സന്തുഷ്ട കുടുംബത്തിന്, സുസ്ഥിര ബന്ധത്തിന്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/02/2019
വിഷയം: കുടുംബ ബന്ധം

സാമൂഹ്യഘടനയുടെ അടിസ്ഥാന ശിലയാണ് കുടുംബം. വ്യക്തികൾ കൂടുമ്പോൾ കുടുംബവും, കുടുംബങ്ങൾ കൂടുമ്പോൾ സമൂഹവും രൂപപ്പെടുന്നു. പല സമൂഹങ്ങൾ അടങ്ങിയതാണ് ലോകം. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ കെട്ടുറപ്പും ഭദ്രതയും നിലകൊള്ളുന്നത് കുടുംബങ്ങളിലൂടെയാണ്. ആദിമ മനുഷ്യരായ ആദം നബി (അ)യും പത്‌നി ഹവ്വാ ബീവിയും മുതൽക്കു തന്നെ ലോകത്ത് കുടുംബ സംവിധാനം ആരംഭിച്ചതാണ്. അല്ലാഹു പറയുന്നു: അല്ലാഹു നിങ്ങൾക്ക് സ്വന്തത്തിൽ നിന്നു തന്നെയുള്ള ഇണകളെ ഉണ്ടാക്കിത്തരികയും അവർ വഴി മക്കളെയും  പേരമക്കളെയും സൃഷ്ടിക്കുകയുമുണ്ടായി (ഖുർആൻ, സൂറത്തു ന്നഹ് ല് 72).

സന്തുഷ്ട കുടുംബമുണ്ടാവുന്നത് കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരം വിശ്വാസവും ബന്ധവുമുണ്ടാവുമ്പോഴാണ്. ആർദ്രമായ കുടുംബബന്ധം തുടങ്ങേണ്ടത് ഭാര്യ ഭർത്താക്കന്മാരിലൂടെയാണ്. 'ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതു തന്നെയത്രെ' (ഖുർആൻ, സൂറത്തു റൂം 21). ദമ്പതിമാർക്കിടയിലുള്ള നിലക്കാത്ത സ്‌നേഹ പ്രവാഹം സാമൂഹിക ബന്ധത്തിന് കൂടി ശക്തി പകരുന്നതോടൊപ്പം ഇസ്ലാം മതത്തിന്റെ താൽപര്യം കൂടിയാണ്. ഭാര്യ ഭർത്താക്കന്മാർ ഒന്നിച്ചിരുന്ന് വീട്ടുകാര്യങ്ങൾ കൂടിയാലോചിക്കുകയും കുശലങ്ങൾ നടത്തുകയും വേണം. പ്രവാചകർ (സ്വ) തങ്ങളുടെ പത്‌നിമാരോട് അപ്രകാരം ചെയ്തതായി ചരിത്രത്തിൽ കാണാം.  ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബി (സ്വ) ഇശാ നമസ്‌ക്കാരത്തിന് ശേഷം വീട്ടിൽ പ്രവേശിച്ചാൽ ഒരു മണിക്കൂറോളം സമയം ഭാര്യയുമായി സംസാരിച്ചുക്കൊണ്ടിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ) ജീവിത പങ്കാളിയുടെ കൂടെ നടക്കാനിറങ്ങുകയും നടത്തിനിടയിൽ പരസ്പരം അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. പ്രിയ പത്‌നി ഉമ്മുൽ മുഅ്മിനീൻ സ്വഫിയ്യ (റ) സാക്ഷ്യപ്പെടുത്തുന്നു: ഒരിക്കൽ നബി (സ്വ) ഇഅ്തികാഫിലായിരുന്നു. ആ രാത്രി ഞാൻ തങ്ങളെ (സ്വ) സന്ദർക്കുകയും സംസാരിക്കുകയും ചെയ്തു. ഞാൻ  വീട്ടിലേക്ക് മടങ്ങുമ്പോൾ തങ്ങളും (സ്വ) കൂടെ വന്നു (ഹദീസ് ബുഖാരി, മുസ്ലിം). ദമ്പതിമാർക്കിടയിലുള്ള ഉള്ളുതുറന്നുള്ള സംസാരം പരസ്പരം വന്നേക്കാവുന്ന തെറ്റിദ്ധാരണകളെ ഇല്ലാതാക്കാൻ സഹായകമാവുന്നതാണ്.

