യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/05/2019
വിഷയം: റമദാൻ വ്രതം
വിശുദ്ധിയുടെ വ്രതക്കാലമാണ് റമദാൻ മാസം. സ്വർഗക്കവാടങ്ങൾ തുറക്കപ്പെടുകയും പിശാചുക്കൾ ചങ്ങലകളിൽ ബന്ദിക്കപ്പെടുകയും ചെയ്യുന്ന ധന്യമാസം. ആയിരം മാസത്തേക്കാൾ പുണ്യകരമായ ലൈലത്തുൽ ഖദ്‌റെന്ന സവിശേഷ രാത്രിയുള്ള മാസം കൂടിയാണിത്. ഈയൊരു മാസക്കാലത്ത് വ്രതമനുഷ്ഠാനം സത്യവിശ്വാസിയുടെ നിർബന്ധാരാധനയാണ്. വ്രതം ഭക്തിയുണ്ടാക്കും. ഭക്തി സ്വർഗത്തിലെത്തിക്കും. മുൻകാല പ്രവാചകന്മാരുടെ സമുദായക്കാർക്ക് നിയമമാക്കപ്പെട്ടത് പോലെ മുഹമ്മദ് നബി (സ്വ)യുടെ ഉമ്മത്തായ നമ്മുക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നുവെന്നാണ് അല്ലാഹു ഖുർആൻ സൂറത്തുൽ ബഖറ183ാം സൂക്തത്തിലൂടെ വിളംബരം ചെയ്യുന്നത്. പ്രസ്തുത വ്രതമാണ് റമദാനിലേത്.
പരിശുദ്ധ ഖുർആനിന്റെ മാസമാണ് റമദാൻ. വിശുദ്ധ വേദഗ്രന്ഥം അവതീർണമായത് ഈ മാസത്തിലാണ്. അല്ലാഹു പറയുന്നു: മനുഷ്യകത്തിന് വഴകാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ ഇറങ്ങിയ മാസമാണു റമദാൻ (സൂറത്തുൽ ബഖറ 185). റമദാൻ മാസത്തിലെ വ്രതമനുഷ്ഠാനം ഇസ്ലാമിക പഞ്ചസ്തംഭങ്ങളായി എണ്ണപ്പെടുന്ന ഇസ്ലാം കാര്യങ്ങളിൽ നാലാമതായി നബി (സ്വ) വിവരിച്ചുതന്നിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). വ്രതം കേവല ആരാധനാനുഷ്ഠാനമല്ല. മറ്റു ആരാധനാ കർമ്മങ്ങളെ പോലെയല്ല, അല്ലാഹു ബഹുമാനാർത്ഥം സ്വന്തത്തിലേക്ക് ചേർത്തിപ്പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ എല്ലാ സൽക്കർമ്മങ്ങളും അവനിക്കുള്ളതാണ്, എന്നാൽ വ്രതമങ്ങനെയല്ല അത് അല്ലാഹുവിനുള്ളതാണ്. അവനതിന് പ്രതിഫലം നൽകും (ഹദീസ് ബുഖാരി, മുസ്ലിം). പ്രകടമല്ലാത്ത ആരാധനയാണല്ലൊ വ്രതം. അല്ലാഹുവിനും വ്രതമനുഷ്ഠിക്കുന്നവന്നും മാത്രമേ അതിനെക്കുറിച്ചറിയുമെന്നുള്ളത് കൊണ്ടുതന്നെ വ്രതം വിശുദ്ധിയുടെയും ഭക്തിയുടെയും നേർപര്യായമായാണ് വിലയിരുത്തപ്പെടുന്നത്.
സ്വർഗക്കവാടങ്ങൾ തുറക്കപ്പെടുന്ന മാസമാണല്ലൊ റമദാൻ. എന്നാൽ സ്വർഗക്കവാടങ്ങളിൽ നോമ്പുകാർക്ക് മാത്രമായി പ്രത്യേക കവാടമുണ്ട്. അതാണ് ബാബുൽ റയ്യാൻ. വ്രതമനുഷ്ഠിച്ചവർ അന്ത്യനാളിൽ റയ്യാനിലൂടെ സ്വർഗത്തിൽ പ്രവേശിക്കുമെന്നും മറ്റാർക്കും അതിലൂടെ കടക്കാനാവില്ലെന്നും നബി (സ്വ) പറഞ്ഞതായി ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) എന്നിവർ ഹദീസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. നബി (സ്വ) വ്രതമനുഷ്ഠിക്കുന്നവന് രണ്ടു സന്തോഷമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഒന്ന് നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷം. രണ്ട് വ്രത പ്രതിഫലമായി അല്ലാഹുവിനെ ദർശിക്കുമ്പോഴുള്ള സന്തോഷം.
