ബാങ്കു വിളി: വിജയത്തിലേക്കുള്ള വിളിയാളം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/07/2019
വിഷയം: ബാങ്ക്

ദിനേന അഞ്ചു നമസ്‌ക്കാരങ്ങൾക്കായി പള്ളിമിനാരങ്ങളിൽ നിന്നുയരുന്ന ബാങ്കൊലികൾ ഇസ്ലാമികത്തനമിയുടെ പ്രതീകങ്ങളാണ്. സത്യവിശ്വാസിയുടെ മുഖ്യാ ആരാധനാ കർമ്മമായ നമസ്‌ക്കാരത്തിന്റെ സമയം അറിയിച്ചുക്കൊണ്ടുള്ള ഉണർത്താണത്. കേവല നമസ്‌ക്കാരമല്ല, സമയ നിഷ്ഠയോടെയുള്ള നിർവ്വഹണമാണ് ഇസ്ലാമിൽ നിയമമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ സമയക്രമം ഏറെ പ്രാധാന്യമേറിയതാണ്. നമസ്‌ക്കാര സമയമായാൽ ഒരാൾ ബാങ്ക് വിളിക്കണമെന്നാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).

ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളായ തൗഹീദിന്റെയും തക്ബീറിന്റെയും വാക്യങ്ങളുൾപ്പെടെ അതിമഹത്തായ പദങ്ങളുള്ള ബാങ്ക് 'സമ്പൂർണ ക്ഷണം' (ദഅ്‌വത്തു ത്താമ) എന്നാണറിയപ്പെടുന്നത്. ദൈവമാർഗത്തിലേക്കുള്ള ക്ഷണം അതിശ്രേഷ്ഠ പദപ്രയോഗങ്ങൾ കൊണ്ടുതന്നെയാണെന്ന് ചുരുക്കം. അല്ലാഹു പറയുന്നുണ്ട്: അല്ലാഹുവിന്റെ പാന്ഥാവിലേക്കുള്ള ക്ഷണം നിർവ്വഹിക്കുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ഞാൻ മുസ്ലിം തന്നെയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവനേക്കാൾ ഉത്തമഭാഷിയായി മറ്റാരുണ്ട് ! (സൂറത്തു ഫുസ്സിലത്ത് 33). പ്രസ്തുത ഖുർആനിക സൂക്തം ബാങ്ക് വിളിക്കുന്ന മുഅദ്ദിനുകളെപ്പറ്റി അവതരിച്ചതാണെന്ന് പ്രവാചക പത്‌നി ആയിശാ (റ) പറഞ്ഞതായി തഫ്‌സീറുൽ ഖുർത്വുബി (15/360) പ്രസ്താവിക്കുന്നുണ്ട്.

പ്രപഞ്ച പരിപാലകനായ അല്ലാഹുവിന്റെ മഹോന്നതി വിളിച്ചറിയിച്ചുക്കൊണ്ട്് 'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ' എന്ന തക്ബീർ ധ്വനികളോടെയാണ് ബാങ്ക് സമാരംഭിക്കുന്നത്. അല്ലാഹു പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേക്കാളും വലിയവനെന്നും അവന് സമാനമായി അപരനില്ലെന്നുമാണ് അക്ബറിലൂടെ പ്രതിധ്വനിക്കുന്നത്. ഏറ്റവും വലിയവനായ സ്രഷ്ടാവിന്റെ വിളിയാളത്തിൽ നിന്ന് സത്യവിശ്വാസിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന സന്ദേശവും നൽകുന്നുണ്ട്. മനുഷ്യപ്രകൃതത്തിന്റെ സ്വത്വമായ ഇസ്ലാമികതയിൽ രൂഢമൂലമായതാണ് ബാങ്കിന്റെ വാക്യങ്ങളൊക്കെയും. തക്ബീർ ചൊല്ലിക്കൊണ്ടി ബാങ്ക് വിളിക്കാൻ തുടങ്ങിയ ആളെപ്പറ്റി നബി പറഞ്ഞത് 'അയാൾ അടിസ്ഥാന പ്രകൃതമായ ഫിത്വ്‌റയിലാ'ണെന്നാണ് (ഹദീസ് മുസ്ലിം 382). യഥാർത്ഥത്തിൽ ഉച്ചത്തിൽ ബാങ്ക് വിളിക്കപ്പെടുമ്പോൾ അല്ലാഹുവിന്റെ കഴിവും പ്രതാപവും അംഗീകരിച്ചുള്ള ആഹ്വാനമാണ് മാറ്റൊലി കൊള്ളുന്നത്.

