യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 28/12/2018
വിഷയം: ഹൃദയശുദ്ധിയുള്ളവർ
സത്യവിശ്വാസത്തിന്റെ കാതലാണ് ഹൃദയശുദ്ധി. സർവ്വ വിചാരങ്ങളുടെയും വികാരങ്ങളുടെയും കേദാരമായ ഹൃദയം സ്വാംശീക്കരിക്കുമ്പോഴാണ് വിശ്വാസ കാര്യങ്ങളും കർമ്മ നിർവ്വഹണങ്ങളും സ്വാർത്ഥകമാവുന്നത്. ഹൃദയസാന്നിധ്യത്തോടെയുള്ള കരുതൽ കൊണ്ട് മാത്രമാണല്ലൊ സൽകൃത്യങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുക. അറബി ഭാഷയിൽ ഹൃദയത്തിന് 'മാറിമറിയുന്നത്' എന്നർത്ഥമാക്കുന്ന 'ഖൽബ്' എന്ന പദമാണ് പ്രയോഗിക്കുന്നത്. നന്മയിലേക്കും തിന്മയിലേക്കും ചാഞ്ചാടുന്നത് കൊണ്ടാണത്. സാന്മാർഗിക മാർഗത്തിലേക്ക് ഹൃദയത്തെ മാറ്റിയെടുത്ത് സംസ്‌ക്കരിച്ചെടുത്തവനാണ് യഥാർത്ഥ വിശ്വാസി. ആരാധനാ സ്വീകര്യതയുടെ പ്രധാന മാനദണ്ഡവും ഹൃദയവിശുദ്ധിയാണ്. ശരീരങ്ങളിലേക്കല്ല, ഹൃദയങ്ങളിലേക്ക് നോക്കിയാണ് അല്ലാഹു പരീക്ഷിക്കുന്നത്.
സുരക്ഷിത ഹൃദയവുമായി അല്ലാഹുവിങ്കൽ ചെല്ലുന്നവർക്കല്ലാതെ അന്ത്യനാളിൽ ധനമോ സന്താനങ്ങളോ ഉപകാരപ്പെടില്ലെന്ന് പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട് (സൂറത്തു ശ്ശുഅറാഅ് 88, 89). സത്യവിശ്വാസിയുടെ ഹൃദയത്തിൽ നിന്ന് മാത്രമാണ് നന്മകൾ ഉത്ഭവിക്കുന്നതെന്ന് നബി (സ്വ)യും പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഒരിക്കൽ അനുചരന്മാർ നബി (സ്വ)യോട് ശ്രേഷ്ഠജനം ആരൊക്കെയെന്ന് ചോദിക്കുകയുണ്ടായി. നബി (സ്വ) മറുപടി പറഞ്ഞു: സംശുദ്ധ ഹൃദയവും സത്യസന്ധ നാവുമുള്ള ഏവരും ശ്രേഷ്ഠരാണ്. അവർ സംശയമുന്നയിച്ചു: സത്യസന്ധമായ നാവ് മനസ്സിലായി, സംശുദ്ധ ഹൃദയമുള്ളവൻ എന്നാൽ.. ??? നബി (സ്വ) പറഞ്ഞു: അസൂയയിൽ നിന്നും വൈരാഗ്യത്തിൽ നിന്നും മുക്തമായ, അക്രമ പാപ രഹിതനായ നിലയിൽ ഭയഭക്തിയുള്ളവനാണ് ഹൃദയശുദ്ധിയുള്ളവൻ (ഹദീസ് ഇബ്‌നു മാജ 4216). ഹൃദയത്തിൽ സത്യവിശ്വാസം രൂഢമൂലമാവണമെങ്കിൽ അസൂയ ഇല്ലാതിരിക്കണം. ഒരാളുടെ ഹൃദയത്തിൽ സത്യവിശ്വാസവും അസൂയയും ഒരുമിച്ചുണ്ടാവില്ലെന്നാണ് നബി വചനം (ഹദീസ് നസാഈ 3109, ഇബ്‌നു ഹിബ്ബാൻ 4606).
