സ്വർഗത്തിൽ സംവരണം നൽകപ്പെടുന്നവർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/02/2019
വിഷയം: സാബിഖുകൾ നന്മയിലെ മുന്നേറ്റക്കാർ

ശാശ്വതമല്ലാത്ത ഐഹിക ലോകത്ത് മനുഷ്യർക്ക് നിശ്ചയിക്കപ്പെടുന്ന പിന്നാക്ക, മുന്നാക്ക, സംവരണ മാനദണ്ഡങ്ങളല്ല പരലോകത്ത് അല്ലാഹു വ്യവസ്ഥ ചെയ്തിരിക്കുന്നത്. അചഞ്ചമായ വിശ്വാസവും (ഈമാൻ) അടങ്ങാത്ത ദൈവഭയഭക്തി (തഖ്‌വ)യുമാണ് പരലോക വിജയത്തിന്റെ പ്രധാന നിദാനങ്ങൾ. നന്മയിൽ മുന്നേറുന്നവരാണ് അവിടത്തെ മുന്നേറ്റക്കാർ. നന്മയിൽ മുമ്പെത്താത്തവർ പിന്നാക്കക്കാരും. പാരത്രിക ലോകത്തെ മുമ്പന്മാരെ വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നത് 'സാബിഖുകൾ' എന്നാണ്. മുന്നേറുന്നവർ എന്ന് അറബി ഭാഷാർത്ഥം. സ്വർഗത്തിൽ ദൈവ സിംഹാസനത്തിനടുത്തായിരിക്കും അവരുടെ സ്ഥാനം. അന്ത്യനാളിന്റെ ഭയാനതകളോടൊപ്പം പരലോകത്തെ മനുഷ്യരുടെ മുൻഗണനാ ക്രമം സൂറത്തുൽ വാഖിഅയിലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്: “നിങ്ങൾ മൂന്ന് വിഭാഗമാവുകയും ചെയ്യുന്ന ഘട്ടമത്രെ അത്. അപ്പോൾ ഒരു കൂട്ടർ വലതുപക്ഷക്കാരായിരിക്കും. വലതുപക്ഷക്കാരുടെ അവസ്ഥ എന്താണ്? മറ്റൊരു കൂട്ടർ ഇടതുപക്ഷക്കാർ. എന്താണ് ഇടതു പക്ഷത്തിന്റെ സ്ഥിതി? വിശ്വാസത്തിലും കർമ്മങ്ങളിലും മുൻകടന്നവർ മുന്നാക്കക്കാർ തന്നെ. ആമോദങ്ങളുടെ സ്വർഗീയോദ്യാനങ്ങളിൽ ദൈവ സാമീപ്യം നേടിയവരാണവർ. പൂർവ്വികരിൽ നിന്ന് ഒരു വിഭാഗവും പിൽക്കാലക്കാരിൽ നിന്ന് കുറച്ചു പേരും”.

