യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23/11/2018
വിഷയം: കുട്ടികളോട് പെരുമാറേണ്ട വിധം
ജീവിതമെന്ന മലർവാടിയിലെ സൗഭാഗ്യ കുസുമങ്ങളാണ് കുരുന്നുകൾ. പിഞ്ചു മനസ്സുകൾ നിഷ്‌കളങ്കമായിരിക്കും. പാപക്കറ ഏൽക്കാത്ത ഹൃദയവും ശരീരവുമാണ് കുട്ടികളുടേത്. മക്കൾ ഐഹിക ജീവിതത്തിലെ അലങ്കാരമാണെന്നാണ് ഖുർആൻ സൂറത്തുൽ കഹ്ഫ് 46ാം സൂക്തത്തിലൂടെ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്. സന്താനങ്ങൾ അല്ലാഹുവിൽ നിന്നുള്ള വരദാനങ്ങളാണ്. ആൺ പെൺ ഭേദങ്ങൾ അല്ലാഹുവിന്റെ തന്നെ തെരഞ്ഞടുപ്പാണ്. 'ഭുവന വാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിനാണ്. താനുദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെയും മറ്റു ചിലർക്ക് ആൺമക്കളെയും കനിഞ്ഞേകുന്നു. അല്ലെങ്കിൽ ആണും പെണും കലർത്തിക്കൊടുക്കും. താനുദ്ദേശിക്കുന്നവരെ വന്ധ്യരാക്കും. അവൻ എല്ലാം അറിയുന്നവനും സർവ്വ ശക്തനുമാകുന്നു' (ഖുർആൻ, സൂറത്തു ശ്ശൂറാ 49, 50). സൽവൃത്ത സന്താനങ്ങളെ നൽകണമേ എന്നാണല്ലൊ പ്രവാചകന്മാരും മുൻകാല സജ്ജനങ്ങളും അല്ലാഹുവിനോട് പ്രാർത്ഥിച്ചിരുന്നത്. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ 'ഇബാദു റഹ്്മാൻ' എന്നറിയപ്പെടുന്നവർ കൺകുളിർമയേകുന്ന മക്കളെ ലഭിക്കാൻ പ്രാർത്ഥിക്കുമെന്ന് പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട് : നാഥാ, സ്വന്തം സഹധർമിണിമാരിലും സന്താനങ്ങളിലും ഞങ്ങൾക്കു നീ ആനന്ദം നൽകുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവർക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യണമേ എന്നു പ്രാർത്ഥിക്കുകയും ചെയ്യും അവർ (സൂറത്തുൽ ഫുർഖാൻ 74).
മനുഷ്യന്റെ ജീവിത ഘട്ടങ്ങളിൽ ഏറ്റവും പ്രധാനമാണ് പ്രസവം മുതൽ പ്രായപൂർത്തിയാവുന്നത് വരെയുള്ള ശൈശവഘട്ടം. വ്യക്തിത്വ രൂപീകരണത്തിന്റെയും ബുദ്ധിവികാസത്തിന്റെയും മാനവ വൈഭവ വളർച്ചയുടെയും പ്രാരംഭ ഘട്ടമാണത്. അതിനാൽ പ്രവാചകർ മുഹമ്മദ് നബി (സ്വ) ഈ ജീവിത സമയത്തിന് ഏറെ പ്രാധാന്യം നൽകിയതായി കാണാം. ശിശു പരിപാലനം, സമ്പർക്കം, സൗഹൃദം, ശിക്ഷണം എന്നിവയിൽ ഉത്തമ മാതൃകയാണ് നബി (സ്വ) കാണിച്ചുത്തന്നിരിക്കുന്നത്.
കുട്ടികളെ ഏറെ ഇഷ്ടപ്പെടുകയും ഓമനിക്കുകയും ചെയ്യാമായിരുന്ന നബി (സ്വ) വളരെ ലാളിത്വത്തോടെയാണ് അവരോട് വർത്തിച്ചിരുന്നത്. സ്‌നേഹം പ്രകടിപ്പിക്കുകയും സ്‌നേഹിക്കുന്നുവെന്ന് അവരോട് തുറന്നുപറയുകയും ചെയ്തിരുന്നു. അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ്വ) തങ്ങളുടെ ഒരു പേരക്കിടാവിനെ ചേർത്തുപ്പിടിച്ച് പറയുകയുണ്ടായി 'അല്ലാഹുവേ, ഞാനിവനെ സ്‌നേഹിക്കുന്നു' (ഹദീസ് ബുഖാരി, മുസ്ലിം). പ്രവാചകരുടെ (സ്വ) കുട്ടികളോടുള്ള വാത്സല്യപ്രകടനമായിരുന്നു അത്. പിഞ്ചുകുഞ്ഞുങ്ങളോട് നബി (സ്വ) കൂടുതൽ കരുണാമയനായിരുന്നു, കുഞ്ഞുങ്ങളോട് അത്രമാത്രം കരുണ കാണിക്കുന്ന ഒരാളെയും കണ്ടിട്ടില്ലെന്ന് പ്രമുഖ സ്വഹാബി വര്യൻ അനസ് (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് മുസ്ലിം 2316).
