ഇഹപര ലോക സൗഭാഗ്യങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 23/08/2019
വിഷയം: നാഥാ.. ഇഹപര ലോകങ്ങളിൽ നല്ലത് വരുത്തണേ


ഇഹലോക മാർഗത്തിലൂടെ പരലോക വിജയലക്ഷ്യത്തിലേക്ക് കുതിക്കുന്നവനാണ് സത്യവിശ്വാസി. ഐഹിക ലോകത്ത് ദൈവപരീക്ഷങ്ങളുണ്ടാവുമെങ്കിലും അതിൽ വിജയം വരിച്ച് പാരത്രിക ലോകത്തെ സ്വർഗീയതയിലേക്ക് ആനയിക്കപ്പെടുന്നവനായിരിക്കും അവൻ. ഇഹപര ലോകങ്ങൾ സൗഭാഗ്യ പൂർണമാക്കാനായിരിക്കും അവന്റെ പ്രവർത്തനങ്ങളും പ്രാർത്ഥനകളും. “അല്ലാഹുമ്മ ആതിനാ ഫിദ്ദുന്‌യാ ഹസനത്തൻ വഫി ആഖിറത്തി ഹസനത്തൻ വഖിനാ അദാബന്നാർ” എന്നാണ് നബി (സ്വ) കൂടുതലായും പ്രാർത്ഥിച്ചിരുന്നത് (ഹദീസ് മുസ്ലിം 2690). 'അല്ലാഹുവേ നീ ഞങ്ങൾക്ക് ഇഹലോകത്തും പരലോകത്തും നല്ലത് വരുത്തണേ, നരകശിക്ഷയിൽ നിന്ന് രക്ഷിക്കണേ' എന്നാണ് ഈ ദുആയുടെ സാരം. ഇപ്രകാരം തന്നെ മൂസാ നബി (അ) യും പ്രാർത്ഥിച്ചതായി വിശുദ്ധ ഖുർആനിൽ കാണാം: ഇഹലോകത്തും പരലോകത്തും ഞങ്ങൾക്കു നന്മ രേഖപ്പെടുത്തണമേ (സൂറത്തുൽ അഅ്‌റാഫ് 156). സത്യവിശ്വാസികളുടെ പ്രാർത്ഥന ഇഹപര ലോകവിജയത്തിനും നരകമോചനത്തിനുമായിരുന്നെന്നും, അവരുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയും അവരെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്ന് സൂറത്തുൽ ബഖറ 201, 202 സൂക്തങ്ങൾ വിശദീകരിക്കുന്നു. തദ്ഫലമായി അവർക്ക് ഇഹലോകത്തും പരലോകത്തും സൗഭാഗ്യങ്ങളുണ്ടായിയെന്നതാണ് പരമാർത്ഥം.

അല്ലാഹു കനിഞ്ഞേകിയിട്ടുള്ള ഭൗതിക വിഭവങ്ങളിലൂടെ പാരത്രിക മോക്ഷം കൈവരിക്കാനാണ് ഇസ്ലാം മതശാസന. ഐഹിക ജീവിതത്തിലുള്ള വിഹിതം വിസ്മരിക്കാതിരിക്കാനും ഐഹികതയുടെ പളപളപ്പിൽ ആത്യന്തിക ലക്ഷ്യമായ പരലോകത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് അശ്രദ്ധമാകാതിരിക്കാനും അനുശാസിക്കുന്നുണ്ട്. മാർഗവും ലക്ഷ്യവും സ്വാർത്ഥകമായിരിക്കണം. അല്ലാഹു ഖുർആനിൽ ഇരുലോക സൗഖ്യങ്ങളെ ഒന്നിച്ച് പറഞ്ഞതായി കാണാം. ഇബ്രാഹിം നബി (അ)യെക്കുറിച്ച് പറയുന്നുണ്ട്: ഐഹിക ലോകത്ത് തനിക്ക് നാം പ്രതിഫലം നൽകി. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ ഗണത്തിലായിരിക്കുക തന്നെ ചെയ്യുന്നതുമാണ് (സൂറത്തുൽ അൻകബൂത്ത് 27). ദൈവ തൃപ്തിയിൽ ജീവിതം കഴിഞ്ഞുകൂടിയ പ്രവാചകാനുയായികളെ ക്കുറിച്ച് അല്ലാഹു പറയുന്നു: തന്മൂലം ഐഹിക ലോകത്തെ പ്രതിഫലവും പരലോകത്തെ ഉദാത്തമായ കൂലിയും അല്ലാഹു അവർക്കു കനിഞ്ഞേകി. അവൻ പുണ്യവാന്മാരെ സ്‌നേഹിക്കുന്നു (സൂറത്തു ആലു ഇംറാൻ 148). അവർ ഇരു ലോകത്തും അനുഗ്രഹീതരായവരാണ്.

