യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 07/12/2018
വിഷയം: ബന്ധങ്ങൾ സ്‌നേഹത്തിൽ ചാലിക്കാൻ
സ്‌നേഹം മധുവാണ്. അത് പകർന്നു നൽകിയാലേ നുകർന്നെടുക്കാൻ പറ്റുകയുള്ളൂ. മനുഷ്യമനസ്സുകൾ സ്‌നേഹാർദ്രമായാണ് അല്ലാഹു പടച്ചിരിക്കുന്നത്. ആ ആർദ്രതയും നൈർമല്യവും മറ്റു സൃഷ്ടികളിലേക്കും കൈമാറുമ്പോഴാണ് സ്രഷ്ടാവിൽ നിന്നുള്ള സ്‌നേഹത്തിന് വിധേയമാവുക. അല്ലാഹു ഇഷ്ടപ്പെട്ടാൽ ലോകരുടെ സകലരുടെയും ഇഷ്ടത്തിന് പാത്രീഭവിക്കും. നബി (സ്വ) പറയുന്നു: അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടുക്കഴിഞ്ഞാൽ മാലാഖ ജിബ്‌രീലി (അ)നെ വിളിച്ചു പറയും: നിശ്ചയം അല്ലാഹു ഇയാളെ ഇഷ്ടപ്പെടുന്നു, താങ്കളും ഇയാളെ ഇഷ്ടപ്പെടുക. ജിബ്‌രീലും (അ) അയാളെ ഇഷ്ടപ്പെടും. ശേഷം ആകാശ ലോകത്തുള്ളവരോടായി ജിബ്‌രീൽ (അ) വിളിച്ചുപറയും: ഇയാളെ അല്ലാഹു ഇഷ്ടപ്പെടുന്നു, നിങ്ങളും ഇഷ്ടപ്പെടുക. അങ്ങനെ അവരും അയാളെ ഇഷ്ടപ്പെടുകയും അയാൾക്ക് ഭൂമിയിലുള്ളവർക്കിടയിൽ വെച്ച് സ്വീകാര്യത നൽകപ്പെടുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം). ഒരാളെ പൊതുജനം നിസ്വാർത്ഥമായി ഇഷ്ടപ്പെടുന്നുവെങ്കിൽ അയാളെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നർത്ഥം.
സത്യവിശ്വാസികൾക്കായി അല്ലാഹു ഒരുക്കിയ മഹത്തായ അനുഗ്രഹങ്ങളാണ് സ്‌നേഹവും ഇഷ്ടവുമൊക്കെ. സത്യവിശ്വാസത്തിന്റെയും സൽക്കർമ്മത്തിന്റെയും കർമ്മഫലമായി അല്ലാഹു വളരെ വേഗത്തിൽ ഏകുന്ന സൗഭാഗ്യവുമാണ് ജനങ്ങൾക്കിടയിൽ കൈവരുത്തുന്ന ഈ സ്‌നേഹബന്ധം. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക്് കരുണാമയനായ അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുക തന്നെ ചെയ്യുന്നതാണ് (ഖുർആൻ, സൂറത്തു മർയം 96). അത്തരത്തിൽ അല്ലാഹു സ്‌നേഹവും ജനസമ്മതിയും നൽകി അനുഗ്രഹിച്ച പ്രവാചകനാണ് മൂസാ നബി (അ). മൂസാ നബി (അ)യോട് അല്ലാഹു പറഞ്ഞതായി പരിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: എന്റെ പ്രത്യേക സ്‌നേഹം നിങ്ങളിൽ ഞാൻ ചൊരിയുകയുണ്ടായി (സൂറത്തു ത്വാഹാ 39). കാണുന്നവരൊക്കെ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ചരിത്രത്തിൽ വായിക്കാനാവും.
ദൈവ സാമീപ്യവും അനുസരണയുമാണ് ജനങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാനുള്ള പ്രധാന മാർഗം. ദൈവ മാർഗത്തിലുള്ളവരെപ്പറി ജനം നല്ലതേ പറയുകയുള്ളൂ. അല്ലാഹുവിങ്കലിലേക്ക് ഹൃദയം സമർപ്പിച്ചവന് വിശ്വാസികൾ ഒന്നടങ്കം സ്‌നേഹനിർഭരമായി ഹൃദയങ്ങൾ സമർപ്പിക്കുമെന്നാണ് ഇസ്ലാമിക പണ്ഡിതഭാഷ്യം. സൽക്കർമ്മങ്ങൾ അധികമായി ചെയ്താൽ ജനങ്ങൾക്കിടയിൽ മതിപ്പും വിശ്വാസ്യതയുമുണ്ടാവും. കാരണം സൽപ്രവൃത്തി ഹൃദയത്തിൽ പ്രകാശവും മുഖത്ത് തെളിമയും ജനഹൃദയങ്ങളിൽ സ്‌നേഹവുമുളവാക്കുന്ന അത്ഭുത പ്രതിഭാസമാണ്. മാത്രമല്ല ഉപജീവന മാർഗങ്ങളിൽ വിശാലതയുമുണ്ടാക്കും.
