കുടുംബക്കാർ സ്വന്തക്കാർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 
മൻസൂർ ഹുദവി കളനാട്

തീയ്യതി: 16.08.2019
വിഷയം: കുടുംബക്കാർ

കുടുംബ ബന്ധം പവിത്രമാണ്. മറ്റെല്ലാ ബന്ധങ്ങളും ഭൗതികമായി രൂപപ്പെട്ടതാണെങ്കിൽ, മാതൃ ഗർഭാശയ ബന്ധിതമായി ജന്മനാ സിദ്ധമാവുന്നതാണ് കുടുംബ ബന്ധം. ഈ ബന്ധം സുശക്തമായി ചേർത്തുനിർത്താൻ അനുശാസിക്കുന്ന ഇസ്ലാം മതം ബന്ധ വിഛേദനം കർക്കശമായി വിലങ്ങുകയും ചെയ്യുന്നുണ്ട്. “രക്തബന്ധമുള്ളവരാണ് ദൈവിക നിയമത്തിൽ പരസ്പരം കൂടുതൽ ബന്ധപ്പെട്ടവർ” (സൂറത്തുൽ അൻഫാൽ 75). അതായത് നാം നന്മ ചെയ്യാൻ ഏറെ കടപ്പെട്ടിരിക്കുന്നത് കുടുംബക്കാരോടാണ്. മാതാപിതാക്കളും മക്കളുമാണ് കുടുംബത്തിലെ പ്രഥമ ഗണീയരായ ബന്ധുക്കൾ. ശേഷം സഹോദരന്മാർ, സഹോദരിമാർ, വല്യുപ്പമാർ, വല്യുമ്മമാർ, മാതൃ സഹോദരന്മാർ, മാതൃ സഹോദരിമാർ, പിതൃ സഹോദരന്മാർ, പിതൃ സഹോദരിമാർ എന്നിവരും പിന്നെ അവരുടെ സന്താനങ്ങളുമാണ് കുടുംബ ബന്ധുക്കൾ.

അറബി ഭാഷയിൽ കുടുംബ ബന്ധത്തിന് 'റഹിമ്' എന്നാണ് ഉപയോഗിക്കുന്നത്. അതിന് ഗർഭാശയം എന്ന അർത്ഥവുമുണ്ട്. 'റഹിമ്' എന്ന പദം അല്ലാഹുവിന്റെ സർവ്വവ്യാപിയായ കാരുണ്യത്തെ സൂചിപ്പിക്കുന്ന അസ്മാഉൽ ഹുസ്‌നായിൽപ്പെട്ട 'റഹ്്മാൻ' എന്ന വിശേഷനാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ശബ്ദമാണ്. ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു: ഞാൻ റഹ്്മാനാണ്. ഞാൻ 'റഹിമി'നെ (കുടുംബ ബന്ധം) ഉണ്ടാക്കിയിരിക്കുന്നു. അതിനെ ഞാൻ എന്റെ നാമത്തിൽ നിന്ന് നിഷ്പന്നമാക്കിയതാണ്. കുടുംബ ബന്ധം ചേർത്തവനോട് ഞാനും ബന്ധം ചേർക്കും. കുടുംബ ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും (ഹദീസ് അഹ്്മദ് 1659, മുസ്‌നദു അബൂ യഅ്‌ലാ 1/386). കുടുംബക്കാരോടുള്ള ബന്ധം ഊഷ്മളമാക്കാനും അവർക്ക് ഗുണം ചെയ്യാനും ആഹ്വാനം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളും  പ്രവാചകാധ്യാപനങ്ങളുമുണ്ട്. കുടുംബക്കാർ ബന്ധം വിഛേദിച്ചാലും അങ്ങോട്ടു പോയി ബന്ധം സ്ഥാപിക്കാനാണ് നബി (സ്വ) പ്രിയ അനുയായി അബൂ ദറി (റ)നോട് വസ്വിയ്യത്ത് ചെയ്തത്. കുടുംബ ബന്ധം നിലനിർത്താനായി കുടുംബക്കാർ ആരൊക്കെയെന്ന് പഠിക്കണമെന്നും നബി (സ്വ) നമ്മോട് നിർദേശിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 1979). പിതാക്കൾ മക്കൾക്ക് രക്തബന്ധമുള്ളവരെ പരിചയപ്പെടുത്തി അവരുമായി ബന്ധം നിലനിർത്തേണ്ടതിന്റെ ഗൗരവം ഉണർത്തിക്കൊണ്ടിരിക്കണം.

