ഇനാബത്ത്: അല്ലാഹുവിലേക്കുള്ള ഖേദിച്ചു മടക്കം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 04/01/2019
വിഷയം: അല്ലാഹുവിലേക്കുള്ള ഖേദിച്ചു മടക്കം

ഖേദം പശ്ചാത്താപമാണ്. പാപങ്ങൾ സകലതും ഏറ്റുപറഞ്ഞ്, ഇനിയാവർത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നത് സത്യവിശ്വാസിയുടെ മഹനീയ ഗുണമാണ്. നാഥനിലേക്ക് ആശ്രയം തേടിക്കൊണ്ടുള്ള ഈ പശ്ചാത്താപ മടക്കത്തിന് അറബി ഭാഷയിൽ 'ഇനാബത്ത്' എന്നാണ് പറയുന്നത്. പരിശുദ്ധ ഖുർആൻ പ്രയോഗിച്ചതും ആ പദത്തിന്റെ വകഭേദങ്ങളാണ്. വിശ്വാസി ഏതു സമയത്തും ഏതു സന്ദർഭത്തിലും അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കാനും (തവക്കുൽ) അവനിലേക്ക് ഖേദം പ്രകടിപ്പിച്ച് മടങ്ങാനു (ഇനാബത്ത്)മാണ് ഇസ്ലാം മതത്തിന്റെ അനുശാസന.

പാപസുരക്ഷിതരായ പ്രവാചകന്മാർ പോലും ഇനാബത്ത് എന്ന ഗുണം സിദ്ധിച്ചവരാണ്. ഖുർആൻ പ്രത്യേകം എടുത്തുപറഞ്ഞിട്ടുമുണ്ട്. ഇബ്രാഹിം നബി (അ)യെ അല്ലാഹു പുകഴ്ത്തിപ്പറയുന്നുണ്ട്: നിശ്ചയം, ഇബ്രാഹിം നബി മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്തപിച്ചു മടങ്ങുന്നവനുമത്രെ (സൂറത്തു ഹൂദ് 75). ദാവൂദ് നബി (അ)യെ ക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇങ്ങനെ: നാമദ്ദേഹത്തെ പരീക്ഷതു തന്നെയാണെന്ന് ദാവൂദ് നബി മനസ്സിലാക്കുകയും സാഷ്ടാംഗത്തിലായി വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു (സൂറത്തു സ്വാദ് 24). ശുഐബ് നബി (അ) പറഞ്ഞതായി ഖുർആനിൽ ഉദ്ധരിക്കുന്നുണ്ട്: എന്റെ സഹായം അല്ലാഹുവിനെ ക്കൊണ്ട് മാത്രമാണ്, അവനിലേക്ക് ഞാൻ കാര്യങ്ങൾ ഭരമേൽപ്പിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു (സൂറത്തു ഹൂദ് 88).

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) പശ്ചാത്താപ പ്രാർത്ഥനകളും അല്ലാഹുവിലേക്ക് മുന്നിട്ടുക്കൊണ്ടുള്ള ഇനാബത്തും നിത്യമാക്കിയിരുന്നു. 'എന്റെ നാഥനായ അല്ലാഹു അവനാകുന്നു. അവങ്കലേക്കു ഞാൻ കാര്യങ്ങൾ ഭരമേൽപ്പിക്കുകയും വിനയാന്വിതനായി മടങ്ങുകയുമാണ്'എന്നാണ് നബി (സ്വ) പറഞ്ഞുക്കൊണ്ടിരുന്നത് (സൂറത്തു ശ്ശൂറാ 10). അല്ലാഹുവിനോട് നന്ദിയും സ്മരണയും അനുസരണയും വിനയവും വണക്കവുമുള്ള, സദാസമയം അവനിലേക്ക് മുന്നിട്ടു മടങ്ങുന്ന ആളാക്കണമെന്നാണ് നബി (സ്വ) പ്രാർത്ഥിച്ചിരുന്നത് (ഹദീസ് അഹ്മദ് 1997, അബൂ ദാവൂദ് 1510, തുർമുദി 3551, ഇബ്‌നു മാജ 3830).ഇനാബത്ത്് വിശേഷിതരായ പ്രവാചകന്മാരുടെ പാത പിൻതുടരണമെന്നാണ് അല്ലാഹുവിന്റെ കൽപന. അല്ലാഹു പറയുന്നു: എന്നിലേക്ക് മടങ്ങിയവരുടെ മാർഗമാണ് നീ അനുധാവനം ചെയ്യേണ്ടത് (സൂറത്തു ലുഖ്മാൻ 15).