തക്ബീറിന് ശേഷം ഏകദൈവവിശ്വാസ തത്വമായ തൗഹീദിന്റെ രണ്ടു സത്യസാക്ഷ്യങ്ങളാണ് ബാങ്കിൽ ഉച്ചരിക്കപ്പെടുന്നത്. ആദ്യം അല്ലാഹുവല്ലാതെ മറ്റാരും ആരാധ്യനില്ലെന്ന ശഹാദത്ത്. അതാണ് 'ലാഇലാഹ ഇല്ലല്ലാഹ്'. ഈ തഹ്‌ലീൽ വാക്യം നിത്യമായി ഉരുവിടുന്നവന് പ്രായശ്ചിത്തം സുനിശ്ചിതമത്രെ. മാത്രമല്ല അല്ലാഹുവിനെ സ്്മരിക്കുന്ന ദിക്‌റുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും ഈ ദിക്്ർ തന്നെ (ഹദീസ് തുർമുദി 3383, ഇബ്‌നുമാജ 3800). മാലാഖമാരും ഈ ആശയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന് അല്ലാഹു പലവിധ തെളിവുകൾ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവൻ. അവനല്ലാതെ ഒരു ഇലാഹുമില്ല (സൂറത്തു ആലു ഇംറാൻ 18). ഓരോർത്തരും ഹൃദ്യമായി ഈ സാക്ഷ്യം വഹിച്ചാൽ മാത്രമേ പരലോക വിജയം സാധ്യമാവുകയുള്ളൂ. ഒരിക്കൽ 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്'എന്ന് രണ്ടു പ്രാവശ്യം ഉരുവിട്ട മുഅദ്ദിനിനോട് നബി (സ്വ) പറയുകയുണ്ടായി:  നീ നരകത്തിൽ നിന്ന് പുറത്തായിരിക്കുന്നു (ഹദീസ് മുസ്ലിം 382). അല്ലാഹുവിന്റെ അധീശത്വം ഉൾക്കൊണ്ടും ദൈവികതയെ ബഹുമാനിച്ചും ഈ ഏകദൈവത്വ സാക്ഷ്യം പതിവായി ഉച്ചരിക്കുന്നവന് സ്വർഗപ്രവേശം ഉറപ്പാണ്. അതേപ്പറ്റി നബി (സ്വ) പറയുന്നു: ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞവൻ സ്വർഗസ്ഥനായിരിക്കുന്നു (ഹദീസ് ഇബ്‌നു ഹിബ്ബാൻ 1    392).

ബാങ്കിലെ രണ്ടാം സാക്ഷ്യം മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ പ്രവാചകരെന്നാണ്. നബി (സ്വ)യുടെ പ്രവാചകത്വവും കൂടി അംഗീകരിച്ചാൽ മാത്രമേ ഏകദൈവ വിശ്വാസം പൂർത്തിയാവുകയുള്ളൂ. സത്യമതത്തിന്റെ സത്യസാക്ഷ്യം അല്ലാഹുവും മലക്കുകളും നടത്തുന്നുണ്ട്. അത് ഏവർക്കും ബാധകവുമാണ്. അക്കാര്യം വിശുദ്ധ ഖുർആൻ സ്ഥിരപ്പെടുത്തുന്നുണ്ട്: അവർ വിശ്വസിക്കുന്നില്ലെങ്കിലും താങ്കൾക്കല്ലാഹു അവതരിപ്പിച്ചുതന്നതു സംബന്ധിച്ച് അവർ സാക്ഷിയാണ്. തന്റെ ജ്ഞാനപൂർവ്വം തന്നെയാണ് അവനത് അവതരിപ്പിച്ചിരിക്കുന്നത്. മലക്കുകളുമതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. അല്ലാഹു തന്നെ മതി സാക്ഷിയായി (സൂറത്തു ന്നിസാഅ് 176).

ശഹാദത്തിന് ശേഷം 'ഹയ്യ അലാ സ്സ്വലാത്ത്, ഹയ്യ അലാൽ ഫലാഹ്'എന്നാണ് വിളിയാളം. നമസ്‌ക്കാരത്തിലേക്ക് സ്വാഗതം, വിജയത്തിലേക്ക് സ്വാഗതം എന്ന് സാരം. പരലോക വിജയകാരിണിയായ നമസ്‌ക്കാരത്തിലേക്ക് ഉളരാനുള്ള ആഹ്വാനമാണത്. ബാങ്ക് കേൾക്കുന്നവൻ ഒരോ വാക്യത്തിനും അതേ വാക്യം ഏറ്റുചൊല്ലി മറുപടി നൽകണം. എന്നാൽ ഈ ഈ സ്വാഗത വാക്യങ്ങൾക്ക് 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്നാണ് ഇജാബത്ത് നൽകേണ്ടത്. അല്ലാഹു നൽകുന്ന ഊർജവും ത്രാണിയുമുണ്ടെങ്കിൽ മാത്രമേ നമസ്‌ക്കാരം നിർവ്വഹിക്കാനാവുകയുള്ളൂവെന്ന് അർത്ഥം. അതിനായുള്ള സഹായഭ്യർത്ഥന കൂടിയാണത്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനാ കർമ്മമാണ് നമസ്‌ക്കാരം. കൃത്യനിഷ്ഠയോടെയുള്ള നമസ്‌ക്കാരമാണ് അല്ലാഹുവിനിഷ്ടമെന്ന് നബി (സ്വ)യും അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നമസ്‌ക്കാരത്തിൽ ഇരുലോക വിജയവുമുണ്ട്. നമസ്‌ക്കാരത്തിൽ ഭയപ്പാടുള്ള സത്യവിശ്വാസികൾ വിജയിച്ചിരിക്കുന്നുവെന്നാണ് സൂറത്തുൽ മുഅ്മിനൂനിലെ ആദ്യ സൂക്തത്തിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നത്. അതേ സൂറത്തിൽ 9 മുതൽ 11 വരെയുള്ള സൂക്തങ്ങളിലും വ്യക്തമാക്കുന്നുണ്ട്: നമസ്‌ക്കാരത്തിൽ നിഷ്ഠ പുലർത്തുന്നവരുമായ സത്യവിശ്വാസികൾ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു. ഇവർ തന്നെയാണ് സമുന്നത സ്വർഗമായ ഫിർദൗസ് അനന്തരാവകാശമായി സ്വായത്തമാക്കുന്നവർ. അതിലവർ ശാശ്വതവാസികളായിരിക്കും.

