യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 17/05/2019
വിഷയം: രാത്രി നമസ്‌ക്കാരങ്ങൾ
സ്രഷ്ടാവായ അല്ലാഹുവിന് വണങ്ങിയും സാഷ്ടാംഗം ചെയ്തുമുള്ള നമസ്‌ക്കാരമാണല്ലൊ ആരാധനാ കർമ്മങ്ങളിൽ ഏറെ ശ്രേഷ്ഠമായത്. നിർബന്ധമായ പഞ്ച നമസ്‌ക്കാരങ്ങൾ കഴിഞ്ഞാൽ ശ്രേഷ്ഠപദവിയുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത് രാത്രി നമസ്‌ക്കാരങ്ങളാണ് (ഹദീസ് മുസ്ലിം 1163). അതായത് രാത്രിയിലെ സുന്നത്ത് നമസ്‌ക്കാരങ്ങൾ. വിത്ർ, തറാവീഹ്, തഹജ്ജുദ് നമസ്‌ക്കാരങ്ങളൊക്കെ അതിൽപ്പെടും. സ്വലാത്തുല്ലൈൽ (രാത്രിയിലെ നമസ്‌ക്കാരം), ഖിയാമുല്ലൈൽ (രാത്രിയിലെ നിൽപ്പ്) എന്നിങ്ങനെയൊക്കെയാണ് രാത്രി നമസ്‌ക്കാരങ്ങൾ പ്രാമാണികമായി വിശദീകരിക്കപ്പെട്ടിട്ടുള്ളത്.
രാത്രി സമയങ്ങളിലെ നമിച്ചും പശ്ചാത്തപിച്ചുമുള്ള ആരാധനകൾ തഖ്‌വയുള്ളവരുടെ ലക്ഷണമായിട്ടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയിരിക്കുന്നത് : നിശ്ചയം, ജീവിതത്തിൽ സൂക്ഷ്മത പാലിച്ചിരുന്നവർ നാഥൻ കനിഞ്ഞേകിയ ഔദാര്യമേറ്റുവാങ്ങി സ്വർഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. നേരത്തെ തന്നെ പുണ്യവാന്മാരായിരുന്നു അവർ. രാത്രിയിൽ നിന്ന് അൽപം മാത്രം ഉറങ്ങുകയും അതിന്റെ അന്തിമയാമങ്ങളിൽ പാപമോചനമർത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു (സൂറത്തുദ്ദാരിയാത്ത് 15, 16, 17, 18).
രാത്രി നമസ്‌ക്കാരം അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനാ കർമ്മം കൂടിയാണ്. നബി (സ്വ) പറയുന്നു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌ക്കാരം ദാവൂദ് നബി (അ)യുടെ നമസ്‌ക്കാരമാണ്. രാത്രിയുടെ പകുതി ഭാഗം ഉറങ്ങി, മൂന്നാം പകുതിയിൽ എഴുന്നേറ്റ് നമസ്‌ക്കരിക്കുമായിരുന്നു അദ്ദേഹം (ഹദീസ് ബുഖാരി, മുസ്ലിം). രാത്രി നമസ്‌ക്കരിക്കുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കും. മനസ്സമാധാനമുള്ളവരായിരിക്കും അവർ. ഹൃദയവിശാലതയുള്ള അവരുടെ വദനം പ്രസന്നവുമായിരിക്കും. ഒരിക്കൽ താബിഈ പ്രമുഖനായ ഹസനുൽ ബസ്വരി (റ)യോട് ഒരാൾ ചോദിച്ചു: എന്തുകൊണ്ടാണ് തഹജ്ജുദ് നമസ്‌ക്കരിക്കുന്നവരുടെ മുഖം ഇത്രയേറെ സുന്ദരമായിരിക്കുന്നത്? അദ്ദേഹം പറഞ്ഞു: കാരുണ്യവാനായ അല്ലാഹുവിന് വേണ്ടി ജീവിതം പരിത്യജിച്ചവരാണവർ, അവനിൽ നിന്നുള്ള പ്രത്യേക പ്രകാശം അവരെ ആവരണം ചെയ്തിട്ടുണ്ട്.
സകല ജന്തുജാലങ്ങളും നിശാ നിദ്രയിലാണ്ട സമയത്ത് നമസ്‌ക്കരിക്കുന്നവന്് സ്രഷ്ടാവിന്റെ ഇഷ്ടവും കൃപാകടാക്ഷവും ലഭിക്കുന്നതിലുപരി സൃഷ്ടികളുടെ ഇഷ്ടഭാജനമായിത്തീരുകയും ചെയ്യും. സ്ഥാനങ്ങളും വിജയങ്ങളും അവനൊപ്പമായിരിക്കും. നിശാ നമസ്‌ക്കാരങ്ങൾ നിലനിർത്താൻ അനുചരന്മാരോട് കൽപ്പിച്ച നബി (സ്വ) അത് മുൻകാല സജ്ജനങ്ങൾ ശീലമാക്കിയിരുന്നുവെന്നും പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, നിശാ നമസ്‌ക്കാരം അല്ലാഹുവിലേക്ക് അടുപ്പിക്കുകയും തെറ്റുകുറ്റങ്ങളിൽ നിന്ന് തട്ടിമാറ്റുകയും ദോഷങ്ങൾക്ക് മുക്തി നേടിത്തരികയും ചെയ്യുമത്രെ (ഹദീസ് തുർമുദി 3549).