സത്യവിശ്വാസിയുടെ ഹൃദയം വിശുദ്ധവും ആർദ്രവുമായിരിക്കും. ആ ഹൃദയത്തെ ഏവരും നെഞ്ചേറ്റിയിരിക്കും. ഒരിക്കൽ സുഫ്‌യാൻ ബ്‌നു ദീനാർ (റ) അലിയ്യ് ബ്‌നു അബീ ത്വാലിബി (റ)ന്റെ ഒരു സഹചാരിയോട് ചോദിച്ചു: നമ്മുടെ മുൻഗാമികളുടെ പ്രവർത്തനങ്ങളെപ്പറ്റി പറഞ്ഞുതരുമോ? അദ്ദേഹം പറഞ്ഞു: അവർ കുറച്ചു പ്രവർത്തിക്കുകയും കൂടുതൽ പ്രതിഫലം നൽകപ്പെടുന്നവരുമായിരുന്നു. സുഫ്‌യാൻ (റ) ചോദിച്ചു: അതെങ്ങനെ? അദ്ദേഹം മറുപടി പറഞ്ഞു: കാരണം അവരുടെ ഹൃദയങ്ങൾ ശുദ്ധവും സുരക്ഷിതവുമായിരിക്കും. ഹൃദയശുദ്ധി ദിവ്യമായ വിശേഷണമാണ്. അതിന് പ്രഥമമായി വേണ്ടത് ദൈവസ്‌നേഹമാണ്. ദൈവസ്‌നേഹത്തിലൂടെയാണ് ഹൃദയം വിശ്വാസമാധുര്യം നുകരുന്നതും ശാന്തി സമാധാനപൂർണമാവുന്നതും. ഈമാനിന്റെ മാധുര്യം നുണക്കാൻ അനിവാര്യമായ കാര്യങ്ങളിൽ ദൈവസ്‌നേഹവും പ്രവാചക സ്‌നേഹവും നബി (സ്വ) എണ്ണിപ്പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ദൈവസ്‌നേഹമുള്ളവൻ ഹൃദയശുദ്ധിയാൽ ദൈവാനുശാസനകളും പ്രവാചകാധ്യാപനങ്ങളും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവനായിരിക്കും. അല്ലാഹുവിന്റെ മതചിഹ്നങ്ങൾ ഒരാൾ ആദരിക്കുന്നുവെങ്കിൽ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയിൽ നിന്നുത്ഭൂതമാകുന്നത് തന്നെയാണ് (ഖുർആൻ, സൂറത്തുൽ ഹജ്ജ് 32). ഹൃദയശുദ്ധിയുള്ളവർക്ക് മാത്രമാണ് സൽപന്ഥാവ് പുൽകി അല്ലാഹുവിന്റെ വിളിയാളത്തിന് ഉത്തരം നൽകാനും പ്രവാചക പാതയിൽ ധന്യമാവാനും ആവുകയുള്ളൂ. അല്ലാഹുവാണ് മനുഷ്യന്റെയും അവന്റെ ഹൃദയത്തിന്റെയുമിടക്ക് മറയിടുന്നത്. ആ അല്ലാഹുവിനെ അനുസരിക്കുന്നിടത്താണ് ഹൃദയം വിശുദ്ധമാവുന്നത്.
നമസ്‌ക്കാരം മനസ്സിന് ആശ്വാസമേകുന്ന ആരാധനാ കർമ്മമാണ്. അബ്ദുല്ലാ ബ്‌നു മുഹമ്മദ് ബ്‌നുൽ ഹനഫിയ്യ (റ) പറയുന്നു: ഒരിക്കൽ ഞാനും ഉപ്പയും ഒരു അൻസ്വാരി ബന്ധുവിനെ സന്ദർശിക്കാൻ പോയി. നമസ്‌ക്കാരസമയമായപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ അംഗശുദ്ധി വരുത്തി വരിക. നമ്മുക്ക് നമസ്‌ക്കരിച്ച് ആശ്വാസമുള്ളവരാകാം. ശേഷം പറഞ്ഞു: നബി (സ്വ) ബിലാലി (റ)നോട് നമസ്‌ക്കരിച്ച് ആശ്വാസം പകരാമെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് (ഹദീസ് ദാവൂദ് 4986). ഭയഭക്തിയോടെയുള്ള നമസ്‌ക്കാരം എത്ര ആശ്വാസദായകമാണ് ! നമസ്‌ക്കാരത്തിൽ മനസ്സ് ശാന്തമാവുകയും ചെയ്യും. നമസ്‌ക്കാരത്തിന്റെ അന്തസത്തയിൽ നിമഗ്നനായവന്റെ ഹൃദയത്തിൽ മറ്റൊന്നുമുണ്ടാവില്ല. സ്രഷ്ടാവിനെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരിക്കും. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ചിന്തിച്ചുക്കൊണ്ടുള്ള സാധാരണ രണ്ടു റക്അത്ത് നമസ്‌ക്കാരം അശ്രദ്ധനായിക്കൊണ്ടുള്ള ഒരു പൂർണ രാത്രി മുഴുനീളെയുള്ള നമസ്‌ക്കാരത്തെക്കാൾ പുണ്യകരമാണ്.
