യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 01/02/2019
വിഷയം: പ്രകാശിപ്പിക്കും സുകൃതങ്ങൾ
പ്രകാശം സന്മാർഗത്തിന്റെ അടയാളമാണ്. അന്ധകാരം ദുർമാർഗത്തിന്റേയും. മാർഗഭ്രംശത്തിൽ നിന്ന് മാർഗദർശനത്തിലേക്കുള്ള മാറ്റത്തെ ഇരുട്ടിൽ നിന്ന് വെട്ടത്തിലേക്കുള്ള പരിവർത്തനമായാണ് പരിശുദ്ധ ഖുർആൻ അവതരിപ്പിക്കുന്നത്. ശരീരത്തിനെന്ന പോലെ ആത്മാവിനും ആവശ്യമാണ് പ്രകാശം. കബ്‌റെന്ന ഇരുട്ടറയിൽ പ്രകാശം കൊതിക്കുന്ന സത്യവിശ്വാസിയുടെ അകവും പുറവും പ്രകാശപൂരിതമായിരിക്കും, അവന്റെ ഇഹവും പരവുമായ ലോകങ്ങളും പ്രകാശത്തിലായിരിക്കും. ഖുർആനിലെ 'പ്രകാശം' എന്നർത്ഥമാക്കുന്ന അധ്യായമാണ് സൂറത്തുന്നൂർ. ആ സൂറത്തിലെ 35ാം സൂക്തത്തിൽ അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണെന്ന വിവരണമുണ്ട്. ആ പ്രകാശത്തെ അതിമനോഹരമായി വർണിച്ചുക്കൊണ്ട് അതിലേക്ക് അല്ലാഹു ഉദ്ദേശിക്കുന്നവരെ നയിക്കുമെന്നും വിശദീകരിക്കുന്നുണ്ട്.
അല്ലാഹു നൽകുന്ന ആ പ്രകാശം കിട്ടിയവർ സുനിശ്ചിത വിജയികളത്രെ!. അല്ലാഹു പറയുന്നു: സത്യവിശ്വാസം വരിച്ച ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുമ്പിലും വലതുഭാഗത്തും അവരുടെ പ്രകാശപ്രസരം താങ്കൾ കാണുന്ന ദിനം അവരോടരുളപ്പെടും: 'ഇന്ന് നിങ്ങൾക്കുള്ള ശുഭവാർത്ത അടിയിലൂടെ ആറുകളൊഴുകുന്ന സ്വർഗീയാരാമങ്ങളത്രേ. നിങ്ങളതിൽ ശാശ്വതവാസികളാണ്. അതിമഹിത്തായ സൗഭാഗ്യം തന്നെയാണത് '(ഖുർആൻ, സൂറത്തുൽ ഹദീദ് 12). പ്രമുഖ സ്വഹാബി വര്യൻ അബ്ദുല്ല ബ്‌നു മസ്ഊദ് (റ) പറയുന്നു: സത്യവിശ്വാസികൾ അവരുടെ സത്ക്കർമ്മങ്ങളുടെ തോതനുസരിച്ച് പ്രകാശം നൽകപ്പെടും. അവരിൽ പർവ്വതം കണക്കെ പ്രകാശം നൽകപ്പെടുന്നവരും അതിനേക്കാൾ കുറഞ്ഞ് നൽകപ്പെടുന്നവരുമുണ്ട് (അൽ മുസ്തദ്‌റഖ് 8751). അതായത് പാരത്രിക ലോകത്ത് ഓരോർത്തരും പ്രകാശത്തിനനുസരിച്ച് വിത്യസ്ത സ്ഥാനങ്ങളിലായിരിക്കും. നബി (സ്വ) പറഞ്ഞിട്ടുണ്ട് : സ്വർഗത്തിൽ ആദ്യം പ്രവേശിക്കുന്ന കൂട്ടർ പൗർണമി രാവിൽ ഉദിച്ച പൂർണ ചന്ദ്രന്റെ പ്രകാശരൂപത്തിലായിരിക്കും. അവർക്ക് പിന്നാലെയായി പ്രവേശിക്കുന്നവർ ആകാശത്തിലെ ജാജ്വലമായ നക്ഷത്രപ്രഭയിലായിരിക്കും. പരസ്പര വിദ്വേഷമോ അസൂയയോ ഇല്ലാത്ത വിധം ഒരൊറ്റ ഹൃദയമുള്ളവരെപ്പോലെയായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹു വിശ്വാസിക്ക് അവന്റെ ആരാധനകൾക്കും സത്ക്കർമ്മങ്ങൾക്കും അനുസ്‌കൃതമായി ഇഹലോകത്തും പരലോകത്തും ഒരു പ്രഭാവലയം ഒരുക്കിയിട്ടുണ്ട്. അതനുസരിച്ച് അവൻ നശ്വരമായ ദുനിയാവിൽ നേർവഴി പുൽകുകയും ശാശ്വതമായ ബർസഖീ ലോകത്ത് സ്വർഗവഴി പുണരുകയും ചെയ്യും.
