യുഎഇ ഈദുൽ ഫിത്വ് ർ ഖുത്ബ പരിഭാഷ
(ഹിജ്‌റ 1440)
മൻസൂർ ഹുദവി കളനാട്
വിശുദ്ധ റമദാനിന്റെ ആത്മീയ ചൈതന്യം കൊണ്ടനുഗ്രഹീതരായ സത്യവിശ്വാസികൾ ഈദുൽ ഫിത്വ്‌റിന്റെ ആഘോഷ നിർവൃതിയിലാണ്. പരസ്പം ആശംസിച്ചും ആശ്ലേഷിച്ചും സന്തോഷം പങ്കിടുന്ന സുദിനമാണിന്ന്. വ്രതവിശുദ്ധിക്കും പെരുന്നാൾ ആഘോഷത്തിനും സൗഭാഗ്യമേകിയ പ്രപഞ്ച പരിപാലകനായ അല്ലാഹുവിന് തന്നെയാണ് സർവ്വ സ്തുതികളും. അവൻ മഹോന്നതൻ തന്നെ. അവൻ നൽകിയ അനുഗ്രഹങ്ങൾ അനന്തമാണ്. എണ്ണിയാലും എണ്ണിയാലും ഒടുങ്ങാത്തത്.
അല്ലാഹു മനുഷ്യർക്കേകിയ സൗഭാഗ്യങ്ങളിൽ മഹത്തരമായതാണ് പരസ്പര സ്‌നേഹ ബന്ധം. സമൂഹത്തിലെ ആബാല വൃദ്ധ പുരുഷ സ്ത്രീജനങ്ങൾ സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും കഴിഞ്ഞുകൂടുന്ന കാഴ്ച എത്ര സുന്ദരമാണ്. കുടുംബക്കാർ, അയൽവാസികൾ, കൂട്ടുകാർ എല്ലാവരും സമഭാവനാ ചിത്തരാണ്. ഏവരും ഒരൊറ്റ ശരീരം പോലെ സ്‌നേഹമനസ്‌കരായി സഹകരിച്ചും സഹായിച്ചും ജീവിക്കുന്നവരാണ്. വലിയവർ ചെറിയവരോട് വാത്സല്യം കാണിക്കുന്നു. ചെറിയവർ വലിയവരെ ബഹുമാനിക്കുന്നു. ഉള്ളവൻ ഇല്ലാത്തവന് സഹായമെത്തിക്കുന്നു. നിരാലംബർക്കും നിരാശ്രയർക്കും അവശ ജനവിഭാഗങ്ങൾക്കും സഹായഹസ്തങ്ങൾ ഇടതടവില്ലാതെ നീളുന്നു. മനുഷ്യമനസ്സുകൾ സ്‌നേഹാർദ്രം തന്നെയാണ്.
ദാരിദ്യമുണ്ടായിട്ടും മദീനയിലെത്തിയ മുഹാജിറുകളെ പരിമിതികളില്ലാതെ സഹായിക്കാൻ മുന്നേറുന്ന അൻസ്വാറുകളെ പരിശുദ്ധ ഖുർആൻ സൂറത്തുൽ ഹശ്‌റിലൂടെ പരാമർശിക്കുന്നുണ്ട്. ഈ മാതൃക എന്നും നിലനിൽക്കേണ്ടതുണ്ട്. അന്യന് നന്മ മാത്രമേ ആഗ്രഹിക്കാവൂ. സ്വന്തത്തിന് ഇഷ്ടപ്പെടുന്ന ഒരു നന്മ മറ്റുള്ളവർക്കും കൂടി ഉണ്ടാവാൻ ആഗ്രഹിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സത്യവിശ്വാസം സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന് നബി (സ്വ) പഠിപ്പിക്കുന്നുണ്ട് (ഹദീസ് ഇബ്‌നു ഹിബ്ബാൻ 235). സർവ്വരോടും നന്മ അനുവർത്തിക്കാനാണ് ദൈവവിശ്വാസം വിശ്വാസികളോട് അനുശാസിക്കുന്നത്. അല്ലാഹു മനുഷ്യരെ ഒരൊറ്റ വ്യക്തിയിൽ നിന്ന് പടച്ചതു കൊണ്ടുതന്നെ മാനവികരെന്നും സഹോദരങ്ങൾ തന്നെ. ആദിമ മനുഷ്യൻ ആദം നബി (അ)യുടെ മക്കളാണല്ലൊ മനുഷ്യരെല്ലാം. മനുഷ്യകുലത്തെ ഒരൊറ്റ വ്യക്തിയിൽ സൃഷ്ടിച്ച നാഥനെ സൂക്ഷിക്കണമെന്ന് കൽപ്പിച്ചുകൊണ്ടാണ് സൂറത്തുന്നിസാഅ് തുടങ്ങുന്നത്. മനുഷ്യോൽപത്തി മുതൽക്കുള്ള ഈ മനുഷ്യസാഹോദര്യം അന്ത്യനാൾ വരെ നിലനിൽക്കണം. നബി (സ്വ) പറഞ്ഞിട്ടുണ്ട് : ജനങ്ങളേ, നിങ്ങളുടെ നാഥൻ ഒരുവനാണ്, നിങ്ങളുടെ പിതാവും ഒരുവനാണ് (ഹദീസ് അഹ്മദ് 23489). എന്നാൽ അല്ലാഹു മനുഷ്യർക്കിടയിൽ വൈവിധ്യങ്ങളും വൈജാത്യങ്ങളും വ്യത്യാസങ്ങളും വരുത്തിയത് പരസ്പരം ആർദ്രരാവാൻ വേണ്ടി തന്നെയാണ്. ദേശ ഭാഷ വേഷ വർണങ്ങൾ എത്ര വ്യത്യാസപ്പെട്ടാലും മനുഷ്യരൊക്കെയും ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളാണ്. 