നിർബന്ധമായ സക്കാത്ത് ദാനവും സുന്നത്തായ ദാനധർമ്മവും മനസ്സിനെ ശുദ്ധീകരിക്കുന്ന പുണ്യപ്രവർത്തികളാണ്. അല്ലാഹു പറയുന്നുണ്ട്: അവരെ ശുദ്ധീകരിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്യുന്ന സക്കാത്ത് അവരുടെ സമ്പത്തിൽ നിന്ന് താങ്കൾ വാങ്ങുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക (ഖുർആൻ, സൂറത്തു ത്തൗബ 103). നബി (സ്വ) പറയുന്നു: ഒരിക്കലും ഒരാളുടെ ഹൃദയത്തിൽ സത്യവിശ്വാസവും പിശുക്കും ഒരുമിച്ചുണ്ടാവില്ല (ഹദീസ് ബുഖാരി 281, നസാഈ 3110, അഹ്മദ് 9693).
റമദാൻ വ്രതവും ഓരോ മാസവുമുള്ള മൂന്നുദിവസത്തെ സുന്നത്തു വ്രതവും ഹൃദയത്തെ സ്വാംശീകരിക്കുന്ന ആരാധനകളാണ്. ആ വ്രതങ്ങൾ വിദ്വേഷ ശത്രുതാ മനോഭാവങ്ങളെ ഇല്ലാതാക്കുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് അഹ്മദ് 23070). ഖുർആൻ പഠനം, പാരായണം, ഖുർആനികാധ്യാപനങ്ങൾ പ്രകാരമുള്ള അനുധാവനം മുതലായവ കൊണ്ട് മനസ്സുകൾ മാർഗഭ്രംശങ്ങളിൽപ്പെടാതെ ചൊവ്വായ വഴി പ്രാപിക്കും. ഖുർആനിൽ മനസ്സുകൾക്ക് മാർഗ ദർശനവും ശമനവുമുണ്ട് (ഖുർആൻ, സൂറത്തു യൂനുസ് 57). ഹൃദയസാന്നിധ്യമുണ്ടാവുകയോ മനസ്സിരുത്തി ചെവികൊടുത്ത് ശ്രവിക്കുകയോ ചെയ്യുന്നവന് ഖുർആനിൽ ഉൽബോധനവുമുണ്ട് (സൂറത്തു ഖാഫ് 37).
ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും വരുത്തുന്ന പ്രധാന കാര്യമാണ് ദൈവ സ്മരണ. ദൈവ സ്മരണ മനസ്സമാധാനം വരുത്തുമെന്ന് അല്ലാഹു തന്നെ ഉറപ്പുനൽകിട്ടുണ്ട് (ഖുർആൻ, സൂറത്തു റഅ്ദ് 28). ഇബ്‌നു അബ്ബാസ് (റ) പറയുന്നു: പിശാച് മനുഷ്യന്റെ ഹൃദയത്തെ വിടാതെ പിൻതുടർന്നുകൊണ്ടിരിക്കും. അവൻ അശ്രദ്ധനായാൽ ദുർബോധനം നൽകും. അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് പിൻവാങ്ങിപ്പോവും (ഹദീസ് അബൂദാവൂദ് 1/395). ഹൃദയ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന മറ്റൊരു മാർഗമാണ് പ്രാർത്ഥന. 'ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ, നീ എന്റെ ഹൃദയത്തെ നിന്റെ സത്യമതത്തിൽ സ്ഥിരപ്പെടുത്തി നിർത്തണേ' എന്നർത്ഥമാക്കുന്ന പ്രാർത്ഥനകൾ നബി (സ്വ) അധികരിപ്പിച്ചിരുന്നു (ഹദീസ് തുർമുദി 2140, 3407, ഇബ്‌നു മാജ 3834, മുസ്ലിം 2654, നസാഈ 1304).
