യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 25/01/2019
വിഷയം: സ്വർത്തിലെ പ്രവാചക സാമീപ്യം
വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം പാരത്രിക വിജയമാണല്ലൊ. പാരത്രിക വിജയികൾക്ക് അല്ലാഹു സ്വർഗപ്രവേശം അനുവദിച്ചുകൊടുക്കുന്നതായിരിക്കും. അതാണ് യഥാർത്ഥ വിജയം. 'നരകക്കാരും സ്വർഗക്കാരും തുല്യരാവില്ല, സ്വർഗവാസികൾ തന്നെയാണ് വിജയം കൈവരിച്ചവർ' എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പ്രഖ്യാപിച്ചതാണ് (സൂറത്തുൽ ഹഷ്ർ 20). സ്വർഗത്തിലെ ഉന്നത സ്ഥാനീയരാണ് സത്യമത പ്രബോധകരായ പ്രവാചകന്മാർ. അവരിൽ പ്രഥമഗണീയരാണ് നമ്മുടെ നബി മുഹമ്മദ് (സ്വ). 'എനിക്ക് നിങ്ങൾ അല്ലാഹുവിനോട് വസീലത്ത് ചോദിക്കണ'മെന്നാണ് നബി (സ്വ) അനുചരന്മാരോട് പറഞ്ഞത്. അപ്പോൾ അവർ ചോദിച്ചു: എന്താണ് തിരുനബിയേ ഈ വസീലത്ത് ? നബി (സ്വ) മറുപടി പറഞ്ഞു: സ്വർഗത്തിലെ അത്യുന്നത സ്ഥാനമാണത്. ഒരാൾക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. ആ ഒരാൾ ഞാനാവാൻ ആഗ്രഹമുണ്ട് (ഹദീസ് തുർമുദി 3612).
സ്വർഗത്തിൽ നബി (സ്വ)യോടൊപ്പം കൂടുകയെന്നുള്ളത് ഓരോ വിശ്വാസിയും കൊതിക്കുന്ന മഹത്കാര്യമാണ്. എന്നാൽ ആ സഹവാസം സാധ്യമാവാൻ ഓരോർത്തരും മനസാ വാചാ കർമണാ സന്നദ്ധമാവേണ്ടതുണ്ട്. അതിന് പ്രഥമമായി ആവശ്യമുള്ളത് അടങ്ങാത്ത പ്രവാചക സ്‌നേഹമാണ്. അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: തിരുദൂതരേ, എപ്പോഴാണ് അന്ത്യനാൾ?! നബി (സ്വ) പറഞ്ഞു: ആ ദിവസത്തിന് വേണ്ടി താങ്കൾ എന്തെല്ലാമാണ് ഒരുക്കിയിട്ടുള്ളത്? അയാൾ മറുപടി പറഞ്ഞു: ഞാൻ കുറേ നമസ്‌ക്കാരവും നോമ്പും ദാനധർമ്മമൊന്നും ചെയ്തിട്ടില്ല. എന്നാലും ഞാൻ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും സ്‌നേഹിക്കുന്നുണ്ട്. അപ്പോൾ നബി (സ്വ) പറഞ്ഞു: താങ്കൾ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ് (ഹദീസ് ബുഖാരി, മുസ്ലിം) ഇതേപ്പറ്റി അനസ് (റ) പറയുന്നു: നബി (സ്വ)യുടെ ഈ വാക്കിനാൽ ഞങ്ങൾ അതിരറ്റ് ഹർഷപുളകിതരായി. ഞങ്ങൾ ഇത്രമാത്രം മുമ്പ് സന്തോഷഭരിതരായത് ഇസ്ലാം മതാഗമനത്തിന്റെ സമയത്ത് മാത്രമാണ് (ഹദീസ് അഹ്്മദ് 13717).