ദാമ്പത്യം ബന്ധം സുദൃഡമാക്കുന്നതോടൊപ്പം സന്താന പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. നബി പറഞ്ഞിട്ടുണ്ട്: നിങ്ങളോരോർത്തരും ഭരണാധികാരികളാണ്. ഓരോർത്തരും അവരുടെ ഭരണീയരുടെ കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നതായിരിക്കും. പുരുഷൻ കുടുംബത്തിലെ ഭരണാധികാരിയാണ്. കുടുംബ കാര്യങ്ങളിൽ അവനായിരിക്കും ഉത്തരാവാദി. സ്ത്രീ വീട്ടിലെ ഭരണാധികാരിയാണ്. വീട്ടു കാര്യങ്ങളിൽ അവളായിരിക്കും ഉത്തരവാദി (ഹദീസ് ബുഖാരി, മുസ്ലിം). മാതാപിതാക്കളാൽ നിർവ്വഹിക്കപ്പെടുന്ന ഈ ഗാർഹിക കുടുംബ ഉത്തരവാദിത്വങ്ങളാണ് കുടുംബത്തിൽ ശാന്തിയും സ്വസ്ഥതയും യാഥാർത്ഥ്യമാക്കുന്നത്. മാതാപിതാക്കൾ മക്കളുടെ കൂടെയിരിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും അവർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും വേണം. നല്ല കാര്യങ്ങൾ ചെയ്യാൻ അവർക്ക് പ്രചോദനം നൽകുകയും സ്‌നേഹ പ്രകടനങ്ങൾ നടത്തുകയും ചെയ്യണം. ഇടക്കിടെ മക്കളെ മാന്യമായി ഉപദേശിക്കലും അല്ലാഹുവുമായുള്ള ബന്ധമുണ്ടാക്കിയെടുക്കലും രക്ഷാകർതൃ ബാധ്യതയാണ്. പൂർവ്വ സൂരികൾ മക്കളെ വളർത്തിയത് അങ്ങനെയാണ്. മഹാനായ ലുഖ്്മാനുൽ ഹകീം (റ) തന്റെ മകനോട് നടത്തുന്ന ഉപദേശങ്ങൾ ഖുർആൻ സൂറത്തു ലുഖ്മാനിലൂടെ വിവരിക്കുന്നുണ്ട്. മകന്റെ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു ആ പിതാവ്. എല്ലാം അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന് കുഞ്ഞു മനസിനെ ബോധ്യപ്പെടുത്തുന്നുമുണ്ട്: എന്റെ കുഞ്ഞു മകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകു മണിത്തൂക്കമുള്ളതാണെങ്കിലും അത് നീ അനുവർത്തിക്കുന്നത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ വെച്ചായാലും അല്ലാഹു അത് ഹാജരാക്കുന്നതാണ്. അവൻ സൂക്ഷ്മദൃക്കും അഗാധജ്ഞനുമത്രേ (സൂറത്തു ലുഖ്മാൻ 16). മാതാപിക്കളുടെ ഇത്തരത്തിലുള്ള സമീപനങ്ങൾ മക്കളെ അവരിലേക്ക് കൂടൂതൽ അടുപ്പിക്കുകയും എല്ലാ കാര്യങ്ങളും അവരുമായി പങ്കുവെക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. യൂസുഫ് നബി (അ) തന്റെ എല്ലാ സംഭവങ്ങളും സ്വപ്‌നങ്ങളും പ്രിയ പിതാവുമായി പങ്കുവെക്കുമായിരുന്നല്ലൊ. ഖുർആൻ വിവരിക്കുന്നുണ്ട്: യൂസുഫ് നബി തന്റെ പിതാവ് യഅ്ഖൂബ് നബിയോട് പറഞ്ഞ സന്ദർഭം സ്മരണീയമത്രേ. എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം നമിക്കുന്നതായി ഞാൻ കിനാവു കാണുകയുണ്ടായി (സൂറത്തു യൂസുഫ് 4).

മക്കൾ വിവാഹിതരായ ശേഷവും അവരുമായുള്ള ബന്ധം സുദൃഢമായി തുടരണം. നബി (സ്വ) മകൾ ഫാത്വിമ (റ)യെ ഇടക്കിടെ സന്ദർശിക്കുകയും അടുത്തിരുന്ന് വാത്സല്യം കാട്ടുകയും ചെയ്തിരുന്നു. പ്രിയ പിതാവ് തന്റെ വീട്ടിലെത്തിയാൽ ഫാത്വിമ (റ) കൈപ്പിടിച്ച് ചുംബിക്കുകയും ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്യുമായിരുന്നു (ഹദീസ് അബൂദാവൂദ് 5217, തുർമുദി 3872). അബൂബക്കർ സിദ്ധീഖും (റ) ആ ചര്യ പിൻതുടർന്ന് മകൾ ആയിശ (റ)യെ സന്ദർശിക്കുകയും സുഖവിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തിരുന്നു. രോഗവേളയിൽ സന്ദർശിച്ചാൽ 'കുഞ്ഞുമോളേ നിനക്ക് സുഖമാണോ' എന്ന് ചോദിച്ചറിയുമായിരുന്നു (ഹദീസ് ബുഖാരി 3918). അംറ് ബ്‌നു ആസ്വ് (റ) മക്കളുമായി നല്ല നിലക്ക് സമ്പർക്കം പുലർത്തി മാതൃക കാട്ടിയിരുന്നു. മകൻ അബ്ദുല്ല (റ)യെ വിവാഹശേഷവും സന്ദർശിച്ച് വിശേഷങ്ങൾ അന്വേഷിച്ചിരുന്നു. അപ്പോൾ അബ്ദുല്ല (റ)യുടെ ഭാര്യ പറയും: അബ്ദുല്ല നല്ല മനുഷ്യനാണ് (ഹദീസ് ബുഖാരി, മുസ്ലിം).