വ്രതമനുഷ്ഠിക്കുന്നവന്റെ മനസ്സും ശരീരവും ശുദ്ധമായിരിക്കും. സഹിഷ്ണുത മുഖമുദ്രയായിരിക്കും. നോമ്പുകാരൻ ഒരാളോടും മോശമായി സംസാരിക്കുകയോ മ്ലേഛമായി ഇടപെടുകയോ ചെയ്യരുതെന്നാണ് നബി കൽപന. മറ്റൊരാൾ ചീത്തവിളിക്കുകയോ കലഹം കൂടുകയോ ചെയ്താൽ തന്നെ ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞ് അടങ്ങിയിരിക്കണം (ഹദീസ് ബുഖാരി, മുസ്ലിം). വ്രതം പരിചയായാണല്ലൊ നബി (സ്വ) പരിചയപ്പെടുത്തിയിരിക്കുന്നത്. ആ പരിച കൊണ്ട് ദുഷ്ടത്തരങ്ങളെ സ്വന്തത്തിൽ നിന്നും അന്യരിൽ നിന്നും പ്രതിരോധിച്ചു നിർത്തുകയാണ് വേണ്ടത്. താൻ നോമ്പുകാരനാണെന്ന ബോധ്യമായിരിക്കണം അവനെ ചലിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. കണ്ണും കാതും എന്നല്ല മുഴുവൻ ശരീരാവയവങ്ങളും സൂക്ഷിക്കണം. ജാബിർ (റ) പറയുന്നു: നീ നോമ്പനുഷ്ഠിച്ചാൽ നിന്റെ നാവും കണ്ണും ചെവിയുമെല്ലാം നോമ്പനുഷ്ഠിക്കണം. നോമ്പുദിവസം ശാന്തവും ഗൗരവതരമായിരിക്കണം. നോമ്പുള്ള ദിവസവും അല്ലാത്ത ദിവസവും ഒരു പോലെയാകരുത് (മുസ്വന്നഫു ഇബ്‌നു അബീ ശൈബ 8880, ശഅബുൽ ഈമാൻ 3374). ശരീരത്തിലെ ഓരോ ഭാഗവും വ്രതത്തിന്റെ ഭാഗമാകുമ്പോൾ മാത്രമാണ് വ്രതത്തിന്റെ അന്തസത്ത പൂർണമാകുന്നതും അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ പ്രതിഫലം സാധ്യമാവുന്നതും.
വിശ്വാസിയെ സംബന്ധിച്ചടുത്തോളം നവോന്മേഷത്തിന്റെ നാളുകളാണ് റമദാനിലേത്. ദൈനം ദിനകാര്യങ്ങളും ജോലിയും ആരാധനയുമെല്ലാം ഒന്നിച്ചു ചെയ്യുന്ന മാസക്കാലം. ക്ഷമയാണ് കൈമുതൽ. അത്യാവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും ശേഷം പുണ്യ കർമ്മങ്ങളിൽ വ്യാപൃതനാവണം. വിശേഷിച്ച് വിശുദ്ധ ഖുർആൻ മനസ്സിലാക്കി പാരായണം ചെയ്യണം. ഖുർആനിന്റെ മാസമാണല്ലൊ റമദാൻ. റമദാനിലെ ഓരോ രാത്രിയും മാലാഖ ജിബ്‌രീൽ (അ) വന്ന് നബി (സ്വ)ക്ക് ഖുർആൻ പഠിപ്പിച്ചിരുന്നുവത്രെ. മുൻകാല മഹാന്മാർ റമദാൻ ആഗമതമായാൽ ഖുർആൻ പാരായണത്തിനായി ഒരുങ്ങി നിൽക്കുമായിരുന്നു. റമദാനിലെ ഖുർആൻ പാരായണത്തിന് പ്രത്യേക പ്രതിഫലമുണ്ടെന്ന് പറയേണ്ടതില്ലല്ലൊ.
നോമ്പുകാരനെ നോമ്പു തുറപ്പിക്കൽ ഏറെ പുണ്യകരമാണ്. നോമ്പുകാരന്റെ സമാനമായ പ്രതിഫലം യാതൊരു കുറച്ചിലുമില്ലാതെ നോമ്പു തുറപ്പിച്ചവനും ലഭിക്കും (ഹദീസ് തുർമുദി 807, ഇബ്‌നു മാജ 1746, അഹ്മദ് 17033). അനുചരന്മാർ നബി (സ്വ)യെ നോമ്പുതുറക്ക് ക്ഷണിച്ചാൽ ഭക്ഷണശേഷം വീട്ടുകാരനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു ( അബൂദാവൂദ് 2854, ഇബ്‌നു മാജ 1747). നോമ്പുകാരന് പുണ്യകരമായതാണ് അത്തായ ഭക്ഷണം. അതിൽ പ്രത്യേക ബർക്കത്തുണ്ടെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്. നോമ്പുതുറക്കുള്ള സമയമായാലുടനെ നോമ്പു മുറിക്കണം. പിന്തിപ്പിക്കരുത്. നോമ്പുതുറ വേഗത്തിലാക്കുന്ന കാലത്തോളം നന്മയുണ്ടാവുമെന്നാണ് ഹദീസ്. മഗ്‌രിബ് സമയമായാൽ നമസ്‌ക്കാരത്തിന് മുമ്പായി കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ നോമ്പു മുറിക്കണം. നബി (സ്വ) അങ്ങനെയായിരുന്നു നോമ്പു തുറന്നിരുന്നതെന്ന് അനസ് ബ്‌നു മാലിക് (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ( ഹദീസ് അബൂദാവൂദ് 2356, തുർമുദി 696). നോമ്പു തുറന്നയുടനെ ചൊല്ലേണ്ട പ്രാർത്ഥനയും നബി (സ്വ) പഠിപ്പിച്ചുതന്നിട്ടുണ്ട്.