യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 30/11/2018
വിഷയം: സൽവൃത്തർക്കുള്ള പ്രതിഫലം
എല്ലാ നന്മകൾക്കും തിന്മകൾക്കും അതിന്റേതായ പ്രതിഫലങ്ങളും പ്രതിഫലനങ്ങളുമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ. സൽകൃത്യങ്ങൾക്ക് ഇഹലോകത്തും പരലോകത്തും വൃഹത്തായ പകരം ഏകുമെന്ന് വാഗ്ദാനം ചെയ്യുന്ന അല്ലാഹു സൽവൃത്തർക്ക് സ്വർഗം സുനിശ്ചിതമെന്നും അറിയിച്ചുതന്നിട്ടുണ്ട്. സൽവൃത്തനായി സ്വന്തത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തിയവനേക്കാൾ ഉത്തമമതസ്ഥനായി മറ്റാരുണ്ടെന്ന് പരിശുദ്ധ ഖുർആൻ ആധികാരികമായി ചോദിക്കുന്നുണ്ട് (സൂറത്തുന്നിസാഅ് 125).
ധർമ്മകൃത്യത്തിന് ഇസ്ലാം മതം സാങ്കേതികാർത്ഥത്തിൽ പ്രയോഗിക്കുന്നത് 'ഇഹ്‌സാൻ' എന്ന വിശാല അർത്ഥതലങ്ങളുള്ള പദമാണ്. സൽകർമി 'മുഹ്‌സിൻ' എന്നും. വാക്കിലും പ്രവർത്തിയിലും, എന്നല്ല സകല വിചാര വികാരങ്ങളിലുമുള്ള ധർമ്മനിഷ്ഠയാണ് ഇഹ്്‌സാൻ. ഇസ്ലാമിക വിശ്വാസപരമായ 'ഈമാൻ' കാര്യങ്ങളും കർമ്മശാസ്ത്ര സംബന്ധിയായ 'ഇസ്ലാം' കാര്യങ്ങളും പ്രവാചകർ മുഹമ്മദ് നബി (സ്വ) ക്ക് പഠിപ്പിച്ച മാലാഖ ജിബ്‌രീൽ (അ) ഇഹ്‌സാനും വിവരിച്ചുക്കൊടുത്തിട്ടുണ്ട്. 'നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നു'വെന്ന ബോധത്തിൽ ആരാധിക്കലെന്നാണ് ഇഹ്‌സാൻ വിവക്ഷിക്കപ്പെടുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). എല്ലാം കാണുന്നുവെന്ന ഭയമാണ് ഇഹ്‌സാനെന്നും ഹദീസ് റിപ്പോർട്ടുണ്ട്.
പ്രവാചകന്മാരടക്കം മുൻകഴിഞ്ഞ സച്ചരിതരായ സൽജനങ്ങളുടെ ശീലവും നടപ്പുമായിരുന്നു ഇഹ്‌സാൻ. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുർആൻ പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നത് മുഹ്‌സിനീങ്ങൾ എന്നാണ്. നൂഹ് നബി (അ)യെ പ്പറ്റി അല്ലാഹു പറയുന്നു: ലോകരിലുടനീളം നൂഹ് നബിക്ക് സമാധാനം ഭവിക്കട്ടെ, പുണ്യവാന്മാർക്ക് (മുഹ്‌സിനീങ്ങൾക്ക്) അങ്ങനെ തന്നെയാണ് നാം പ്രതിഫലം കൊടുക്കുക (സൂറത്തു സ്വാഫ്ഫാത്ത് 79, 80). ഇബ്രാഹിം നബി (അ)യെ പ്പറ്റി പറയുന്നു: നാം വിളിച്ചറിയിച്ചു; ഹേ ഇബ്രാഹിം, താങ്കൾ കിനാവ് സാക്ഷാൽക്കരിക്കുക തന്നെ ചെയ്തിരിക്കുന്നു. ഇങ്ങനെ തന്നെയാണ് പുണ്യവാന്മാർക്ക് (മുഹ്‌സിനീങ്ങൾക്ക്) നാം പ്രതിഫലം നൽകുക (സൂറത്തു സ്വാഫ്ഫാത്ത് 104, 105). മൂസാ നബി (അ)യും സഹോദരൻ ഹാറൂൻ നബി (അ)യും മുഹ്‌സിനീങ്ങളായി ചേർത്തുവിളിക്കപ്പെട്ടിട്ടുണ്ട് : മൂസാ നബിക്കും ഹാറൂൻ നബിക്കും സമാധാനം ഭവിക്കട്ടെ, ഇങ്ങനെ തന്നെയാണ് പുണ്യവാന്മാർക്ക് (മുഹ്‌സിനീങ്ങൾക്ക്) നാം പ്രതിഫലമേകുക (സൂറത്തു സ്വാഫ്ഫാത്ത് 120, 121).
