യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 14/12/2018
വിഷയം: സയ്യിദുൽ ഇസ്തിഖ്ഫാർ ഒരു സവിശേഷ പശ്ചാത്താപ പ്രാർത്ഥന
മനുഷ്യർ പാപികളാണ്. പശ്ചാത്തപിച്ചാൽ മനുഷ്യപാപങ്ങൾക്ക് വിടുതി ചെയ്തുകൊടുക്കുന്നവനാണ് സർവ്വാധിപനായ സ്രഷ്ടാവ് അല്ലാഹു. അവൻ ഏറെ പൊറുത്തു കൊടുക്കുന്നവനും പ്രായശ്ചിത്തം സ്വീകരിക്കുന്നവനുമാണ്. ദോഷങ്ങൾ പൊറുക്കലിനെ തേടി പ്രാർത്ഥിക്കണമെന്നാണ് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു കൽപ്പിച്ചിരിക്കുന്നത് : അല്ലാഹുവിനോട് പാപമോചനം തേടുക. അവൻ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ (സൂറത്തു ബഖറ 199, സൂറത്തു മുസമ്മിൽ 20), അല്ലാഹു പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ തീർച്ച (സൂറത്തു സ്സുമർ 53). ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നുണ്ട് : എന്റെ അടിമകളേ, നിങ്ങൾ രാവും പകലും തെറ്റുകുറ്റങ്ങൾ ചെയ്യുന്നുണ്ട്. ഞാനവ മുഴുവനായും പൊറുത്തുമാപ്പാക്കി തരുന്നതാണ്. നിങ്ങളെന്നോട് പാപമോചനം തേടുക, ഞാൻ നിങ്ങൾക്ക് പൊറുത്തുതരുന്നതായിരിക്കും (ഹദീസ് മുസ്ലിം 2577).
പ്രവാചകന്മാർ പാപസുരക്ഷിതരും പാപമോചിതരുമാണല്ലൊ. അവരും പശ്ചാത്താപം ചെയ്തതായി ഖുർആൻ വിവരിക്കുന്നുണ്ട്. തെറ്റു ചെയ്തിട്ടില്ലെങ്കിലും കാരുണ്യവാനായ അല്ലാഹുവിനോട് പാപമുക്തി തേടിക്കൊണ്ടുള്ള പ്രാർത്ഥന അവരുടെ ചര്യയായിരുന്നു. ആദിമ മനുഷ്യൻ ആദം നബി (അ)യെയും ഭാര്യ ഹവ്വാ ബീബി (റ)യെയും ഉദ്ധരിച്ച് ഖുർആൻ വിശദീകരിക്കുന്നു: അവർ രണ്ടുപേരും പറഞ്ഞു നാഥാ, സ്വന്തത്തോടു തന്നെ ഞങ്ങൾ അക്രമം ചെയ്തു പോയി, നീ പൊറുക്കുകയും കരുണ വർഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഞങ്ങൾ സർവ നഷ്ടം വന്നവരായിപ്പോകുക തന്നെ ചെയ്യും, തീർച്ച (സൂറത്തുൽ അഅ്‌റാഫ് 23). ദാവൂദ് നബി (അ) യെപ്പറ്റി പറയുന്നുണ്ട് : ദാവൂദ് നബി നാഥനോട് മാപ്പപേക്ഷിക്കുകയും സാഷ്ടാംഗത്തിലായി വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു (സൂറത്തു സ്വാദ് 24). മൂസാ നബി (അ) പ്രാർത്ഥിച്ചിരുന്നത് ഇങ്ങനെയാണ് : എന്റെ നാഥാ, എനിക്കും സഹോദരനും പൊറുത്തു തരണേ, നിന്റെ കാരുണ്യത്തിൽ ഞങ്ങളെയും പെടുത്തണേ. നീയാണല്ലൊ ഏറ്റവും കൂടുതൽ കരുണ ചെയ്യുന്നവൻ (സൂറത്തുൽ അഅ്‌റാഫ് 151).
