യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/01/2019
വിഷയം: ഏവർക്കും ഗുണം ആഗ്രഹിക്കുന്നവനാണ് അല്ലാഹു
സർവ്വാധിപനായ അല്ലാഹു അവന്റെ ഹിതപ്രകാരം കാലചക്രം കറക്കിക്കൊണ്ടിരിക്കുകയാണ്. സൃഷ്ടിപ്പ്, സംരക്ഷണം, സംഹാരം എല്ലാം അവന്റെ ഇഷ്ടം. മനുഷ്യർക്ക് ഇഹത്തിലും പരത്തിലും ഗുണകരമായത് മാത്രമാണ് അവൻ കരുതിവെച്ചിരിക്കുന്നത്. ഇരു ലോക വിജയത്തിനു തന്നെയാണ് അവൻ ഇസ്ലാമെന്ന സത്യമതം സംവിധാനിച്ചിരിക്കുന്നത്. എക്കാലത്തെയും മനുഷ്യർക്ക് ദൈവാനുസരണയിലൂടെയും ദൈവാരാധനയിലൂടെയും നന്മ കൈവരുത്തണമെന്നാണ് രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾക്കു വിഷയങ്ങൾ പ്രതിപാദിക്കാനും പശ്ചാത്താപം സ്വീകരിക്കാനും പൂർവ്വികരുടെ ഉദാത്ത ചര്യകൾ കാണിച്ചുതരാനും അല്ലാഹു ഉദ്ദേശിക്കുന്നു. അവൻ എല്ലാം അറിയുന്നവനും യുക്തിമാനുമത്രെ (ഖുർആൻ, സൂറത്തുന്നിസാഅ് 26)
അടിമകൾ ചൊവ്വായ പാതയിലൂടെ സന്മാർഗ ദർശിക്കണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നതും അനുശാസിക്കുന്നതും. അതിന് വേണ്ടിയാണല്ലൊ അവൻ പ്രവാചകന്മാരെ നിയോഗിച്ചതും വിശുദ്ധ ഖുർആൻ അവതരിപ്പിച്ചതും. അല്ലാഹു പറയുന്നു: സ്പഷ്ടമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഈ ഖുർആൻ നാമവതരിപ്പിച്ചു. താനുദ്ദേശിക്കുന്നവരെ അല്ലാഹു സന്മാർഗത്തിലേക്ക് നയിക്കുന്നതാണ് (സൂറത്തുൽ ഹജജ്് 16). അല്ലാഹു ഒരാൾക്കു നേർവഴി കാണിക്കാൻ ഉദ്ദേശിച്ചാൽ അയാളുടെ ഹൃദയത്തിലേക്ക് ഇസ്ലാം ദീനിനെ വിശാലമാക്കിക്കൊടുക്കുമെന്ന് ഖുർആൻ സൂറത്തുൽ അൻആം 125ാം സൂക്തത്തിലൂടെ വിശദീകരിക്കുന്നുണ്ട്. അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അയാളെ ഇസ്ലാം മതത്തിൽ പണ്ഡിതനാക്കുമെന്ന് മുഹമ്മദ് നബി (സ്വ)യും പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). മാത്രമല്ല, ഉപകാരപ്രദമായ വിജ്ഞാനം ആർജിക്കാനും പ്രവാചകാഹ്വാനമുണ്ട്. യഥാർത്ഥ ജ്ഞാനാർജനത്തിലൂടെ മാത്രമാണ് മനുഷ്യൻ സ്രഷ്ടാവിനും സൃഷ്ടികൾക്കും ചെയ്തുതീർക്കേണ്ട ബാധ്യതകൾ യഥാവിധി മനസ്സിലാക്കുന്നത്.
തീർച്ചയായും അല്ലാഹു ഇസ്ലാമിക വിധിവിലക്കുകൾ ക്ലേശകരമല്ലാത്ത വിധം എളുപ്പമായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത് (സൂറത്തുൽ ബഖറ 185). നിങ്ങൾക്ക് എന്തെങ്കിലും വിഷമമുണ്ടാകണമെന്നു അല്ലാഹു ഉദ്ദേശിക്കുന്നില്ല (സൂറത്തുൽ മാഇദ 6). ആവതുള്ളത് മാത്രമാണ് അല്ലാഹു കീർത്തിക്കുന്നത്. തനിക്ക് അല്ലാഹു നൽകിയതല്ലാതെ ചെലവു ചെയ്യാൻ ഒരാളെയും അവൻ നിർബന്ധിക്കുകയില്ല. പ്രയാസത്തിനു ശേഷം അവൻ ആയാസരാഹിത്യം ഉണ്ടാക്കിക്കൊടുക്കുന്നവനാണ് (സൂറത്തു ഥ്ഥലാഖ് 07). അടിമകൾക്ക് എളുപ്പമായതാണ് അല്ലാഹുവിനിഷ്ടവും. നബി (സ്വ) പറഞ്ഞിരിക്കുന്നു: മതത്തിൽ ഏറ്റവും എളുപ്പമായതാണ് ഏറ്റവും ശ്രേഷ്ഠം. കാരണം അനായാസമാക്കിക്കൊടുക്കുന്ന കാര്യങ്ങളിൽ അല്ലാഹുവിന്റെ കരുണക്കടാക്ഷമുണ്ടാവും. അല്ലാഹു തന്നെ പറയുന്നു: അല്ലാഹുവിന്റെ ആഗ്രഹം നിങ്ങൾക്കും ഭാരം ലഘൂകരിക്കണമെന്നാണ്. ദുർബലനായാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (സൂറത്തുന്നിസാഅ് 28).