പ്രസ്തുത ഖുർആനിക സൂക്തങ്ങൾ മനുഷ്യർ അന്ത്യനാളിൽ മൂന്നുതരത്തിലായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഒരു കൂട്ടർ വലതുകൈയിൽ ഏടുകൾ നൽകപ്പെടുന്നവർ (അസ്വ്ഹാബു യമീൻ). സ്വർഗാവകാശികളിൽ കൂടുതലും ഇവരാണ്. മറ്റേ കൂട്ടർ ഇടതുകൈയിൽ ഏടുകൾ നൽകപ്പെടുന്നവരാണ് (അസ്വ്ഹാബു ശിമാൽ). മൂന്നാം വിഭാഗമാണ് ഏറ്റവും വിശിഷ്ടർ. അവരാണ് സാബിഖുകൾ. അസ്വ്ഹാബു ശിമാലിനേക്കാൾ ശ്രേഷ്ഠരും ദിവ്യസാമീപ്യമുള്ളവരുമാണ്. പ്രവാചകന്മാർ, സിദ്ധീഖുകൾ, രക്തസാക്ഷികൾ, സച്ചരിതരായ സജ്ജനങ്ങൾ, തഖ് വയുള്ളവർ മുതലായവർ ഈ ഗണത്തിൽപ്പെടുന്നവരാണെന്ന് പ്രമുഖ ഖുർആൻ പണ്ഡിതൻ ഇബ്‌നു കഥീർ (റ) തന്റെ തഫ്‌സീർ ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട് (7/515). അതായത് മുൻഗാമികളിൽ നിന്ന് വലിയൊരു വിഭാഗവും  പിൻഗാമികളിൽ നിന്ന് ചെറിയൊരു വിഭാഗവും സാബിഖുകളായിരിക്കും. സുകൃതങ്ങളാൽ മുന്നിട്ടുനിൽക്കുന്ന അവർ സ്വർഗലോകത്ത് ഉന്നത സ്ഥാനീയരും ദൈവ സമീപസ്ഥരുമായിരിക്കും: എന്നാൽ ആ പരേതൻ ദൈവസാമീപ്യ ലബ്ധരിൽ പ്പെട്ടയാളാണെങ്കിൽ സൗഖ്യവും സന്തുഷ്ടിയും അനുഗ്രഹീത സ്വർഗവുമുണ്ടാകും (സൂറത്തു വാഖിഅ 88, 89). സ്വർഗത്തിൽ സ്വർണനൂലുകൊണ്ട് നെയ്തുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ചാരി മുഖാമുഖമായി ഇരിക്കുന്നവരായിരിക്കും അവർ. സ്വർഗത്തിലെ ഈ മുൻനിരക്കാർക്കുള്ള ജലകൂജകൾ, കോപ്പകൾ, ചഷകങ്ങൾ, പഴങ്ങൾ, പക്ഷിമാംസങ്ങൾ, പരിചാരകർ, ഹൂറികൾ തുടങ്ങിയ സ്വർഗീയ സുഖസൗകര്യങ്ങളും സംവിധാനങ്ങളും പ്രസ്തുത അധ്യായം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അല്ലാഹുവിലും തിരുദൂതർ മുഹമ്മദ് നബി (സ്വ)യിലും ആദ്യഘട്ടത്തിൽ തന്നെ വിശ്വസിച്ച സ്വഹാബിമാരും അവരുടെ പാതയിൽ ധന്യരായി കടന്നുവന്ന താബിഉകളടക്കമുള്ള സൽവൃത്തരുമാണ് സാബിഖുകളെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്: മുഹാജിറുകളിലും അൻസ്വാറുകളിലും നിന്ന് ഏറ്റവുമാദ്യം മുന്നോട്ടുവരുന്നവരും പുണ്യത്തിലായി അവരെ അനുധാവനം ചെയ്തവരുമുണ്ടല്ലൊ, അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിട്ടുണ്ട്. താഴ്ഭാഗങ്ങളിൽ കൂടി ആറുകളൊഴുകുന്ന സ്വർഗം അവർക്കായി അവൻ സജ്ജീകരിച്ചിട്ടുമുണ്ട്. അവരതിൽ ശാശ്വതവാസികളാണ്. മഹത്തായ വിജയമത്രെ അത് (സൂറത്തു ത്തൗബ 100). ദൈവകൽപനകളും സൽകൃത്യങ്ങളും ചെയ്യാൻ വൃഗ്രത കാട്ടുന്നവരാണ് സാബിഖുകൾ. സക്കരിയ്യ നബി (അ)യെയും കുടുംബത്തെയും 'ശ്രേഷ്ഠകർമ്മങ്ങൾക്ക് തത്രപ്പെടുന്നവരെ'ന്നാണ് സൂറത്തുൽ അമ്പിയാഅ് 90ാം സൂക്തത്തിലൂടെ അല്ലാഹു പുകഴ്ത്തിപ്പറഞ്ഞത്. നബി (സ്വ) പറയുന്നു: നിശ്ചയം, നന്മകളിലേക്ക് മുൻകടക്കുന്നവർ വിചാരണ കൂടാതെ തന്നെയാണ് സ്വർഗത്തിൽ കടക്കുക (ഹദീസ് അഹ്മദ് 21727).