സത്യവിശ്വാസി പതിവായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയാൽ മുനീബീങ്ങളിൽ (ഇനാബത്ത് ചെയ്യുന്നവർ) പ്പെട്ടവനായിത്തീരും. അക്കാരണത്താൽ അവന്റെ പശ്ചാത്താപം സ്വീകരിക്കുകയും അനുഗ്രഹങ്ങൾ തുടരെ തുടരെ വർഷിക്കുകയും ചെയ്യും. ഒരു ഖുദ്‌സിയ്യായ ഹദീസിൽ കാണാം, നബി (സ്വ) പറയുന്നു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഞാൻ എന്റെ അടിമ വിചാരിക്കും പ്രകാരമായിരിക്കും. എന്നെയവൻ സ്മരിക്കുന്നിടത്ത് ഞാൻ അവനൊപ്പമുണ്ടാവും. തീർച്ചയായൂം,  ഒരാൾക്ക് മരുഭൂമിയിൽ വെച്ച് നഷ്ടപ്പെട്ട ഒട്ടകം തിരിച്ചുകിട്ടിയാൽ ഉണ്ടാവുന്ന സന്തോഷത്തേക്കാൾ എനിക്ക് എന്റെ അടിമ പശ്ചാത്തപിച്ചാലുണ്ട്. അടിമ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കും. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവനിലേക്ക് നാലുമുഴം അടുക്കും. അവൻ എന്നിലേക്ക് നടന്ന് മുന്നിട്ടാൽ ഞാൻ അവനിലേക്ക് ഓടി മുന്നിടും (ഹദീസ് മുസ്ലിം 2675).

സുഖ ദുഖ വേളകളിൽ അല്ലാഹുവിലേക്ക് മുന്നിടുന്നവരാണ് മുനീബീങ്ങൾ. നമസ്‌ക്കാരങ്ങളും മറ്റു ആരാധനാ കർമ്മങ്ങളും അധികരിപ്പിച്ചു കൊണ്ടാണ് ആ മഹദ് പദവി കരസ്ഥമാക്കാനാവുക. ഇമാം ബുഖാരി (റ)യും ഇമാം മുസ്ലി (റ)മും റിപ്പോർട്ട് ചെയ്്ത ഹദീസിൽ അബ്ദുല്ലാ ബനു മസ്ഊദ് (റ) പറയുന്നു: ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്ന് താൻ ദോഷിയാണെന്ന് പറഞ്ഞു. അപ്പോൾ ഈ ഖുർആനിക സൂക്തം അവതരിക്കുകയുണ്ടായി: “പകലിന്റെ രണ്ടറ്റങ്ങളിലും  രാത്രിയിലെ ചില സന്ദർഭങ്ങളിലും താങ്കൾ യഥായോഗ്യം നമസ്‌ക്കാരം നിലനിർത്തുക. സൽകർമങ്ങൾ ദുഷ്‌കർമങ്ങളെ ഇല്ലായ്്മ ചെയ്യും. തീർച്ച. ചിന്തിക്കുന്നവർക്കിത് ഒരു ഉത്‌ബോധനമാണ് (സൂറത്തു ഹൂദ് 114)”. നമസ്‌ക്കരിക്കുന്നവനിലേക്ക് അല്ലാഹു മുന്നിടുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത്  (ഹദീസ് ഇബ്‌നു മാജ 1023) നബി (സ്വ) തങ്ങൾക്ക് വല്ല പ്രയാസവും സംഭവിച്ചാൽ നമസ്‌ക്കരിക്കുമായിരുന്നു (ഹദീസ് അബൂ ദാവൂദ് 1319). മാത്രമല്ല, രാത്രി നമസ്‌ക്കാരത്തിൽ സർവ്വതും അല്ലാഹുവിലേക്ക് ഭരമേൽപ്പിച്ചും അവനിലേക്ക് മുന്നിട്ടും പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു.