നബി (സ്വ) ജീവിത സമയങ്ങളിൽ നിന്ന് നല്ലൊരു ഭാഗം കുട്ടികളുമായി ചെലവഴിക്കാൻ നീക്കിവെച്ചിരുന്നു. കായികോന്മേഷത്തിനും ശാരീരിക ക്ഷമതക്കുമായി അവരെ കളിക്കാൻ പ്രേരിപ്പിക്കുകയും അവരുടെ കായിക താൽപര്യം പരിഗണിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ നബി (സ്വ) ഒരു കൂട്ടം കുട്ടികളുടെ അടുക്കലേക്ക് ചെന്നു. അവർ കളിക്കുകയായിരുന്നു. നബി (സ്വ) അവരോട് സലാം പറഞ്ഞു (ഹദീസ് അഹ്മദ് 13022). കുട്ടികൾക്ക് അർഹമായ പരിഗണനയും ശ്രദ്ധയും നൽകിയിരുന്നു നബി (സ്വ). അവർക്ക് പാരതോഷികങ്ങൾ സമ്മാനിക്കാറുമുണ്ടായിരുന്നു. പ്രിയ പത്‌നി ആയിഷ ബീബീ (റ) പറയുന്നു: ഒരിക്കൽ പ്രവാചകർ (സ്വ) ഒരു സ്വർണമോതിരം കൊണ്ടുവന്ന് പേരമകൾ ഉമാമക്ക് സമ്മാനിച്ചുക്കൊണ്ട് പറഞ്ഞു: 'കുഞ്ഞുമോളേ, നീയിത് അണിയുക' (ഹദീസ് അബൂദാവൂദ് 4235, ഇബ്‌നുമാജ 3644).
കുട്ടികളുടെ കളിതമാശകളിൽ നബി (സ്വ)യും പങ്കുചേർന്നിരുന്നു. ഒപ്പം കൂടി അവരെ ആനന്ദിപ്പിക്കുകയും ചെയ്യുമായിരുന്നു. യഅ്‌ലൽ ആമിരീ (റ) പറയുന്നു: ഒരിക്കൽ നബി (സ്വ) പുറത്തിറങ്ങി. അവിടെ പേരമകൻ ഹുസൈൻ (റ) മറ്റു കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. നബി (സ്വ) പേരക്കുട്ടിയെ വാരിപ്പുണരാൻ കൈനീട്ടി. കുട്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കാൻ തുടങ്ങിയപ്പോൾ നബി (സ്വ)യും കളിചിരികളിൽ ഒപ്പം കൂടുകയാണുണ്ടായത് (ഹദീസ് ഇബ്‌നു മാജ 144, ഇബ്‌നു ഹിബ്ബാൻ 15/427). മാതാപിതാക്കളും അധ്യാപകരും ശിശു പാലകരും ശിശു പരിചരണത്തിലും ശിക്ഷണത്തിലും ഈ പ്രവാചക മാർഗങ്ങളാണ് പിൻതുടരേണ്ടത്. കുട്ടികളോട് മയത്തിൽ പെരുമാറേണ്ടിയിരിക്കുന്നു. പരുക്കമായും പരുഷമായും ഇടപെടരുത്. സുകൃതങ്ങൾ മാത്രം ചൊരിഞ്ഞ് സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കണം. നന്മകൾക്ക് മാത്രം അവരോടൊപ്പം സമയം ചെലവഴിക്കണം. തിന്മകൾക്ക് ഇട വരുത്തരുത്. അവരിൽ വിശ്വാസ്യതയും സത്യസന്ധതയും വരുത്തുകയും വേണം. കുട്ടികളോട് നല്ല നിലക്ക് ലാളനകൾ കാട്ടിയതിന്റെ പേരിൽ ചില സ്ത്രീകളെ നബി (സ്വ) പുകഴ്ത്തിപ്പറഞ്ഞതായി ചരിത്രത്തിൽ കാണാം (ഹദീസ് ബുഖാരി, മുസ്ലിം).