തക്ബീർ, തഹ്‌ലീലോടു കൂടിയാണ് വാങ്ക് അവസാനിക്കുന്നത്. മുഅദ്ദിനിന്റെ ശബ്ദങ്ങൾക്ക് ആശയാദർശങ്ങൾ ആവാഹിച്ച് കാതോർക്കുന്നവന് സ്വർഗപ്രാപ്തി എളുപ്പമാണ്. അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞങ്ങളെല്ലാവരും നബി (സ്വ)യോടൊപ്പമായിരുന്നു. ആ സമയം ബിലാൽ (റ) ബാങ്ക് വിളിച്ചു. എല്ലാവരും നിശബ്ദരായി. അപ്പോൾ നബി (സ്വ) പറഞ്ഞു: ഒരാൾ ഇപ്രകാരം ദൃഢനിശ്ചയത്തോടെ പറഞ്ഞാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതായിരിക്കും (ഹദീസ് നസാഈ 674).

ഒരിക്കൽ ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്ന് പറഞ്ഞു: തിരുദൂതരേ, ബാങ്ക് വിളിക്കുന്നവർ ഞങ്ങളേക്കാൾ ശ്രേഷ്ഠരാണല്ലൊ. അപ്പോൾ നബി (സ്വ) പറഞ്ഞു: മുഅദ്ദിൻ പറയുന്നത് പോലെ നീയും ചൊല്ലണം. ബാങ്കിൽ നിന്ന് വിരമിച്ചാൽ അല്ലാഹുവിനോട് ചോദിക്കണം. അവനത് നൽകിയിരിക്കും (ഹദീസ് അബൂദാവൂദ് 524). ബാങ്കു വിളിക്കുന്ന സമയം ആകാശ വാതിലുകൾ തുറക്കപ്പെടുമത്രെ. ആ സമയത്തെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതാണ്. മുഅദ്ദിനിന്റെ ബാങ്കിന് ഇജാബത്ത് നൽകിക്കഴിഞ്ഞാൽ നബി (സ്വ)ക്ക് വസീലത്ത്, ഫദീലത്ത് പദവികൾ നൽകി അനുഗ്രഹിക്കണമെന്ന പ്രത്യേക പ്രാർത്ഥന നടത്തണം. അങ്ങനെ പ്രാർത്ഥിച്ചവന് അന്ത്യനാളിൽ നബി (സ്വ)യുടെ ശിപാർശ ലഭിക്കുന്നതായിരിക്കും (ഹദീസ് ബുഖാരി 614). ബാങ്ക് വിളിക്കപ്പെടുന്നത് കേട്ടാൽ നബി (സ്വ) ഉടനടി നമസ്‌ക്കാരത്തിനായി ധൃതി കാട്ടി പുറപ്പെടുമായിരുന്നെന്ന് പ്രിയപത്‌നി ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി 5363). ബാങ്കിന് ഉത്തരം നൽകി ആദ്യ സമയത്തു തന്നെ ജമാഅത്തായി നമസ്‌ക്കരിക്കാനായെത്തുന്നവൻ മഹാഭാഗ്യവാൻ തന്നെ. അവൻ പള്ളിയിൽ ആദ്യ നിരയിൽ സ്ഥലമുറപ്പിച്ചാൽ സൗഭാഗ്യങ്ങൾ കൂടുകയേയുള്ളൂ. ബാങ്കിന്റെയും ആദ്യ സ്വഫിന്റെയും യഥാർത്ഥ മഹത്വം ആളുകൾ അറിഞ്ഞിരുന്നെങ്കിൽ നറുക്കെടുപ്പിലൂടെയാണെങ്കിലും അത് പ്രാപിക്കാൻ ശ്രമിക്കുമത്രെ.

back to top