ഈ അലങ്കാരങ്ങളൊക്കെയും പരീക്ഷണങ്ങളാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 21/06/2019
വിഷയം: ഉദാത്ത കർമ്മാണ് മർമ്മം

സുഖാനുഭൂതികളുടെ അലങ്കൃത രൂപമാണ് ദുനിയാവ്. കാഴ്ചകൾ, രുചികൾ, ആസ്വാദനങ്ങൾ, സ്വരലയങ്ങൾ, അനുഭവങ്ങൾ അങ്ങനെ ഐഹിക ആനന്ദങ്ങൾ പലതാണ്. എന്നാൽ അതെല്ലാം നൈമിഷികവും നശ്വരവുമാണെന്ന് മാത്രം. കേവല ബാഹ്യ അലങ്കാരങ്ങളായ ഈ ലോക സൗഖ്യങ്ങൾ അലങ്കോലമാവാൻ ഏറെ കാലം വേണ്ടെന്നതാണ് കാര്യം. പണവും പത്രാസും സന്താനവും മോടിയും പ്രൗഢിയുമെല്ലാം പുറം ഭംഗികൾ. ഉത്തമ കർമ്മങ്ങളും ധർമ്മങ്ങളുമാണ് സ്വരൂപങ്ങളായി നിലനിൽക്കുന്നത്. അതല്ലാത്ത എല്ലാ സൗന്ദര്യവു സൗകുമാര്യവും വിരൂപങ്ങളായി മാറും. എല്ലാ അഴകുകളും അഴുക്കുകളായിത്തീരും. പരിണിത ഫല കേന്ദ്രമായ പാരത്രിക ലോകമാണ് ശ്വാശ്വതമായുള്ളത്. അതിലെ സുഖാനന്ദങ്ങളും സൗകര്യങ്ങളും അനന്തമായി നിലനിൽക്കുന്നതായിരിക്കും. സൽപ്രവർത്തികൾ തന്നെയാണ് ഇഹത്തെ സൗഭാഗ്യപൂർണവും പരത്തെ വിജയകരവുമാക്കുന്നത്.