'മനുഷ്യർ ആദം സന്തതികളാണ്, ആദം മണ്ണിനാൽ സൃഷ്ടിക്കപ്പെട്ടതാണ്' (ഹദീസ് അബൂദാവൂദ് 5116, തുർമുദി 3956, അഹ്മദ് 8721). സർവ്വ വ്യത്യാസങ്ങളും പ്രാപഞ്ചിക ശൈലിയാണ്, അല്ലാഹു സംവിധാനിച്ച ദൃഷ്ടാന്തങ്ങളാണ്. അവ മനുഷ്യർ പരസ്പരം പിണങ്ങാൻ വേണ്ടിയല്ല, പരസ്പരം ഇണങ്ങാൻ വേണ്ടിയാണ്. അല്ലാഹു തന്നെ പറയുന്നു: ഭുവന വാനങ്ങളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷ വർണ വൈജാത്യവും അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ് (സൂറത്തു റൂം 22). വിവിധങ്ങളായ സംസ്‌ക്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും മനുഷ്യരെ പരസ്പരം തിരിച്ചറിയാനും സഹജീവി മനസ്സോടെ അന്യോനം ആശയവിനിമയം ചെയ്യാനുമാണ്. 'ഹേ മർത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കാൻ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി' (സൂറത്തുൽ ഹുജറാത്ത് 13). ഈ മാനവ സാഹോദര്യമാണ് മാനുഷിക മൂല്യങ്ങളെ നിലനിർത്താനും മനുഷ്യർക്കിടയിൽ ഐക്യവും അഖണ്ഡതയും സ്ഥിരപ്പെടുത്തുന്നതും. പൈശാചികതക്ക് ഇടം അനുവദിക്കരുത്. വെറുപ്പിന്റെ വ്യവഹാരം പിശാചിന്റെ കളികളാണ്. ശത്രുതയും വിദ്വേഷവും വിതക്കുന്നത് ഈ പിശാച് തന്നെയാണ്. 'മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാനും ദൈവസ്മരണയിലും നമസ്‌ക്കാരത്തിലും നിന്നും നിങ്ങളെ തടയുവാനും മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളൂ' (സൂറത്തുൽ മാഇദ 91). ഭിന്നിപ്പും വിഭാഗീയതയും പൈശാചികതയുടെ വിഷ ബീജങ്ങളാണ്. അല്ലാഹു പ്രവാചകന്മാരെ സത്യമതത്തിന്റെ പ്രചരാണർത്ഥം അയച്ചത് ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായാണ്. തീവ്രവാദത്തെയും ഭീകരതയെയും നിശ്ശേഷം എതിർക്കുന്ന ഇസ്ലാം നീതിനിർവ്വഹണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അവകാശങ്ങൾ സംരക്ഷിക്കാനും അശരണരെ സഹായിക്കാനും കൽപ്പിക്കുന്നുണ്ട്. കരുണാമയവും സ്‌നേഹാർദ്രവുമായ സമൂഹത്തിന്റെ സംസ്ഥാപനത്തിന് നീതിയും ന്യായവും അത്യന്താപേക്ഷിതമത്രെ. എന്നാൽ മാത്രമേ സുസ്ഥിര ശാന്ത ജീവിതം സാധ്യമാവുകയുള്ളൂ.
