അബ്‌റാറുകൾ: സ്വർഗത്തിൽ അഭിരമിക്കും പുണ്യവാന്മാർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 
മൻസൂർ ഹുദവി കളനാട്

തീയ്യതി: 14/06/2019
വിഷയം: അബ്‌റാറുകൾ സ്വർഗീയാനുഭൂതിയിലാണ്

അറബി ഭാഷയിൽ നന്മ, പുണ്യം, സുകൃതം എന്നിങ്ങനെ അർത്ഥമാക്കുന്ന ബിറ്ർ എന്ന ക്രിയാനാമ ധാതുവിൽ നിന്ന് നിഷ്പന്നമായ കർതൃവാചി പദങ്ങളാണ് ബറ്ർ, ബാറ്ർ. അതിന്റെ ബഹുവചനമാണ് അബ്‌റാർ. സുകൃതി, പുണ്യവാൻ, ഋജുമാനസൻ എന്നൊക്കെ നിരുപാധിക ഭാഷാർത്ഥമാണെങ്കിലും പരിശുദ്ധ ഖുർആനിലും ഹദീസിലും പരാമർശിക്കപ്പെട്ട പ്രകാരം പ്രാമാണികമായി നിർവചിക്കുമ്പോൾ വിശാല വിശേഷങ്ങളും വിശേഷണങ്ങളുമുള്ളവരാണ് അബ്‌റാറുകൾ.  അല്ലാഹുവിങ്കൽ മഹത് സ്ഥാനമുള്ള അബ്‌റാറുകളുടെ മഹിമകൾ ധാരാളമാണ്. അവരുടെ സത്കൃത്യങ്ങൾ രേഖപ്പെടുത്തുന്നതിനെ പ്പറ്റി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്: അല്ല, അബ്‌റാറുകളുടെ ഉല്ലേഖിത മടക്കസ്ഥലം ഇല്ലിയ്യൂനിൽ തന്നെ. ഇല്ലിയ്യൂൻ എന്താണെന്ന് അങ്ങേക്കറിയുമോ? ഒരു ഉല്ലേഖിത രേഖയാണത്. ദൈവസാമീപ്യം നേടിയവർ അതിങ്കൽ ഹാജറുണ്ടാകും (സൂറത്തുൽ മുഥഫ്ഫിഫീൻ 18, 19, 20, 21). ആ ലിഖിതങ്ങൾക്ക് ദൈവസമീപസ്ഥരായ ആകാശലോകത്തെ മലക്കുകൾ സാക്ഷികളാവുമെന്നാണ് പ്രസ്തുത സൂക്തത്തെ തഫ്‌സീറു ഇബ്‌നു കഥീർ വ്യാഖ്യാനിക്കുന്നത്.

അബ്‌റാറുകൾ അന്ത്യനാളിൽ അനന്ത സുഖസൗകര്യങ്ങളുള്ള സ്വർഗലോകത്ത് അഭിരമിക്കുന്നവരായിരിക്കും. അവർക്കുള്ള സ്വർഗീയ സംവിധാനങ്ങളും സുഖലോലുപതകളും ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട്: നിശ്ചയം, അബ്‌റാറുകൾ സുഖാഢംബരങ്ങളിലും കട്ടിലുകളിലിരുന്ന് എല്ലാം നോക്കിക്കാണുന്നവരുമായിരിക്കും. അവരുടെ വദനങ്ങളിൽ സൗഖ്യത്തിന്റെ പ്രസന്നത നിനക്കു കണ്ടറിയാം. മുദ്രിതമായ ശുദ്ധമദ്യം അവർക്ക് പാനം ചെയ്യിക്കപ്പെടും. കസ്തൂരിയാണ് അതിന്റെ മുദ്ര. മത്സരിക്കുന്നവർ അതിനുവേണം മത്സരിക്കാൻ (സൂറത്തുൽ മുഥഫ്ഫിഫീൻ 22, 23, 24, 25, 26). പ്രപഞ്ച നിയന്താവായ അല്ലാഹുവിലേക്കുളള സാമീപ്യം സാധ്യമാക്കുന്ന എല്ലാ പുണ്യങ്ങളും ആരാധനകളും അനുസരണകളും ജീവിത സപര്യയാക്കിയ അബ്‌റാറുകൾക്കുള്ള പ്രധാന വിശേഷം പതറാത്ത ദൈവവിശ്വാസം തന്നെയാണ്. അല്ലാഹുവിലുള്ള വിശ്വാസം സമ്പൂർണമാവണമെങ്കിൽ അവന്റെ മലക്കുകളിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും അന്ത്യനാളിലുമെല്ലാം വിശദമായി വിശ്വസിക്കണം. കേവലം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കലല്ല ബിറ്ർ എന്നും, പ്രത്യുത അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും ധനത്തോടു പ്രതിപത്തിയുണ്ടായിരിക്കെ തന്നെ ബന്ധുക്കൾ, അനാഥകൾ, ദരിദ്രർ, യാത്രക്കാർ, യാചകന്മാർ എന്നിവർക്കും അടിമമോചനത്തിനും അതു നൽകുകയും നമസ്‌ക്കാരം യഥാവിധി നിർവ്വഹിക്കുകയും സകാത്ത് കൊടുക്കുകയും ഏർപ്പെട്ട കരാറുകൾ പൂർത്തീകരിക്കുകയും വിഷമതകളും കഷ്ടപ്പാടുകളും വന്നെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവരാണ് യഥാർത്ഥ പുണ്യാവാന്മാരായ അബ്‌റാറുകളാണെന്ന് സൂറത്തുൽ ബഖറ 177ാം സൂക്തത്തിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്. സത്യസന്ധത പാലിച്ചവരും ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയവരുമാണെന്നും വിശദീകരണമുണ്ട്്്. കളങ്കമറ്റ സത്യവിശ്വാസത്തോടൊപ്പം സകാത്ത്, നമസ്‌ക്കാര നിർവ്വഹണം, ദാനധർമ്മം, വാഗ്ദത്ത പാലനം, ക്ഷമ, തഖ്‌വ, സത്യസന്ധത തുടങ്ങിയ പുണ്യഗുണങ്ങളും അടങ്ങിയവരാണ് അബ്‌റാറുകളെന്ന് ചുരുക്കം.