മനുഷ്യന് ദിവ്യപ്രകാശം സാധ്യമാക്കുന്ന പ്രധാന സത്ക്കർമ്മമാണ് ഖുർആൻ പാരായണം. വിശുദ്ധ ഖുർആൻ വ്യക്തമായ മാർഗദീപമാണല്ലൊ. ഖുർആനിലൂടെ തന്നെ അല്ലാഹു പറയുന്നുണ്ട്: മുൻ പ്രവാചകർക്കെന്ന പോലെ താങ്കൾക്ക് നമ്മുടെ കൽപനകളിൽ നിന്നുള്ള ചൈതന്യവത്തായ ഖുർആൻ നാം ബോധനം നൽകിയിരിക്കുന്നു. വേദമോ സത്യവിശ്വാസമോ എന്താണെന്ന് താങ്കൾക്ക് അറിയാമായിരുന്നില്ല. എങ്കിലും അതിനെ നമ്മുടെ അടിമകളിൽ നിന്ന് നാമുദ്ദേശിക്കുന്നവരെ സന്മാർഗ ദർശനം ചെയ്യുന്ന ഒരു പ്രകാശമാക്കി. നിശ്ചയം ഋജുവായ പന്ഥാവിലേക്കാണ് താങ്കൾ മാർഗ ദർശനം നൽകുന്നത് (സൂറത്തു ശ്ശൂറാ 52). ദൈവിക ഗ്രന്ഥമായ ഖുർആൻ സന്മാർഗ പ്രകാശമാണെന്നും അതുമുറുകെ പിടിക്കണമെന്നുമാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 2408). മനസ്സിരുത്തി ചിന്തിച്ച് ഖുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്തവൻ സന്മാർഗം സിദ്ധിച്ചവൻ തന്നെയാണ്. അന്ത്യനാളിൽ അവനിൽ നിന്നുള്ള പ്രകാശം വെട്ടിത്തിളങ്ങും. മനുഷ്യകുലത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് തെളിയിക്കുന്ന വേദഗ്രന്ഥമായാണ് ഖുർആൻ ഇറക്കിയതെന്ന് അല്ലാഹു പറഞ്ഞിട്ടുമുണ്ട് (സൂറത്തു ഇബ്രാഹിം 01).
സൂറത്തുൽ ഫാതിഹ, സൂറത്തുൽ ബഖറയിലെ അവസാനഭാഗം എന്നിവയുടെ ശ്രേഷ്ഠതയെക്കുറിച്ച് അല്ലാഹു നബി (സ്വ)ക്ക് അറിയിച്ചുക്കൊടുത്തിട്ടുണ്ട്. ആ സൂക്തങ്ങൾ ഹൃദയങ്ങൾക്ക് പ്രകാശം പകരുന്നവയാണ്. ഇബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു: മാലാഖ ജിബ്‌രീൽ (അ) നബി (സ്വ)യുടെ അടുക്കൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് മുകളിൽ നിന്നൊരു ശബ്ദം കേട്ടു. നബി (സ്വ) തല ഉയർത്തിയപ്പോൾ കേട്ടത് 'ഇതൊരു ആകാശ വാതായനമാണ്. ഒരിക്കലും തുറക്കപ്പെടാത്ത ഈ വാതായനം ഇന്ന് തുറക്കപ്പെട്ടിരിക്കുകയാണ്' അപ്പോൾ തന്നെ അതിൽ നിന്നൊരു മാലാഖ ഇറങ്ങിവന്നു. അപ്പോൾ വീണ്ടുമൊരു ശബ്ദം കേട്ടു 'ഇതൊരു മാലാഖയാണ്. ഒരിക്കലും ഭൂമിയിലേക്കിറങ്ങാത്ത ഈ മാലാഖ ഇന്ന് ഇറങ്ങിയിരിക്കുകയാണ്' സലാം പറഞ്ഞ് മാലാഖ അരുളി: ഒരു പ്രവാചകനും നൽകപ്പെടാത്ത രണ്ടു പ്രകാശസൗഭാഗ്യങ്ങൾ താങ്കൾക്ക് നൽകപ്പെട്ടിരിക്കുകയാണ്. അവയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക. സൂറത്തുൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ അവസാന ഭാഗങ്ങളുമാണ് ആ പ്രകാശങ്ങൾ. അവയിൽ നിന്ന് തങ്ങൾ ഒരക്ഷരം ഉരുവിട്ടാൽപോലും അതിന്റെ പ്രതിഫലം ഇരട്ടി കണക്കിന് നൽകപ്പെട്ടിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). സൂറത്തു കഹ്ഫും പ്രകാശം പരത്തുന്ന ശ്രേഷ്ഠമായ ഖുർആനിക അധ്യായമാണ്. നബി (സ്വ) പറയുന്നു: ഒരാൾ വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് ഓതിയാൽ രണ്ടു വെള്ളിയാഴ്ചകൾക്കിടയിൽ അവനിക്കായി ഒരു പ്രത്യേക പ്രകാശം പ്രഭ ചൊരിഞ്ഞുക്കൊണ്ടിരിക്കും (ഹദീസ് ബൈഹഖി 6209, സുനനു ദാരിമി 3450).