കുട്ടികളോട് വളരെ സൗഹൃദപരമായി ഇടപഴകിയിരുന്ന നബി (സ്വ) അവരെ പഠിപ്പിക്കുന്നതിലും ശിക്ഷണം നടത്തുന്നതിലും നിതാന്ത ജാഗ്രതയോടെ യുക്തിസഹമായി ഇടപെട്ടിരുന്നു. അവർ ശുദ്ധമായ ഇസ്ലാമിക പ്രകൃതത്തിൽ വളർന്നുവരാനായി ഖുർആനിക സൂക്തങ്ങൾ ഹൃദയസ്ഥമാക്കിക്കൊടുക്കാനും താൽപര്യപ്പെട്ടിരുന്നു. തന്റെ ചെറുപ്പത്തിൽ നബി (സ്വ) യിൽ നിന്ന് കുറച്ച് ഖുർആനികാധ്യായങ്ങൾ മനപ്പാഠമാക്കിയതായി അബ്ദുല്ലാ ബ്‌നു അബ്ബാസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് ( ഹദീസ് ബുഖാരി 5035). അപ്രകാരം പ്രായപൂർത്തിക്ക് മുമ്പ് ഖുർആൻ പാരായണം ചെയ്യുന്നവൻ ബാല്യകാലത്ത് തന്നെ തത്വജ്ഞാനം നൽകപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
നബി (സ്വ) കുട്ടികൾക്ക് അല്ലാഹുവുമായുള്ള ബന്ധം സ്ഥിരപ്പെടുത്തിക്കൊടുക്കുമായിരുന്നു. സകലതും സൃഷ്ടിച്ച അല്ലാഹുവിലേക്ക് അവരെ കൂടുതൽ കൂടുതൽ അടുപ്പിക്കുകയും ദൈവവിശ്വാസം രൂഢമൂലമാക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് ഏവരെയും സംരക്ഷിക്കുന്നതും നിലനിർത്തുന്നതുമെന്ന് പഠിപ്പിക്കുകയും ചെയ്യും. 'നീ അല്ലാഹുവിനെ സൂക്ഷിക്കു, എന്നാൽ അല്ലാഹു നിന്നെ സൂക്ഷിക്കു'മെന്ന മഹത് വാക്യം ചെറുപ്പത്തിൽ നബി (സ്വ) പഠിപ്പിച്ചുതന്നതായി അബ്ദുല്ല ബ്‌നു അബ്ബാസ് (റ) ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട് (ഹദീസ് തുർമുദി 2516). മാതാപിതാക്കൾ മക്കൾക്ക് ഏഴാം വയസ്സിൽ തന്നെ നമസ്‌ക്കാരം പഠിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 495). എന്നാൽ മാത്രമേ നമസ്‌ക്കാര ആരാധനാക്രമങ്ങൾ അവരുടെ ഹൃദയങ്ങളിൽ സ്വാധീനം ചൊലുത്തുകയുള്ളൂ. അതുവഴി അവർ നമസ്‌ക്കാരം ശീലമാക്കുകയും ജീവതത്തിൽ മരിക്കുവോളം നിലനിർത്തുകയും ചെയ്യും. നന്മ ഒരു ശീലമാണെന്നാണല്ലൊ നബി വചനം (ഹദീസ് ഇബ്‌നുമാജ 221, ഇബ്‌നു ഹിബ്ബാൻ 2/8). മക്കൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ നന്മകൾ ശീലമാക്കാനും ക്രിയാത്മകമായി ചിന്തിക്കാനും സുകൃതമൂല്യങ്ങൾ കൊണ്ടുനടക്കാനും പഠിപ്പിക്കണം. അരുതായ്മകളിൽ നിന്ന് ചിന്തയെപ്പോലും അകറ്റണം. ഉദാത്തമായ സ്വഭാവഗുണങ്ങളും അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അവ അവരിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു നബി (സ്വ). വാക്കിലും പ്രവർത്തിയിലും നല്ലത് മാത്രമേ കൊണ്ടുവരാവൂവെന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു. ഒരിക്കൽ നബി (സ്വ) അനസി (റ)നോട് പറയുകയുണ്ടായി: ഹേ കുഞ്ഞുമോനേ, നീ നിന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയണം. എന്നാൽ നിനക്കും നിന്റെ വീട്ടുകാർക്കും സൗഭാഗ്യങ്ങളുണ്ടാവും (ഹദീസ് തുർമുദി 2698). നിത്യജീവിതത്തിൽ തുടരേണ്ട മര്യാദകളും നബി (സ്വ) കുട്ടികളെ പരിശീപ്പിച്ചിരുന്നു. ഉമർ ബ്‌നു അബൂസലമ (റ) പറയുന്നു: കുട്ടിയായിരിക്കെ നബി (സ്വ) യുടെ മടിയിൽ ഇരുന്ന് പാത്രത്തിലേക്ക് കൈനീട്ടിയ എന്നോട് പറഞ്ഞു: മോനെ, നീ അല്ലാഹുവിന്റെ നാമത്തിൽ (ബിസ്മി ചൊല്ലി) വലതുകൈ കൊണ്ട് നിന്റെ അടുക്കലുള്ളതിൽ നിന്ന് ഭക്ഷിക്കണം (ഹദീസ് ബുഖാരി, മുസ്ലിം).