മുഹ്‌സിനീങ്ങളുടെ നേതാവാണ് ലോകഗുരു പ്രവാചകർ മുഹമ്മദ് നബി (സ്വ). അല്ലാഹു പറയുന്നു: സത്യസന്ദേശവുമായി സമാഗതരാവുകയും അത് അംഗീകരിക്കുകയും ചെയ്തവർ തന്നെയാണ് ജീവിതത്തിൽ സുക്ഷ്മത പുലർത്തിയവർ. തങ്ങൾ ഇഛിക്കുന്നത് നാഥങ്കൽ അവർക്കുണ്ടാകും. പുണ്യവാന്മാരുടെ പ്രതിഫലം അതത്രേ (സൂറത്തു സുമർ 33, 34). മേൽ സൂക്തത്തിൽ പ്രതിപാദ്യമായ സത്യസന്ദേശ വാഹകൻ മുഹമ്മദ് നബി (സ്വ) യാണെന്ന് പ്രമുഖ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളായ തഫ്‌സീറു ത്വിബ്‌രി (20/204), തഫ്‌സീറുൽ ഖുർത്വുബി (15/256), തഫ്‌സീറു ഇബ്‌നു കസീർ (7/99) വിശദമാക്കിയിട്ടുണ്ട്. ലോകജനങ്ങളിൽ വെച്ച് ഏറ്റവും വലിയ പുണ്യവാൻ മുഹമ്മദ് നബി (സ്വ)യാണെന്ന് പ്രമുഖ സ്വഹാബി വര്യൻ അനസ് ബ്‌നു മാലിക് (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ)യുടെ ഇഹ്്‌സാനിൽ നിന്ന് ജീവിത സുകൃതങ്ങൾ പകർന്നവരാണ് സ്വഹാബികൾ. നബി (സ്വ)യെയും മുഹാജിറുകളായ മക്കാ നിവാസികളെയും അൻസ്വാറുകളായ മദീനാ നിവാസികൾ ഹാർദ്ദവമായാണ് സ്വീകരിച്ചത്. അവരിലെ സമ്പന്നർ സമ്പത്തു കൊണ്ടും ദരിദ്രർ വാക്ക് കൊണ്ടും സമാശ്വാസം നൽകിയെന്നാണ് മുഹാജിറുകൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് (ഹദീസ് തുർമുദി 2487, അഹ്്മദ് 13076). മദീനക്കാരിലെ ഇഹ്‌സാനാണ് ഇവിടെ പ്രകടമാവുന്നത്.
ജിബ്‌രീൽ (അ) വിവരിച്ചുകൊടുത്ത പ്രകാരം ആരാധനകളിലും ദൈനംദിന ജീവിത ചിട്ടകളിലും സൽകൃത്യം അനുവർത്തിക്കേണ്ടിയിരിക്കുന്നു. നിർബന്ധിത ആരാധനാ കർമ്മങ്ങൾ മുറപോലെ അനുഷ്ഠിക്കുന്നതോടൊപ്പം സുന്നത്തായ കാര്യങ്ങളും കൂടി നിർവ്വഹിക്കുമ്പോഴാണ് ഇസ്ലാമിക ആരാധനാകർമ്മങ്ങളിൽ ഇഹ്‌സാൻ കൈവരിക. ജീവിതത്തിൽ നാം സമ്പർക്കം പുലർത്തുന്ന ഓരോർത്തരോടും സൽകൃത്യം പാലിക്കേണ്ടിയിരിക്കുന്നു. അതിൽ മാതാപിതാക്കളെന്നോ ബന്ധുമിത്രാധികളെന്നോ വ്യത്യാസമില്ല. അല്ലാഹു പറയുന്നുണ്ട് : നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, അഗതികൾ, ബന്ധുവോ അന്യനോ ആയ അയൽക്കാരൻ, സഹവാസികൾ, സഞ്ചാരികൾ, സ്വന്തം അധീനതയിലുള്ള അടിമകൾ എന്നിവരോടൊക്കെ നല്ലരീതിയിൽ വർത്തിക്കുക (ഖുർആൻ, സൂറത്തുന്നിസാഅ് 36). ജനങ്ങളോട് ഇടപെടുമ്പോഴും വ്യവഹരിക്കുമ്പോഴുമെല്ലാം ഗുണോക്കർഷം പാലിക്കണമെന്ന് പരിപാവന ദീനുൽ ഇസ്ലാം നിശ്കർഷിക്കുന്നുണ്ട്. എന്നാൽ ശത്രു പോലും ആത്മമിത്രമായിത്തീരുന്നതായിരിക്കും. വീഴ്ച പറ്റിയവന് വിടുതി നൽകുന്നവനും, സ്വന്തം ദേഷ്യത്തെ ക്ഷമിപ്പിക്കുന്നവനും, സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നവനും മുഹ്‌സിനീങ്ങളുടെ ഗണത്തിൽപ്പെട്ടവരാണ്.