അംഗശുദ്ധി കാരണം സത്യവിശ്വാസിയിൽ നിന്ന് അന്ത്യനാളിൽ വർദ്ധിച്ച പ്രകാശകിരണങ്ങൾ തിളങ്ങുന്നതായിരിക്കും. അന്ത്യനാളിൽ തങ്ങളുടെ സമുദായം വുളൂഅ് കാരണത്താൽ മുഖവും കൈകാലുകളും വെളുത്ത് വെട്ടിത്തിളങ്ങുന്നവരായി വിളിക്കപ്പെടുമെന്ന് നബി (സ്വ) പ്രഖ്യാപിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). അംഗശുദ്ധിയോടെ നമസ്‌ക്കാരത്തിനായി ഒരുങ്ങിയാൽ പ്രകാശ പ്രഭ കൂടികൂടി വരും. നമസ്‌ക്കാരം പ്രകാശമെന്നാണ് നബി വചനം (ഹദീസ് മുസ്ലിം 223). നമസ്‌ക്കരിച്ചവന് അതിന്റെ പ്രതിഫലം അന്ത്യനാളിൽ പ്രകാശങ്ങളായി ലഭിക്കപ്പെടുമെന്ന് സാരം. അബ്ദുല്ലാ ബ്‌നു അംറ് ബ്‌നുൽ ആസ്വ് (റ) പറയുന്നു: ഒരിക്കൽ നബി (സ്വ) നമസ്‌ക്കാരത്തെപ്പറ്റി പറയുകയുണ്ടായി: ഒരാൾ നമസ്‌ക്കാരങ്ങൾ കൃത്യമായി യഥാവിധി നിലനിർത്തിയാൽ അന്ത്യനാളിൽ അവനിക്ക് പ്രത്യേകമായൊരു പ്രഭയും വെളിച്ചവും, നരകസുരക്ഷയുമുണ്ടായിരിക്കും (ഹദീസ് അഹ്മദ് 6576). പള്ളിയിൽവെച്ച് ഇശാഅ്, സുബ്ഹ് നമസ്‌ക്കാരങ്ങൾ നിർവ്വഹിക്കുന്നവർക്ക് അല്ലാഹു പരലോകത്ത് വെച്ച് പൂർണപ്രകാശം നൽകുന്നതാണ്. ഇരുട്ടത്ത് പള്ളിലേക്ക് നടക്കുന്നവർക്ക് ഖിയാമത്ത് നാളിൽ സമ്പൂർണമായൊരു പ്രകാശമുണ്ടെന്ന് സുവിശേഷം അറിയിക്കാൻ നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 561, തുർമുദി 233, ഇബ്‌നുമാജ 781). നമസ്‌ക്കാരം കാരണം മനുഷ്യന്റെ അകവും പുറവും, ഇഹവും പരവും പ്രകാശപൂരിതമാകുമെന്ന് ചുരുക്കം.
ഈ ദിവ്യമായ പ്രകാശ സമ്പാദനത്തിന് പ്രാർത്ഥനയും വേണം. നബി (സ്വ) നമസ്‌ക്കാരത്തിനൊരുങ്ങിയാൽ ഓരോ ശരീരാവയവങ്ങൾക്കും ശരീരഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകമായി പ്രകാശമേകാൻ അല്ലാഹുവോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) സന്മാർഗത്തിനും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള രക്ഷാമാർഗത്തിനുമായി കൂടുതലായി പ്രാർത്ഥനകൾ നടത്തിയിരുന്നു. എല്ലാ നന്മകളും അതു ചെയ്തവന്റെ മുഖത്ത് പ്രസന്നതയും ഹൃദയത്തിൽ വിശാലതയും വരുത്തുന്നതാണ്. മാത്രമല്ല, ഐഹിക ലോകത്തും പാരത്രിക ലോകത്തും ദിവ്യമായ പ്രകാശവും അവനിക്ക് ഉണ്ടായിരിക്കും.
നീതിയും ന്യായവും നടപ്പിലാക്കുന്നവർ അന്ത്യനാളിൽ അല്ലാഹുവിങ്കലായി പ്രത്യേകമായ പ്രകാശപീഠത്തിലായിരിക്കുമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് മുസ്ലിം 1827). ഒരൊറ്റ ശരീരം പോലെ അന്യോനം സ്‌നേഹത്തിലും സൗഹാർദ്ദത്തിലും ജീവിക്കുന്നവർക്കും ആ പ്രകാശപീഠത്തിൽ ഇരിക്കാനാവും. പരസ്പരം സഹകരണത്തിലും സഹവർത്വിതത്തിലും കഴിയുന്ന അവരുടെ ആ സ്ഥാനത്തിനായി നബിമാരും രക്തസാക്ഷികളും കൊതിച്ചുപോവുമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് തുർമുദി 2390).