യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 10/05/2019
വിഷയം: ഉസ്മാൻ ബ്‌നു അഫ്ഫാൻ (റ)
സുകൃതങ്ങളുടെ മഹാമേളയായ റമദാനിന്റെ ഈ വേളയിൽ പ്രവാചകാനുചരന്മാരിലെ മുൻനിരക്കാരവനും ഉദാര മാതൃകയുമായ ഉസ്മാൻ ബ്‌നു അഫ്ഫാനെ (റ) അപദാനങ്ങൾ പാടി സ്മരിക്കാം. പരിശുദ്ധ ഖുർആൻ വിവരിച്ച പ്രകാരം അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രീഭൂതരും പ്രഥമഗണീയരുമായ മുഹാജിറുകളായ സാബിഖുകളിൽപ്പെട്ടയാളാണ് മൂന്നാം ഖലീഫ ഉസ്മാൻ (റ). ഹൃദയവിശുദ്ധി ജീവിത്തിലുടനീളം പുലർത്തിയ മഹാനവർകൾ സ്വഹാബത്തുകളിലെ അറിപ്പെട്ട ദാനശീലനുമായിരുന്നു. പ്രവാചക ചര്യ പിൻപറ്റുന്നതിൽ അതീവ ജാഗരൂകനായിരുന്ന ഉസ്മാന്റെ (റ) വാക്കുകളിൽ സത്യസാക്ഷിയായതിന്റെ ചാരിതാർത്ഥ്യത്തോടെയുള്ള അഭിമാന ധ്വനി കേൾക്കാനാവുന്നുണ്ട്: 'അല്ലാഹു പ്രവാചകർ മുഹമ്മദ് നബി (സ്വ)യെ സത്യദൂതുമായാണ് നിയോഗിച്ചത്. ദൈവത്തിൽ നിന്നുള്ള ആ സത്യസന്ദേശത്തിൽ ഞാൻ വിശ്വസിക്കുകയും പുൽകുകയും ചെയ്തിട്ടുണ്ട്. നബി (സ്വ)യോടൊപ്പംകൂടി അനുധാവനം ചെയ്യുകയുമുണ്ടായി. അല്ലാഹുവാണേ സത്യം, ഞാനൊരിക്കലും നബി (സ്വ)ക്കെതിരെ പ്രവർത്തിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല (ഹദീസ് ബുഖാരി 3696).
വിശ്വാസത്തിലും കർമ്മത്തിലും സൂക്ഷ്മനിഷ്ഠ പുലർത്തിയ ഉസ്മാൻ (റ), നബി (സ്വ)യുടെ കുടുംബബന്ധു കൂടിയായിരുന്നു. നബി (സ്വ) യുടെ രണ്ടു പെൺമക്കളെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖിയ (റ)യെയാണ് സുമംഗലിയാക്കിയത്. മഹതിയുടെ മരണശേഷം ഉമ്മു കുൽസൂ (റ)മിനെ വിവാഹം ചെയ്തു. അതുകൊണ്ടു തന്നെ 'ദുന്നൂറൈനി' എന്ന അപരനാമത്തിലും ചരിത്രത്തിൽ അറിയപ്പെടുന്നുണ്ട്. കാരുണ്യ സ്വാന്തന സഹായ പ്രവർത്തനങ്ങളിൽ കയ്‌മെയ് മറന്ന് മുന്നിട്ടിറങ്ങിയിരുന്ന ഉസ്മാൻ (റ) ദാനധർമ്മങ്ങളുടെ കാര്യത്തിലും ഖ്യാതി നേടിയ സ്വഹാബിയാണ്. ഒരിക്കൽ നബി (സ്വ) സത്യദീനിന്റെ മാർഗത്തിലായി ദാനം ചെയ്യാൻ കൽപ്പിച്ചപ്പോൾ ഉടനെതന്നെ ഒരു തുണിയിൽ ആയിരം ദിനാറുകൾ പൊതിഞ്ഞാണ് ഉസ്മാൻ (റ) എത്തിയത്. നാണയങ്ങൾ തിരിച്ചുമറിച്ചു നോക്കിയ ശേഷം നബി (സ്വ) പറയുകയുണ്ടായി: ഇനി ഉസ്മാൻ ചെയ്യുന്നതൊന്നും അദ്ദേഹത്തിന് ബുദ്ധി മുട്ടാവുകയില്ല (ഹദീസ് തുർമുദി 3701). ഇസ്ലാം മതത്തിന്റെ പ്രബോധന പ്രവർത്തനങ്ങൾക്കായി അദ്ദേഹം കാട്ടിയ ഉദാര മനസ്‌കത വരാനിരിക്കുന്ന ദോഷങ്ങളെപ്പോലും തടുത്തുനിർത്തുമെന്ന് സാരം.
