യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 11/01/2019
വിഷയം: ഇസ്ലാമിൽ സഹോദരന്റെ സ്ഥാനം
മാതൃത്വത്തിനും പിതൃത്വത്തിനും ശ്രേഷ്ഠ പദവി നൽകുന്ന ഇസ്ലാം മതം മറ്റു കുടുബ ബന്ധങ്ങൾക്കും സ്ഥാനം വകവെച്ചു നൽകുന്നുണ്ട്. അതിൽ പ്രധാനമാണ് സഹോദര ബന്ധം. മൂസാ നബി (അ)ക്ക് ദീനി പ്രബോധന വീഥിയിൽ ഊർജ്ജം പകരാൻ സഹോദരൻ ഹാറൂന് (അ) പ്രവാചകത്വം നൽകിയത് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: നമ്മുടെ കാരുണ്യത്താൽ സ്വസഹോദരൻ ഹാറൂനെ പ്രവാചകനായി നൽകുകയുമുണ്ടായി (സൂറത്തു മർയം 53). സംസാരത്തിൽ ഇടർച്ച നേരിട്ട മൂസാ നബി (അ) തനിക്ക് സഹായിയായി സഹോദരനെ നിയോഗിക്കണമെന്ന് പ്രാർത്ഥിക്കുകയായിരുന്നു: എന്റെ കുടുംബത്തിൽ നിന്ന് സ്വസഹോദരൻ ഹാറൂനെ സഹായിയായി ഏർപ്പെടുത്തുകയും അദ്ദേഹം എനിക്ക് ദൃഡശക്തിയേകുകയും എന്റെ ദൗത്യത്തിൽ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്താലും (സൂറത്തു ത്വാഹാ 29, 30, 31, 32). പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് അല്ലാഹു മൂസാ നബി (അ)യെ അറിയിക്കുകയുമുണ്ടായി: സ്വസഹോദരൻ വഴി നിങ്ങൾക്ക് നാം പിൻബലമേകുകയും ഒരു അജയ്യ ശേഷി നിങ്ങളിരുവർക്കും നാം തരികയും ചെയ്യും (സൂറത്തു ഖസ്വസ് 35). മൂസാ നബി (അ) ഹാറൂനെ (അ) തെരഞ്ഞെടുക്കുക മാത്രമല്ല ചെയ്തത്, സഹോദരന്റെ പാപമോക്ഷത്തിനും കാരുണ്യത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഖുർആൻ സൂറത്തുൽ അഅ്‌റാഫ് 151 ാം സൂക്തത്തിൽ കാണാം. ആ സഹോദര ബന്ധം ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ഊഷ്മളമായിരുന്നു. അവർ പരസ്പരം താങ്ങും തണലുമായിരുന്നു. ഇരുവരും നബിമാരായി ക്കൊണ്ട് ആ ബന്ധം സുദീർഘമായി തുടരുകയും ചെയ്തു.
സാധ്യമായ എല്ലാ നന്മകളിലും കൈക്കോർക്കേണ്ടവരാണ് സഹോദരങ്ങൾ. ആപൽഘട്ടങ്ങളിലും പ്രതിസന്ധി സമയങ്ങളിലും പ്രതിരോധത്താലും സമാശ്വാസത്താലും പരസ്പരം ആത്മവിശ്വാസം പകരേണ്ടവരാണവർ. കുടുംബത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും ഉപോൽബലകവുമാണ് സഹോദര ബന്ധം. ഉമ്മ, ഉപ്പ, സഹോദരി എന്നിവർക്ക് ശേഷം ഓരോർത്തരും ഏറെ കടപ്പെട്ടിരിക്കുന്നത് സഹോദരനോടാണ്. സഹോദര ബന്ധം എങ്ങനെയുമാവട്ടെ (ഒരേ മാതാപിതാക്കളുടെ മക്കളാവട്ടെ, അല്ലെങ്കിൽ ഒരേ ഉപ്പയുടെ മക്കളാവട്ടെ, ഒരേ ഉമ്മയുടെ മക്കളാവട്ടെ. മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരനാണെങ്കിലും ശരി). നബി (സ്വ) പറയുന്നു: നീ നിന്റെ ഉമ്മക്കും ഉപ്പക്കും സഹോദരിക്കും സഹോദരനും ഗുണം ചെയ്യണം. ശേഷം ഓരോ കുടുംബക്കാരോട് ക്രമമായി ഗുണം ചെയ്യണം (അൽ മുസ്തദ്‌റഖ് 7245).