നന്മയിൽ മുന്നേറുന്നതിന്റെ കുറേ നല്ല മാതൃകകൾ പ്രവാചകനുചരന്മാരുടെ ചരിത്രത്തിൽ കാണാം. ഉമർ ബ്‌നുൽ ഖത്വാബ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ്വ) നമ്മോട് ദാനധർമ്മങ്ങൾ ചെയ്യാൻ കൽപ്പിക്കുകയുണ്ടായി. ആ സമയം എന്റെയടുത്ത് കുറച്ച് സമ്പത്തുണ്ടായിരുന്നു. ദാനധർമ്മത്തിന്റെ കാര്യത്തിൽ അബൂബക്കർ സിദ്ധീഖി (റ)നെ കടത്തിവെട്ടാൻ ഞാൻ സമ്പത്തിന്റെ പകുതി ഭാഗവുമായി നബി സന്നിധിയിലേക്ക് ചെന്നു. നബി (സ്വ) ചോദിച്ചു: നീ നിന്റെ കുടുംബത്തിനായി എന്താണ് ബാക്കിവെച്ചിരിക്കുന്നത്? ഞാൻ പറഞ്ഞു: ഇതു പോലൊരു പകുതി. ശേഷം അബൂബക്കർ (റ) വന്നത് തന്റെ മുഴുവൻ സമ്പത്തുമായായിരുന്നു. നബി (സ്വ) ചോദിച്ചു: താങ്കളെന്താണ് കുടുംബത്തിന് ബാക്കിവെച്ചത്? അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയുമാണ് അവർക്കായി ബാക്കിവെച്ചിരിക്കുന്നത്. ഉമർ (റ) തുടരുന്നു: ഞാനിനി ഒരിക്കലും ഒരു കാര്യത്തിലും താങ്കളോട് മത്സരിക്കാനില്ല (ഹദീസ് അബൂദാവൂദ് 1678, തുർമുദി 3675).

ഇഹലോകത്ത് നിർബന്ധ നമസ്‌ക്കാരങ്ങളിലേക്ക് മുൻകടക്കുന്നവർ പരലോകത്ത് സ്വർഗലോകത്തിലേക്ക് മുൻകടക്കുന്നതാണ്. ഫർളായ കാര്യങ്ങൾക്കൊണ്ടാണ് എന്റെ അടിമ എന്നിലേക്ക് കൂടുതൽ അടുക്കുന്നതെന്ന് ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറഞ്ഞതുമാണ് (ഹദീസ് ബുഖാരി 6502). അലിയ്യ് ബ്‌നു അബൂ ത്വാലിബ് (റ) പറഞ്ഞത് 'സൂറത്തുൽ വാഖിഅയിൽ പറയപ്പെട്ട സാബിഖുകൾ അഞ്ചു നിർബന്ധ നമസ്‌ക്കാരങ്ങളിലേക്ക് മുൻകടക്കുന്നവരെ'ന്നാണ് (തഫ് സീറുൽ ബഖ്‌വി  7/5). സാബിഖുകൾ എന്നാൽ പള്ളിയിലേക്ക് ആദ്യം പോകുന്നവരെന്നും പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം നമസ്‌ക്കരിക്കുന്നവരുടെ ഹൃദയങ്ങൾ പള്ളിയുമായി ബന്ധിതമായിരിക്കും. അവർ പള്ളിയിൽ നമസ്‌ക്കാരത്തിനായി ആദ്യനിരയിലെത്താൻ കൊതിച്ചുക്കൊണ്ടിരിക്കും. ആരേക്കാളും ആദ്യമെത്താൻ ജാഗരൂകരായിരിക്കുന്ന അവർ നമസ്‌ക്കാരങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്തുക്കൊണ്ടിരിക്കും. നബി (സ്വ) പറയുന്നു: ജനങ്ങൾ ബാങ്കിന്റെയും ആദ്യ സ്വഫിന്റെയും പ്രത്യേകതകൾ അറിഞ്ഞിരുന്നുവെങ്കിൽ നറുക്കെടുപ്പിലൂടെയാണെങ്കിൽ പോലും അതു ലഭിക്കാൻ ശ്രമിക്കുമായിരുന്നു. ജനങ്ങൾ നമസ്‌ക്കാരങ്ങൾക്കായി നേരത്തെ പോവുന്നതിന്റെയും പ്രത്യേകതകൾ അറിഞ്ഞിരുന്നുവെങ്കിൽ അതിനായി എങ്ങനെയെങ്കിലും കുതിക്കുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).