അശരണർക്കും നിരാലംബർക്കും അത്താണിയായിരുന്നു ഉസ്മാൻ (റ). ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കൽ അദ്ദേഹത്തിന്റെ ശീലമായിരുന്നു. ക്ഷാമമുണ്ടായ സമയത്ത് ഭക്ഷ്യസാധനങ്ങൾ കിട്ടാതായപ്പോൾ ജനങ്ങളൊക്കെ ഉസ്മാന്റെ (റ)യടുക്കൽ ചെന്ന് വേവലാതി ബോധിപ്പിച്ച ശേഷം ഭക്ഷണം വിലക്ക് തരണമെന്നാവശ്യപ്പെടുകയുണ്ടായി. സമ്മതമറിയിച്ച ഉസ്മാനി (റ)നോട് അവർ പറഞ്ഞു: ഓരോ പത്തിനും അഞ്ച് ഞങ്ങൾ ലാഭം നൽകാം. അപ്പോൾ ഉസ്മാൻ (റ) പറഞ്ഞു: എനിക്ക് അതിലേറെ നൽകുന്നവരുണ്ട്. അവർ പറഞ്ഞു: പട്ടണത്തിലെ കച്ചവടക്കാരൊക്കെ ഞങ്ങളുടെ കൂടെയുണ്ട്, പിന്നെ ആരാണ് ഇതിലേറെ ലാഭം തരാൻ?! ഉസ്മാൻ (റ) മൊഴിഞ്ഞു: അല്ലാഹുവാണവൻ, അവൻ ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നൽകും. എന്നിട്ടവരോട് ചോദിച്ചു അതിനേക്കാൾ നിങ്ങൾക്ക് നൽകാനൊക്കുമോ?. അവർ പറഞ്ഞു: ഇല്ല. ശേഷം ഉസ്മാൻ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിനെ സാക്ഷിയാക്കി പറയുകയാണ്, ഈ ഭക്ഷണങ്ങളൊക്കെയും നിർധനർക്ക് ഞാൻ ദാനമായി നൽകിയിരിക്കുകയാണ്.
വഖ്ഫ്ദനമായി സ്വത്തുവകകളും നൽകിട്ടുണ്ട്. മുഹാജിറുകൾ മദീനയിലെത്തിയപ്പോൾ ഉസ്മാൻ (റ) റൂമായുടെ കിണർ വാങ്ങി എല്ലാവർക്കും വെള്ളം കുടിക്കാനായി വഖ്ഫ് ചെയ്യുകയായിരുന്നു. ഇതറിഞ്ഞ നബി (സ്വ) അദ്ദേഹത്തിന് സ്വർഗത്തിൽ ഒരരുവിയുണ്ടെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പള്ളികൾക്ക് വേണ്ടിയും അദ്ദേഹം ധാരാളം ചെലവഴിച്ചിട്ടുണ്ട്. നബി (സ്വ)യുടെ പള്ളി വിപുലീകരണത്തിനായി മറ്റൊരാളുടെ സ്ഥലം വാങ്ങിത്തരുന്നയാൾക്ക് അതിനേക്കാൾ വലിയ പ്രതിഫലമുണ്ടെന്നറിയിച്ചപ്പോൾ അതിനായി പണമിറക്കിയത് ഉസ്മാൻ (റ) ആയിരുന്നു (ഹദീസ് തുർമുദി 3703, നസാഈ 3608). അതിന്റെ പ്രതിഫലം അന്ത്യനാൾ വരെ അദ്ദേഹത്തിന് ലഭ്യമായിക്കൊണ്ടിരിക്കും. മാത്രമല്ല നബി (സ്വ)യുടെ പള്ളിയിൽ ഒരാൾ നമസ്‌ക്കരിക്കുയോ മറ്റു ആരാധനകളോ ചെയ്താൽ അതിന്റെ പ്രതിഫലത്തിൽ നിന്നൊരു ഓഹരി മഹാനവർകൾക്കും കിട്ടിയിരിക്കും.