സഹോദനെ സന്ദർശിക്കുക, വിട്ടൂ കൂടുംബകാര്യങ്ങൾ അന്വേഷിക്കുക, കുശലാന്വേഷണം നടത്തുക, സ്‌നേഹ പ്രകടനം നടത്തുക, സന്തോഷത്തിലും ദുഖത്തിലും പങ്കാളിയാവുക, ഇടക്കിടെ ബന്ധം ചേർത്തിക്കൊണ്ടിരിക്കുക മുതലായവ സഹോദരനിൽ ഉണ്ടാവേണ്ട ഗുണങ്ങളാണ്. സഹോദരങ്ങളെന്നാൽ ഒരേ രക്തം സിരകളിലൊഴുകുന്ന, ഒരേ വീട്ടിൽ വളർന്നവരാണല്ലൊ. ആ ബന്ധം വളരെ വളരെ ആർദ്രമായിരിക്കും. കുഞ്ഞു നാളുകളിലെയും ബാല്യ കൗമാര ഘട്ടങ്ങളിലെയും അനുഭവങ്ങൾ അമര ഓർമകളായി അവരെ ബന്ധിപ്പിച്ചുക്കൊണ്ടിരിക്കുകയായിരിക്കും.
തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നിടത്താണ് യഥാർത്ഥ സഹോദര ബന്ധം ജനിക്കുന്നത്. ഒരിക്കൽ നബി (സ്വ) ഒരു അനുയായിയോട് ചോദിക്കുകയുണ്ടായി: നീ സ്വർഗത്തെ ആഗ്രഹിക്കുന്നുവോ? സ്വഹാബി പറഞ്ഞു: അതെ. അപ്പോൾ നബി (സ്വ) പറഞ്ഞു: എന്നാൽ നീ നിനക്ക് ആഗ്രഹിക്കുന്നത് നിന്റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കണം (ഹദീസ് അഹ്്മദ് 17107). തന്റെ സഹോദരന്റെ നല്ല ആഗ്രഹങ്ങൾ സാക്ഷാൽക്കരിച്ചുക്കൊടുക്കാൻ ഓരോർത്തരും കടപ്പെട്ടിരിക്കുന്നു. വലീദു ബ്‌നു വലീദ് (റ) തന്റെ സഹോദരൻ ഖാലിദു ബ്‌നു വലീദിനെ (റ) സത്യമതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതുകയുണ്ടായി. ഖാലിദ് (റ) കത്ത് കിട്ടിയ ഉടനെ നബി (സ്വ)യുടെ സന്നിധിയിലേക്ക് ചെന്ന് സലാം പറഞ്ഞ് മുസ്ലിമാവുകയായിരുന്നു. താൻ സിദ്ധിച്ച സന്മാർഗ ദർശനം തന്റെ സഹോദരനും വേണമെന്ന ബോധ്യമാണ് വലീദി (റ)ന് ഈ കത്തെഴുതാൻ പ്രേരകമായത്. സഹോദരന്റെ ആഗ്രഹം സഫലമാക്കി വിജയപാത തെരഞ്ഞെടുക്കാൻ ഖാലിദി (റ)നും സാധിച്ചു.