യഥാർത്ഥ പ്രവാചക സ്‌നേഹം സാക്ഷാൽക്കരിക്കപ്പെടുന്നത് നിഷ്‌കളങ്കമായി പ്രവാചക ചര്യകൾ സ്വജീവിതത്തിൽ പകർത്തുമ്പോഴാണ്. ഒരിക്കൽ ശൗബാൻ (റ) നബി സന്നിധിയിൽ വന്ന് പറഞ്ഞു: നബിയേ, അല്ലാഹുവാണേ സത്യം ഞാൻ സ്വന്തത്തേക്കാളും, എന്റെ കുടുംബത്തെക്കാളും, എന്റെ മക്കളേക്കാളും അങ്ങയെ സ്‌നേഹിക്കുന്നു. ഞാൻ എന്റെ വീട്ടിലിരിക്കുമ്പോഴും അങ്ങയെ ഓർക്കാറുണ്ട്. അങ്ങനെ ഞാൻ അങ്ങയുടെ തിരുസന്നിധിയിൽ വന്ന് ദർശിക്കും വരെ എനിക്ക് സമാധാനമില്ല. ഞാൻ എന്റെ മരണത്തെക്കുറിച്ചും അങ്ങയുടെ മരണത്തെക്കുറിച്ചും ഓർത്താൽ ഏറെ ചിന്താനിമഗ്നനാവും. എന്തെന്നാൽ അങ്ങ് സ്വർഗത്തിൽ പ്രവേശിച്ചാൽ മറ്റു നബിമാരോടൊപ്പം ഉന്നത സ്ഥാനത്തായിരിക്കും. ഞാൻ സ്വർഗത്തിൽ പ്രവേശിച്ചാൽ അങ്ങയെ കാണാനാവില്ലെന്ന് ഭയപ്പെടുന്നു. ഇതു കേട്ട് നബി (സ്വ) ഒരു മറുപടിയും പറഞ്ഞില്ല. ആ സമയത്ത് അല്ലാഹു ജിബ് രീൽ (അ) മാലാഖ മുഖേന സൂറത്തുന്നിസാഇലെ 69ാം ആയത്ത് അവതരിപ്പിക്കുകയുണ്ടായി. 'അല്ലാഹുവിനെയും തിരുദൂതരെയും ആര് അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാർ, സിദ്ധീഖുകൾ, രക്തസാക്ഷികൾ, സദ് വൃത്തർ എന്നിവരോടൊപ്പമായിരിക്കും. എത്രയും മെച്ചപ്പെട്ട കൂട്ടുകാരേ്രത അവർ' എന്നാണ് ആ ഖുർആനിക സൂക്തം അർത്ഥമാക്കുന്നത് (ഹദീസ് ത്വബ്‌റാനി 1/150).
സ്വർഗത്തിൽ പ്രവാചക സഹവാസം ഉറപ്പുവരുത്താൻ സത്യവിശ്വാസി ഇസ്ലാം മതത്തിന്റെ പഞ്ചസ്തംഭങ്ങളായ ഇസ്ലാം കാര്യങ്ങൾ യഥാവിധി അനുവർത്തിക്കേണ്ടിയിരിക്കുന്നു. ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്ന് പറഞ്ഞു: റസൂലേ, ഞാൻ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും അങ്ങ് അല്ലാഹുവിന്റെ ദൂതരാണെന്നും സാക്ഷ്യം വഹിക്കുന്നു. അഞ്ചുനേരങ്ങളിലുള്ള നിർബന്ധ നമസ്‌ക്കാരങ്ങളും നിലനിർത്തുന്നു. ധനത്തിൽ നിന്ന് സക്കാത്ത് നൽകുന്നു. റമദാൻ മാസം വ്രതവും അനുഷ്ഠിക്കുന്നു. അപ്പോൾ നബി (സ്വ) പറഞ്ഞു: ഒരാൾ ഈയവസ്ഥയിൽ മരിച്ചാൽ അവൻ അന്ത്യനാളിൽ നബിമാർ, സിദ്ധീഖുകൾ, രക്തസാക്ഷികൾ എന്നിവരോടൊപ്പം ഇങ്ങനെയായിരിക്കും (രണ്ടുവിരലുകൾ ചേർത്തിക്കാണിച്ചു കൊണ്ട്), അവൻ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിട്ടില്ലെങ്കിൽ (ഹദീസ് അഹ്്മദ് 24478). അതായത് ഒരാൾ മാതാപിതാക്കൾക്ക് നന്മകൾ ചെയ്യുന്നതോടൊപ്പം നിർബന്ധ ആരാധനാനുഷ്ഠാനങ്ങൾ നിലനിർത്തിയാൽ സ്വർഗത്തിൽ നബി (സ്വ)യോടൊപ്പം കൂടാമെന്നുറപ്പിക്കാം.
നമസ്‌ക്കാരമാണ് ഇസ്ലാം കാര്യങ്ങളിൽവെച്ച് ഏറ്റവും പ്രധാന കർമ്മം. നിർബന്ധ നമസ്‌ക്കാരങ്ങൾ നിലനിർത്തുകയും ഐഛിക നമസ്‌ക്കാരങ്ങൾ അധികരിപ്പിക്കുകയും ചെയ്താൽ സ്വർഗത്തിൽ പ്രവാചകരുടെ (സ്വ) സഹവാസിയാകാം. റബീഅത്തു ബ്‌നു കഅ്ബുൽ അസ്ലമി (റ) ചെന്നപ്പോൾ നബി (സ്വ) ചോദിച്ചു: നിനക്ക് വേണ്ടത് ചോദിക്കുക. റബീഅത്ത് (റ) പറഞ്ഞു: സ്വർഗത്തിൽ ഞാൻ തങ്ങളുടെ സാമീപ്യം കൊതിക്കുന്നു. അപ്പോൾ ചോദിച്ചു: വേറെ വല്ലതും? അദ്ദേഹം പറഞ്ഞു: അതു തന്നെ മതി. നബി (സ്വ) മറുപടി പറഞ്ഞു: എന്നാൽ നീ സുജൂദ് അധികരിപ്പിച്ചുകൊള്ളുക (ഹദീസ് മുസ്ലിം 489). സ്വഭാവ മഹിമ കൊണ്ടും സ്വർഗത്തിൽ തിരുനബി (സ്വ)യുടെ സാമീപ്യം നേടാനാവും. അബ്ദുല്ലാ ബ്‌നു അംറ് ബ്‌നു ആസ്വ് (റ) പറയുന്നു: ഒരിക്കൽ നബി (സ്വ) പറഞ്ഞു: നിങ്ങളിൽ വെച്ച് അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തിരിക്കുന്നതും എനിക്ക് കൂടുതൽ ഇഷ്ടമുള്ളതും ആരെന്ന് പറഞ്ഞുതരട്ടയോ??? എല്ലാവരും നിശബ്ദരായി. നബി (സ്വ) ഈ ചോദ്യം രണ്ടു മൂന്നു പ്രാവശ്യം ആവർത്തിച്ചു. അവർ പറഞ്ഞു: പറഞ്ഞാലും നബിയേ. നബി (സ്വ) തുടർന്നു: നിങ്ങളിലെ സൽസ്വഭാവികളാണവർ (ഹദീസ് ബുഖാരി 272, അഹ്്മദ് 6906). കാരണം സ്വഭാവഗുണങ്ങളാണ് സമൂഹത്തിന്റെ കെട്ടുറപ്പും സ്‌നേഹഭദ്രതയും നിലയുറപ്പിക്കുന്നത്.
