തഖ്‌വ: വിശ്വാസിയുടെ പാതയും പാഥേയവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 08.02.2019
വിഷയം: തഖ്‌വ

ഇസ്ലാമിക വിശ്വാസജീവിതത്തിന്റെ ആകത്തുകയാണ് തഖ്‌വ. മുത്തഖീങ്ങൾക്കാണ് (തഖ്‌വയുള്ളവർ) സ്വർഗലോകം ഒരുക്കിയിരിക്കുന്നതെന്ന് പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു വിളിച്ചറിയിച്ചിട്ടുമുണ്ട്. മാത്രമല്ല, പ്രാമാണികമായ വേദഗ്രന്ഥങ്ങളിലൂടെയും സച്ചരിതരായ പ്രവാചകന്മാരിലൂടെയും ജനതകളോട് തഖ്‌വ അനുവർത്തിക്കാൻ ഇടക്കിടെ ഉണർത്തിയിട്ടുമുണ്ട്. തഖ്‌വാ കൽപനകളും തഖ്‌വാ വസ്വിയ്യത്തുകളും ജീവിതവിശുദ്ധിയോടൊപ്പം സൂക്ഷ്മത പാലിക്കാനുള്ള ആഹ്വാനങ്ങളുമാണ്.

അറബി ഭാഷയിൽ ഈശ്വര ഭയം, ധർമ്മനിഷ്ഠ, മതഭക്തി, സൂക്ഷ്മത എന്നെല്ലാമാണ് 'തഖ്‌വ' എന്ന പദം അർത്ഥമാക്കുന്നത്. ഇസ്ലാമികാദർശത്തിൽ തഖ്‌വയെന്നാൽ പ്രപഞ്ച നാഥനായ അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ നടപ്പാക്കലും വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലുമാണ്. വാക്കിലും പ്രവർത്തിയിലും ദൈവതൃപ്തി കാംക്ഷിക്കുകയും അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ)യെ പിൻപറ്റി ജീവിതപാത ധന്യമാക്കുകയും ചെയ്യൽ ആ ദൈവാനുസരണയുടെ ഭാഗമാണ്. അല്ലാഹു പറയുന്നു: ആര് അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും തഖ്‌വ പാലിക്കുകയും ചെയ്യുന്നുവോ അവർ തന്നെയത്രെ വിജയം കൈവരിച്ചവർ (ഖുർആൻ, സൂറത്തുന്നൂർ 52). മനുഷ്യന്റെ ജീവിത പ്രയാണത്തിലെ വഴിച്ചോറായാണ് ഖുർആൻ തഖ്‌വയെ വിശേഷിപ്പിച്ചിരിക്കുന്നത്. നശ്വരമായ ഐഹിക ലോകത്ത് ഒരുക്കിയ ആ പാഥേയം ശാശ്വതമായ പാരത്രിക ലോകത്ത് ആസ്വദിക്കാനാവും. 'നിങ്ങൾ യാത്രോപകരണങ്ങൾ സജ്ജീകരിക്കണം. അതിലേറ്റം ഉദാത്തം ഭയഭക്തിയത്രെ. ബുദ്ധിമാന്മാരേ, നിങ്ങൾ എന്നെ സൂക്ഷിക്കുക' (സൂറത്തുൽ ബഖറ 197).

