നന്മയിൽ സഹകരണം, തിന്മയിൽ നിസഹകരണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 01/03/2019
വിഷയം: നന്മക്കായി പരസ്പരം സഹായിക്കണം

അല്ലാഹുവിന്റെ സൃഷ്ടികളിൽ ശ്രേഷ്ഠനായ മനുഷ്യൻ അശക്തനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ലോകത്ത് മനുഷ്യന് വികസനവും സംസ്‌ക്കാരവും വരുത്തിവെച്ചത് സാമൂഹികതയാണ്. മനുഷ്യനെ സാമൂഹ്യജീവിയാക്കിയത് ബുദ്ധി മാത്രമല്ല. പരസ്പര സഹായവും സഹകരണവും ഉറപ്പുവരുത്തുന്ന സാമൂഹ്യബോധ്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്ന് ചുരുക്കം. നന്മ കൽപ്പിക്കുന്ന, തിന്മ വിലക്കുന്ന പരിശുദ്ധ ഇസ്ലാം മതം നന്മയുടെ കാര്യത്തിൽ മറ്റുള്ളവരെ സഹായിക്കാനും തിന്മയുടെ കാര്യത്തിൽ നിസഹകരണം പ്രഖ്യാപിക്കാനും അനുശാസിക്കുന്നുണ്ട്. 'നന്മയുടേയും ഭക്തിയുടേതുമായ വിഷയങ്ങളിൽ നിങ്ങൾ അന്യോന്യം സഹായിക്കണം, കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല' എന്നാണ് അല്ലാഹു ഖുർആനിലൂടെ അറിയിച്ചത് (സൂറത്തുൽ മാഇദ 02). നബി (സ്വ) പറയുന്നു: ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെ സഹായിച്ചുക്കൊണ്ടിരിക്കും (ഹദീസ് മുസ്ലിം 2699).

പരസ്പര സഹായവും സഹകരണവും ശീലമാക്കിയവരാണ് പ്രവാചകന്മാരും സ്വാതികരായ മുൻഗാമികളും. അല്ലാഹു ഇബ്രാഹിം നബി (അ)യോട് കഅ്ബ പുനർനിർമിക്കാൻ കൽപ്പിച്ചപ്പോൾ മകൻ ഇസ്മാഈലി (അ) ന്റെ അടുക്കലേക്ക് പോയി പറഞ്ഞു: ദൈവ കൽപനയുണ്ടായിരിക്കുകയാണ്. ഇസ്മാഈൽ (അ) പറഞ്ഞു: പ്രപഞ്ച നാഥൻ കൽപ്പിക്കും പ്രകാരം ചെയ്യണം. ഇബ്രാഹിം (അ) മകനോട് ചോദിച്ചു: നീ എന്നെ സഹായിക്കുമോ?. ഇസ്മാഈൽ (അ) പ്രതികരിച്ചു: ഞാൻ താങ്കളെ സഹായിക്കും. അങ്ങനെ രണ്ടുപേരും കൂടി വിശുദ്ധ ഗേഹത്തിൽ തൂണുകൾ ഉയർത്തി. ഇസ്മാഈൽ (അ) കല്ലുകൾ കൊണ്ടുവരികയും ഇബ്രാഹിം നബി (അ) നിർമാണ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു (ഹദീസ് ബുഖാരി 3364). കഅ്ബാലയ പുനരുദ്ധാന പക്രിയയിൽ ഇബ്രാഹിം നബി (അ)യെ മകൻ സഹായിക്കുന്ന രംഗം ഖുർആൻ വിവരിക്കുന്നുണ്ട് : 'ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും കഅ്ബാ മന്ദിരത്തിന്റെ അസ്തിവാരം പടുത്തുയർത്തിയ സന്ദർഭം സ്മരണീയമത്രേ. അവർ ഇങ്ങനെ പ്രാർത്ഥിച്ചു: നാഥാ, ഞങ്ങളിൽ നിന്നു ഇതു സ്വീകരിക്കണമേ. നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും തന്നെയാണ്' (സൂറത്തുൽ ബഖറ 127).