ക്ഷണികങ്ങളായ ഐഹിക നേട്ടങ്ങൾക്കായി ചിലർ സന്മാർഗ നിഷേധം കാട്ടിയപ്പോൾ പ്രവാചകർ മുഹമ്മദ് നബി (സ്വ)യോട് അല്ലാഹു പറഞ്ഞത് ഭൂലോകം തകർന്നടിയുന്ന ചമയകേന്ദ്രമെന്നാണ്. ആ പരീക്ഷണ ശാലയിലെ കർമ്മഫലമാണ് അന്ത്യനാളിൽ അനുഭവിക്കുക. അക്കാര്യം വിശുദ്ധ ഖുർആൻ സൂറത്തുൽ കഹ്ഫ് 7, 8 സൂക്തങ്ങളിലൂടെ വിവരിക്കുന്നുണ്ട് : 'ഭൂതലത്തിലുള്ളവയെ മനുഷ്യരിൽ ആരാണ് ഏറ്റം ഉദാത്ത കർമ്മി എന്ന് പരീക്ഷിക്കാനായി അതിനു നാം ഒരലങ്കാരമാക്കിയിരിക്കുക തന്നെയാണ്. അതിന്റെ ഉപരി തലത്തിലുള്ളതൊക്കെ സംഹരിച്ച് നാം തന്നെ അതൊരു തരിശ് ഭൂമിയാക്കും'. ഈ ലോകത്തെ അല്ലാഹു മനുഷ്യർക്ക് സുഖവാസയോഗ്യവും സൗകര്യപ്രദവുമായി സംവിധാനിച്ചിരിക്കുന്നത് ആരാണ് ദൈവാനുസരണയുള്ളവരെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്. എല്ലാ നിലക്കും അല്ലാഹു അടിമകൾക്ക് നൽകിയിരിക്കുന്നത് ഉദാത്തവും ഉൽകൃഷ്ടവുമായ സൗകര്യങ്ങളും അനുബന്ധങ്ങളുമാണ്. ഉദാത്ത കർമ്മങ്ങളിലൂടെ അവനെ വഴിപ്പെടാനാണത്. 'നിശ്ചയം മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു (സൂറത്തുത്തീൻ 04). ഏറ്റവും സാഹിത്യ സമ്പുഷ്ടവും നീതിയുക്തവുമായ അതിശ്രേഷ്ഠ വേദഗ്രന്ഥമാണ് നമ്മുക്ക് അവതീർണമായിരിക്കുന്നത്. അതാണ് ദൈവ വചനങ്ങളായ ഖുർആൻ. അല്ലാഹു പറയുന്നു: ഏറ്റം ഉദാത്തമായ വൃത്താന്തം പരസ്പരം സദൃശ്യവും ആവർത്തിക്കപ്പെടുന്നതുമായ സൂക്തങ്ങളുടെ ഗ്രന്ഥം ഇറക്കിയിരിക്കുന്നത് അല്ലാഹുവാകുന്നു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചർമ്മങ്ങൾക്ക് അവമൂലം രോമാഞ്ചമുണ്ടാകുന്നതും അവരുടെ തൊലികളും ഹൃദയങ്ങളും ദൈവസ്മരണക്കായി വിധേയമാകുന്നതുമാണ് (സൂറത്തു സ്സുമർ 23). മാത്രമല്ല, ഖുർആനിൽ പ്രതിപാദിച്ചിരിക്കുന്നത് ഏറ്റവും നല്ല ചരിത്ര പഠനങ്ങളും ഗുണപാഠങ്ങളുമാണ്. 'അങ്ങേക്ക് ഈ ഖുർആൻ ദിവ്യബോധനം നൽകുക വഴി അത്യുദാത്ത കഥാകഥനമാണ് നാം നിർവ്വഹിക്കുന്നത്' (സൂറത്തു യൂസുഫ് 03). ദൈവിക ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കാനും ദൈവ തൃപ്തിയിൽ നേർമാർഗം പുൽകി ധന്യരാവാനും വേണ്ടിയാണ് ഇവയൊക്കെയും. ഖുർആനിലുള്ള പ്രകാരം ഉദാത്ത കർമ്മങ്ങൾ അനുഷ്ഠിക്കാനാണ് അല്ലാഹു നമ്മോട് കൽപ്പിക്കുന്നത്. ഉദാത്ത വാക്കുകളായ ഖുർആനും സുന്നത്തും ശ്രവിച്ച് ഉദാത്തമായത് പിന്തുടരുന്ന അടിമകൾക്ക് ശുഭവാർത്തയുണ്ടെന്നും അറിയിച്ചുതന്നിട്ടുണ്ട്.. അവരാണ് സന്മാർഗം നേടിയവരും ബുദ്ധിമാന്മാരെന്നും പുകഴ്ത്തിപ്പറഞ്ഞിട്ടുമുണ്ട് (സൂറത്തു സ്സുമർ 18).

ആരാധനകളിൽ ഏറ്റവും ഉദാത്തം ദൈവസ്മരണ, നമസ്‌ക്കാര നിർവ്വഹണം, സകാത്ത് ദാനം എന്നിവയാണ്. അല്ലാഹു പറയുന്നു: ദൈവ സ്മരണയിലോ നമസ്‌ക്കാരം യഥാക്രമം അനുഷ്ഠിക്കുന്നതിലോ സകാത്ത് നൽകുന്നതിലോ നിന്ന് ക്രയവിക്രയ വാണിഭങ്ങൾ അവരെ അശ്രദ്ധരാക്കുന്നതല്ല. ഹൃദയങ്ങളും ദൃഷ്ടികളും കീഴ്‌മേൽ മറിയുന്ന ഒരു ദിനം ഭയന്നുകൊണ്ടിരിക്കുന്നവരാണവർ. ഇത് തങ്ങൾ അനുഷ്ഠിച്ച കർമ്മങ്ങൾക്കായി അല്ലാഹു അവർക്ക് ഉദാത്തമായ കൂലികൊടുക്കാനും തന്റെ വർധിതാനുഗ്രഹം നൽകാനുമത്രെ. താനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ അല്ലാഹു നൽകുന്നതാണ് (സൂറത്തുന്നൂർ 37, 38). മനുഷ്യന്റെ ആരാധനാ കർമ്മങ്ങളിൽ നമസ്‌ക്കാരമാണ് ഏറ്റവും ശ്രേഷ്ഠമെന്നാണ് ഉസ്മാൻ ബ്‌നു അഫ്ഫാൻ (റ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 695). മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നതും അത്യുൽകൃഷ്ട കർമ്മങ്ങളിൽപ്പെട്ടതാണ്. അവരോടുള്ള ബാധ്യതകളും കടപ്പാടുകളും നിറവേറ്റാനാണ് അല്ലാഹുവിന്റെ വസ്വിയ്യത്ത്. മാതാപിതാക്കളോട് ഉദാത്ത സമീപനം കാട്ടിയവരുടെ സൽക്കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയും ദുഷ്‌കർമ്മങ്ങൾക്ക് വിട്ടുവീഴ്ച നൽകി സ്വർഗം നൽകുമെന്നാണ് ദൈവവാഗ്ദാനം.