അവർക്ക് സമ്മാനമായി അറ്റമില്ലാ സ്വർഗം തയ്യാർ ചെയ്തിട്ടുണ്ടെന്ന് സൂറത്തു ആലു ഇംറാൻ 133, 134 സൂക്തങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. പാരസ്പര്യ ബോധവും സ്‌നേഹബന്ധവും സൗഹൃദവുമൊക്കെ ഇഹ്‌സാനിന്റെ ഗുണഗണങ്ങളിൽപ്പെട്ടവയാണ്. മുഹ്‌സിനീങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള പ്രത്യേക ഇഷ്ടവും കരുണക്കടാക്ഷവും ഉണ്ടാവും. സൂക്ഷ്മാലുക്കളായ സൽക്കർമ്മികളുടെ കൂടെ അല്ലാഹു ഉണ്ടാവുമെന്ന് ഖുർആൻ സ്ഥിരപ്പെടുത്തിയിട്ടുണ്ട് (സൂറത്തുന്നഹ്‌ല് 128). അവർക്ക് സ്വർഗം മാത്രമല്ല പ്രതിഫലമായുള്ളത്, അതിൽ കവിഞ്ഞ് അവർക്ക് അല്ലാഹുവിനെ കാണാനുമാവും. അവർക്കുള്ള അനുഗ്രഹങ്ങളെപ്പറ്റി അല്ലാഹു പറയുന്നു: സൽക്കർമ്മാനുഷ്ഠാനികൾക്ക് ഉദാത്ത പ്രതിഫലം ലഭിക്കും. വർധവുമുണ്ടാവുമുണ്ടാകും. അവരുടെ വദനങ്ങളെ ഇരുളോ നിന്ദ്യതയോ പിടികൂടില്ല. സർഗാവകാശികളാണവർ. അതിൽ ശാശ്വതവാസികളുമായിരിക്കും അവർ (ഖുർആൻ, സൂറത്തു യൂനുസ് 26).
ഐക്യ അറബ് നാടുകൾ സവിശേഷ വേളയിലാണിപ്പോൾ. ഈ നാടിന് വേണ്ടി പ്രതിരോധം തീർത്ത് വീരമൃതു വരിച്ച ധീര രക്തസാക്ഷികളെ നമ്മുക്ക് സ്മരിക്കാം. അവരിലൂടെ അർപ്പണബോധത്തിന്റെയും സൽകൃത്യത്തിന്റെയും ഒരുപാട് മാതൃകകൾ പകരാനുണ്ട്. അവരെ അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ. പരിശുദ്ധ ഖുർആൻ പ്രസ്താവിച്ച പ്രകാരം രക്തസാക്ഷികളെ മരിച്ചവരായി കരുതരുത്. അവർ അല്ലാഹുവിങ്കൽ ജീവിക്കുന്നുണ്ട്. അവരവിടെ ഭയമോ ദുഖമോ ഇല്ലാതെ ഹർഷഭരിതരായി സൗഭാഗ്യങ്ങൾ ആസ്വദിച്ചുകഴിഞ്ഞു കൂടുകയാണ് (സൂറത്തു ആലു ഇംറാൻ 169, 170, 171). ഈ നാടുകളുടെ സംസ്ഥാപനത്തിന് കാരണക്കാരായ മഹാ മനീഷികളെയും ഓർക്കാം. സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും പാഠങ്ങളാണ് അവർ ബാക്കിവെച്ചിരിക്കുന്നത്. അവരുടെ പാരത്രിക വിജയത്തിനായി നമ്മുക്ക് പ്രാർത്ഥിക്കാം. ഉദാത്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം നല്ലതു ചെയ്തു കൊടുക്കൽ മാത്രമല്ലേ (ഖുർആൻ, സൂറത്തു റഹ്്മാൻ 60). അതായത് ഇഹ്‌സാനിന് പകരമായുള്ളത് ഇഹ്‌സാൻ മാത്രം. നന്മക്ക് പകരം നന്മ മാത്രം.