വിശുദ്ധ ഖുർആനിൽ സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്തുംഗ ഉദാഹരണമായി ദുൽഖർനൈനി (അ)യുടെ ചരിത്രം കഥനം ചെയ്യുന്നുണ്ട്. പരിചിതമല്ലാത്ത നാട്ടിലെത്തിയ ദുൽഖർനൈനി (അ)ക്ക് സുരക്ഷയും പ്രതിരോധവും ഉറപ്പുവരുത്തി പരസ്പരം സഹായിക്കുമായിരുന്നു അന്നാട്ടുകാർ. ഖുർആൻ വിശദമാക്കുന്നു: അവർ ബോധിപ്പിച്ചു: ഹേ ദുൽഖർനൈൻ, നിശ്ചയം യഅ്ജൂജും മഅ്ജൂജും നാട്ടിൽ കുഴപ്പമുണ്ടാക്കുകയാണ്. അതുകൊണ്ട് ഞങ്ങൾക്കും അവർക്കും മധ്യേ ഒരു മതിൽകെട്ട് നിർമിച്ചു തരാൻ താങ്കൾക്കും ഞങ്ങൾ സാമ്പത്തിക വിഹിതം നിർണയിച്ചുതരട്ടയോ? അദ്ദേഹം പ്രതികരിച്ചു: നാഥൻ എനിക്കും സ്വാധീനപ്പെടുത്തിയേ്രത നിങ്ങളുടേതിലും ശ്രേഷ്ഠം. അതുകൊണ്ട് ശാരീരിക ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുക. നിങ്ങൾക്കും അവർക്കുമിടയിൽ ഞാനൊരു ബലിഷ്ഠ മതിൽ നിർമിച്ചു തരാം. എനിക്കു നിങ്ങൾ ഇരുമ്പുകമ്പികൾ കൊണ്ടുവന്നുതരിക. അങ്ങനെ ആ രണ്ടു മലകൾക്കിടയിൽ അവ പടുത്തയർത്തി തീയിട്ട് “നിങ്ങൾ ഊതുക” എന്നദ്ദേഹം കൽപ്പിച്ചു. എന്നിട്ടത് അഗ്നി സമാനമായപ്പോൾ 'കൊണ്ടുവരിൻ, ഉരുക്കിയ ചെമ്പ് ഞാനിതിന്മേൽ ഒഴിക്കട്ടെ' എന്നദ്ദേഹം ഉത്തരവിട്ടു. നിർമാണം തീർന്നപ്പോൾ ആ മതിൽകെട്ട് കയറിമറിയാൻ യഅജൂജ് മഅ്ജൂജിനായില്ല. അതിനു സുഷിരമുണ്ടാക്കാനും അവർക്കും സാധിച്ചില്ല (സൂറത്തുൽ കഹ്ഫ് 94, 95, 96, 97).

നന്മയിൽ കൈകോർത്തതിന്റെ കുറേ നല്ല പാഠങ്ങൾ നബി ചരിതത്തിൽ നിന്നും വായിച്ചെടുക്കാനാവും. നബി (സ്വ) സ്വഹാബികളെ അവരുടെ ജോലിയിലും നിർമാണ പ്രവർത്തനങ്ങളിലും മറ്റു ജീവിതാവശ്യങ്ങളിലും സഹായിക്കുമായിരുന്നു. ഉസ്മാൻ ബ്‌നു ഖഫ്ഫാൻ (റ) സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയം, ഞങ്ങൾ യാത്രയിലും അല്ലാത്തപ്പോഴും നാട്ടിലും നബി (സ്വ)യോടൊപ്പം കൂടിയിട്ടുണ്ട്്്. നബി (സ്വ) കുറഞ്ഞതാണെങ്കിലും കൂടിയതാണെങ്കിലും അവ നമ്മുക്കേകി സ്വാന്തനപ്പെടുത്തുമായിരുന്നു (ഹദീസ് അഹ്മദ് 504). ദുർബലനായ മനുഷ്യൻ സമൂഹമായി ശക്തി പകരേണ്ടതിന്റെ  മാർഗനിർദേശങ്ങൾ നബി (സ്വ) നൽകിയിട്ടുണ്ട്്. സൽമാൻ (റ) മുന്നൂറ് ഈത്തപ്പനകൾ കൃഷി ചെയ്യാൻ പദ്ധതിയിട്ടപ്പോൾ നബി (സ്വ) അനുചരന്മാരെ വിളിച്ച്്് പറഞ്ഞു നിങ്ങൾ നിങ്ങളുടെ സഹോദരനെ സഹായിക്കുക. അങ്ങനെ അവർ സഹായിച്ചു. ഓരോർത്തരും തങ്ങളാൽ കഴിയുന്ന വിധം മുപ്പതും ഇരുപതും പതിനഞ്ചും ഈത്തപ്പന കൂമ്പുകൾ ന്ൽകി ആ സദുദ്യമത്തിൽ പങ്കാളികളാവുകയായിരുന്നു. മുന്നൂറ് ഈത്തപ്പനതൈകൾ തികഞ്ഞപ്പോൾ നബി (സ്വ) സൽമാനി (റ)നോട് കുഴിയെടുക്കാൻ കൽപ്പിച്ചു. ശേഷം പറഞ്ഞു: കുഴിയെടുത്തു കഴിഞ്ഞാൽ എന്റെയടുത്തു വരണം, ഞാൻ തൈകൾ വെക്കാം. സ്വഹാബികളുടെ സഹായത്തോടെ സൽമാൻ (റ) കുഴികൾ കുഴിച്ചു. നബി (സ്വ)യെ വിളിച്ചു. അങ്ങനെ അവർ തൈകൾ എത്തിച്ചുക്കൊടുക്കുകയും  നബി (സ്വ) അവ കൈ കൊണ്ട്് നടീൽ കർമ്മം നിർവ്വഹിക്കുകയും ചെയ്തു (ഹദീസ് അഹ്്മദ്് 23737).