ഉദാത്തമായ വാക്കുകൾ പ്രയോഗിക്കാനുമാണ് ദൈവ കൽപന. അല്ലാഹു നബി (സ്വ)യോട് പറയുന്നുണ്ട്: ഏറ്റം ഉദാത്തമായ സംസാരമേ ആകാവൂ എന്ന് താങ്കൾ എന്റെ അടിമകളോട് പറയുക (സൂറത്തുൽ ഇസ്‌റാഅ് 53). നല്ല വാക്കുകൾ സ്‌നേഹബന്ധങ്ങളെ വളർത്തുന്നതായിരിക്കും. അല്ലാഹു പറയുന്നു: നല്ലതും ചീത്തയും തുല്യമാകില്ല. അത്യുത്തമമായതു കൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മിൽ ശാത്രവമുണ്ടോ അവൻ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലർക്ക് മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ. മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല (സൂറത്തു ഫുസ്സിലത്ത് 34, 35). ഉദാത്ത പെരുമാറ്റവും സംസാരവും ഹൃദയങ്ങളെ ഇണക്കി സ്‌നേഹാർദ്രമാക്കുന്നതാണ്. സഹോദരന്റെ അഭിവാദ്യങ്ങൾക്ക് തത്തുല്യമോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ പ്രയോഗങ്ങൾ കൊണ്ട് പ്രതിവാദ്യം ചെയ്യാനാണ് അല്ലാഹു നിർദ്ദേശിക്കുന്നത് (സൂറത്തുന്നിസാഅ് 86). ഉദാത്ത സമ്പർക്കമാണത്. മറ്റുള്ളവരോട് ഇടപഴകുമ്പോൾ ഉൽകൃഷ്ട സ്വഭാവങ്ങൾ കാണിക്കുന്നതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടവും. ഉന്നത സ്വഭാവത്തിനുടമയായ പ്രവാചകർ (സ്വ) സ്വഭാവ മഹത്വത്തിൽ വലിയ മാതൃക കൂടിയാണ്. സൽസ്വഭാവികളാക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. സ്വഭാവത്തിലും വിധിന്യായത്തിലും ഉദാത്തമായത് ചെയ്യുന്നവരാണ് ഏറ്റവും ശ്രേഷ്ഠരെന്ന് അരുൾ ചെയ്തിട്ടുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം)

വാക്കിലും പ്രവർത്തിയിലും സ്വഭാവത്തിലും ഇടപാടുകളിലുമെല്ലാം ഉദാത്തമായത് കൈക്കൊള്ളുന്നവരുടെ ഇഹലോക ജീവിതം സന്തുഷ്ടമായിരിക്കും. പരലോകത്ത് അവർ വിജയാശ്രീ ലാളിതരുമായിരിക്കും. അല്ലാഹു പറയുന്നു: സ്ത്രീയോ പുരുഷനോ ആകട്ടെ സത്യവിശ്വാസിയായി സൽക്കർമ്മം അനുഷ്ഠിക്കുന്ന ആർക്കും ഉത്തമമായൊരു ജീവിതം നാം അനുഭവിപ്പിക്കുക തന്നെ ചെയ്യും. തങ്ങളനുവർത്തിച്ച വിശിഷ്ട കർമ്മങ്ങൾക്കുള്ള കൂലി അവർക്കു നാം കനിഞ്ഞേകുന്നതാണ് (സൂറത്തു ന്നഹ്‌ല് 97). സൽക്കർമ്മാനുഷ്ഠാനികൾക്ക് ഉദാത്ത പ്രതിഫലം ലഭിക്കും. വർധനവുണ്ടാകും. അവരുടെ വദനങ്ങളെ ഇരുളോ നിന്ദ്യതയോ പിടികൂടില്ല. സ്വർഗാവകാശികളാണവർ. അതിൽ ശാശ്വത വാസികളുമായിരിക്കും അവർ (സൂറത്തു യൂനുസ് 26).

back to top