യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 07.06.2019
വിഷയം: പെൺമക്കൾ ദൈവാനുഗ്രഹം
ജീവിതാലങ്കാരങ്ങളായ മക്കൾ അല്ലാഹു നൽകിയ മഹത്തായ ദാനങ്ങളാണ്. കൺകുളിർമകളായ സന്താനങ്ങൾ വീടിന്റെ ഐശ്വര്യവും കുടുംബത്തിന്റെ സന്തോഷപ്രഭകളുമാണ്. പെൺമക്കൾക്ക് അല്ലാഹു ഏറെ ആദരവും പരിഗണനയും കൽപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ മക്കളെ പരാമർശിക്കുന്നിടത്ത് പെൺമക്കളെ ആദ്യം പറഞ്ഞതായി കാണാം: താനുദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെയും മറ്റുചിലർക്ക് ആൺമക്കളെയും കനിഞ്ഞേകുന്നു (സൂറത്തു ശ്ശൂറാ 49). പെൺമക്കളുടെ വീട്ടിലെയും സമൂഹത്തിലെയും സ്ഥാനം മുഹമ്മദ് നബി (സ്വ) വിശദീകരിച്ചിട്ടുണ്ട്. പെൺസന്താനങ്ങളെ അവഗണിക്കരുതെന്നും അവർ സ്‌നേഹ വാത്സല്യ വായ്പുകൾ ഏറ്റുവാങ്ങേണ്ട മഹനീയ സ്ഥാനം ഉടയവരെന്നുമാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് അഹ്മദ്, ത്വബ്‌റാനി). അവരെ നന്നായി വളർത്താനും പരിപാലിക്കാനും സന്തോഷിപ്പിക്കാനും ബഹുമാനിക്കാനും പ്രവാചക വസ്വിയ്യത്തുണ്ട്. പെൺമക്കളുടെ സംരക്ഷണമേറ്റെടുത്തവർക്ക് സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുമുണ്ട്. നബി (സ്വ) പറയുന്നു: ഒരാൾക്ക് മൂന്നു പെൺമക്കളുണ്ടാവുകയും അവർക്ക് നേരാംവണ്ണം അഭയവും സംരക്ഷണവുമേകി വളർത്തുകയും ചെയ്താൽ സ്വർഗം നിർബന്ധമാണ്. അപ്പോൾ ഒരാൾ ചോദിച്ചു: രണ്ടു പെൺമക്കളുണ്ടെങ്കിലോ? നബി (സ്വ) പറഞ്ഞു: എന്നാലും അങ്ങനെ തന്നെ. ഒരു പെൺകുട്ടി മാത്രമുണ്ടെങ്കിലോ എന്ന് നബി (സ്വ)യോട് ചോദിച്ചിരുന്നെങ്കിൽ ഒന്നാണെങ്കിലും അപ്രകാരം തന്നെയെന്ന് അരുളുമായിരുന്നെന്ന് ഹദീസ് പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരിക്കൽ നബി (സ്വ) തങ്ങളുടെ വിരളുകൾ ചേർത്തുവെച്ചു കൊണ്ട് പറഞ്ഞു: ഒരാൾ രണ്ടുപെൺമക്കളെ പ്രായപൂർത്തിയാകും വരെ പരിപാലിച്ചാൽ അന്ത്യനാളിൽ ഞാനും അവനും ഇതുപോലെ വരും. അതായത് അവൻ സ്വർഗലോകത്ത് പ്രവാചകരോടൊപ്പമായിരിക്കും.