സഹോദരൻ കണ്ണാടി പോലെയാണ്. കണ്ണാടിയിൽ വല്ല മാലിന്യമോ അഴുക്കോ കണ്ടാൽ നാമവ നീക്കി കളയുമല്ലൊ. അതുപോലെ തന്നെ സഹോദരനിൽ വല്ല തിന്മയും കണ്ടാൽ സദുപദ്ദേശത്തോടെ അതു മാറ്റിക്കൊടുക്കണം. സഹോദരൻ ഉപദേശം ആരാഞ്ഞാൽ നിസ്വാർത്ഥമായി ഉപദേശിക്കണമെന്നാണ് നബി വചനം (ഹദീസ് അഹ്മദ് 15455). സഹോദരന് നല്ലതും ചീത്തയും തരംതിരിച്ച് മനസ്സിലാക്കിക്കൊടുക്കണം. മുൻകോപമില്ലാത്ത വിധം സൗമ്യവും ആത്മാർത്ഥവുമായാണ് സഹോദരനെ ഉപദേശിക്കേണ്ടത്. കാര്യങ്ങളിൽ സഹോദരനോട് അഭിപ്രായം തേടുകയും വേണം. ഒരിക്കൽ അബ്ദുല്ല ബ്‌നുൽ മുബാറക്കി (റ)നോട് ഒരാൾ ചോദിച്ചു: മനുഷ്യനു നൽകപ്പെട്ടതിൽ അമൂല്യമായതെന്ത്? അബ്ദുല്ലാ (റ) മറുപടി പറഞ്ഞു: ബുദ്ധിശക്തി. അപ്പോൾ ചോദിച്ചു: അതില്ലെങ്കിലോ? മറുപടി പറഞ്ഞു: സ്വഭാവമര്യാദ. വീണ്ടും ചോദിച്ചു അതില്ലെങ്കിലോ? അപ്പോൾ മറുപടി പറഞ്ഞു: കാര്യങ്ങളിൽ അഭിപ്രായങ്ങൾ തേടുന്ന സഹോദരനാണ് മനുഷ്യന് നൽകപ്പെട്ടതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠം (കിതാബു സിയറി അഅ്‌ലാമിൽ നുബലാഅ് 7 376)
അനുജ സഹോദരൻ ജേഷ്ഠ സഹോദരനോട് അർഹമായ രീതിയിൽ സമ്പർക്കം പുലർത്തുകയും ബഹുമാനിക്കുകയും ചെയ്യണം. ബഹുമാനാദരവുകളുടെ കാര്യത്തിൽ പിതാവിനെ പോലെയാണ് ജേഷ്ഠസഹോദരൻ. മുതിർന്നവരെ ബഹുമാനിക്കാത്തവർ നമ്മളിൽപ്പെട്ടവരല്ല എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അഹ്്മദ് 6937, ത്വബ്‌റാനി 4812). ഉമർ ബ്‌നുൽ ഖത്വാബി (റ)ന്റെ ഒരു പേരക്കുട്ടി ഹദീസ് പഠനത്തിൽ അഗാധ പാണ്ഡിത്യമുള്ളയാളായിരുന്നു. അദ്ദേഹത്തോട് ആരെങ്കിലും ഒരു ഹദീസിനെ പ്പറ്റി ചോദിച്ചു വന്നാൽ ബഹുമാനാർത്ഥം സഹോദരന്റെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു.
ജേഷ്ഠ സഹോദരൻ അനുജ സഹോദരനോട് കരുണാമയനും വാത്സല്യവാനുമായിരിക്കണം. അവനെ ശ്രദ്ധിക്കുകയും നല്ലകാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യണം. ചെറിയവരോട് കരുണ കാണിക്കാത്തവർ നമ്മളിൽപ്പെട്ടവനല്ലെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂ ദാവൂദ് 4943, തുർമുദി 1919). സഹനവും സഹിഷ്ണുതയുമാണ് ഒരു സഹോദരന് കൈമുതലായി ഉണ്ടാവേണ്ടത്. സഹോദരങ്ങൾക്കിടയിൽ വല്ല അഭിപ്രായ വിത്യാസമോ തർക്കമോ സംഭവിച്ചാൽ പിശാചിന് ഇടയിൽ കയറി പ്രശ്‌നം സങ്കീർണമാക്കാൻ അവസരം നൽകാത്ത വിധം വിടുതിക്കും വിട്ടുവീഴ്ചക്കും തയ്യാറാവണം. വിട്ടുവീഴ്ചാ മനോഭാവം ഉൽകൃഷ്ട സ്വഭാവഗുണമാണല്ലൊ. ഒരു കുറ്റത്തിന്റെ പേരിൽ സഹോദരനെ ബഹിഷ്‌ക്കരിക്കരുതെന്നും ആ കുറ്റം കാരുണ്യവാനായ അല്ലാഹു അവന് പൊറുത്തുക്കൊടുത്തേക്കാമെന്നും പ്രമുഖ അറബി കവി മുഹമ്മദ് ബ്‌നു ഈസ ബ്‌നു ത്വൽഹ ബ്‌നു അബ്ദുല്ല പാടിയിട്ടുണ്ട്.
