യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 24/05/2019
വിഷയം: റമദാൻ ദാനധർമ്മത്തിന്റെ മാസം
വിശുദ്ധ ഖുർആനിന്റെ മാസമായ പരിശുദ്ധ റമദാൻ അല്ലാഹുവിനോടുള്ള കൃപാതേട്ടത്തിന്റെയും പശ്ചാത്തപത്തിന്റെയും നരകമോചനാഭ്യർത്ഥനയുടെയും രാപ്പകലുകളാണ് സമ്മാനിക്കുന്നത്. ദാനധർമ്മത്തിന്റെയും കൂടി മാസമാണ് റമദാൻ. കാരണം സത്യവിശ്വാസിയുടെ എല്ലാം ശുദ്ധവും സംസ്‌ക്കരിക്കപ്പെട്ടതുമായിരിക്കും. മനസ്സും ശരീരവും സമ്പത്തുമെല്ലാം. ദൈവസ്മരണയിലൂടെയും ആരാധനാനുഷ്ഠാനങ്ങളിലൂടെയുമാണ് മനുഷ്യന്റെ അകവും പുറവും സംസ്‌ക്കരിക്കപ്പെടുന്നതെങ്കിൽ ദാനധർമ്മത്തിലൂടെയാണ് സാമ്പത്തിക രംഗം ശുദ്ധമാവുന്നത്. ദാന ഔദാര്യങ്ങൾ കൊണ്ട് ധന്യരാവുന്നവർക്ക് സ്വർഗവഴി എളുപ്പമാക്കി പകരം നൽകുമെന്നാണ് ഖുർആനിക ഭാഷ്യം.
വിശ്വാസി റമദാനിൽ സ്രഷ്ട്ാവിന് ആരാധനകളർപ്പിക്കുന്നതോടൊപ്പം സൃഷ്ടികൾക്കും ഉപകാര കർമ്മങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. അതിൽ പ്രധാനമാണ് ദാനം. സുകൃതങ്ങളുടെ സ്വർഗീയ പാതയാണ് ദാനധർമ്മം സഫലീകരിക്കുന്നത്. മഹാനായ ഇമാം ശാഫിഈ (റ) പറയുന്നുണ്ട് : ഒരാൾ റമദാൻ മാസത്തിൽ ധാരാളം ഉദാര കർമ്മങ്ങൾ ചെയ്യുന്നത് ഞാനിഷ്ടപ്പെടുന്നു. അതിൽ ദൈവാരാധനയുണ്ട്, പ്രവാചകാനുധാവനമുണ്ട്. മാത്രമല്ല ജനങ്ങളെ ആവശ്യ നിർവ്വഹണത്തിനായി സഹായിക്കലുമാണത്. നോമ്പുകാരൻ മറ്റുള്ളവരുടെ അവശതയും ഇല്ലായ്മയും കണ്ടറിഞ്ഞ് സ്വാന്തനപ്പെടുത്തുകയും കഴിയുന്ന ദാനങ്ങൾ ചെയ്യുകയും വേണം. പ്രവാചകർ മുഹമ്മദ് നബി (സ്വ)യും സ്വഹാബികളും അത്തരത്തിൽ സമഭാവനയുടെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ഉത്തമ മാതൃകകളായിരുന്നു.
ഇസ്ലാമിൽ രണ്ടുതരത്തിലുള്ള ദാനധർമ്മങ്ങളാണുള്ളത്. ഒന്ന് നിർബന്ധ ദാനം. അതാണ് സകാത്ത്. രണ്ട് ഐഛിക ദാനം. അതായത് സുന്നത്തായ സ്വദഖ. കാലയളവും കണക്കുമനുസരിച്ച് അവകാശികൾക്ക് സകാത്ത് നൽകുന്നവർക്ക് ദൈവിക കരുണക്കടാക്ഷം നിത്യമായിരിക്കുമത്രെ. അല്ലാഹു പറയുന്നു: എന്റെ കാരുണ്യം സമസ്ത വസ്തുകൾക്കും പ്രവിശാലമാണ്. സൂക്ഷ്മതയോടെ ജീവിക്കുകയും സകാത്ത് നൽകുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് വഴിയേ ഞാനത് രേഖപ്പെടുത്തുന്നതാണ് (സൂറത്തുൽ അഅ്‌റാഫ് 156). സകാത്തിലൂടെയുള്ള സമാശ്വാസം അർഹരുടെ അവകാശമാണ്. ഉള്ളവന്റെ ഔദാര്യമല്ല. പരസ്യസ്വഭാവത്തോടെ നൽകാവുന്ന ഈ നിർബന്ധ ദാനം ഇസ്ലാമിക സ്തംഭങ്ങളായി അറിയപ്പെടുന്ന പഞ്ചകാര്യങ്ങളിൽ മൂന്നാമത്തേതാണ്.
