ഖദീജാ (റ): പ്രവാചകത്വത്തിന് കൂട്ടൊരുക്കിയ പ്രിയ സഖി

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 
മൻസൂർ ഹുദവി കളനാട്

തീയ്യതി: 08/03/2019
വിഷയം: ഖദീജാ ബീവി (റ)

പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ പത്‌നിമാർ അത്യുൽകൃഷ്ഠ മഹിമകളുള്ള മഹതികളായിരുന്നു. മഹത്വത്തിലും സ്വത്വത്തിലും അത്യുന്നതർ. അവരോടുള്ള അഭിസംബോധനത്തിലൂടെ പരിശുദ്ധ ഖുർആൻ അവരുടെ സ്ഥാന ഗരിമ വരച്ചുകാട്ടുന്നുണ്ട് : നബി പത്‌നിമാരേ, മറ്റൊരു വനിതയെയും പോലെയല്ല നിങ്ങൾ (സൂറത്തുൽ അഹ്‌സാബ് 32). നബി (സ്വ)യുടെ ആദ്യ ഭാര്യ ഖദീജ ബിൻത് ഖുവൈലിദ് (റ) ആണ്. സത്യവിശ്വാസികളുടെ മാതാവ്, ലോക വനിതകളുടെ നായിക എന്നിങ്ങനെ വാഴ്ത്തപ്പെടുന്ന മഹതി പ്രവാചകരുടെ (സ്വ) ഇരുപത്തഞ്ചാം വയസ്സിലാണ് ജീവിത സഖിയായി കടന്നുവരുന്നത്. അതീവ ബുദ്ധിമതിയും സമർത്ഥയുമായിരുന്ന ഖദീജാ ബീവി (റ) സ്ഥലത്തെ പ്രധാന ധനിക കച്ചവടക്കാരി കൂടിയായിരുന്നു. നബി (സ്വ)യുടെ സത്യസന്ധതയും വിശ്വാസ്യതയും സ്വഭാവവൈശിഷ്ടവും അനുഭവിച്ചറിഞ്ഞതുക്കൊണ്ടാണ് ഇണയായി തെരഞ്ഞെടുത്തത്. നബി (സ്വ)യെ കച്ചവടത്തിനായി ശാമിലേക്കും മറ്റും ചരക്കുകളുമായി അയച്ചതായിരുന്നു. സാധാരണ കച്ചവടക്കൂലിയെക്കാൾ ഇരട്ടി നൽകാമെന്ന് മഹതി വാഗ്ദാനം ചെയ്തിരുന്നു. നബി (സ്വ) കച്ചവടകൃത്യം അതിമനോഹരമായി പൂർത്തിയാക്കുകയുണ്ടായി. തുടർന്ന് നബി (സ്വ)യിൽ ആകൃഷ്ടയായ ഖദീജാ ബീവി (റ) വിവാഹാഗ്രഹം തുറന്നു പറയുകയായിരുന്നു. അങ്ങനെ ആ വിവാഹം നടന്നു. നബി (സ്വ) പുതുമാരനായെത്തിയ ആ വീടകത്ത് സുകൃതങ്ങൾ വർഷിച്ചു. എങ്ങും സന്തോഷം. ആനന്ദം. ചരിത്രത്തിലെ മാതൃകാ ദാമ്പത്യത്തിന് അവിടെ തുടക്കമാവുകയായിരുന്നു. ഖദീജാ (റ) തന്റെ സമ്പത്തിൽ നിന്ന് കുടുംബക്കാർക്ക് ഉദാരമായി വിതരണം ചെയ്യുമായിരുന്നു.

നബി (സ്വ)ക്ക് 40ാം വയസ്സിൽ ആദ്യ വഹ്‌യ് വന്നെത്തി. ഭയന്ന് പതറിയ ആ സന്ദർഭത്തിൽ ധൈര്യം പകർന്ന് സമാശ്വാസം ചൊരിഞ്ഞത് മഹതിയായിരുന്നു. അവർ പറഞ്ഞു: അല്ലാഹുവാണേ സത്യം, ദൈവം താങ്കളെയൊരിക്കലും നിന്ദ്യനാക്കുകയില്ല. ശേഷം നബി (സ്വ)യെയും കൂട്ടി ബന്ധുവായ വറക്കത്ത് ബ്‌നു നൗഫലിന്റെ അടുക്കൽ ചെന്ന് ദിവ്യബോധനത്തിന്റെ വ്യാഖ്യാനം ആവശ്യപ്പെട്ടു. പ്രവാചകത്വം ബോധിച്ചു. ഖദീജാ (റ)ന്റെ യത്‌നമാണ് സംഭവിച്ചത് പ്രവാചകത്വത്തിന്റെ ലക്ഷണമെന്ന് സ്ഥിഥീകരിച്ചത്. ആദ്യ വഹ്‌യ് ഇറങ്ങിയത് ഖദീജാ (റ)ന്റെ വീട്ടിലാണ്. ആദ്യ സത്യവിശ്വാസിനിയും മഹതി തന്നെ. മാത്രമല്ല, നബി (സ്വ)യുടെ കൂടെ ആദ്യമായി നമസ്‌ക്കരിച്ച മഹിമയുമുണ്ട്.