നബി (സ്വ) പെൺമക്കളോട് അതിയായ വാത്സല്യത്തോടെയും ബഹുമാനത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്. പ്രവാചകീയമായ കാരുണ്യത്തിനപ്പുറം രക്ഷാകർതൃ വാത്സല്യവും ലാളനകളും ആ പെൺമക്കൾക്ക് ഏറെ ലഭിച്ചിരുന്നു. നബി (സ്വ) മക്കളോട് കൂടുതൽ കരുണാമയമായിരുന്നെന്ന് അനസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. പെൺമക്കളുടെ ചെറുപ്പകാലത്ത് അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു. അവരുടെ മനസ്സിൽ ശരിയായ പിതൃസ്വാധീനമുറപ്പിക്കാനായിരുന്നു അത്. അനസ് (റ) പറയുന്നു: നബി (സ്വ) ചെറിയ കുട്ടിയായ സൈനബ് ബിൻത് ഉമ്മു സലമയുടെ കൂടെ കളിച്ചുകൊണ്ട് 'സൈനബ കുട്ടി, സൈനബ കുട്ടി' എന്ന് വിളിക്കുമായിരുന്നു. സൈനബ (റ)യുടെ മകൾ ഉമാമയെ നബി (സ്വ) നമസ്‌ക്കാരത്തിലും ചുമലിലേറ്റുമായിരുന്നു. റുകൂഇൽ താഴെ ഇറങ്ങും. സുജൂദിൽ നിന്ന് എഴുന്നേറ്റാൽ വീണ്ടും മുതുകിൽ കയറും. പെൺമക്കളെ ബഹുമാനിക്കാനും അവരുടെ സ്ഥാനമഹിമകൾ വകവെച്ചു നൽകാനും കർശനമായ പ്രവാചക നിർദേശമുണ്ട്. പഠനവും പരിപാലനവും ബാധ്യതകളാണ്. സ്വാതികരായ മുൻകാല മഹത്തുക്കൾ പെൺമക്കൾക്ക് ഖുർആനും മറ്റു വിജ്ഞാനങ്ങളും ലഭ്യമാക്കിയിരുന്നു. അവരിലൊരു മഹാൻ സുബ്ഹ് സമയത്ത് സ്വയം ഖുർആൻ പാരായണം ചെയ്യുകയും അസ്വ്ർ സമയത്ത് തന്റെ മകളെയും സഹോദരന്റെ പെൺമക്കളെയും വിളിച്ചിരുത്തി ഖുർആനും മറ്റും പഠിപ്പിച്ചിരുന്നുവത്രെ. സന്തുഷ്ട കുടുംബമെന്നും പെൺമക്കളുടെ പഠനത്തിലും പരിചരണത്തിലും ജാഗ്രത പുലർത്തിയിരിക്കും.
പെൺമക്കൾ വളർന്ന് വലുതായശേഷവും നബി (സ്വ) അവരോട് വാത്സല്യപുരസരം തന്നെയാണ് ഇടപഴകിയിരുന്നത്. പ്രിയ പുത്രി ഫാത്വിമ (റ) വീട്ടിൽ വന്നാൽ സ്വീകരിച്ചാനയിക്കും. വിരിപ്പ് വിരിച്ച് മജ്‌ലിസിൽ ഇരുത്തും. ശേഷം രണ്ടു പേരും കുറേ സംസാരിക്കും. മകളോട് രഹസ്യങ്ങൾ പോലും പങ്കുവെക്കുമായിരുന്നു. ആയിശ (റ) പറയുന്നു: ഒരിക്കൽ ഫാത്വിമ വന്നു. അവരുടെ നടത്തം നബി (സ്വ)യുടെ നടത്തം പോലെയാണ്. നബി (സ്വ) 'സ്വാഗതം മകളേ' എന്ന് പറഞ്ഞ് ഇരുത്തി സംസാരിച്ചു തുടങ്ങി. അപ്പോൾ ഫാത്വിമ കരഞ്ഞു. പിന്നെയും സംസാരിച്ചു. അപ്പോൾ ഫാത്വിമ ചിരിച്ചു. പിന്നീട് ആയിശ (റ) ആ കരച്ചിലിന്റെയും ചിരിയുടെയും കാരണം ചോദിച്ചപ്പോൾ ഫാത്വിമ (റ) പറയാൻ തയ്യാറായില്ല. അത് നബി (സ്വ)യുടെ രഹസ്യമാണെന്നാണ് മറുപടി നൽകിയത്. പെൺമക്കളെ നന്നായി പരിപാലിച്ചിരുന്ന നബി (സ്വ)ക്ക് അവരുടെ ഓരോ സ്പന്ദനങ്ങളും അറിയാമായിരുന്നു. അവരുടെ മനസ്സിലെ വ്യതകളും വ്യാകുലതകളും മനസ്സിലാക്കി തക്കതായ പരിഹാരം കണ്ടെത്തിയിരുന്നു. 