വ്യക്തികൾക്കിടിയിലും സമൂഹങ്ങൾക്കിടയിലും സ്‌നേഹബന്ധങ്ങൾ നിലനിർത്താൻ പ്രവാചകർ മുഹമ്മദ് നബി (സ്വ) പല മാർഗങ്ങളും പറഞ്ഞുതന്നിട്ടുണ്ട്. അതിൽ പ്രധാനമാണ് സലാം പറയൽ. സലാം പറയൽ ശീലമാക്കണമെന്നാണ് പ്രവാചക നിർദേശം. മനുഷ്യമനസ്സുകൾക്കിടയിൽ ഇണക്കം സാധ്യമാക്കുന്ന മാന്ത്രികോച്ചാരണമാണ് സലാം. നബി (സ്വ) പറയുന്നു: അല്ലാഹുവാണേ സത്യം, സത്യവിശ്വാസികളാവുന്നത് വരെ നിങ്ങളിലൊരാളും സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നത് വരെ വിശ്വാസികളുമാവില്ല. എന്നാൽ ഞാൻ നിങ്ങൾക്കൊരു കാര്യം പറഞ്ഞുതരട്ടയോ, അതു ചെയ്താൽ നിങ്ങൾക്കിടയിൽ പരസ്പരം സ്‌നേഹബന്ധങ്ങളുണ്ടാവും. നിങ്ങൾ പരസ്പരം സലാം പറയലാണ് അത് (ഹദീസ് മുസ്ലിം 54, അബൂദാവൂദ് 5193, അഹ്മദ് 1430). സ്‌നേഹം ഊട്ടിയുറപ്പിക്കുകയും വൈര്യം ഇല്ലാതാക്കുകയുും ചെയ്യുന്ന മറ്റൊരു സുകൃതമാണ് ദാനധർമ്മം. ഔദാര്യം ചെയ്യുന്നവനെ അല്ലാഹു ഖുർആനിൽ പുകഴ്ത്തിപ്പറഞ്ഞതായി കാണാം. അവന്റെ ജീവിത വഴികൾ സൗഭാഗ്യപൂർണമാവുമെന്ന് വാഗ്ദാനം നൽകുകയും ചെയിതിട്ടുണ്ട്: ഏതൊരു വ്യക്തി ദാനം ചെയ്യുകയും ജീവിതത്തിൽ സൂക്ഷ്മത പുലർത്തുകയും അത്യുദാത്തമായ സ്വർഗത്തെ അംഗീകരിക്കുകയും ചെയ്തുവോ, വിജയത്തിന്റെ വഴി അവനു നാം സുഗമമാക്കിക്കൊടുക്കുന്നതാണ് (സൂറത്തുല്ലൈൽ 5, 6, 7). നബി (സ്വ) തങ്ങളുടെ അനുചരന്മാർക്കും മറ്റുള്ളവർക്കും ദാനമേകി അവരുടെ സ്‌നേഹം സമ്പാദിക്കുമായിരുന്നു. സ്വഫ് വാൻ ബ്‌നു ഉമയ്യ അദ്ദേഹത്തിന്റെ ഇസ്ലാമാശ്ലേഷണത്തിന് മുമ്പ് പറയുകയുണ്ടായി: മുഹമ്മദ് നബി (സ്വ) എനിക്ക് ധാരാളം ദാനം നൽകുമായിരുന്നു. അദ്ദേഹമായിരുന്നു എനിക്കേറ്റവും ദേഷ്യമുള്ളയാൾ. അദ്ദേഹം എനിക്ക് ദാനം നൽകി നൽകി എനിക്കേറ്റവും ഇഷ്ടപ്പെട്ടയാളായിമാറി (ഹദീസ് മുസ്ലിം 2313).
