സ്വപ്‌നം ദർശിച്ചാൽ പകൽവെളിച്ചം പോലെയത് സംഭവിക്കുമായിരുന്നു. ഹിറാ ഗുഹയിൽ ഒറ്റക്കിരിക്കാനായിരുന്നു ബോധനം. ദിവസങ്ങളോളം അവിടെ ആരാധനാ നിമഗ്നനായി കഴിഞ്ഞുകൂടി. അങ്ങനെ മാലാഖ ജിബ്‌രീൽ (അ) ദിവ്യബോധനവുമായെത്തി പറഞ്ഞു: ഇഖ്‌റഅ് (താങ്കൾ വായിക്കുക). അതാണ് ആദ്യമായി അവതരിച്ച ഖുർആനിക വാക്യം. വൈജ്ഞാനിക വിപ്ലവത്തിന്റെ അസ്ഥിവാരമായിരുന്നു ഇഖ്‌റഅ് മന്ത്രം. ജ്ഞാനം നേടാനും പകരാനുമുള്ള പ്രേരണയുമാണത്.

13 വർഷക്കാലം സദുദേശപരവും യുക്തിസഹവുമായ പ്രബോധന പ്രവർത്തനങ്ങൾക്ക് ശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. മദീനയിൽ സത്യദീപം തെളിയിച്ച നബി (സ്വ) ശ്രേഷ്ഠമായ സംസ്‌ക്കാരത്തിലൂടെ ഉൽകൃഷ്ട സമൂഹത്തെ വാർത്തെടുക്കുകയുണ്ടായി. നബി (സ്വ)യുടെ വൈയക്തിക മഹിമകളും ഇസ്ലാമിക ദൈവിക നിയമങ്ങളും മനസ്സിലാക്കിയ ജനം കൂട്ടം കൂട്ടമായി ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു. നബി (സ്വ) തങ്ങൾ അല്ലാഹുവിൽ നിന്നുള്ള സത്യദൂതുമായി വന്നത് കേവലം ഒരു കൂട്ടം ആളുകൾക്ക് വേണ്ടി മാത്രമായിരുന്നില്ല. ലോകർ സകലർക്കുമുള്ള ദൈവദൂതരായിട്ടായിരുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു: നബിയേ, പ്രഖ്യാപിക്കുക: മർത്യസഞ്ചയമേ, നിങ്ങൾ സർവരിലേക്കുമായുള്ള ദൈവദൂതനാണ് ഞാൻ (ഖുർആൻ, സൂറത്തുൽ അഅ്‌റാഫ് 158). നബിനിയോഗം സർവ്വ ചരാചരങ്ങൾക്കുമുള്ള അനുഗ്രഹമായിരുന്നു. അല്ലാഹു പറയുന്നു: നബിയേ, പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് (സൂറത്തുൽ അൻബിയാഅ് 107). സത്യമതത്തിന്റെ ആരാധനാനുഷ്ഠാനങ്ങളും വിധിവിലക്കുകളും പഠിപ്പിച്ച നബി (സ്വ) മഹിമയാർന്ന സ്വഭാവഗുണങ്ങളും സമുദായത്തിന് പകർന്നു നൽകിട്ടുണ്ട്. എല്ലാവിധ വിശിഷ്ട സ്വഭാവങ്ങളും അവതരിപ്പിക്കാനാണ് തങ്ങൾ നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് നബി (സ്വ) പ്രസ്താവിച്ചതുമാണ് (ഹദീസ് അഹ്മദ് 8952).

മാതാപിതാക്കളോടുള്ള കടമകൾ, ഭാര്യ ഭർത്യബന്ധം, സന്താന പരിപാലനം, കുടുംബബന്ധം, സൗഹൃദബന്ധം, അയൽപക്കബന്ധം തുടങ്ങീ സാമൂഹികമായി അനുവർത്തിക്കേണ്ട പെരുമാറ്റചട്ടങ്ങളും നബി (സ്വ) പറഞ്ഞുതന്നിട്ടുണ്ട്.  പ്രവാചക ചരിതം നാം വായിക്കുകയും മക്കൾക്ക് പഠിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ആ ജീവിതത്തിൽ നിന്ന് മൂല്യങ്ങളും നന്മകളും മാത്രമാണ് നിർഗളിക്കുന്നത്. അതിലൂടെ പ്രവാചക സ്‌നേഹവും സാധ്യമാക്കണം. പ്രവാചക ചര്യ പിൻപറ്റാൻ സാഹചര്യങ്ങളൊരുക്കുകയും വേണം. പ്രവാചകരിൽ ഉദാത്ത മാതൃകയുണ്ടെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട് (സൂറത്തുൽ അഹ്്‌സാബ് 21). അല്ലാഹുവിനോടും അവന്റെ തിരുദൂതരോടും അനുസരണ കാട്ടാനും ആജ്ഞാപിച്ചുകൊണ്ടും ഖുർആനിക സൂക്തമുണ്ട് (സൂറത്തു ന്നിസാഅ് 59). പുണ്യ പ്രവാചകരുടെ (സ്വ) മേൽ സ്വലാത്തും സലാമും ചൊല്ലാനും കൽപനയുണ്ട്. അല്ലാഹുവും അവന്റെ മലക്കുകളും നബി (സ്വ)യുടെ മേൽ യോജിച്ച പ്രകാരം സ്വലാത്ത് ചൊല്ലുന്നതാണ് (സൂറത്തുൽ അഹ്‌സാബ് 56).

back to top