നമ്മുടെ നബി മുഹമ്മദ് (സ്വ) എല്ലാ സമയങ്ങളിലും പശ്ചാത്താപ പ്രാർത്ഥന നടത്തിയിരുന്നു. നബി (സ്വ) തങ്ങൾ തന്നെ പറയുന്നുണ്ട് : അല്ലാഹുവാണേ സത്യം, നിശ്ചയം ഞാൻ ഒരു ദിവസം എഴുപത് തവണകളിലധികം അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നുണ്ട് (ഹദീസ് ബുഖാരി 6307). നബി (സ്വ) ഒരു സദസ്സിൽ നൂറു പ്രാവശ്യം പാപമോചന പ്രാർത്ഥന നടത്തിയതായി എണ്ണാൻ പറ്റിയെന്ന് ഇബ്‌നു ഉമർ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് അബൂ ദാവൂദ് 1516, തുർമുദി 3434, ഇബ്‌നു മാജ 3814). പശ്ചാത്താപ പ്രാർത്ഥനകളിൽ വെച്ച് ഏറ്റവും പൂർണവും മഹത്വമേറിയതുമാണ് പ്രായശ്ചിത്ത നേതാവ് എന്നർത്ഥമാക്കുന്ന 'സയ്യിദുൽ ഇസ്തിഖ്ഫാർ'. അതിന്റെ വാചകങ്ങൾ നബി (സ്വ) ചൊല്ലിപ്പഠിപ്പിച്ചതാണ് (ഹദീസ് ബുഖാരി 6306). സയ്യിദുൽ ഇസ്തിഖ്ഫാർ എന്ന് പേരിട്ട നബി (സ്വ) ഈ സവിശേഷ പ്രാർത്ഥന പഠിക്കണമെന്ന് കൽപ്പിച്ചിട്ടുമുണ്ട് (ഹദീസ് നസാഈ 9/175). കാരണം ഒട്ടനവധി സാരാംശങ്ങളും ദൈവ സ്‌തോത്രങ്ങളും ദൈവങ്കലിലേക്കുള്ള പൂർണ സമർപ്പണവും വണക്കവും ഖേദ പ്രകടനവുമുൾക്കൊള്ളുന്നതാണ് ഈ പ്രാർത്ഥന.
اللَّهُمَّ أَنْتَ
رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ
ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ
علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ
സയ്യിദുൽ ഇസ്തിഖ്ഫാർ പ്രാർത്ഥനയുടെ സാരം ഇവിടെ സംഗ്രഹിക്കാം: “അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ ഒരു ആരാധ്യനുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ നിന്റെ അടിമയാണ്. ഞാൻ എന്റെ കഴിവനുസരിച്ച് നിന്നോടുള്ള കരാറും നിന്നിൽ നിന്നുള്ള വാഗ്ദാനവും അനുസരിച്ച് നിലകൊള്ളുന്നു. ഞാൻ ചെയ്തിന്റെ ദോഷത്തിൽ നിന്നും നിന്നോട് രക്ഷ തേടുന്നു. നീയെനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാൻ ചെയ്ത പാപങ്ങളും നിന്നോട് ഞാൻ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരണേ. തീർച്ചയായും നീയല്ലാതെ പൊറുത്തുതരുന്നവനായി മറ്റാരുമില്ല”
ദൈവമാഹാത്മ്യങ്ങൾ വാഴ്ത്തി തുടങ്ങുന്ന സയ്യിദുൽ ഇസ്തിഖ്ഫാർ പാപമോചന പ്രാർത്ഥനയിൽ അല്ലാഹുവിന്റെ ദൈവികത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പ്രപഞ്ച നാഥനെന്നും ഏകാരാധ്യനെന്നും അഭിസംബോധനം ചെയ്തു കൊണ്ടാണ് ആ തുടക്കം. ഏകദൈവത്വത്തെ ഉദ്‌ഘോഷിക്കുന്ന മഹത്തായ വാചകമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തഹ് ലീൽ. അവൻ ഏകനും പങ്കാളിയില്ലാത്തവനുമാണെന്നും അർത്ഥമാക്കുന്നുണ്ട്. അവൻ ആരെയും ആശ്രയിക്കുന്നില്ല, എന്നാൽ എല്ലാവരും അവനെ ആശ്രയിക്കുന്നുമുണ്ട്. എല്ലാവരും അവനിലേക്ക് അഭയം പ്രാപിക്കുകയും അവന്റെ കരുണക്കടാക്ഷം കാംക്ഷിക്കുകയും ചെയ്യുന്നു. ചെയ്ത പാപങ്ങളിൽ ഖേദിച്ച് അവനോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊണ്ടാണ് യൂനുസ് നബി (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത്. അല്ലാഹു ആ പ്രാർത്ഥന സ്വീകരിച്ച് അദ്ദേഹത്തെ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും രക്ഷിച്ചുവെന്നും ഖുർആൻ വിവരിച്ചിട്ടുണ്ട് (സൂറത്തുൽ അൻബിയാഅ് 87, 88). സയ്യിദുൽ ഇസ്തിഖ്ഫാറിൽ അല്ലാഹു ആരാധ്യനായ സ്രഷ്ടാവാണെന്നും അവനല്ലാത്തതെല്ലാം സൃഷ്ടികളാണെന്നുമുള്ള പ്രഖ്യാപനവുമുണ്ട്. കഴിവനുസരിച്ച് വഴിപ്പെടാൻ ബാധ്യസ്ഥനായ മനുഷ്യൻ ദൈവം നിശ്ചയിച്ച വിധി വിലക്കുകളുടെ അതിർ ലംഘിക്കാതെ സസൂക്ഷ്മം ജീവിച്ചുകൊള്ളാമെന്ന് സമ്മതിച്ചുക്കൊണ്ടാണ് ഈ പ്രാർത്ഥന നടത്തുന്നത്. കഴിവിനപ്പുറം ചെയ്യാൻ ഒരാളെയും അല്ലാഹു നിർബന്ധിക്കുന്നില്ലല്ലൊ (സൂറത്തുൽ ബഖറ 286). ചെയ്തുപോയ തെറ്റുകുറ്റങ്ങൾ കാരണം ശിക്ഷിക്കാതെ കാത്തു രക്ഷിക്കാനും അപേക്ഷയുണ്ട് ഈ പ്രാർത്ഥനയിൽ. ശേഷം താൻ അല്ലാഹു ചെയ്തു തന്ന അനേകം അനുഗ്രഹങ്ങൾ അനുഭവിക്കുന്നവനാണെന്നും തന്നിൽ നിന്ന് പല അനുസരണക്കേടുകളും സംഭവിച്ചിട്ടുണ്ടെന്നും സമ്മതിക്കുന്നുണ്ട്. വീഴ്ച സമ്മതിച്ച് പ്രായശ്ചിത്തം ചെയ്തവന് അല്ലാഹു മാപ്പു നൽമെന്ന് നബി (സ്വ) അറിയിച്ചതാണ് (ഹദീസ് ബുഖാരി, മുസ്ലിം). പാപങ്ങളിൽ ഖേദിച്ച് ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ പൊറുക്കലിനെ തേടുകയും പൊറുത്തു മാപ്പാക്കി തരുന്നവൻ അല്ലാഹു മാത്രമാണെന്ന് സ്തുതികളർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പശ്ചാത്തപിച്ചവന് പാപമോചനം ദൈവ വാഗ്ദാനമാണ്. മാത്രമല്ല സയ്യിദുൽ ഇസ്തിഖ്ഫാർ മനസ്സിരുത്തി ചൊല്ലിയവന് സ്വർഗം സുനിശ്ചിതമെന്ന് നബി (സ്വ)യും സന്തോഷ വാർത്ത അറിയിച്ചിട്ടുണ്ട്. നബി (സ്വ) പറയുന്നു: ഒരാൾ ഈ പശ്ചാത്താപ പ്രാർത്ഥന മനസ്സിൽ ഉറപ്പുവരുത്തി പകലിൽ ചൊല്ലി വൈകുന്നേരമാവുന്നതിന് മുമ്പ് മരിച്ചാൽ അവൻ സ്വർത്തിൽ പ്രവേശിക്കും. മനസ്സാന്നിധ്യത്തോടെ രാത്രിയിൽ ചൊല്ലി രാവിലെയാവുന്നതിന് മുമ്പ് മരിച്ചാലും സ്വർഗത്തിൽ പ്രവേശിക്കും (ഹദീസ് ബുഖാരി 6306).
ദൈവാനുഗ്രഹങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാവുന്നതാണ് പാപമോചന പ്രാർത്ഥന. 'അല്ലാഹുവോട് നിങ്ങൾ പാപമോചനമർത്ഥിക്കാത്തതെന്ത്? എങ്കിൽ നിങ്ങളുടെ മേൽ കരുണ ചൊരിയപ്പെട്ടേക്കാമല്ലോ?' എന്ന് ഖുർആനിൽ അല്ലാഹു ചോദിക്കുന്നുണ്ട് (സൂറത്തു ന്നംല് 46). നൂഹ് നബി (അ) തന്റെ ജനതയോട് പറഞ്ഞത് : നിങ്ങളോട് നാഥനോട് മാപ്പിന്നപേക്ഷിക്കൂ. നിശ്ചയം ധാരാളമായി പാപങ്ങൾ പൊറുക്കുന്നവനാണവൻ. എങ്കിൽ നിങ്ങൾക്കവൻ തുടരെ മഴ വർഷിക്കുകയും സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ചു തരികയും ചെയ്യുന്നതാണ് (സൂറത്തു ന്നൂഹ് 10, 11, 12). പ്രായശ്ചിത്തം കാരണത്താൽ ആയുസ്സിൽ ദൈർഘ്യവും ഉപജീവന മാർഗങ്ങളിൽ വിശാലതയും ഉണ്ടാവുന്നതാണ്. പശ്ചാത്തപിച്ചു ഖേദിച്ചു മടങ്ങിയാൽ ഒരു നിശ്ചിത അവധി വരെ ഉത്തമ ജീവിതം സമ്മാനിക്കുമെന്ന് അല്ലാഹു നബി (സ്വ) യെ അറിയിച്ചതുമാണ് (സൂറത്തു ഹൂദ് 03).