ഉപകാരം ചെയ്തയാളോട് സ്‌നേഹവും ബഹുമാനവുമുണ്ടാവുക സ്വാഭാവികമാണല്ലൊ. സമ്മാനം നൽകലും സ്‌നേഹാദരവുകൾക്ക് നിമിത്തമാവുന്നതാണ്. നബി (സ്വ) സമ്മാനങ്ങൾ സ്വീകരിക്കുകയും അതിന് പ്രതിഫലങ്ങൾ നൽകുകയും ചെയ്തിരുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നബി പറയുന്നു: നിങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറുക, നിങ്ങൾക്കിടയിൽ സ്‌നേഹമുണ്ടാകും (ഹദീസ് ബുഖാരി 594). സൽസ്വഭാവ സമ്പന്നൻ അവനുമായി ഇടപഴകിയവർക്കൊക്കെ സർവ്വസമ്മതനായിരിക്കും. ആ മനസ്സ് സ്‌നേഹസമ്പന്നമായിരിക്കും. തിരിച്ച് ജനങ്ങളും അവനോട് സ്‌നേഹത്തിലായിരിക്കും സദാ വർത്തിക്കുക. നബി (സ്വ) പറഞ്ഞിരിക്കുന്നു: സൽസ്വഭാവികളാണ് സത്യവിശ്വാസികളിൽ വിശ്വാസ പൂർണർ. അവർ മയത്തിൽ പെരുമാറുന്നവരായിരിക്കും. അവർ ജനങ്ങളോട് വേഗത്തിൽ ഇണങ്ങുകയും ജനങ്ങൾ അവരോട് വേഗത്തിൽ ഇണക്കമുള്ളവരാവുകയും ചെയ്യും (ഹദീസ് ത്വബ്‌റാനി 1/362). അവർ വാക്കിലും പ്രവർത്തിയിലും നല്ലത് മാത്രമേ കൊണ്ടുവരികയുള്ളൂ. അതു കൊണ്ടുതന്നെ ആളുകൾ അത്തരക്കാരിലേക്ക് ശ്രീഘം ആകർഷിക്കപ്പെടുന്നതായിരിക്കും. അവരുടെ ഇടപാടുകൾ കൂടുതൽ സ്വീകാര്യവുമായിരിക്കും. അവർ സംസാരിച്ചാൽ സത്യം മാത്രമേ പറയുകയുള്ളൂ. ഒരു കാര്യം ഏറ്റെടുത്താൽ ചെയ്തിരിക്കും. ജനങ്ങളുമായുള്ള വ്യവഹാരങ്ങളിൽ പരുശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യും. ഒരിക്കൽ ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്ന് ചോദിക്കുകയുണ്ടായി: തിരു ദൂതരേ, അങ്ങെനിക്ക് ഒരു സൽക്കർമ്മം പറഞ്ഞു തരണം. ഞാനത് ചെയ്താൽ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടുന്നതായിരിക്കും. ഏതാണ് ആ സൽക്കർമ്മം? നബി (സ്വ) മറുപടി പറഞ്ഞു: ഐഹിക കാര്യങ്ങൾ ത്യജിക്കുക, എന്നാൽ അല്ലാഹു ഇഷ്ടപ്പെടും. ജനങ്ങളുടെ കൈയ്യിലുള്ള വസ്തുവകകളിൽ സൂക്ഷ്മത പുലർത്തുക, എന്നാൽ ജനങ്ങളും ഇഷ്ടപ്പെടും (ഇബ്‌നു മാജ 4102).
സഹിഷ്ണുതാ മനോഭാവം, സഹാനുഭൂതി, അനാഥ സംരക്ഷണം, അഗതി പരിപാലനം, ദരിദ്രജന സഹായം മുതലായ സുകൃതങ്ങൾ ജനങ്ങളുടെ പ്രീതിക്കും സ്‌നേഹത്തിനും വക നൽകുന്ന നല്ല പ്രവർത്തനങ്ങളാണ്. നബി (സ്വ) പറയുകയുണ്ടായി: ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഏറ്റവുമിഷ്ടം. വിശപ്പ് മാറ്റുന്ന, കടങ്ങൾ വീട്ടിക്കൊടുക്കുന്ന, പ്രയാസങ്ങൾ ദൂരീകരിക്കുന്ന, അന്യന് സന്തോഷം പകരുന്ന പ്രവർത്തനങ്ങളാണ് അല്ലാഹുവിന് ഏറ്റവുമിഷ്ടമുള്ള പ്രവർത്തനങ്ങൾ (ഹദീസ് ത്വബ്‌റാനി 2/106). സമൂഹം ഒരു കെട്ടിടം പോലെയാണ്. ഓരോ വ്യക്തിയും അതിലെ ചുമർക്കല്ലുകളാണ്. ഓരോന്നും പരസ്പരം താങ്ങും ത്രാണിയുമായിരിക്കും. തമ്മിൽ തമ്മിൽ ശക്തി പകരുന്നതുമായിരിക്കും. അതു പോലെ വ്യക്തികൾ തമ്മിൽ സ്‌നേഹം പകരുമ്പോഴാണ് സമൂഹം അനിഷേധ്യമായി നിലനിൽക്കുന്നത്.