'ഫാത്വമ എന്റെ കഷ്ണമാണ്, അവളെ ദേഷ്യപ്പെടുത്തിയാൽ എന്നെ ദേഷ്യപ്പെടുത്തിയത് പോലെ'യെന്നാണ് പറഞ്ഞിരുന്നത്. പെൺമക്കൾക്ക് രോഗം ബാധിച്ചാൽ നബി (സ്വ) ഉറക്കമൊഴിച്ച് അവരെ ശുശ്രൂഷിക്കുമായിരുന്നു. മകൾ റുഖിയ (റ)ക്ക് രോഗം ബാധിച്ച സമയത്ത് നബി (സ്വ) യാത്രാ ഒരുക്കത്തിലായിരുന്നു. ഭർത്താവ് ഉസ്മാൻ ബ്‌നു അഫ്ഫാനെ (റ) വിളിച്ച് രോഗ ശുശ്രൂഷയുടെയും പരിചരണത്തിന്റെയും കാര്യങ്ങൾ ചെയ്യാൻ നിർദേശിക്കുകയും അതിന് വണ്ണമായ ദൈവിക പ്രതിഫലമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പെൺമക്കളെ വിവാഹം കഴിച്ചുകൊടുക്കാനായി അവരുടെ അഭിപ്രായങ്ങൾ കൂടി ആരായുമായിരുന്നു. അനുയോജ്യനായ വരനെ കണ്ടെത്തി വളരെ സുഗമമായാണ് വിവാഹം കഴിപ്പിച്ചിരുന്നത്. വിവാഹശേഷവും പെൺമക്കളോടുള്ള വാത്സല്യത്തിനും സ്‌നേഹവായ്പിനും യാതൊരു കുറവുമുണ്ടായിരുന്നില്ല. ഇടക്കിടക്ക് അവരുടെ വീട്ടിൽ പോയി സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. അവർക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ വാത്സല്യനിധിയായ ആ പിതാവ് തന്നെയായിരുന്നു അഭയകേന്ദ്രവും. സന്തോഷവും ദുഖവുമെല്ലാം പിതൃമനസ്സിന് മുമ്പിൽ തുറന്നുവെക്കുമായിരുന്നു.
മാതാപിതാക്കൾ പെൺമക്കൾക്ക് ആവശ്യമായ പരിചരണവും പരിഗണനയും നൽകിയാൽ അതിന്റെ ഫലം അവർക്ക് ഇഹലോകത്ത് തന്നെ ആസ്വദിക്കാനാവും. മാതാപിതാക്കളോട് ഗുണം ചെയ്യുന്നവരായിരിക്കും നല്ല ശിക്ഷണം കിട്ടിയ പെൺമക്കൾ. 'രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തിയത് പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയണമേ' എന്ന് പ്രാർത്ഥിക്കുന്നവരായിരിക്കും. ഉമ്മയോടെയായിരിക്കും കൂടുതൽ ആർദ്രത. എല്ലാ കാര്യത്തിലും മാതാവിന് താങ്ങും തണലുമായിട്ടുണ്ടായിരിക്കുക മകളായിരിക്കും. വാർദ്ധക്യ കാലത്തും അത് തുടരും. ഉമ്മ കഴിഞ്ഞാൽ ഉപ്പയോടായിരിക്കും ആ മാനസിക സാന്നിധ്യം. നബി (സ്വ) ഫാത്വിമ (റ)യുടെ വീട്ടിൽ പോയാൽ സ്വീകരിച്ചിരുത്തുമായിരുന്നല്ലൊ. മാതൃകാ പിതാവിന്റെയും മകളുടെയും ചരിത്രപാഠങ്ങളാണവ.