ഈമാനിക വിളിയാളത്തിന് ഉത്തരം നൽകാൻ സൗഭാഗ്യം സിദ്ധിച്ച സത്യവിശ്വാസികൾ തങ്ങളെ അബ്‌റാറുകളുടെ ഗണത്തിൽപ്പെടുത്താൻ അല്ലാഹുവോട് പ്രാർത്ഥിക്കുമത്രെ: നാഥാ, സത്യവിശ്വാസത്തിലേക്കുള്ള പ്രബോധക വിളി 'നിങ്ങൾ വിശ്വസിക്കൂ' എന്ന ക്ഷണം ഞങ്ങൾ ശ്രവിച്ചു. തത്സമയം ഞങ്ങൾ വിശ്വാസം കൈക്കൊണ്ടു. അതിനാൽ നാഥാ ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും തിന്മകൾ മാപ്പാക്കി തരികയും അബ്‌റാറുകളിൽ ചേർത്തു മരിപ്പിക്കുകയും ചെയ്യേണമേ (സൂറത്തു ആലു ഇംറാൻ 193). നമസ്‌ക്കാരമാണ് അബ്‌റാറുകൾക്കുള്ള പ്രധാന ആരാധനാ കർമ്മം. ഇടയിൽ പിഴവുകളില്ലാത്ത വിധം തുടരെയുള്ള നമസ്‌ക്കാരങ്ങൾ ഇല്ലിയ്യൂൻ എന്ന ഉല്ലേഖിത രേഖയിൽ എഴുതപ്പെടുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 558, അഹ്്മദ് 22304). ഇല്ലിയ്യൂനിൽ രേഖപ്പെടുത്തുന്നതൊക്കെയും അബ്‌റാറുകളുടെ പുണ്യപ്രവർത്തനങ്ങളാണ്. യഥാവിധം യഥാസമയം ഭയഭക്തിയോടെയുള്ള നമസ്‌ക്കാരങ്ങൾ അത്തരത്തിൽ രേഖപ്പെടുത്തുമെന്നർത്ഥം.

