അല്ലാഹു അടിമകളോട് നടത്തുന്ന അഭിസംബോധനങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി 26/07/2019
വിഷയം: അല്ലാഹു അടിമകളോട് പറയുന്നത്

അബൂദറ്‌റിൽ ഗിഫാറി (റ) റിപ്പോർട്ട് ചെയ്യുന്ന ഖുദ്‌സിയ്യായ ഹദീസിൽ ഉന്നതനും പ്രതാപശാലിയുമായ അല്ലാഹു പറഞ്ഞതായി നബി (സ്വ) ഉദ്ധരിക്കുന്നു: “ഹേ എന്റെ അടിമകളേ, നിശ്ചയം ഞാൻ എനിക്ക് തന്നെ അക്രമം നിശിദ്ധമാക്കിയിട്ടുണ്ട്. ഞാൻ നിങ്ങൾക്കും അക്രമം നിശിദ്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം നടത്തരുത്. എന്റെ ദാസന്മാരേ, ഞാൻ സന്മാർഗത്തിലാക്കിയവരൊഴിച്ച് ബാക്കിയുള്ളവരെല്ലാം വഴികേടിലായവരാണ്. നിങ്ങളെന്നോട് സന്മാർഗം തേടുക. ഞാൻ നിങ്ങൾക്ക് മാർഗദർശനമേകുന്നതായിരിക്കും. ദാസരേ, ഞാൻ ഭക്ഷണം നൽകാത്തവരെല്ലാം വിശന്നവരാണ്. നിങ്ങളെന്നോട് ഭക്ഷണം തേടുക. ഞാൻ ഭക്ഷിപ്പിക്കുന്നതായിരിക്കും. എന്റെ അടിമകളേ, ഞാൻ വസ്ത്രം നൽകാത്തവരെല്ലാം നഗ്നരാണ്. നിങ്ങളെന്നോട് വസ്ത്രം ചോദിക്കുക. ഞാൻ നിങ്ങൾക്ക് വസ്ത്രം നൽകുന്നതായിരിക്കും. ദാസരേ, നിങ്ങൾ രാപ്പകലുകളിൽ തെറ്റ് ചെയ്യുന്നു. നിങ്ങളുടെ മുഴുവൻ തെറ്റുകുറ്റങ്ങളും ഞാൻ പൊറുത്തുതരുന്നതാണ്. ആയതിനാൽ നിങ്ങളെന്നോട് പൊറുക്കലിനെ തേടുക. ഞാൻ നിങ്ങൾക്ക് മാപ്പാക്കിത്തരും. എന്റെ അടിമകളേ, നിങ്ങളെക്കൊണ്ട് എനിക്ക് ഉപകാരം ചെയ്യാനോ ഉപദ്രവം ചെയ്യാനോ ഒക്കുകയില്ല. ദാസരേ, നിങ്ങളുടെ മുൻഗാമികളും പിൻഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളിലെ ഏറ്റവും ഭക്തിയുള്ളവനെ പോലെ ധർമ്മം പ്രവർത്തിച്ചാലും അതെന്റെ അധികാരത്തിൽ ഒന്നും വർദ്ധിപ്പിക്കാനിരിക്കുന്നില്ല. ദാസരേ, നിങ്ങളുടെ മുൻഗാമികളും പിൻഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളിലെ ഏറ്റവും തെമ്മാടിയായവനെ പോലെ അധർമ്മം പ്രവർത്തിച്ചാലും അതെന്റെ അധികാരത്തിൽ നിന്ന് ഒട്ടുമേ കുറക്കുന്നുമില്ല. നിങ്ങളെല്ലാവരും ഒരു മൈതാനിയിൽ ഒരുമിച്ചുകൂടി എന്നോട് വല്ലതും ചോദിച്ചാൽ ഞാൻ ഓരോർത്തർക്കും അവർ ചോദിച്ചത് നൽകിയിരിക്കും. അങ്ങനെ നൽകിയത് കാരണം എന്റെ പക്കലുള്ളതിൽ നിന്ന് ഒന്നും കുറയുന്നില്ല. ഒരു സൂചി കടലിലിട്ട് എടുത്താൽ ആ വെള്ളത്തിൽ നിന്ന് ഒന്നുമേ കുറയുന്നില്ലല്ലൊ. അപ്രകാരമണത്. ഹേ അടിമകളേ, നിങ്ങളോരോർത്തരുടെയും പ്രവർത്തനങ്ങൾ ഞാൻ ക്ലിപ്തപ്പെടുത്തി ഓരോന്നിനും അതിന്റേതായ പ്രതിഫലങ്ങൾ പൂർത്തീകരിച്ചുക്കൊടുക്കുന്നതായിരിക്കും. നന്മ പ്രാപിച്ചവൻ അല്ലാഹുവിനെ സ്തുതിച്ചുക്കൊള്ളട്ടെ. അല്ലാത്തവൻ സ്വന്തത്തെ തന്നെ പഴിക്കട്ടെ” (ഹദീസ് മുസ്ലിം 2577). അല്ലാഹുവിന്റെ മഹത്വങ്ങളും അവന്റെ അടിമകളോടുള്ള നിർദേശങ്ങളും അടങ്ങുന്ന ഈ ഹദീസ് ഉച്ചരിക്കുന്ന നേരം താബിഉകളിലെ പ്രമുഖ ഹദീസ് പണ്ഡിതൻ അബൂ ഇദ്‌രീസുൽ ഖൗലാനി (റ) മുട്ടുകുത്തി ഇരിക്കുമായിരുന്നുവത്രെ. അല്ലാഹുവിനോടുള്ള ബഹുമാനാർത്ഥവും അവന്റെ വിളിക്കും ആഹ്വാനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊണ്ടായിരുന്നു അത്.