മൂല്യമുള്ള സ്വഭാവഗുണഗണങ്ങളും സഹാനുഭൂതിയും ഐക്യബോധമൊക്കെ മാനവ സൗഹാർദത്തിന്റെ പ്രഥമ ഘടകങ്ങളാണ്. സച്ചരിതരായ പ്രവാചകന്മാർ ബോധനം ചെയ്തതും പ്രചോദനം നൽകിയതും മനുഷ്യമനസ്സുകൾക്കിടയിൽ സ്‌നേഹാർദ്രത വളർത്താനും വിഭാഗീയത പിഴുതെറിയാനുമാണ്. ഖുർആൻ വിശദീകരിക്കുന്നു: നൂഹ് നബി, ഇബ്രാഹിം നബി, മൂസാ നബി, ഈസാ നബി എന്നിവരോട് നാം അനുശാസിച്ചതും താങ്കൾക്ക് നാം സന്ദേശം നൽകിയതുമായ ഒരു സംഹിത നേരായ രീതിയിൽ മതനിഷ്ഠ നിലനിർത്തുകയും അതിൽ പക്ഷാന്തരമുണ്ടാകാതിരിക്കുകയും വേണമെന്ന് നിങ്ങൾക്കവൻ നിയമമാക്കിയിരിക്കുന്നു (സൂറത്തു ശ്ശൂറാ 13). കരാർ പാലനമടക്കമുള്ള സ്വഭാവമൂല്യങ്ങളെ പ്രോത്സാപ്പിക്കുന്ന ഇസ്ലാം ദീനിലേക്ക് മനുഷ്യർ ആകർഷിക്കുന്നതും മാനവികതയെ ഉയർത്തിപ്പിടിക്കുന്നത് കൊണ്ടാണ്.
മനുഷ്യത്വമെന്നാൽ തലമുറകളിലൂടെ സുരക്ഷാ വലയം തീർക്കുന്ന, വിധ്വംസക പ്രവർത്തനങ്ങളുടെ അടിവേരറുക്കുന്ന സ്വത്വമാണ്. ഉത്തരവാദിത്വബോധത്തോടെ സാമൂഹ്യബാധ്യതകൾ നിറവേറ്റുകയും മനുഷ്യ സംസ്‌കൃതികൾ പരിപാലിക്കുകയും ചെയ്യുന്ന ദേശീയതയും മാനവികതയുടെ അടിയാളമാണ്. മാനുഷിക മൂല്യവും ദേശീയബോധ്യവുമുള്ള സമൂഹത്തിലാണ് സുരക്ഷയും സുസ്ഥിരതയും ഐശ്വര്യവും അഭിവൃതിയുമെല്ലാം ഉണ്ടാവുക. അത്തരം സഹിഷ്ണുതയോടെയും സമഭാവനയോടെയുമുള്ള ജീവിതങ്ങളിലൂടെയാണ് ബന്ധങ്ങൾ സന്തുഷ്ടവും സ്‌നേഹാർദവുമാവുന്നത്.
ഈ സന്തോഷ വേള ബന്ധങ്ങളെ കൂടുതൽ സ്‌നേഹാർദ്രമാക്കി ആഘോഷിക്കാം. ഗൃഹസന്ദർശനം നടത്തി സലാം പറഞ്ഞും ആലിംഗനം ചെയ്തും അഭിവാദ്യങ്ങൾ കൈമാറിയും ബന്ധങ്ങൾ സുഭദ്രമാക്കാം. സലാം പറയലാണ് സ്‌നേഹബന്ധത്തിന്റെ അടിസ്ഥാന നിദാനം. നബി (സ്വ) പറയുന്നു: നിങ്ങൾ സത്യവിശ്വാസകളായെങ്കിൽ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ. പരസ്പരം സ്‌നേഹബന്ധമുണ്ടെങ്കിൽ മാത്രമേ നിങ്ങൾ യഥാർത്ഥ വിശ്വാസികളാവുകയുള്ളൂ. നിങ്ങൾക്കിടയിൽ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു കാര്യം ഞാൻ പറഞ്ഞുതരാം: നിങ്ങൾക്കിടയിൽ സലാം പറയുന്നതിനെ വ്യാപകമാക്കണം (ഹദീസ് മുസ്ലിം 93). സലാം പറയൽ, ഭക്ഷണം നൽകൽ, കുടുംബബന്ധം ചേർക്കൽ, രാത്രി നമസ്‌ക്കാരം തുടങ്ങിയ സൽകൃത്യങ്ങൾ സമാധാനപൂർണമായ സ്വർഗ പ്രവേശം എളുപ്പമാക്കുമെന്നും തിരുമൊഴിയുണ്ട് (ഹദീസ് തുർമുദി 1855).