ദാനധർമ്മം അബ്‌റാറുകളുടെ മറ്റൊരു ഗുണവിശേഷണമാണ്. ഇഷ്ടപ്പെടുന്നതിൽ നിന്ന് മറ്റുള്ളവർക്ക് വ്യയം ചെയ്‌തെങ്കിൽ മാത്രമേ ബിറ്ർ സാധ്യമാവുകയുള്ളൂ (സൂറത്തു ആലുഇംറാൻ 92). സൽകൃത്യങ്ങളോടൊപ്പം സൽസ്വഭാവ സമ്പന്നരുമാണ് അബ്‌റാറുകൾ. ബിറ്ർ സ്വഭാവമഹിമയെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് മുസ്ലിം 2553). വാഗ്ദത്ത പൂർത്തീകരണവും സത്യസന്ധതയും ഉന്നതമായ സ്വഭാവ വൈശിഷ്ട്യങ്ങളാണ്. വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്തുന്ന ഈ സുകൃതികൾക്ക് സന്മാർഗപൂരിതമായി പാരത്രിക വിജയവും സ്വർഗപ്രവേശവും സുസാധ്യമാണ്. നബി (സ്വ) പറയുന്നു: നിങ്ങൾ സത്യസന്ധത കൈക്കൊള്ളുക. നിശ്ചയം സത്യസന്ധത ബിറ്‌റിലേക്കാണ് നയിക്കുന്നത്. ബിറ് ർ സ്വർഗത്തിലേക്ക് ആനയിക്കും. സത്യസന്ധത പാലിക്കുകയും സത്യത്തിനായി നിലക്കൊള്ളുകയും ചെയ്യുന്നാളെ അല്ലാഹു മഹത്തുക്കളായ സിദ്ധീഖീങ്ങളിൽ രേഖപ്പെടുത്തുന്നതായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). പ്രതിസന്ധി ഘട്ടങ്ങളിലുള്ള ക്ഷമയും സഹനവും അവരെ ഏറെ പുണ്യാത്മക്കളാക്കുന്നു. ബിറ്ർ എന്ന പുണ്യക്കലവറയുടെ കാര്യത്തിൽ പരസ്പരം സാരോപദേശം നടത്താനും സഹകരിക്കാനുമാണ് ദൈവകൽപന. നന്മയുടെയും (ബിറ്ർ) ഭയഭക്തിയുടെയും (തഖ്‌വ) വിഷയത്തിൽ രഹസ്യോപദേശം നടത്തുക. അല്ലാഹുവിനെ സൂക്ഷിക്കുക. അവങ്കലിലേക്കാണ് നിങ്ങൾ സംഗമിപ്പിക്കപ്പെടുക (സൂറത്തുൽ മുജാദില 09). നന്മയുടെയും ഭക്തിയുടേതുമായ കാര്യങ്ങളിൽ നിങ്ങൾ അന്യോന്യം സഹായിക്കണം (സൂറത്തുൽ മാഇദ 2). കാരണം, ഭക്തിയിലും പുണ്യങ്ങളിലും മാത്രമാണ് വ്യക്തികളുടെ ഇരുലോക വിജയവും, സമൂഹത്തിന്റെ നിലനിൽപ്പും കെട്ടുറപ്പും കുടിക്കൊള്ളുന്നത്.

മാതാപിതാക്കൾക്ക് ചെയ്യുന്ന നന്മകൾ ബിറ്ർ ആണ്. മാതൃ പിതൃത്വങ്ങൾക്ക് ഗുണം ചെയ്യുന്നതിനെ 'ബിറുൽ വാലിദൈനി' എന്ന പ്രയോഗമാണ് ഇസ്ലാമികമായി ഉപയോഗിക്കുന്നത്. അത്തരത്തിൽ ഖുർആൻ യഹ്‌യാ നബി (അ)യെ പുകഴ്ത്തിപ്പറഞ്ഞതായി കാണാം: 'മികവുറ്റ ഭക്തനും മാതാപിതാക്കളോട് ഉദാത്ത സമീപക്കാരനുമായിരുന്നു താൻ. ധിക്കാരിയോ അനുസരണമില്ലാത്തവനോ ആയിരുന്നില്ല' (സൂറത്തു മർയം 14). മാതാപിതാക്കളുടെ കാലശേഷവും അവരുടെ കുടുംബക്കാരോട് ബന്ധം ചേർക്കലും അവരുടെ സുഹൃത്തുക്കളെ സ്‌നേഹിക്കലും ആ നന്മയുടെ ഭാഗമാണ്. മക്കൾ ഉപ്പയുടെ സ്‌നേഹക്കാരോട് സ്‌നേഹബന്ധം നിലനിർത്തുന്നതാണ് പുണ്യങ്ങളിൽവെച്ച് ഏറ്റവും പുണ്യം (ഹദീസ് മുസ്ലിം 2552). മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റുന്നവർക്ക് സ്വർഗപ്രവേശം എളുപ്പമാണ്. അവരുടെ പ്രാർത്ഥനകൾക്ക് അനായാസം ഉത്തരം നൽകപ്പെടുകയും ചെയ്യും. മാതാവിന് ഗുണം ചെയ്ത ഒരു മഹാനെ നബി (സ്വ) സ്വഹാബത്തിന് പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഉവൈസ് ബ്‌നു ആമിറാണ് ആ പുണ്യവാൻ. അദ്ദേഹം ഒരു കാര്യം അല്ലാഹുവിനോട് സത്യം ചെയ്തു പറഞ്ഞാൽ അക്കാര്യം നടത്തിക്കൊടുക്കുത്രെ (ഹദീസ് മുസ്ലിം 2542). ഇത്തരം പുണ്യാത്മാക്കൾ ചെറുതായി ദുആ ചെയ്താൽ തന്നെ അല്ലാഹു അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുന്നതായിരിക്കും.

back to top