അല്ലാഹുവിന്റെ ശ്രേഷ്ഠ അടിമകളായ ഇബാദുറഹ്്മാൻ രാത്രി നമസ്‌ക്കരിക്കുന്നവരാണ്. സ്വർഗത്തിലെ ഉന്നതശ്രേണികളാണ് അവർക്കൊരുക്കിയിരിക്കുന്നത്. ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: നിശ്ചയാം സ്വർഗത്തിൽ കുറേ അറകളുണ്ട്. അവയുടെ മുൻഭാഗം പിൻഭാഗത്തിലൂടെയും പിൻഭാഗം മുൻഭാഗത്തിലൂടെയും ദൃശ്യമായിരിക്കും. ഒരാൾ ചോദിച്ചു തിരു ദൂതരേ, ആർക്കാണ് അവ? നബി (സ്വ) പറഞ്ഞു: നല്ലത് സംസാരിച്ചവന്നും ഭക്ഷണം നൽകിയവന്നും വ്രതം നിലനിർത്തിയവന്നും ആളുകൾ ഉറങ്ങുന്ന രാത്രി നേരങ്ങളിൽ നമസ്‌ക്കരിച്ചവന്നുമാണവ (ഹദീസ് തുർമുദി 1984). ഇബാദുറഹ്്മാനെക്കുറിച്ച് അല്ലാഹു പറയുന്നുണ്ട്: “തങ്ങളുടെ നാഥന് സാഷ്ടാഗം ചെയ്തും നമസ്‌ക്കരിച്ചും ക്കൊണ്ട് രാത്രി കഴിച്ചുകൂട്ടുകയും ചെയ്യും അവർ” (സൂറത്തുൽ ഫുർഖാൻ 64).
റമദാൻ മാസത്തിലെ പ്രത്യേകമായ രാത്രി നമസ്‌ക്കാരമാണ് തറാവീഹ്. പവിത്ര മാസത്തിന്റെ അടയാളം കൂടിയാണ് ആ നമസ്‌ക്കാരം. ഒരാൾ പൂർണവിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാനിലെ രാത്രിയിൽ നമസ്‌ക്കരിച്ചാൽ ഗതകാല ദോഷങ്ങൾ പൊറുക്കപ്പെടുമെന്നാണ് ഹദീസ് (ബുഖാരി, മുസ്ലിം). ആ നമസ്‌ക്കാരം തറാവീഹ് എന്നാണ് ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നത്. നബി (സ്വ) രണ്ടോ മൂന്നോ രാത്രികളിൽ സ്വഹാബികളോടൊപ്പം നമസ്‌ക്കരിക്കുകയുണ്ടായി. പിന്നെ പള്ളിയിലേക്ക് പോവാത്ത നബി (സ്വ) പിറ്റേ ദിവസം രാവിലെ അവരോട് പറയുകയുണ്ടായി: നിങ്ങൾ ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്, ആ നമസ്‌ക്കാരം നിങ്ങൾക്ക് നിർബന്ധമായിപ്പോവുമെന്ന് പേടിച്ചതുക്കൊണ്ടാണ് ഞാൻ വരാതിരുന്നത്. ഇക്കാര്യം പ്രിയ പത്‌നി ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ശേഷം ഉമർ (റ) തറാവീഹ് നമസ്‌ക്കാരത്തിനുള്ള ഇമാമായി ഖുർആൻ നന്നായി പാരായണം ചെയ്യുന്ന ഉബയ്യു ബ്‌നു കഅ്ബി (റ)നെ ഏൽപ്പിച്ചതായി കാണാം (ഹദീസ് ബുഖാരി 2010). സ്വഹാബിമാർ ആവേശപൂർവ്വം ജമാഅത്തായിട്ടാണ് തറാവീഹ് നമസ്‌ക്കാരം നിർവ്വഹിച്ചിരുന്നത്. ഇമാമോടൊപ്പം നമസ്‌ക്കാരം മുഴുപ്പിച്ചാൽ ഒരു രാത്രി മുഴുവനായും നമസ്‌ക്കരിച്ചതിന്റെ പ്രതിഫലമാണല്ലൊ നബി (സ്വ) വാഗ്ദാനം ചെയ്തിരിക്കുന്നത്.
രാത്രി നമസ്‌ക്കാരം നന്മയുടെ കവാടമാണ്. റമദാനിലേക്കായി അല്ലാഹു തുറന്ന സൗഭാഗ്യ കവാടമാണ് തറാവീഹ് നമസ്‌ക്കാരം. ഒരിക്കൽ നബി (സ്വ) മുആദു ബ്‌നു ജബലി (റ)നോട് പറഞ്ഞു: ഞാൻ നിനക്ക് നന്മയുടെ കവാടങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞുതരാം, നോമ്പ് പരിചയാണ്. ദാനധർമ്മം ദോഷത്തെ കെടുത്തും. രാത്രി നമസ്‌ക്കാരം തെറ്റുകുറ്റങ്ങൾക്ക് പ്രായശ്ചിത്തം സാധ്യമാക്കും. ശേഷം സൂറത്തുസജ്ദയിലെ 16ാം സൂക്തം ഓതിക്കേൾപ്പിച്ചു. 'ആശയിലും ആശങ്കയിലുമായി നാഥനോടു പ്രാർത്ഥിക്കാൻ വേണ്ടി അവർ നിദ്രസ്ഥങ്ങൾ വിട്ടുപോവുകയും നാം നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യും' എന്നാണ് സൂക്തം.