സ്വദഖ വളരെ രഹസ്യമായി ചെയ്യേണ്ട സൽക്കർമ്മമാണ്. പ്രകടനപരത തീരേ പാടില്ല. അതുകൊണ്ടുതന്നെ സ്വദഖ ദാതാവ് നിഷ്‌കളങ്കതയുടെയും ആത്മാർത്ഥമായ ദൈവഭക്തിയുടെയും പ്രതിരൂപമായിരിക്കും. വലതു കൈ നൽകുന്നത് ഇടതുകൈ അറിയാത്ത രീതിയിൽ രഹസ്യമായി സ്വദഖ ചെയ്യുന്നവന് അന്ത്യനാളിൽ യാതൊരു തണലുമില്ലാത്ത നേരത്ത് അല്ലാഹുവിന്റെ സിംഹാസനത്തിൽ നിന്നുള്ള തണൽ ലഭിക്കുമെന്നാണ് നബി (സ്വ) അരുൾ ചെയ്തത്. ആ സമയത്ത് വെറും ഏഴു കൂട്ടർക്ക് മാത്രമേ തണൽ ലഭിക്കുകയുള്ളൂ (ഹദീസ് ബുഖാരി, മുസ്ലിം). ദാനധർമ്മം കുടുംബബന്ധുക്കൾക്ക്് നൽകുന്നതാണ് അഭികാമ്യം. കാരണം അതിൽ രണ്ടു നന്മകളുണ്ടെന്നാണ് നബി (സ്വ) പഠിപ്പിച്ചത്്. ദാനസഹായവും കുടുംബബന്ധം ചേർക്കലും.
റമദാൻ പുണ്യമാസത്തിൽ ചെയ്യാനാവുന്ന ദാനങ്ങളാണ് ഭക്ഷണദാനവും നോമ്പുകാരനെ നോമ്പുതുറപ്പിക്കലും. ഭക്ഷണം നൽകുന്നവന് സ്വർഗം നൽകുമെന്നാണ് ദൈവവാഗ്ദാനം. സ്വഹാബികളൊക്കെയും നിത്യവും ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചുക്കൊടുക്കുമായിരുന്നു. അനാഥകൾക്കും വിധവകൾക്കും നിരാലംബർക്കുമായിരുന്നു പ്രധാനമായും നൽകിയിരുന്നത്. ഭക്ഷണം സംവിധാനിച്ച നാഥനോടുള്ള നന്ദിപ്രകാശം കൂടിയാണ് ഭക്ഷണദാനം. ഭക്ഷണമെന്ന മഹാ അനുഗ്രഹത്തിന് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിവരില്ലെന്നർത്ഥം. വിശപ്പിന് ഭക്ഷണം നൽകിയ നാഥനെ ആരാധിക്കാനാണ് സൂറത്തുൽ ഖുറൈശിലൂടെ അല്ലാഹു തന്നെ കൽപ്പിക്കുന്നത്.
സ്വദഖകളിൽ മഹത്തരമാണ് സ്വദഖത്തുൽ ജാരിയ. നിത്യമായ ധർമ്മമാണത്്. ഈ ദാനത്തിന്റെ ഉപകാരം എന്നെന്നും നിലനിൽക്കുന്നതുമായിരിക്കും. കിണർ കുഴിച്ചുക്കൊടുക്കലും കുടിവെള്ള സജ്ജീകരണമൊരുക്കലുമൊക്കെ ഈ ഗണത്തിൽപ്പെട്ടതാണ്. ശ്രേഷ്ഠമായ ദാനം ഏതെന്ന് ചോദിച്ച സഅ്ദു ബ്‌നു ഉബാദ (റ)യോട് കുടിവെള്ളം നൽകലെന്നാണ് നബി (സ്വ) മറുപടി പറഞ്ഞത് (ഹദീസ് അബൂ ദാവൂദ് 1681, അഹ്മദ് 22459). അന്യന്റെ മുഖം നോക്കി പുഞ്ചിരിക്കൽ പോലും ദാനധർമ്മെന്ന് ഉദ്‌ഘോഷിക്കുന്ന മതമാണ് ഇസ്ലാം (ഹദീസ് തുർമുദി 1956). നല്ല വാക്ക് സംസാരിക്കൽ പോലും സ്വദഖയാണ്. പരലോകത്ത് നന്മയുടെ തുലാസിൽ ഘനം കൂടുന്നതാണ് നല്ല സംസാരങ്ങൾ. ഒരു കഷ്ണം കാരക്ക ദാനം നൽകിയെങ്കിലും നരകത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് പറഞ്ഞ നബി (സ്വ) കാരക്കയില്ലെങ്കിൽ നല്ല വാക്കോടെ അന്യനെ അഭിമുഖീകരിക്കണമെന്നാണ് നിർദേശിച്ചത്.
റമദാനിലെ ഏറെ പോരിശയാർന്ന അവസാന പത്തുദിനങ്ങളാണ് വരാനിരിക്കുന്നത്. ലൈലത്തുൽ ഖദ്‌റെന്ന അതിശ്രേഷ്ഠരാവ് പ്രതീക്ഷിക്കപ്പെടുന്ന രാത്രികളാണ്. ആരാധനകളും ദാനധർമ്മങ്ങളുമായി നന്മയിൽ നമ്മുക്ക്് മുന്നേറാം. നാഥൻ തുണക്കട്ടെ. ആമീൻ