സുഭദ്രമായ കുടുംബ ബന്ധം സാധ്യമാക്കാൻ മക്കളും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. മക്കൾ എപ്പോഴും മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നവരായിരിക്കണം. അവരെ ബഹുമാനിക്കുകയും അവരുടെ നന്മകൾ പരിഗണിക്കുകയും വേണം. ഏതൊരു കാര്യം ചെയ്യുമ്പോഴും മാതാപിതാക്കളുമായി കൂടിയാലോചന നടത്തണം. ഏതിലും അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും വേണം. പ്രവാചകരെ (സ്വ) പ്രിയ മകൾ ഫാത്വിമ (റ) സന്ദർശിക്കാറുണ്ടായിരുന്നു. മകളെ കണ്ടാൽ നബി (സ്വ) കൈപിടിച്ച് സ്വീകരിക്കുകയും ഇരുത്തുകയും ചെയ്യുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). സന്തുഷ്ട കുടുംബത്തിനായി മക്കൾ സ്‌നേഹത്തിലും സഹകരണത്തിലുമാണ് കഴിയേണ്ടത്. സഹോദരൻ സഹോദരിമാർക്കും ഇളയ സഹോദരൻമാർക്കും താങ്ങും തണലുമാവണം. കാരണം സഹോദരനാണ് ഒരു വീട്ടിലെ ഊർജവും അഭിമാനവും പ്രതിരോധവും. 'താങ്കളുടെ സഹോദരൻ വഴി പിൻബലമേകുമെന്നാ'ണല്ലൊ അല്ലാഹു മൂസാ നബി (അ)യോട് പറഞ്ഞത് (സൂറത്തുൽ ഖസ്വസ് 35). സഹോദരന്മാരിൽ ഇളയവർ മുതിർന്നവരെ ബഹുമാനിക്കണം. മുതിർന്നവർ ഇളയവരോട് വാത്സല്യവും ലാളനയും കാട്ടണം. സഹോദരന്മാരും സഹോദരിമാരും ഇടക്കിടെ പരസ്പരം സന്ദർശനങ്ങളും വേണം. ഈ ഗുണങ്ങളൊക്കെ മാതാപിതാക്കൾ മക്കളെ ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചാൽ മാത്രമേ വലിപ്പത്തിൽ അവർക്ക് അവ അനുവർത്തിക്കാനാവുകയുള്ളൂ.

കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഖുർആൻ പാരായണം ചെയ്യൽ വീട്ടിൽ പുണ്യങ്ങളുണ്ടാവാൻ ഹേതുകമാണ്. അത്തരം വീടകങ്ങളിൽ അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കരുണക്കടാക്ഷവും സുരക്ഷാവലയവുമുണ്ടായിരിക്കും. സ്‌നേഹബന്ധങ്ങൾ സ്ഥായിയാവുകയും ചെയ്യും. അനസ് ബ്‌നു മാലിക് (റ) രാത്രി ഖത്മുൽ ഖുർആൻ നടത്തുകയാണെങ്കിൽ ഒരു ഭാഗം ഓതാതെ ബാക്കിവെക്കും. സുബ്ഹ് സമയമായാൽ കുടുംബക്കാരെയൊക്കെ വിളിച്ചുകൂട്ടി ഖതം പൂർത്തീകരിക്കും (ഹദീസ് ദാരിമി 3537). കുടുംബക്കാർ ചടങ്ങുകളിലും മറ്റു ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യണം. മാതാപിതാക്കൾ മക്കളിൽ ചെറുപ്പത്തിൽ തന്നെ ഈ സ്വഭാവമൂല്യങ്ങൾ വളർത്തിയെടുക്കണം. അവരിൽ ധാർമികതയുണ്ടാവാൻ പ്രാർത്ഥിക്കുകയും വേണം. ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചത് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ട്: നാഥാ എന്നെയും എന്റെ മക്കളിൽ പെട്ടവരെയും കൃത്യമായി നമസ്‌ക്കാരം നിലനിറുത്തുന്നവരാക്കേണമേ (സൂറത്തു ഇബ്രാഹിം 40). അതനുസരിച്ച് മക്കളും ധാർമിക ചിട്ടകൾ പാലിക്കാൻ തയ്യാറാവുകയും വേണം. സന്തുഷ്ട കുടുംബമെന്നത് അല്ലാഹുവിന്റെ ശ്രേഷ്ഠ അടിമകളായ 'ഇബാദു റഹ്്മാനി'ന്റെ അഭിലാഷമാണ്. 'കൺകുളിർമയേകുന്ന ഇണകളെയും സന്താനങ്ങളെയും ഏകണേ' എന്ന് അവർ പ്രാർത്ഥിക്കുമെന്ന് ഖുർആൻ സൂറത്തുൽ ഫുർഖാൻ 74ാം സൂക്തം വിസ്തരിക്കുന്നുണ്ട്.

back to top