യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 31.05.2019
വിഷയം: ലൈലത്തുൽ ഖദ്ർ
മുൻകാല പ്രവാചകന്മാരുടെ സമുദായക്കാരെ അപേക്ഷിച്ച് പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ സമുദായക്കാരായ നമ്മുക്ക് ആയുസ്സ് കുറവാണ്. എന്നാൽ ആരാധനകളുടെയും മറ്റു നന്മകളുടെയും പ്രതിഫല ലബ്ധിക്ക് കൂടുതലായി അവസരങ്ങളുള്ളവരാണ് നമ്മൾ. അതിനായുള്ള അല്ലാഹുവിന്റെ വരദാനമാണ് പരിശുദ്ധ റമദാൻ മാസം. സൽപ്രവർത്തനങ്ങൾക്ക് ഇരട്ടികൾ ഇരട്ടികൾ പ്രതിഫലങ്ങളായി ലഭിക്കുന്ന മാസം. ഈ മാസത്തിൽ തന്നെ ഒരു രാവുണ്ട്. സഹസ്രം മാസങ്ങളേക്കാൾ പുണ്യമായ ഏക രാവാണത്. ലൈലത്തുൽ ഖദ്ർ. ലൈലത്ത് എന്നാൽ രാത്രിയെന്നർത്ഥം. ഖദ്ർ എന്നാൽ മഹത്വം, വിധിനിർണയം എന്നൊക്കെ അർത്ഥമുണ്ട്. പരിശുദ്ധ ഖുർആനിൽ ഈ രാവിനെ വിവരിച്ചുക്കൊണ്ട് അല്ലാഹു ഒരു ചെറു അധ്യായം തന്നെ ഇറക്കിയിട്ടുണ്ട്. അതാണ് സൂറത്തുൽ ഖദ്ർ. പ്രസ്തുത ഖുർആനികാധ്യായത്തെ ചുരുക്കത്തിൽ ഇങ്ങനെ ഗ്രഹിക്കാം : “നിശ്ചയം ഈ ഖുർആൻ നാം അവതരിപ്പിച്ചത് മഹത്വപൂർണമായ രാത്രിയിലത്രേ. മഹത്വപൂർണമായ രാത്രി എന്താണെന്ന് താങ്കൾക്കറിയുമോ . ആയിരം മാസത്തെക്കാൾ ശ്രേഷ്ഠമാണത്. മലക്കുകളും വിശിഷ്യാ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ ശാന്തിയത്രേ”.
വിശുദ്ധ ഖുർആനിനെ ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ ഇറക്കിയെന്ന് പറഞ്ഞുക്കൊണ്ടാണ് അല്ലാഹു സൂറത്ത് തുടങ്ങുന്നത്. അതായത് ഖുർആനിനെ മൊത്തമായും ലൗഹുൽ മഹ്ഫൂളിൽ നിന്ന് ആകാശലോകത്തെ ബൈത്തുൽ ഇസ്സയിലേക്ക് ഇറക്കിയത് ഈ പവിത്ര രാത്രിയിലാണ്. ആകാശത്തിൽ നിന്ന് ഇരുപത്തി മൂന്ന് വർഷങ്ങളിൽ പല ഘട്ടങ്ങളിലായാണ് ഖുർആനിനെ ജിബ് രീൽ (അ) മുഖേന മുഹമ്മദ് നബി (സ്വ)ക്ക് അവതരിപ്പിച്ചുക്കൊടുക്കുന്നത്. ഖുർആനിനെ പുണ്യരാവിൽ (ലൈലത്തുൻ മുബാറക) ഇറക്കിയതാണെന്ന് സൂറത്തു ദ്ദുഖാൻ 3ാം സൂക്തത്തിലും വ്യക്തമാണ്. ഖുർആൻ അവതരണ വിശേഷം അറിയിച്ച ശേഷം അല്ലാഹു നബി (സ്വ)യോട് അഭിസംബോധനമായി ചോദിക്കുകയാണ്: താങ്കൾക്കറിയുമോ, ലൈലത്തുൽ ഖദ്ർ എന്താണെന്ന്. ശേഷം ആ മഹത്ത രാത്രിയുടെ സവിശേഷതകൾ അല്ലാഹു വർണിച്ചുക്കൊടുക്കുന്നുണ്ട്.
ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമെന്നാൽ ഈ ഒരൊറ്റ രാത്രിയിൽ ചെയ്യുന്ന ഒറ്റ നന്മ പോലും അതേ നന്മ ആയിരം മാസം തുടർച്ചയായി ചെയ്യുന്നതിനേക്കാൾ ഉത്തമവും പ്രതിഫലാർഹവുമാണെന്ന് സാരം. ആ രാത്രിയിൽ എണ്ണമറ്റ മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങിവരുമത്രെ. അവരുടെ മുൻനിരയിൽ ജിബ്‌രീൽ (അ) ആയിരിക്കും. ആ രാത്രിയിൽ ഇറങ്ങുന്ന മലക്കുകൾ എണ്ണത്തിൽ ചരൽക്കല്ലുകളേക്കാൾ അധികമുണ്ടായിരിക്കുമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് അഹ്മദ് 10734, സ്വഹീഹു ഇബ്‌നു ഖുസൈമ 2194). പുണ്യങ്ങളും സൗഭാഗ്യങ്ങളുമായാണ് ഇറങ്ങിവരിക. അവർ പുലരുവോളം ദൈവസ്മരണയിലും മറ്റു ആരാധനകളിലുമായി കഴിഞ്ഞുകൂടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുന്നവർക്ക് ആമീൻ പറയുകയും ചെയ്യും. നബി (സ്വ) പറയുന്നു: ലൈലത്തുൽ ഖദ്ർ ആയാൽ മാലാഖ സംഘത്തോടൊപ്പം ജിബ്‌രീലും (അ) ഇറങ്ങിവരും. എന്നിട്ടവർ നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ അല്ലാഹുവിനെ സ്മരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കും (ശഅ്ബുൽ ഈമാൻ 3444). ആ വർഷത്തിൽ അല്ലാഹു ഓരോന്നിന്നും വിധിച്ച ഉപജീവനം, ആയുസ്, ഭക്ഷണം തുടങ്ങിയവയുടെ വിധിനിർണയങ്ങളുമായാണ് ദൈവാജ്ഞപ്രകാരമുള്ള അവരുടെ ഭൂ ആഗമനം. 'ആ നിശയിലാണ് തത്ത്വധിഷ്ഠിതമായ എല്ലാ വിഷയങ്ങളും നമ്മുടെ പക്കൽ നിന്നുള്ള ഉത്തരവെന്ന നിലക്ക് വേർതിരിക്കപ്പെടുന്നത്' എന്ന് അല്ലാഹു സൂറത്തു ദ്ദുഖാൻ 4, 5 ആയത്തുകളിൽ പറഞ്ഞുവെച്ചിട്ടുണ്ട്. ലൈലത്തുൽ ഖദ്‌റെന്ന അതിശ്രേഷ്ഠ രാത്രി പ്രഭാതം പുലരുവോളം രക്ഷയാണെന്ന് പ്രഖ്യാപിച്ചുക്കൊണ്ടാണ് സൂറത്ത് ഉപസംഹരിക്കുന്നത്.
ലൈലത്തുൽ ഖദ്ർ രാത്രി ആരാധനാ നിമഗ്നമാക്കി അതുല്യവും അമൂല്യവുമായ പ്രതിഫലങ്ങൾ കരഗതമാക്കണമെന്നാണ് പ്രവാചക പ്രചോദനം. ഒരാൾ സത്യവിശ്വാസത്തിലുറച്ചുക്കൊണ്ടും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുക്കൊണ്ടും ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിൽ നമസ്‌ക്കരിച്ചാൽ അവന്റെ മുൻകാല ദോഷങ്ങളൊക്കെയും പൊറുത്തു മാപ്പാക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം). ദിക്ർ, നമസ്‌ക്കാരം, ദുആ, ഖുർആൻ പാരായണം തുടങ്ങിയ ആരാധനകളും ദാനധർമ്മം, ഭക്ഷണദാനംം പോലെത്ത സൽപ്രവർത്തനങ്ങളും അധികരിപ്പിക്കാനും പ്രവാചകർ (സ്വ) നിർദേശിക്കുന്നുണ്ട്. ലൈലത്തുൽ ഖദ്‌റിൽ മാലാഖമാരുടെ ആമീൻ ലഭിക്കാൻ എന്ത് പ്രാർത്ഥിക്കണമെന്ന് ചോദിച്ച പ്രിയപത്‌നി ആയിശ (റ)ക്ക് നബി (സ്വ) പാപമുക്തി തേടിക്കൊണ്ടുള്ള പ്രത്യേക പ്രാർത്ഥന പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 3513).