പെൺമക്കളെ വളർത്തി പരിപാലിക്കൽ, സഹോദരിമാർക്ക് ഗുണം ചെയ്യൽ മുതലായ സൽപ്രവർത്തനങ്ങൾക്കൊണ്ടും സ്വർഗത്തിൽ പ്രവാചകരോടൊപ്പം കൂടാം. അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി (സ്വ) പറയുന്നു: ഒരാൾ രണ്ടു പെൺമക്കളെയോ, രണ്ടോ മൂന്നോ സഹോദരിമാരെയോ അവർ വിവാഹിതരാവുന്നത് വരെയോ മരിക്കുന്നത് വരെയോ സംരക്ഷിച്ചു പരിപാലിച്ചാൽ അവനും ഞാനും ഇതുപോലെ (നബി (സ്വ) ചൂണ്ടുവിരലും നടുവിരലും അടുപ്പിച്ച് കാണിച്ചുക്കൊടുത്തു) (ഹദീസ് അഹ്്മദ് 12498). സ്വർഗത്തിൽ നബി (സ്വ)യുടെ കൂടെ കൂട്ടാൻ അവസരമൊരുക്കുന്ന മറ്റൊരു പ്രധാന സൽക്കർമ്മമാണ് അനാഥ സംരക്ഷണം. അനാഥകളുടെ പരിപാലനം ഏറ്റെടുക്കുകയും ആവശ്യകാര്യങ്ങൾ ചെയ്തു കൊടുക്കുകയും അവരുടെ ധനം സംരക്ഷിക്കുകയും വേണം. ഞാനും യതീമിനെ സംരക്ഷിക്കുന്നവനും ഇപ്രകാരമാണെന്ന് നടുവിരലും ചൂണ്ടുവിരലും ചേർത്തിവെച്ച് കാണിച്ചുക്കൊണ്ട് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി 5304, തുർമുദി 1918).
സ്വർഗത്തിൽ നബി(സ്വ) യോടൊപ്പം കൂടാൻ മേൽപറഞ്ഞ സൽഗുണങ്ങളോടൊപ്പം നിരന്തരമായ പ്രാർത്ഥനയും വേണം. നമസ്‌ക്കരിച്ച് പ്രാർത്ഥിക്കാനൊരുങ്ങിയ അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നോട് നബി (സ്വ) പറഞ്ഞത് : 'താങ്കൾ അല്ലാഹുവിനോട് ചോദിക്കുക, അവൻ നിനക്കത് നൽകിയിരിക്കും'. അപ്പോൾ അദ്ദേഹം അല്ലാഹുവിനോട് പതറാത്ത സത്യവിശ്വാസത്തിനും നിലക്കാത്ത അനുഗ്രഹത്തിനും സ്വർഗത്തിന്റെ ഉച്ചിയിൽ പ്രവാചകരുടെ (സ്വ) സാമീപ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയുണ്ടായി (ഹദീസ് അഹ്്മദ് 4428). കൂടെ പ്രവാചക സ്‌നേഹത്തിന്റെ അവിഭാജ്യ ഘടകമായ സ്വലാത്ത് അധികരിപ്പിച്ചുകൊണ്ടും ഈ സ്വർഗസാമീപ്യം കൈവരുത്താം. നബി (സ്വ) പറയുന്നു: നിങ്ങൾ എല്ലാം വെള്ളിയാഴ്ച ദിവസവും എന്റെ മേൽ സ്വലാത്ത് അധികരിപ്പിക്കുക. എന്റെ സമുദായത്തിന്റെ സ്വലാത്തുകൾ എല്ലാ വെള്ളിയാഴ്ചകളിലും എനിക്ക് വെളിവാക്കപ്പെടും. എന്റെ മേൽ സ്വലാത്ത് അധികരിപ്പിച്ചവൻ എന്നോട് ഏറ്റവും അടുത്തവനായിരിക്കും (ഹദീസ് ബൈഹഖി 3/249).