കുടുംബ ബന്ധം ചേർക്കൽ സത്യവിശ്വാസത്തിന്റെ അടിയാളമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ അവന്റെ കുടുംബക്കാരോട് ബന്ധം ചേർത്തുക്കൊള്ളട്ടെയെന്നാണ് നബി (സ്വ) പറഞ്ഞത്. അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏതൊക്കെയെന്ന ഒരാളുടെ ചോദ്യത്തിന് നബി (സ്വ) നൽകിയ മറുപടിയിൽ കുടുംബ ബന്ധം ചേർക്കുന്നതിനെയും പരാമർശിച്ചിട്ടുണ്ട്. അല്ലാഹു കൽപ്പിച്ച പ്രകാരം ബന്ധങ്ങൾ നിലനിർത്തുന്നവരാണ് ബുദ്ധിമാരെന്നാണ് പരിശുദ്ധ ഖുർആനിന്റെ ഭാഷ്യം: 'ബുദ്ധിമാന്മാർ മാത്രമേ ചിന്തിച്ച് വസ്തുതകൾ ഗ്രഹിക്കുകയുള്ളൂ. അല്ലാഹുവുമായുളള പ്രതിജ്ഞകൾ നിറവേറ്റുകയും കരാറുകൾ ലംഘിക്കാതിരിക്കുകയും അവൻ ആജ്ഞാപിച്ച ബന്ധങ്ങൾ കൂട്ടിയിണക്കുകയും തങ്ങളുടെ നാഥനെ പേടിക്കുകയും കഠിനമായ പാരത്രിക വിചാരണ ഭയപ്പെടുകയും ചെയ്യുന്നവരാണവർ' (സൂറത്തു റഅ്ദ് 19, 20, 21). കുടുംബ ബന്ധ ദൃഢീകരണം ഭൗതിക ലോകത്ത് സ്വസ്ഥ ജീവിതവും പാരത്രിക ലോകത്ത് സ്വീർഗീയ ജീവിതവും സാധ്യമാക്കുന്നതാണ്.

കുടുംബക്കാരെ ബഹുമാനിക്കുകയും അവർക്കാവശ്യമായത് ആവതും ചെയ്തു കൊടുക്കുകയും വേണം. അവരിൽ നിന്നുണ്ടാവുന്ന പാക പിഴവുകൾക്ക് വിട്ടുവീഴ്ച ചെയ്യുകയും വേണം. ഒരാൾ നബി (സ്വ)യുടെയടുക്കൽ വന്നു ചോദിക്കുകയുണ്ടായി: തിരു ദൂതരേ, എന്റെ കുടുംബക്കാരോട് ഞാൻ ബന്ധം ചേർക്കുന്നു, അവർ ഇങ്ങോട്ട് ബന്ധം ചേർക്കുന്നില്ല. അവരെന്നോട് അക്രമം കാട്ടുന്നു, ഞാനവർക്ക് വിടുതി ചെയ്യുന്നു. അവരെന്നോട് മോശമായി പെരുമാറുമ്പോൾ ഞാനവരോട് നല്ല നിലക്ക് സമ്പർക്കം പുലർത്തുകയാണ് ചെയ്യുന്നത്. ഞാനും അവരെ പോലെ തന്നെ ചെയ്യണോ? നബി (സ്വ) മറുപടി പറഞ്ഞു: അരുത്! പാടില്ല. ഉത്തമായതാണ് നീ ചെയ്യേണ്ടത്. നീയവരോട് ബന്ധം പുലർത്തിക്കൊണ്ടേയിരിക്കണം (മുസ്‌നദു അഹ്മദ് 6942). മറ്റൊരിക്കൽ നബി നബി (സ്വ) പറയുകയുണ്ടായി: കുടുംബക്കാർ ബന്ധം വിഛേദിച്ചാലും ബന്ധം ചേർക്കുന്നവനാണ് യഥാർത്ഥ കുടുംബ സ്‌നേഹി. മറിച്ച് അവർ ചെയ്യുന്നത് പോലെ ചെയ്യുന്നവനല്ല (ഹദീസ് ബുഖാരി 1461). കുടുംബക്കാർ ബന്ധം പുലർത്തിക്കൊണ്ടേയിരിക്കണം. ഇടക്കിടെ ഗൃഹസന്ദർശനം നടത്തുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്യണം. സുഖവിവരങ്ങൾ അന്വേഷിച്ചറിയുകയും സുഖദുഖങ്ങളിൽ പങ്കാളികളാവുകയും വേണം. അവരുടെ മനസ്സുകൾക്ക് കുളിരണിയിക്കും വിധം സംവദിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യണം. ഇടതടവില്ലാതെ വിനിമയം നടത്തുകയും അഭിവാദ്യമായി സലാം പറയുകയും ചെയ്യൽ നല്ല ബന്ധത്തിന്റെ ലക്ഷണങ്ങളാണ്. സലാം പറഞ്ഞുകൊണ്ടാണെങ്കിലും ബന്ധങ്ങളെ നനക്കണമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് ബൈഹഖി 6/226). ബന്ധത്തെ നനച്ചു നനച്ചു വളർത്തിക്കൊണ്ടിരിക്കണം. ശുഷ്‌കിക്കാൻ അനുവദിക്കരുത്.