ഇസ്ലാമെന്ന ജീവിതപാതയിൽ തഖ്‌വയിലൂട്ടിയ പാഥേയം തയ്യാറാക്കി മുന്നേറാനാണ് ഓരോ പ്രവാചകന്മാരും തങ്ങളുടെ ജനതയെ ഉപദേശിച്ചത്. നൂഹ് നബി (അ) യെപ്പറ്റി ഖുർആൻ വിവരിക്കുന്നുണ്ട്: തങ്ങളുടെ സഹോദരൻ നൂഹ് നബി അവരോട് പറഞ്ഞ സന്ദർഭം സ്മരണീയമത്രെ: 'നിങ്ങൾ ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നില്ലേ' എന്നാണ് പറഞ്ഞത് (സൂറത്തു ശ്ശുഅറാഅ് 106). സ്വാലിഹ് നബി (അ) തന്റെ ജനതയായ ശമൂദ് ഗോത്രത്തോട് 'നിങ്ങൾ ജീവിതത്തലിൽ സൂക്ഷ്മത (തഖ്‌വ) പുലർത്തുന്നില്ലേ'യെന്ന് ചോദിച്ചതും ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട് (സൂറത്തു ശ്ശുഅറാഅ് 142). അല്ലാഹുവിനെ ആരാധിക്കാനും തഖ്‌വയിലധിഷ്ഠിത ജീവിതം ചിട്ടപ്പെടുത്താൻ ജനതയെ ഉപദേശിച്ചതും ഖുർആനിലുണ്ട് (സൂറത്തുൽ അൻകബൂത്ത് 16). നമ്മുടെ നബി മുഹമ്മദ് നബി (സ്വ) തഖ്‌വ പാലിക്കാൻ അനുചരന്മാരോട് വസ്വിയ്യത്ത് ചെയ്യുമായിരുന്നു. വസ്വിയ്യത്ത് ചെയ്യാനാവശ്യപ്പെട്ട അബൂദറിൽ ഗഫാറി (റ)നോട് നബി (സ്വ) പറഞ്ഞത്: 'താങ്കൾ എവിടെയായിരുന്നാലും അല്ലാഹുവിനെ പേടിക്കണ'മെന്നാണ് (ഹദീസ് തുർമുദി 1987, അഹ്്മദ് 22012). നബി (സ്വ) തഖ്‌വക്കായി അല്ലാഹുവിനോട് പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. അവയിൽ പ്രധാനപ്പെട്ടത്: 'നാഥാ എന്റെ മനസ്സിന് നീ തഖ്‌വ പ്രദാനം ചെയ്യണേ' (ഹദീസ് മുസ്ലിം 2722), 'അല്ലാഹുവേ, നിന്നോട് ഞാൻ സന്മാർഗത്തിനും തഖ്‌വക്കും ഇരക്കുകയാണ്' (ഹദീസ് മുസ്ലിം 2721).

ഖുർആൻ പാരായണം, ശ്രവണം, അനുധാവനം എന്നിവ മുത്തഖീങ്ങളുടെ പ്രധാന വിശേഷങ്ങളാണ്. സംശയം ലവലേശമില്ലാത്ത ഖുർആൻ ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നവർക്ക് സന്മാർഗദർശകമായത്രെ അവതരിച്ചത്. അധികൃതമായ സമ്പാദ്യവും സംശുദ്ധമായ ഉപജീവനവുമായിരിക്കും ഒരു മുത്തഖീയുടേത്. അല്ലാഹു പറയുന്നു: അല്ലാഹു തന്നതിൽ അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ചുക്കൊള്ളുക. നിങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക (സൂറത്തുൽ മാഇദ 88). അതായത്, തഖ്‌വ പാലിക്കുന്നയാൾ അവന്റെ വസ്ത്രവും ഭക്ഷണപാനീയങ്ങളും അനുവദനീയമായ മാർഗത്തിലൂടെ കൈവശപ്പെടുത്തിയിരിക്കുന്നതാണെന്ന് ഉറപ്പുവരുത്തിയിരിക്കും.