വിശുദ്ധ ഖുർആനുമായി നിരന്തര ബന്ധം പുലർത്തിയിരുന്ന ഉസ്മാൻ (റ) നബി (സ്വ)യിൽ നിന്ന് നേരിട്ട് ഖുർആൻ കേട്ടുപഠിക്കുകയും മനപാഠമാക്കി ജീവിതത്തിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. രാവിലും പകലിലും നിരന്തരം ഖുർആൻ പാരായണം ചെയ്യുമായിരുന്നു. സൂറത്തു സ്സുമറിൽ 9ാം സൂക്തത്തിൽ “നമസ്‌ക്കരിച്ചും സാഷ്ടാംഗം ചെയ്തും നിശയുടെ മുഹൂർത്തങ്ങളിൽ ആരാധനാ നിമഗ്നായവൻ” എന്ന പരാമർശമുണ്ട്. അത് ഉസ്മാനി (റ)നെ പ്പറ്റിയാണെന്നാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോൾ ഉമർ (റ) പറഞ്ഞത്. ഭരണകാലത്ത് സത്യമതത്തെ പ്രതിരോധിക്കുകയും സത്യവിശ്വാസികളുടെ ഐക്യം ഉറപ്പുവരുത്തുകയും ചെയ്ത ഉസ്മാൻ (റ) ഖുർആനിനെ ജിബ് രീൽ (അ) മുഖേന നബി (സ്വ)ക്ക് അവതരിച്ച അതേ പ്രകാരം ക്രോഢീകരിച്ച് മുസ്വ്ഹഫാക്കുകയും ചെയ്തു. ശേഷം ഓത്ത് പഠിപ്പിക്കാനായി ഒരു അധ്യാപകനോടൊപ്പം ഒരു മുസ്വ്ഹഫ് കോപ്പിയും ഓരോ നാട്ടിലേക്കും അയച്ചുക്കൊടുത്തു. ആ ലിപിയിലുള്ള മുസ്വ്ഹഫുകളാണ് ഉസ്മാനിയ മുസ്വ്ഹഫുകൾ എന്നറിയപ്പെടുന്നത്. ഉസ്മാനി (റ)ലേക്ക് ചേർത്തിപ്പറയുന്നതാണത്. ലോകത്ത് ഏതൊരാളും ആ മുസ്വ്ഹഫുകൾ ഓതുകയോ വഖ്ഫാക്കുകയോ ചെയ്യുമ്പോൾ അതിന്റെ പ്രതിഫലം ഉസ്മാനി (റ)ലേക്കും കൂടി എത്തിപ്പെടുന്നതായിരിക്കും. മുസ്വ്ഹഫ് നോക്കിക്കൊണ്ടുള്ള ഖുർആൻ പാരായണം ഇഷ്ടപ്പെട്ടിരുന്ന ഉസ്മാൻ (റ) പറയുമായിരുന്നു: മുസ്വ്ഹഫ് നോക്കാതെയുള്ള ദിവസത്തെ ഞാൻ വെറുക്കുന്നു. അതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞത് ഖുർആൻ പരിശുദ്ധ പ്രവാചകരിലൂടെ ഇറങ്ങിയ വിശുദ്ധ ഗ്രന്ഥമെന്നായിരുന്നു. ജീവിതത്തിന്റെ അവസാനം നിമിഷം രക്തസാക്ഷിയായി വീഴുമ്പോൾ വരെ അദ്ദേഹത്തോടൊപ്പം ഖുർആനുമുണ്ടായിരുന്നു. ഉസ്മാനി (റ)നെപ്പോലെ ഖുർആൻ പ്രേമം നാമും ജീവിതത്തിൽ കൊണ്ടുനടക്കേണ്ടിയിരിക്കുന്നു. വ്രതവും ഖുർആൻ പാരായണവുമാണല്ലൊ റമദാനിലെ വിശിഷ്ടാരാധനകൾ. അവ രണ്ടും അന്ത്യനാളിൽ ശുപാർശ ചെയ്യുന്നതായിരിക്കും.
സ്വർഗപ്രവേശനം വാഗ്ദത്തം ചെയ്യപ്പെട്ട അശ്‌റത്തുൽ മുബശ്ശിറുകളായ പത്തുപേരിൽ ഉസ്മാനു (റ)മുണ്ട്. നബി (സ്വ) അദ്ദേഹത്തിന്റെ പേരെടുത്ത് സ്വർഗത്തിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 4650, തുർമുദി 3747).