റമദാനിലെ അവസാന പത്തിലെ ഒറ്റ രാത്രികളിൽ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കാനാണ് നബി (സ്വ) പറഞ്ഞത്. ലൈലത്തുൽ ഖദ്‌റാവാൻ ഏറെ സാധ്യതയുള്ള അവസാന പത്തിലെ ഒറ്റയായുള്ള രാത്രികളിൽ ആരാധനകൾക്കായി ഉറക്കമൊഴിച്ച് കച്ചകെട്ടിയിറങ്ങേണ്ടതുണ്ട് ഓരോ സത്യവിശ്വാസിയും. ആ രാവിലെ ഇശാ, സുബ്ഹ് നമസ്‌ക്കാരങ്ങൾ ജമാഅത്തായി നിർവ്വഹിച്ചാൽ തന്നെ അനന്ത പ്രതിഫലങ്ങളാണുള്ളത്. കാരണം സാധാരണ നിലയിൽ ഇശാ ജമാഅത്തായി നമസ്‌ക്കരിച്ചവന് രാത്രിയുടെ പകുതി സമയം നമസ്‌ക്കരിച്ചതിന്റെ പ്രതിഫലവും, ഇശാഉം സുബ്ഹിയും ജമാഅത്തായി നമസ്‌ക്കരിച്ചവന് ഒരു രാത്രി മുഴുവനും നമസ്‌ക്കരിച്ചതിന്റെ പ്രതിഫലവുമുണ്ടെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത്. ലൈലത്തുൽ ഖദ്‌റിലെ ഇശാ നമസ്‌ക്കാരം നിർവ്വഹിച്ചാൽ ആ രാത്രിയിലെ സൗഭാഗ്യം കരഗതമാക്കിയിരിക്കുന്നുവെന്ന് പ്രമുഖ സ്വഹാബിവര്യൻ സഈദു ബ്‌നു മുസയ്യിബ് (റ) പറഞ്ഞിട്ടുണ്ട്.
റമദാൻ മാസം കഴിഞ്ഞ് ശവ്വാൽ പിറക്കുന്നതോടെ എല്ലാ സത്യവിശ്വാസികൾക്കും നിർബന്ധമാവുന്ന ദാനമാണ് സകാത്തുൽ ഫിത്വ്ർ. ആശ്രിതരുടെ ഫിത്വ്ർ സകാത്ത് ഉത്തരവാദിത്വപ്പെട്ട കുടുംബനാഥൻ സകാത്തിന്റെ അർഹർക്ക് നൽകണം. റമദാൻ വ്രതങ്ങളിലെ പിഴവുകൾക്ക് ശുദ്ധി നൽകുന്നതാണ് സകാത്തുൽ ഫിത്വ്ർ. പാവപ്പെട്ടവർക്കുള്ള അന്നവുമാണത്. വസിക്കുന്ന നാട്ടിലെ മുഖ്യ ധാന്യാഹാരമാണ് സകാത്തായി നൽകേണ്ടത്. നബി (സ്വ) ഒരു സ്വാഅ് (3.200 ലിറ്റർ/രണ്ടര കിലോ ഗ്രാം മുതൽ 3 കിലോ ഗ്രാം വരെ) കാരക്കയോ ബാർളിയോ നൽകണമെന്നാണ് അനുചരന്മാരോട് കൽപ്പിച്ചിരുന്നത്. നാണയം നൽകാമെന്നും പണ്ഡിത പക്ഷമുണ്ട്. അങ്ങനെയാണെങ്കിൽ യുഎഇ സാഹചര്യത്തിൽ ഓരോർത്തരും 20 ദിർഹം നൽകണം. പെരുന്നാൾ നമസ്‌ക്കാരത്തിനായി പോവുന്നതിന് മുമ്പ് കൊടുത്തുവീട്ടണം. ഇമാം നമസ്‌ക്കാരത്തിനായി പുറപ്പെടുന്നത് വരെയാണ് കൊടുക്കേണ്ട അവസാന സമയം. ഈ സമയം കഴിഞ്ഞിട്ടും നൽകിയില്ലെങ്കിൽ സകാത്തിന്റെ ബാധ്യത ഒഴിഞ്ഞുപോവുകയില്ല. സ്വഹാബികൾ പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പും സകാത്തുൽ ഫിത്വ്ർ നൽകിയിരുന്നതായി ചരിത്രത്തിൽ കാണാം.