അർത്ഥം മനസ്സിലാക്കിയുള്ള ഖുർആൻ പാരായണം അല്ലാഹുവിലേക്ക് മടങ്ങിച്ചൊല്ലാനുള്ള ഹൃദയാനന്ദം നൽകുന്നതാണ്. ഒരിക്കൽ നബി (സ്വ) ബുറൈദ (റ)യെ കണ്ടുമുട്ടിയപ്പോൾ കൈപ്പിടിച്ച് പള്ളിയിലേക്ക്് കൊണ്ടുപോയി. അവിടെ ഒരാൾ ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. നബി (സ്വ) പറഞ്ഞു: അയാൾ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്ന വിശ്വാസിയാണ് (ഹദീസ് അഹ്്മദ് 22352, നസാഈ 10/139). അല്ലാഹുവിൻെ സൃഷ്ടിവൈഭവങ്ങളിലും പ്രപഞ്ച സംവിധാനങ്ങളിലും ചിന്തിച്ചാൽ അവനിലേക്ക് മുന്നിടാനും മടങ്ങിച്ചൊല്ലാനുമുള്ള മനസ്ഥിതി സാധ്യമാവും. വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: അവനാണ് തന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് കാണിച്ചുത്തരുന്നത്. അന്തരീക്ഷത്തിൽ നിന്ന് നിങ്ങൾക്കവൻ ഉപജീവനം ഇറക്കിത്തരുന്നുമുണ്ട്. അവങ്കലിലേക്കു മടങ്ങുന്നവരേ ചിന്തിച്ചു പാഠമുൾക്കൊള്ളുകയുള്ളൂ (സൂറത്തു ഗാഫിർ 13). തങ്ങൾക്കു മീതെയുള്ള ആകാശത്തേക്കവർ നോക്കുന്നില്ലേ? ഒരു വിടവുകളുമില്ലാതെ എങ്ങനെയാണ് നാമത്  നിർമ്മിച്ചിട്ടുള്ളതും അലങ്കരിച്ചിട്ടുള്ളതുമെന്ന് ?? ഭൂമിയാകട്ടെ, നാം പ്രവിശാലമാക്കുകയും  ദൃഡീകൃത പർവ്വതങ്ങൾ അതിൽ സ്ഥാപിക്കുകയും വശ്യമായ സർവ്വവിധ സസ്യലതാദിജോടികളും മുളപ്പിക്കുകയും ചെയ്തു. അല്ലാഹുവിലേക്ക് മടങ്ങുന്ന ഏതൊരടിമക്കും കണ്ടുഗ്രഹിക്കാനും ഓർക്കാനും വേണ്ടി (സൂറത്തു ഖാഫ് 6, 7, 8). ഖേദിച്ചു മടങ്ങുന്നവനിൽ (ഇനാബത്ത് ചെയ്യുന്നവനിൽ) സന്മാർഗ ദർശനം, നേരായ ചിന്ത, ഗാഹ്യശക്തി, ദീർഘവീക്ഷണം, ജാഗ്രത തുടങ്ങിയ വിശേഷ ഗുണങ്ങൾ കാണാം. മാത്രമല്ല ജീവിത വിജയമാർഗങ്ങൾ തെളിയുകയും ചെയ്യും. ഇനാബത്ത്് കാരണം അല്ലാഹു ഉപജീവനമേകുകയും ആയുസ്സ് ദീർഘിച്ചു നൽകുകയും ചെയ്യുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്്മദ് 14604).

ഖേദിച്ചു മടങ്ങുന്നവന് മഹത്തായ ദൈവാനുഗ്രഹങ്ങളും സ്വർഗീയാരാമങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അല്ലാഹു സുവിശേഷം അറിയിച്ചിട്ടുണ്ട്: പിശാചിനെ ആരാധിക്കുന്നത് വർജിക്കുകയും വിനയാന്വിതരായ അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്്തവർക്കാണ് ശുഭവൃത്താന്തം (സൂറത്തു സുമർ 17). ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയവർക്ക്് ദൂരെയല്ലാതെ സ്വർഗം സമീപസ്ഥമാക്കപ്പെടുന്നതാണ്. നന്നായി ഖേദിച്ചു മടങ്ങുകയും നിയമങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്്ത, അദൃശ്യതയിൽ പരമ കാരുണികനെ ലഭിക്കുകയും വിനയാന്വിത ഹൃദയവുമായി വരികയും ചെയ്്ത നിങ്ങൾക്കുള്ള സ്വർഗമിതാ. സമാധാന സമേതം നിങ്ങളതിൽ പ്രവേശിച്ചുക്കൊള്ളുക (സൂറത്തു ഖാഫ് 31, 32, 33, 34).

back to top