പ്രസ്തുത ഹദീസുൽ ഖുദ്‌സിയ്യിൽ അല്ലാഹു ഇടക്കിടക്ക് തന്റെ അടിമകളെ തന്നിലേക്ക് ചേർത്തി വിളിച്ച് അഭിസംബോധനം നടത്തുന്നുണ്ട്. ആദ്യമായി, അക്രമം അരുതെന്നും പ്രവർത്തനങ്ങളിൽ നീതി പാലിക്കണമെന്നുമാണ് കൽപ്പിക്കുന്നത്. അല്ലാഹു സ്വന്തത്തിന് തന്നെ അക്രമം വിലക്കിയിരിക്കുകയാണെന്ന അറിയിപ്പോടെയാണ് സംബോധനം തുടങ്ങുന്നത്. ഒരു കാര്യം ക്രമമല്ലാതെ ചെയ്യുന്നതാണല്ലൊ അക്രമം. അല്ലാഹുവിന്റെ നടപടിക്രമങ്ങളൊക്കെയും നീതിപൂർണമായിരിക്കും. അക്കാര്യം വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: നിശ്ചയം അല്ലാഹു ഒരണു അളവ് അക്രമം കാട്ടില്ല (സൂറത്തു ന്നിസാഅ് 40). താങ്കളുടെ നാഥൻ അടിമകളോട് ഒട്ടുമേ അനീതി കാട്ടുന്നവനല്ല (സൂറത്തു ഫുസ്സിലത്ത് 46). മനുഷ്യാവകാശ സംരക്ഷണത്തിനായി മനുഷ്യർക്കിടയിലെ അനീതിയും അതിക്രമവുമെല്ലാം അല്ലാഹു കർക്കശമായി വിലക്കിയിട്ടുണ്ട്. അക്രമത്തെ സൂക്ഷിക്കണമെന്നാണ് പ്രവാചക നിർദേശം. അന്ത്യനാളിൽ സത്യവിശ്വാസികൾ പ്രകാശപൂരിതരായിരിക്കുമ്പോൾ അക്രമികൾ അന്ധകാര നിബിഢരായിരിക്കുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). നാമോർത്തരും നമ്മുടെ ഇടപാടുകളിലും സമ്പർക്കങ്ങളിലും അന്യനോട് അക്രമം കാട്ടിയില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ പരസ്പരം സ്‌നേഹവും വിശ്വാസവും പുലരുകയുള്ളൂ.