നബി (സ്വ) കുടുംബക്കാരുടെ വീടുകൾ സന്ദർശിച്ച് ബന്ധം ദൃഢീകരിക്കുമായിരുന്നു. പിതൃ മാതൃ സഹോദരങ്ങളെ ഇടക്കിടെ സന്ദർശിക്കുകയും ചെയ്തിരുന്നു. പിതൃ സഹോദരൻ പിതാവിന് തുല്യനെന്നും, മാതൃ സഹോദരി മാതാവിന്റെ സ്ഥാനത്താണെന്നും നബി വചനങ്ങളുണ്ട്. കുടുംബക്കാരിലെ രോഗിങ്ങളെ പ്രത്യേകം സന്ദർശിച്ച് രോഗ ശമനത്തിനായി പ്രാർത്ഥിക്കുകയും അവർക്കായി ധനവിനിയോഗം നടത്തുകയും ചെയ്യുമായിരുന്നു നബി (സ്വ). കുടുംബക്കാർക്ക് ചെയ്യുന്ന ദാനത്തിന് രണ്ടു ഫലങ്ങളുണ്ട്. ഒന്ന് ദാനധർമ്മം. മറ്റേത് കുടുംബ ബന്ധം ചേർക്കൽ (ഹദീസ് നസാഈ 2582, ഇബ്‌നു മാജ 1844). ബന്ധങ്ങളോട് പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന കുടുംബക്കാർക്ക് ചെയ്യുന്ന ദാനമാണ് ശ്രേഷ്ഠമായ ദാനധർമ്മം (ഹദീസ് അഹ്്മദ് 23530). കാരണം ധനവിനിയോഗം ബന്ധങ്ങളെ കൂടുതൽ ഇണക്കി സ്‌നേഹാർദ്രത വളർത്തുന്നതാണ്. അങ്ങനെ സ്‌നേഹബന്ധങ്ങൾ ഊഷ്മളമാവുകയും സാമൂഹിക ഭദ്രത നിലനിൽക്കുകയും ചെയ്യും.

കുടുംബ ബന്ധം ചേർക്കുന്നവന് ഇഹലോകത്ത് വെച്ചു തന്നെ അല്ലാഹു അതിന്റെ പ്രതിഫലം നൽകുന്നതായിരിക്കും. അല്ലാഹുവിന് വഴിപ്പെടുന്ന കാര്യങ്ങളിൽ വെച്ച് ഏറ്റവും വേഗത്തിൽ പ്രതിഫലം ലഭിക്കുന്നത് കുടുംബ ബന്ധം ചേർക്കുന്നതിനാണെന്നാണ് ഹദീസ് (ബൈഹഖി 20364). കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുമ്പോൾ കുടുംബാംഗങ്ങൾ തമ്മിലുള്ള ആർദ്രത വർദ്ധിക്കുന്നതോടൊപ്പം ഉപജീവന മാർഗങ്ങൾ വിശാലമാവുകയും ആയുർദൈർഘ്യമുണ്ടാവുകയും ചെയ്യും (ഹദീസ് തുർമുദി 1979). ശാശ്വതമായ സ്വർഗീയ ലോകവാസത്തനും കുടുംബ ബന്ധചേർച്ച കാരണമാക്കും. നരകത്തെ വിദൂരത്താക്കുന്ന, സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന സദ്പ്രവർത്തനങ്ങൾ പറഞ്ഞുതരാൻ അഭ്യർത്ഥിച്ചയാൾക്ക് നാലും കാര്യങ്ങളാണ് നബി (സ്വ) പഠിപ്പിച്ചത്. 1) മറ്റൊരാളെ പങ്കാളിയാക്കാതെ അല്ലാഹുവിനെ ആരാധിക്കുക. 2) നമസ്‌ക്കാരം നിലനിർത്തുക. 3) സകാത്ത് നൽകുക. 4) കുടുംബ ബന്ധം ചേർക്കുക (ഹദീസ് മുസ്ലിം 4689).