നീതി ഉദാത്തമായ ഗുണമൂല്യമാണ്. പ്രപഞ്ചത്തിലെ സകല ചരാചര സൃഷ്ടികൾക്കും നീതി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നവനാണ് സ്രഷ്ടാവായ അല്ലാഹു. നിശ്ചയം അല്ലാഹു അനുശാസിക്കുന്നത് നീതി പാലിക്കാനാണ് (സൂറത്തു ന്നഹ് ല് 90). അല്ലാഹു അക്രമം ഉദ്ദേശിക്കുന്നേയില്ല. സൃഷ്ടികളോട് ദ്രോഹം ചെയ്യാൻ അവൻ ഉദ്ദേശിക്കുന്നില്ല (സൂറത്തു ആലുഇംറാൻ 108). ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ അടിമകളേ, നിശ്ചയം ഞാൻ എനിക്ക് അക്രമം നിഷിദ്ധമാക്കിയതാണ്. നിങ്ങൾക്കും ഞാൻ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങൾ ആരോടും അക്രമം കാട്ടരുത് (ഹദീസ് മുസ്ലിം 2577). നീതിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് അല്ലാഹു നബി (സ്വ)യെ അയച്ചിരിക്കുന്നത്. നിങ്ങൾക്കു മധ്യേ നീതി പ്രവർത്തിക്കാൻ ഞാൻ ശാസിക്കപ്പെട്ടിരിക്കുന്നുവെന്ന് നബി (സ്വ) പറഞ്ഞതായി ഖുർആൻ സൂറത്തു ശ്ശൂറാ 15ാം സൂക്തത്തിലൂടെ ഉദ്ധരിക്കുന്നുണ്ട്. നബി (സ്വ) അവകാശ സംരക്ഷണത്തിനും നീതി നിർവ്വഹണത്തിനുമായി നിയോഗിതരായ അന്ത്യപ്രവാചകരാണല്ലൊ.
സമൂഹത്തിലെ ഓരോ കുടുംബത്തിലും വ്യക്തിയിലും ദയാവായ്പും കാരുണ്യവർഷവുമുണ്ടാവാൻ അല്ലാഹു ആഗ്രഹിക്കുന്നുണ്ട്. നബി (സ്വ) പറയുന്നു: അല്ലാഹു ഒരു വീട്ടുകാർക്ക് നന്മ ഉദ്ദേശിച്ചാൽ അവരുടെ ഹൃദയങ്ങളിൽ അലിവ് ഇട്ടുനൽകും (ഹദീസ് അഹ്മദ് 24427). അലിവ് മഹാ നന്മയാണ്. ആ നന്മ സിദ്ധിച്ചാൽ നന്മ മുഴുവനായും സിദ്ധിച്ചുവെന്നാണ് നബി (സ്വ) മറ്റൊരിക്കൽ പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 2013).
ഉള്ളതുകൊണ്ട് തൃപ്തിയടയൽ അല്ലാഹു അടിമകൾക്ക് ഉണ്ടാവാൻ ആഗ്രഹിക്കുന്ന നല്ലൊരു ഗുണമാണ്. അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അയാളുടെ മനസ്സിൽ ഐശ്വര്യവും ഹൃദയത്തിൽ സൂക്ഷ്മതയും നൽകുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 6217). അല്ലാഹു ഉദ്ദേശിക്കും പ്രകാരം നല്ല ഉദ്ദേശ്യത്തോടെ അനുസരണയിൽ ജീവിക്കുമ്പോഴാണ് ജീവിതവിജയം സാധ്യമാവുന്നത്. ഒരാൾക്ക് അല്ലാഹു ഗുണം വിചാരിച്ചാൽ അയാൾക്ക് നന്മകൾ അനുവർത്തിക്കാനുള്ള സൗഭാഗ്യം ഏകിയിരിക്കുമെന്നും നബി വചനമുണ്ട് (ഹദീസ് തുർമുദി 2142).
അല്ലാഹുവിന്റെ ഉദ്ദേശ്യം (ഇറാദത്ത്) എല്ലാവരുടെയും ഉദ്ദേശ്യങ്ങൾക്ക് മീതെയാണ്. അവനൊന്ന് വിചാരിച്ചാൽ ഒരു നിമിഷം പോലും ആവശ്യമില്ല അതു പുലരാൻ. താൻ എന്തെങ്കിലുമൊന്ന് ഉദ്ദേശിച്ചാൽ 'ഉണ്ടായിക്കൊള്ളുക' എന്ന് കൽപിക്കുകയാണ് അവന്റെ രീതി. തത്സമയം അത് സംഭവിക്കുന്നു (സൂറത്തു യാസീൻ 82). ഉദ്ദേശിക്കുന്നതെന്തും പൂർണമായി അനുവർത്തിക്കുവനുമാണവൻ (സൂറത്തു ബുറൂജ് 16).