രണ്ടാമതായി, സന്മാർഗത്തിനായി അല്ലാഹുവിനോട് ചോദിക്കാനുള്ള ആഹ്വാനമാണ് നടത്തുന്നത്. കാരണം അവൻ മാത്രമാണ് സന്മാർഗ ദാതാവ്. ഏതൊരാളെ അല്ലാഹു നേർവഴിയിലാക്കുന്നുവോ അവനാണ് നന്മാർഗ പ്രാപ്തൻ (സൂറത്തുൽ കഹ്ഫ് 17). സന്മാർഗ ദർശനത്തിനായി നേർവഴിയിൽ പ്രവേശിച്ചവർക്കാണ് അല്ലാഹു സൽപന്ഥാവ് കാണിച്ചുകൊടുക്കുക. ഋജുവായ പാതിയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവർക്ക് അല്ലാഹു നേർവഴി വർദ്ധിപ്പിച്ചു കൊടുക്കുന്നതും സൂക്ഷ്മജീവിതത്തിനുള്ള സൗഭാഗ്യമേകുന്നതുമാണെന്ന് ഖുർആൻ സൂറത്തു മുഹമ്മദ് 17ാം സൂക്തം. നാം മുസ്ലിങ്ങൾ നിത്യവും നമസ്‌ക്കാരങ്ങളിലെ ഓരോ റക്അത്തിലും ഫാതിഹ സൂറത്ത് ഓതുന്നവരാണല്ലൊ. അതിലെ 'ഇഹ്ദിന സ്വിറാത്തൽ മുസ്തഖീം' എന്ന 6ാം ആയത്ത് നാഥാ ഞങ്ങളെ നീ നേരായ മാർഗത്തിൽ നയിക്കണേ എന്ന പ്രാർത്ഥനയാണ്. സന്മാർഗം സിദ്ധിച്ചവർ അല്ലാഹുവിനെ സ്തുതിച്ചു കൊളളണം. അങ്ങനെയാണ് സ്വർഗവാസികൾ ചെയ്യുകയെന്ന് അവരെ ഉദ്ധരിച്ച് ഖുർആൻ വിശദീകരിക്കുന്നുണ്ട്: അവർ ഇങ്ങനെ പ്രതിവചിക്കും: നമ്മെ ഇതിലേക്ക് മാർഗദർശനം ചെയ്ത അല്ലാഹുവിനു സമസ്ത സ്‌തോത്രങ്ങളും. അവൻ വഴി കാണിച്ചിട്ടല്ലായിരുന്നെങ്കിൽ നാമൊരിക്കലും സന്മാർഗ പ്രാപ്തരാകില്ലായിരുന്നു (സൂറത്തുൽ അഹ്്‌റാഫ് 43).

പ്രപഞ്ചത്തിലെ സകല ജന്തുജാലങ്ങളുടെ അന്നപാനീങ്ങളടക്കമുള്ള ഉപജീവനങ്ങൾ നൽകുന്നവൻ അല്ലാഹു മാത്രമാണ്. അന്നദാന ബാധ്യത അല്ലാഹു ഏറ്റിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല (സൂറത്തു ഹൂദ് 6). ഭക്ഷണവും വെള്ളവും മറ്റു അതിജീവന മാർഗങ്ങളും അല്ലാഹുവിനോട് ചോദിക്കാനാണ് അടിമകളോട് കൽപ്പിക്കുന്നത്. അക്കാര്യം ഇബ്രാഹിം നബി (അ) തന്റെ സമുദായക്കാരോട് ഉണർത്തുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: അല്ലാഹുവിനെ വിട്ട് ആരെയാണോ നിങ്ങൾ ആരാധിക്കുന്നത് അവ നിങ്ങളുടെ ജീവനോപാധി സ്വായത്തമാക്കുന്നില്ല. അതുകൊണ്ട് അവങ്കൽ നിങ്ങൾ ഉപജീവന മാർഗം അന്വേഷിക്കുകയും അവനെ ആരാധിക്കുകയും അവനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുക. നിങ്ങൾ മടക്കപ്പെടുക അലങ്കലേക്കാകുന്നു (സൂറത്തുൽ അൻകബൂത്ത് 17). അല്ലാഹുവാണ് അന്നപാനീയാദികൾ തരുന്നവനെന്നും ഇബ്രാഹിം നബി (അ) പറഞ്ഞതായി ഖുർആനിക ഉദ്ധരണിയുണ്ട് (സൂറത്തു ശ്ശുഅറാഅ് 79). നമ്മുടെ നബി (സ്വ) നേരായ മാർത്തിലൂടെയെത്തിയ ശുദ്ധമായ ഭക്ഷണ പദാർത്ഥങ്ങൾക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ഇബ്‌നു മാജ 925, ത്വബ്‌റാനി മുഅ്ജമുൽ സ്വഖീർ 2/36, മുഅ്ജമുൽ കബീർ 23/305). ഭക്ഷണവും വസ്ത്രവുമെല്ലാം ഒരുക്കുന്നവൻ അല്ലാഹുവാണ്. അവ പ്രാപിക്കാനുള്ള ഉപജീവന മാർഗങ്ങൾ തേടേണ്ടത് മനുഷ്യന്റെ ബാധ്യതയാണ്. കാര്യങ്ങൾ അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കുന്നതോടൊപ്പം മാർഗങ്ങൾ തേടി കഠിനാധ്വാനം നടത്തുന്നവരായിരുന്നു പ്രവാചകന്മാരെല്ലാവരും.