നബി (സ്വ) സാമൂഹിക കൂട്ടായ്മകളിലും ഒത്തുചേരലുകളിലും കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. കാരണം അങ്ങനെയുള്ള വേദികൾ അവരുടെ ബുദ്ധിവികാസത്തിനും ആശയവൈപുല്യത്തിനും കാരണമായിത്തീരുന്നതാണ്. അബ്ദുല്ല ബ്‌നു ജഅ്ഫർ (റ) പറയുന്നുണ്ട് : നബി (സ്വ) യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോൾ കുടുംബത്തിലെ കുട്ടികളാണ് വരവേറ്റിരുന്നത്. ഒരു ദിവസം നബി (സ്വ) യാത്ര കഴിഞ്ഞെത്തിയപ്പോൾ ഞാനാണ് മുമ്പിലുണ്ടായിരുന്നത്. എന്നെ നബി (സ്വ) അടുക്കൽ നിർത്തി. പിന്നെ ഫാത്വിമ ബീബീ (റ) യുടെ ഒരു മകൻ വന്നപ്പോൾ നേരെ പിന്നിൽ നിർത്തി (ഹദീസ് മുസ്ലിം 2428). ഉപകാരപ്രദമായ പൊതുവേദികളിലും നബി (സ്വ) കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. അത്തരം പരിപാടികളിൽ നിന്ന് അവർക്ക് നല്ല ശീലങ്ങളും അനുഭവങ്ങളും സ്വായത്തമാക്കാനാവും. മാത്രമല്ല യുക്തിസഹവും ക്രിയാത്മകവുമായ ചിന്തകൾ പൊട്ടിമുളക്കുകയും ചെയ്യും. ഖാലിദ് ബ്‌നു സഈദ് (റ) പ്രവാചകസദസ്സിൽ വരുമ്പോൾ ചെറിയ മകളെയും കൂടെകൂട്ടുകയുണ്ടായി. ആ സദസ്സിൽ വെച്ച് നബി (സ്വ) കുഞ്ഞുമോൾക്ക് വേണ്ടി പ്രാർത്ഥിക്കുകയുണ്ടായി (ഹദീസ് ബുഖാരി 5993).
കുട്ടികൾ നന്നാവാനും ഉയരങ്ങൾ കീഴടക്കാനും പ്രവർത്തിക്കുന്നതോടൊപ്പം അതിനായി അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണം. അങ്ങനെയാണ് നബി (സ്വ) ചെയ്തിരുന്നത്. അസ്മാഅ് (റ) നബി (സ്വ)യുടെ അടുക്കലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുപോയപ്പോൾ പ്രാർത്ഥിച്ചതായി കാണാം (ഹദീസ് ബുഖാരി, മുസ്ലിം). കുട്ടികൾ ദുഷ്ടത്തരങ്ങളിൽ നിന്ന് അകന്നുനിൽക്കാനും അവർക്ക് പിശാചിൽ നിന്ന് കാവൽ നേടാനും പ്രാർത്ഥിക്കണം. അതാണ് നബി ചര്യ. നബി (സ്വ) തങ്ങളുടെ പേരക്കുട്ടികളായ ഹസൻ (റ), ഹുസൈൻ (റ) എന്നിവർക്ക് വേണ്ടി സകല പൈശാചികത, കണ്ണേറ്, മാരണങ്ങളിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുമായിരുന്നു ( ഹദീസ് ബുഖാരി 3371).
പ്രവാചകർ (സ്വ) കാണിച്ചുതന്നിരിക്കുന്ന ഈ ശിശു പരിചരണ പരിപാലന മാതൃകളാണ് നാം അനുധാവനം ചെയ്യേണ്ടത്. എന്നാൽ മാത്രമേ വീടും കുടുംബവും നാടും സുരക്ഷിതമാവുകയുള്ളൂ. ഇന്നത്തെ മക്കളാണല്ലൊ നാളത്തെ പിതാക്കൾ. അവർ നന്നായാൽ ലോകം നന്നാവും.