ഒരാൾ തന്റെ സഹോദരന്റെ ആഗ്രഹങ്ങൾ നേടിക്കൊടുക്കാൻ സ്‌നേഹപൂർവ്വം വർത്തിക്കുകയും സഹായിക്കുകയും വേണം. ആവശ്യഘട്ടങ്ങളിൽ പണം നൽകി ഉദാര മനസ്‌കതയും കാട്ടണം. നബി (സ്വ) പറഞ്ഞിട്ടുണ്ട് : നൽകുന്ന കൈ മഹോന്നതമാണ്. സ്വകുടുംബത്തിൽ നിന്ന് നൽകിത്തുടങ്ങേണ്ടത് :ആദ്യം ഉമ്മക്കും പിന്നെ ഉപ്പക്കും പിന്നെ സഹോദരിക്കും പിന്നെ സഹോദരനും നൽകണം (ഹദീസ് അഹ്മദ് 7105, നസാഈ 2532). സഹോദരങ്ങൾ പരസ്പരം ചെയ്യുന്ന സമ്മാനദാനങ്ങൾ ബന്ധത്തെ കൂടുതൽ കൂടുതൽ ദൃഢമാക്കാൻ ഉപകരിക്കും. സ്വഹാബികളിലെ സഹോദരങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറിയതായി ചരിത്രത്തിൽ കാണാം. ഇബ്‌നു ഉമർ (റ) പറയുന്നു: നബി (സ്വ) ഉമർ ബ്‌നു ഖത്വാബി (റ)ന് ഒരു നല്ല വസ്ത്രം അയച്ചുക്കൊടുക്കുകയുണ്ടായി. ഉമർ (റ) ആ വസ്ത്രം തന്റെ സഹോദരന് പാരതോഷികമായി നൽകുകയാണുണ്ടായത് (ഹദീസ് ബുഖാരി, മുസ്ലിം). കാരണം തനിക്ക് കിട്ടിയ സമ്മാനം തന്റെ സഹോദനും കൂടിയുള്ളതാണെന്ന് ചിന്തിച്ച മഹാ മനീഷിയാണ് ഉമർ (റ). സഹോദരന്റെ അഭാവത്തിൽ അവനു വേണ്ടി ചെയ്യുന്ന പ്രാർത്ഥനയാണ് സഹോദരന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. നബി (സ്വ) പറയുന്നു: ഒരു സത്യവിശ്വാസി തന്റെ സഹോദരന്റെ അസാന്നിധ്യത്തിൽ അവന് വേണ്ടി നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അന്നേരം അവന്റെ തലഭാഗത്ത് അവന്റെ കാര്യം ഏൽപ്പിക്കപ്പെട്ട ഒരു മാലാഖയുണ്ടാവും. സഹോദരന്റെ നന്മക്ക് പ്രാർത്ഥിക്കുമ്പോഴെല്ലാം ആ മാലാഖ ആമീൻ പറയുകയും 'നിനക്കും ആ നന്മയുണ്ടാവട്ടെയെന്ന്' പ്രാർത്ഥിക്കുകയും ചെയ്യും (ഹദീസ് മുസ്ലിം 2733)