സഹകരണത്തിന്റെ സ്വഭാവഗുണങ്ങൾ പ്രവാചകരിൽ (സ്വ) നിന്ന് അനുചരന്മാരും പകർന്നിട്ടുണ്ട്്. അബൂ മൂസൽ അശ്അരി (റ)യുടെ ജനത സഹാനുഭൂതിയിലും സഹവർത്തിത്വത്തിലും കേളി കേട്ടവരായിരുന്നു. അവർക്കിടയിൽ ഭക്ഷണം കിട്ടാതായാൽ എല്ലാവരും അവരുടെ പക്കലുള്ള ഭക്ഷ്യ വസ്തുക്കളെല്ലാം ഒരൊറ്റ തുണിയിൽ സമാഹരിച്ചുവെക്കും. ശേഷം ഏവർക്കും സമമായി വിതരണം ചെയ്യും. അവരെ പുകഴ്ത്തിക്കൊണ്ട്്് 'അവർ എന്റെ ആൾക്കാരാണ്, ഞാൻ അവരിൽപ്പെട്ടവനുമാണ്' എന്ന് നബി (സ്വ) മൊഴിഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ജോലി, നിർമാണം, ഉൽപാദനം എന്നല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും ഒപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം നബി (സ്വ) വിവരിച്ചുതന്നിട്ടുണ്ട്്. അബൂദറിൽ ഗഫാരി (റ) നബി (സ്വ)യോട്് ശ്രേഷ്ഠ കർമ്മം എന്താണെന്ന്്് ചോദിക്കുമായിരുന്നു. നബി (സ്വ) പറയും: നിർമ്മാണ ത്തൊഴിലാളിയെ സഹായിക്കണം (ഹദീസ് ബുഖാരി, മുസ്ലിം). വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണെന്നും അവന് രോഗം ബാധിച്ചോ മറ്റോ ജോലിയും കാര്യങ്ങളും നടത്താനാവാത്ത സന്ദർഭത്തിൽ നോക്കിനടത്തണമെന്നും നബി മൊഴിയുണ്ട് (ഹദീസ് ബുഖാരി 239, അബൂ ദാവൂദ് 4819).

അനുഭവങ്ങൾ പങ്കുവെക്കലും വിജ്ഞാനം പ്രസരിപ്പിക്കലും സഹകരണ മനോഭാവത്തിന്റെ നല്ല പതിപ്പുകളാണ്. ഉമർ ബ്‌നുൽ ഖത്വാബ് (റ) പറയുന്നു: ഞാനും അൻസ്വാരിയായ അയൽവാസിയും ഊഴം വെച്ച് നബി (സ്വ)യുടെ അടുത്ത് പോവുമായിരുന്നു. ഒരു ദിവസം ഞാൻ പോവും. മറ്റേ ദിവസം അദ്ദേഹം പോവും. ഞാൻ നബി സമക്ഷം ചെന്നാൽ ദിവ്യബോധനവും മറ്റു കാര്യങ്ങളും കേട്ടറിഞ്ഞ് അൻസ്വാരിയുമായി പങ്കുവെക്കുമായിരുന്നു.  അപ്രകാരം അൻസ്വാരി ഞാനുമായും കാര്യങ്ങൾ പങ്കുവെക്കുമായിരുന്നു (ഹദീസ് ബുഖാരി 89). അതേപ്പറ്റി നബി (സ്വ) പറഞ്ഞിട്ടുണ്ട് : എന്നിൽ നിന്ന് ഒരു ഹദീസ് കേട്ട് മനപ്പാഠമാക്കി മറ്റൊരാൾക്ക് എത്തിച്ചുക്കൊടുക്കുന്നയാളെ അല്ലാഹു പ്രഭാപൂരിതനാക്കും (ഹദീസ് അഹ്്മദ് 4157, അബൂദാവൂദ് 3660, തുർമുദി 2656, ഇബ്‌നു മാജ 230).

സമൂഹം ഒരു മതിൽ പോലെയാണ്. പരസ്പരം ചേരുമ്പോഴാണ് ശക്തമായ മതിൽ പൂർണമാവുന്നത്. മാറി നിൽക്കുമ്പോൾ ബലഹീനമായി തകരും. പ്രവർത്തന ഏകോപനവും അഭിപ്രായ ഏകീകരണവും ഐക്യപ്പെടലിന്റെ ലക്ഷണങ്ങളാണ്. മാനവ വിഭവങ്ങളും സ്രോതസ്സുകളും അതിനായി സമത്വത്തിൽ പ്രയോഗിക്കുകയും വേണം. നബി (സ്വ) പറയുന്നു: സ്‌നേഹ സൗഹാർദ്ദത്തിന്റെയും അനുകമ്പയുടെയും കാര്യത്തിൽ സത്യവിശ്വാസികൾ ഒരൊറ്റ ശരീരം പോലെയാണ്. ഒരവയവത്തിന് രോഗം വന്നാൽ ശരീരം മുഴുവനും പനി ബാധിച്ച് ഉറക്കമൊഴിച്ചിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം).

back to top