വിശുദ്ധ ഖുർആൻ മനസ്സിലാക്കി ചിന്തിച്ച് പാരായണം ചെയ്യുകയും പഠിക്കുകയും പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ് ഈ മുന്നേറ്റക്കാർ. അല്ലാഹു പറയുന്നു: പിന്നീട് നമ്മുടെ അടിമകളിൽ നിന്ന് തെരഞ്ഞെടുത്തവരെ നാം വേദാവകാശികളാക്കി. സ്വന്തത്തോട് അതിക്രമം കാട്ടിയവരും മധ്യനിലപാടുകാരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നന്മകളിൽ മുൻകടന്നവരെയും അവരിൽ കാണാം. അതു തന്നെയാണ് വലിയ അനുഗ്രഹം (സൂറത്തു ഫാത്വിർ 32). ഈ സൂക്തത്തിലും അല്ലാഹു മൂന്നു കൂട്ടരെപ്പറ്റി പരാമർശിച്ചിരിക്കുന്നു. അവരിൽ അത്യുന്നതരാണ് സാബിഖുകൾ. ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ സാബിഖുകളിൽപ്പെടുമെന്നർത്ഥം. അനവധി സ്വഹാബികളും താബിഉകളും ഖുർആൻ കൊണ്ട് ദൈവസാമീപ്യം കരസ്ഥമാക്കിയവരാണ്. പ്രമുഖ സ്വഹാബി വര്യൻ ഖബാബു ബ്‌നുൽ അറത് (റ) പറയുന്നു: കഴിവിന്റെ പരമാവധി അല്ലാഹുവിലേക്ക് അടുക്കണം. അവനിലേക്ക് അടുക്കാനുതകുന്ന അനുയോജ്യ മാർഗമാണ് ഖുർആൻ (അൽ മുസ്തദ്‌റക് 1/195). ദൈവ സ്മരണയും ഈ മുമ്പന്മാരുടെ ശീലമാണ്. ഒരിക്കൽ നബി (സ്വ) പറഞ്ഞു: മുഫരിദുകൾ മുൻകടന്നിരിക്കുന്നു. സ്വഹാബികൾ ചോദിച്ചു: ആരാണ് നബിയേ ഈ മുഫരിദുകൾ? നബി (സ്വ) പറഞ്ഞു: അല്ലാഹുവിനെ കൂടുതലായും സ്മരിക്കുന്നവരാണവർ (ഹദീസ് മുസ്ലിം 2686).

സൂറത്തുൽ മുഅ്മിനൂൻ 57, 58, 59, 60, 61 സൂക്തങ്ങളിൽ സാബിഖുകളുടെ മറ്റു വിശേഷങ്ങളും അല്ലാഹു വ്യക്തമാക്കുന്നുണ്ട്: “തങ്ങളുടെ നാഥനെക്കുറിച്ചുള്ള ഭയത്താൽ ശിക്ഷാ ഭീതിയുള്ളവരും അവന്റെ ദൃഷ്ടാന്തത്തിൽ വിശ്വസിക്കുന്നവരും അവന്റെ സന്നിധിയിലേക്ക് തിരിച്ചു ചെല്ലേണ്ടവരാണ് തങ്ങളെന്ന് മനസ്സിൽ ഭയപ്പാടുള്ളതോടൊപ്പം വേണ്ടതൊക്കെ ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളിൽ തത്രപ്പെടുന്നവർ. അതിലേക്ക് മുൻകടന്നവരാണവർ”.

back to top