ക്ഷമ, സത്യസന്ധത, വാഗ്ദത്ത പാലനം, കരാർ നിർവ്വഹണം തുടങ്ങീ സൽഗുണങ്ങളൊക്കെ മുത്തഖീങ്ങൾക്കുള്ള അലങ്കാരങ്ങളാണ്. അല്ലാഹു പറയുന്നു: ആര് തന്റെ കരാർ പാലിക്കുകയും സുക്ഷ്മത പുലർത്തുകയും ചെയ്തുവോ, സൂക്ഷ്മാലുക്കളെ അല്ലാഹു സ്‌നേഹിക്കുക തന്നെ ചെയ്യുന്നു (സൂറത്തു ആലു ഇംറാൻ 76). സ്‌നേഹാർദ്രവും സന്തുഷ്ടകരവുമായ ഭാര്യഭർത്യ ബന്ധവും തഖ്‌വയെന്ന ദൈവഭയഭക്തിയുടെ അടയാളമാണ്. കാരണം നബി (സ്വ) പറഞ്ഞത് 'നിങ്ങൾ ഭാര്യമാരുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കണം, തീർച്ചയായും  അല്ലാഹുവിൽ നിന്നുള്ള സംരക്ഷണ ചുമതല പ്രകാരമാണ് നിങ്ങളവരെ വേളിചെയ്തിരിക്കുന്നത്' (ഹദീസ് മുസ്ലിം 1218). വാത്സല്യത്തോടെയും ലാളനയോടെയുമുള്ള സന്താന പരിപാലനവും തഖ്‌വയുടെ ഭാഗമാണ്. സമ്മാനദാനങ്ങളിലും വിതരണങ്ങളിലും മക്കൾക്കിടയിൽ നീതി പാലിക്കലാണ് തഖ്‌വയിലധിഷ്ഠിതമായിരിക്കുന്നത്. സന്താനങ്ങൾക്കിടയിൽ നീതി പാലിച്ച് തഖ്‌വ പുലർത്ത ണമെന്നാണ് നബി കൽപന (ഹദീസ് ബുഖാരി 2587). എല്ലാവരോടും നീതിയുക്തമായി പെരുമാറലും വീഴ്ചകളിൽ വിടുതി നൽകലും തഖ്‌വയിലേക്ക് അടുപ്പിക്കുന്ന സത്കൃത്യങ്ങളാണ്. നീതിയും ന്യായവും വിട്ടുവീഴ്ചാ മനോഭാവമെല്ലാം മനുഷ്യബന്ധങ്ങളെ ഭദ്രമാക്കുന്ന സുകൃതങ്ങളാണ്. അല്ലാഹു പറയുന്നുണ്ട്: നീതി മുറുകെപ്പിടിക്കുക. അതാണ് ദൈവഭക്തിയോട് ഏറ്റം അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളുടെ ചെയ്തികളെക്കുറിച്ചെല്ലാം നന്നായറിയുന്നവൻ തന്നെയാണ് അല്ലാഹു (സൂറത്തുൽ മാഇദ 08). നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ് ദൈവഭക്തിയുമായി ഏറെ സമീപസ്ഥം (സൂറത്തുൽ ബഖറ 237).

തഖ്‌വയിലധിഷ്ഠിത ജീവിതം നയിക്കുന്നവർക്ക് സ്വസ്ഥവും സമാധാനപൂർണവുമായ രീതിയിലായിരിക്കും ജീവിതസാഹചര്യങ്ങൾ അഭിമുഖീക്കരിക്കാനാവുക. അല്ലാഹു അവരുടെ കാര്യങ്ങൾ സുഗമമാക്കുകയും അവർക്കായി സൗഭാഗ്യങ്ങളുടെ വാതായനങ്ങൾ തുറക്കുകയും ചെയ്യും. 'അല്ലാഹുവിനെ ഒരാൾ സൂക്ഷിക്കുന്നുവെങ്കിൽ അയാളുടെ കാര്യങ്ങൾ അവൻ സുഖകരമാക്കിക്കൊടുക്കുന്നതാകുന്നു' (സൂറത്തു ഥ്ഥലാഖ് 04). പ്രതിബന്ധങ്ങളില്ലാത്ത വിധം അവരുടെ ഉപജീവനങ്ങൾ സാധ്യമാക്കുകയും നിനക്കാത്ത മാർഗങ്ങളിലൂടെ അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും. 'അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കിൽ അവൻ അയാൾക്കൊരു മോചനമാർഗം സജ്ജീകരിച്ചുക്കൊടുക്കുന്നതും വിചാരിക്കാത്ത വിധം ഉപജീവനം നൽകുന്നതുമാണ്' (സൂറത്തു ഥ്ഥലാഖ് 2, 3).

തഖ് വയുള്ളവർക്ക് അല്ലാഹുവിൽ നിന്ന് പ്രത്യേക സ്ഥാനവും സംരക്ഷണവുമുണ്ടായിരിക്കും. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളിലെ ഏറ്റവും തഖ്‌വയുള്ളവരെന്ന് സൂറത്തുൽ ഹുജറാത്ത് 13ാം സൂക്തത്തിലൂടെ സുവ്യക്തമാണ്. തഖ്‌വ കാരണത്താൽ വിശ്വാസിയുടെ പാപങ്ങൾ പൊറുക്കപ്പെടുകയും പരലോകത്ത് മഹത്തായ പ്രതിഫലങ്ങൾ നൽകപ്പെടുകയും ചെയ്യുന്നതാണ്. അവരെ വരവേറ്റുകൊണ്ട് സ്വർഗ കവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും കൂട്ടം കൂട്ടമായി സ്വാഗതമോതി സ്വീകരിക്കുകയും ചെയ്യും.

back to top