അടിമകൾ രാവിലും പകലിലും ദോഷങ്ങൾ ചെയ്യുന്നുവെന്ന് പറയുന്ന അല്ലാഹു പശ്ചാത്തപിക്കാനും ഖേദിച്ചു മടങ്ങാനുമാണ് ഉണർത്തുന്നത്. അവൻ എല്ലാ പാപങ്ങളും പൊറുത്തു തരുമെന്ന് സുവിശേഷം അറിയിക്കുന്നതോടൊപ്പം എത്ര വലിയ പാപഭാരം പേറുന്നവനാണെങ്കിലും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് ആശയറ്റുപോകരുതെന്ന് നിർദേശിക്കുന്നുമുണ്ട്. അല്ലാഹു ഖുർആനിലൂടെ അടിമകളോട് സംബോധനമായി പറയുന്നു: സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഭഗ്നാശരാകരുത്. അവൻ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ തീർച്ച (സൂറത്തു സ്സുമർ 53). അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അസ്മാഉൽ ഹുസ്‌നായിൽ ഏറെ പൊറുക്കുന്നവൻ എന്നർത്ഥമാക്കുന്ന 'ഗഫൂർ' എന്ന നാമവുമുണ്ട്. അല്ലാഹു ഗഫൂറാണെന്ന് അടിമകളെ ഉണർത്താൻ അവൻ നബി (സ്വ)യോട് കൽപ്പിക്കുന്നുണ്ട് (സൂറത്തുൽ ഹിജ്ർ 49). മറ്റൊരു ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നുണ്ട്: ആദം സന്തതികളേ, നിങ്ങളെന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന കാലത്തോളം ഞാൻ നിങ്ങളുടെ വീഴ്ചകൾ പൊറുത്തുതരുന്നതാണ്. അത് എന്താണെങ്കിലും എനിക്ക് പ്രശ്‌നമില്ല. ആദം സന്തതികളേ, നിങ്ങളുടെ ദോഷങ്ങൾ ആകാശം മുട്ടേ ആവുകയും എന്നിട്ട് നിങ്ങളെന്നോട് പശ്ചാത്തപിക്കുകയും ചെയ്താൽ ഞാനവ പൊറുത്തുതന്നിരിക്കും. അവ എന്താണെന്ന് ഞാൻ ഗൗനിക്കുന്നില്ല. ആദം സന്തതികളേ, നിങ്ങൾ എന്നിലേക്ക് ഭൂമി നിറയെ പാപങ്ങളുമായി വന്ന് എന്നോട് ഒന്നിനെയും പങ്കാളിയാക്കാതെ എന്നെ സമീപിച്ചാൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിങ്ങളെ സമീപിക്കും (ഹദീസ് തുർമുദി 3540).

അല്ലാഹു അടിമകളോടുള്ള അഭിസംബോധനത്തിൽ ഉദാരമായ ആഹ്വാനങ്ങളാണ് നടത്തുന്നത്. അവനോട് ചോദിച്ചത് അവൻ നൽകുമത്രെ. എത്ര നൽകിയാലും അവന്റെ വിഭവങ്ങളിൽ നിന്ന് ഒട്ടും കുറയുകയില്ല. ഒരിക്കലും തീരാത്ത ഖജനാവുകളാണ് അവന്റേത്. ഏതൊരു വസ്തുവിന്റെയും ഖജനാവ് നമ്മുടെയടുത്ത് മാത്രമാണ് (സൂറത്തുൽ ഹിജ്ർ 21). ഭുവന വാനങ്ങളിലെ ഖജനാവുകൾ അല്ലാഹുവിന്റേതാണ് (സൂറത്തുൽ മുനാഫിഖൂൻ 07). പ്രതിപാദ്യമായ ഖുദ്‌സിയ്യായ ഹദീസിന്റെ അവസാന ഭാഗത്ത് മനുഷ്യന്റെ ചലനങ്ങളൊക്കെയും രേഖപ്പെടുത്തുന്നുവെന്ന അല്ലാഹുവിന്റെ പ്രഖ്യാപനത്തിൽ ഒരണു നന്മയായാലും ഒരണു തിന്മയായാലും അതിന്റെ ഫലം അനുഭവിപ്പിക്കുമെന്ന വിശദീകരണവുമുണ്ട്.

back to top