ഹൃദയശുദ്ധി സ്വർഗത്തിലേക്കുള്ള മാർഗമാണ് വെട്ടിത്തെളിയിക്കുന്നത്. അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ നബി (സ്വ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി (സ്വ) പറഞ്ഞു: ഇപ്പോൾ നിങ്ങളുടെ അടുക്കൽ സ്വർഗത്തിലെ ഒരാൾ വരും. അപ്പോൾ തന്നെ അൻസ്വാറുകളിൽപ്പെട്ട ഒരാൾ വന്നു. പിറ്റേ ദിവസും നബി (സ്വ) അതുപോലെ പറയുകയും അതേ ആൾ വരികയും ചെയ്തു. മൂന്നാം ദിവസവും ഇത് ആവർത്തിച്ചു. നബി (സ്വ) സദസ്സിൽ നിന്ന് എഴുന്നേറ്റപ്പോൾ അബ്ദുല്ലാ ബ്‌നു അംറ് ബ്‌നു ആസ്വ് (റ) അയാളെ പിന്തുടരുകയും വീട്ടിൽ വിരുന്നിന് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ മൂന്നു രാത്രികളിൽ അദ്ദേഹത്തെ സൽക്കരിച്ചു. അബ്ദുല്ലാ ബ്‌നു അംറ് (റ) പറയുന്നു: ഞാൻ അദ്ദേഹത്തെ രാത്രി നമസ്‌ക്കരിക്കുന്നതായി കണ്ടിട്ടില്ല. എന്നാൽ കിടക്കുന്ന വിരിപ്പിൽ നിന്ന് ദിക്‌റുകളും തക്ബീറുകളും ചെല്ലുമായിരുന്നു. ശേഷം ഫജ് ർ നമസ്‌ക്കാരത്തിനായി എഴുന്നേൽക്കും. അദ്ദേഹത്തിൽ നിന്ന് നല്ലതല്ലാതെ ഞാൻ കേട്ടിട്ടില്ല. മൂന്നാം രാത്രി കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: നബി (സ്വ) താങ്കളെപ്പറ്റി മൂന്നു ദിവസങ്ങളിലായി മൂന്നുപ്രാവശ്യം സ്വർഗസ്ഥനായ ഒരാൾ ഞങ്ങളുടെ സദസ്സിൽ വരുമെന്ന് പറഞ്ഞിരുന്നു. അതു പ്രകാരം മൂന്നുപ്രാവശ്യവും താങ്കളാണ് വന്നത്. അതിനാൽ താങ്കൾ എന്തെല്ലാം ചെയ്യുന്നതെന്ന് നോക്കാൻ എനിക്ക് ആഗ്രഹമുണ്ടായി. അപ്രകാരം എനിക്കും ചെയ്യണമല്ലൊ. താങ്കൾ കൂടുതൽ ആരാധനകൾ ചെയ്യുന്നതായൊന്നും ഞാൻ കണ്ടിട്ടില്ല. പിന്നെങ്ങനെയാണ് നബി (സ്വ) പറഞ്ഞ പ്രകാരം ആ സ്ഥാനം കൈവരിച്ചത് ? അദ്ദേഹം പറഞ്ഞു: താങ്കൾ കണ്ടത് തന്നെ ഞാൻ ചെയ്യാറുള്ളൂ. പക്ഷേ ഞാൻ ആരോടും വഞ്ചനയോ അസൂയയോ കൊണ്ടുനടക്കലില്ല. നല്ലത് അല്ലാഹു എനിക്ക് ഏകിട്ടുണ്ട്. അപ്പോൾ അബ്ദുല്ല (റ) പറഞ്ഞു: വഞ്ചനയും അസൂയയുമില്ലാത്ത മനസ്സാണ് താങ്കളെ ആ അതുല്യ സ്ഥാനത്തെത്തിച്ചത് (ഹദീസ് അഹ്മദ് 13034)