ആ ദാമ്പത്യബന്ധം സ്‌നേഹതീക്ഷണമായിരുന്നു. പരസ്പരം സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു ആ ദമ്പതികൾ. ഖദീജാ (റ)ന്റെ സ്‌നേഹം ആവോളം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് 2435). ആ ദാമ്പത്യ മലർവാടിയിൽ വിടർന്ന സ്‌നേഹ കുസുമങ്ങളാണ് ഖാസിം (റ), അബ്ദുല്ലാ (റ), സൈനബ് (റ), റുഖിയ (റ), ഉമ്മു കുൽസൂം (റ), ഫാത്വിമ (റ). മക്കളോട് വാത്സല്യ നിധിയായ മാതാവായിരുന്നു ഖദീജാ (റ). ആൺ മക്കളുടെയും പെൺ മക്കളുടെയും കാര്യങ്ങൾ കാര്യക്ഷമമായി നടത്തിക്കൊടുക്കുമായിരുന്നു. മകൾ സൈനബി (റ)നെ അബുൽ ആസ്വി (റ)ന് വിവാഹം കഴിപ്പിച്ചയക്കുമ്പോൾ വില പിടിപ്പുള്ള മാലയാണ് സമ്മാനമായി നൽകിയത്. തന്റെ വീട് കുടുംബത്തിന് സ്വർഗവീടായി മാറ്റാൻ മെനക്കിട്ടറങ്ങിയ ഗൃഹനാഥയായ ഖദീജാ (റ) ക്ക് സ്വർഗത്തിൽ വീടുണ്ടെന്ന് മാലാഖ ജിബ് രീൽ (അ) നബി (സ്വ)യെ സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.  ജിബ് രീൽ (അ) പറഞ്ഞു: ഖദീജാ തങ്ങളുടെ സന്നിധിയിൽ ഭക്ഷ്യപാനീയങ്ങളുടെ പാത്രങ്ങളുമായി വന്നാൽ എന്റെയും അല്ലാഹുവിന്റെയും അഭിവാദ്യം അർപ്പിക്കണം. എന്നിട്ട് സ്വർഗത്തിൽ ക്ഷീണവും പ്രാരാബ്ധവുമില്ലാത്ത വിധം മുത്തുകളാൽ അലംകൃതമായൊരു വീട് മഹതിക്ക് തയ്യാർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സുവിശേഷം അറിയിക്കുകയും വേണം (ഹദീസ് ബുഖാരി, മുസ്ലിം). കാരണം ഇഹലോകത്തിൽ വെച്ച് പ്രവാചകരുടെ (സ്വ) ക്ഷീണവും പ്രാരാബ്ധവും മാറ്റി ആശ്വാസം പകർന്ന മാതൃകാ സഖിയാണ് ഖദീജാ (റ).

മാത്രമല്ല, സ്വർഗത്തിലെ തന്നെ അതിശ്രേഷ്ഠ സ്ത്രീരത്‌നങ്ങളിൽപ്പെട്ടവരുമാണ് ഖദീജാ (റ). നബി (സ്വ) പറയുന്നു: സ്വർഗവാസികളായ സ്ത്രീകളിൽ വിശിഷ്ടരാണ് ഖദീജാ ബിൻത് ഖുവൈലിദ് (റ), പ്രവാചക പുത്രി ഫാത്വിമ (റ), ഫിർഔനിന്റെ ഭാര്യ ആസിയ ബിൻത് മുസാഹിം (റ), മർയം ബിൻത് ഇംറാൻ (റ) (ഹദീസ് അഹ്്മദ് 2668). ഖദീജാ (റ)യെപ്പറ്റി സംസാരിക്കാൻ തുടങ്ങിയാൽ വാഴ്ത്തി വാഴ്ത്തി പറയുമായിരുന്നു നബി (സ്വ). ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: ജനം എന്നെ അവിശ്വസിച്ചപ്പോൾ വിശ്വസിച്ചവളാണ് ഖദീജാ. ജനം എന്നെ കള്ളനാക്കിയപ്പോൾ സത്യസന്ധനാക്കിയവളാണ് ഖദീജാ. ജനം എന്നെ കൈയൊഴിഞ്ഞപ്പോൾ സ്വന്തം ധനം നൽകി സമാശ്വസിപ്പിച്ചവളാണ് ഖദീജാ. അവരിലൂടെയാണ് എനിക്ക് അല്ലാഹു മക്കളെ നൽകിയത്. മറ്റു ഭാര്യമാരിൽ മക്കളില്ല (ഹദീസ് അഹ്മദ് 24864).

ജീവിതകാലത്തും മരണശേഷവും പ്രിയ സഖിയുമായുള്ള സ്‌നേഹബന്ധം കൂടുതൽ കൂടുതൽ ആർദ്രമായി കൊണ്ടുനടന്ന നബി (സ്വ) അവരുടെ കുടുംബക്കാരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. മാതൃകാ ദാമ്പത്യത്തിന്റെ ഉത്തമ നിദർശനമാണത്. ഇസ്ലാമിക നിയമങ്ങളിലും പ്രതിഫലലബ്ധിയിലും  സ്ത്രീ പുരുഷന്മാർ സമന്മാരെന്നാണ് പ്രവാചക മൊഴി (ഹദീസ് അബൂദാവൂദ് 236, തുർമുദി 113). ആ തിരുമൊഴി അനർത്ഥമാക്കും വിധം സ്‌ത്രൈണത എന്ന സ്വത്വത്തിൽ സൽസരണിയുടെ ഉത്തുംഗതിയിലെത്തിയവരാണ് ഖദീജാ ബീവി (റ). കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അതിരുകളില്ലാത്ത നന്മകളാണ് മഹതി ചെയ്തിരിക്കുന്നത്. ത്യാഗ സന്നദ്ധതയും സമർപ്പണബോധവും ഇഴകിച്ചേർന്ന ഇഛാശക്തിയാണ് ആ മഹിത സ്ത്രീത്വത്തെ കൂടുതൽ വ്യതിരിക്തമാക്കുന്നത്.

back to top