ഭൗതികമായ എല്ലാ ആവശ്യങ്ങളും സൗകര്യങ്ങളും ഐഹിക സൗഭാഗ്യങ്ങളിൽപ്പെടും. ആയുർ ആരോഗ്യം, സുഭിക്ഷമായ ആഹാരം, സൗകര്യപ്രദമായ വീട്, ഐശ്വര്യമാർന്ന വാഹനം, ഉപകാരപ്രദമായ വിജ്ഞാനം, സ്തുതർഹ്യമായ പ്രവർത്തനങ്ങൾ, സൽപ്പേര് ഇങ്ങനെ നശ്വര ജീവിതത്തിൽ മനുഷ്യൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങളെല്ലാം. അല്ലാഹു പറയുന്നു: നബിയേ, അങ്ങ് ചോദിക്കുക തന്റെ അടിമകൾക്കായി അല്ലാഹു ഉൽപാദിപ്പിച്ച അലങ്കാര വസ്തുക്കളും ഉത്തമാഹാരങ്ങളും ആരാണു നിഷിദ്ധമാക്കിയത്? ഭൗതിക ലോകത്ത് അവ സത്യവിശ്വാസം കൈക്കൊണ്ടവർക്കവകാശപ്പെട്ടതാണ്. അന്ത്യനാളിൽ അവർക്കു മാത്രമുള്ളതാണ്. വിവരമുള്ള ജനങ്ങൾക്കായി ഇപ്രകാരം നാം ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നു (സൂറത്തുൽ അഅ്‌റാഫ് 32). സ്വസ്ഥപൂർണവും ക്ഷേമകരവുമായ ജീവിതവും ഐഹിക ലോകത്തെ വലിയ സൗഭാഗ്യമാണ്. സത്യവിശ്വാസിയായി സൽക്കർമ്മം അനുഷ്ഠിക്കുന്ന ഏവർക്കും ഉത്തമമായൊരു ജീവിതം അനുഭവിപ്പിക്കുകയും വിശിഷ്ട കർമ്മങ്ങൾക്കുള്ള കൂലി കനിഞ്ഞേകുകയും ചെയ്യുന്നതാണെന്ന് അല്ലാഹു സൂറത്തു ന്നഹ്‌ല് 97ാം സൂക്തത്തിലൂടെ പ്രഖ്യാപിക്കുന്നുണ്ട്. മനുഷ്യൻ ഭൗതികതയിൽ വിജയം വരിക്കുന്നത് സൽക്കർമ്മങ്ങൾക്കൊണ്ട് മാത്രമാണ്. ലോകർക്ക് പുണ്യം ചെയ്യുമ്പോഴാണ് സ്വന്തത്തിന് പുണ്യം നേടാനാവുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നത് നാശത്തിലേക്കുള്ള വഴിയുമാണ്. ഭൂവാസം സുഖകരമാവുന്നത് ജീവിതവഴികളൊക്കെ ദൈവ കൃപക്ക് അനുസൃതമാവുമ്പോൾ മാത്രമാണ്.

പരലോക സുഖമെന്നാൽ സ്വർഗം തന്നെയാണ്. സ്വർഗത്തിൽ പ്രവേശിച്ചവർ എല്ലാം സൗഭാഗ്യങ്ങളും കരസ്ഥമാക്കിയവരാണ്. 'ആരൊരാൾ അന്നു നരകത്തിൽ നിന്ന് ദൂരീകരിക്കപ്പെടുകയും സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തുവോ അവൻ വിജയിക്കുക തന്നെ ചെയ്തു' (സൂറത്തു ആലു ഇംറാൻ 185). സാക്ഷാൽ വിജയി സ്വർഗത്തിൽ പ്രവേശിച്ചിരിക്കും. സ്വർഗമെന്നാൽ ആരാരും കണ്ടിട്ടില്ലാത്ത അത്ഭുത ലോകമാണ്. അല്ലാഹുവും പ്രവാചകരും (സ്വ) സ്വർഗത്തെക്കുറിച്ച് നമ്മുക്ക് വിവരിച്ചുത്തന്നിട്ടുണ്ട്. സത്യവിശ്വാസിക്ക് സ്വർഗവിശ്വാസം നിർബന്ധവുമാണ്. കരുണാമയനായ അല്ലാഹു തന്റെ ദാസന്മാരോട് അദൃശ്യമായി വാഗ്ദാനം ചെയ്ത സ്ഥിരവാസത്തിനുള്ള ആരാമങ്ങളെന്നാണ് സൂറത്തു മർയം 61ാം സൂക്തം സ്വർഗത്തെപ്പറ്റി പരാമർശിക്കുന്നത്. സത്യവിശ്വാസികൾക്കായി നിറവേറ്റപ്പെടുന്ന വാഗ്ദാനം തന്നെയാണ് സ്വർഗം. അവരതിൽ ശാശ്വതമായി ഒരിക്കലും ഒടുങ്ങാത്ത സുഖങ്ങൾ ആസ്വദിച്ചു വസിച്ചുക്കൊണ്ടിരിക്കും. അവർ ആഗ്രഹിക്കുന്നതെന്തും പ്രാപ്യവുമായിരിക്കും. ഖുദ്‌സിയ്യായ ഹദീസിലൂടെ സ്വർഗത്തെപ്പറ്റി അല്ലാഹു പറയുന്നു: ഒരു കണ്ണും കാണാത്തതും, ഒരു കാതും കേൾക്കാത്തതും, ഒരു ഹൃദയവും ചിന്തിക്കാത്തതുമാണ് ഞാൻ സജ്ജനങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. ശേഷം, സൂറത്തു സ്സജദയിലെ 17ാം സൂക്തം പാരായണം ചെയ്യാൻ കൽപ്പിക്കുന്നുണ്ട്. 'തങ്ങളനുവർത്തിച്ചിരുന്ന സൽക്കർമ്മങ്ങൾക്കുള്ള പ്രതിഫലമായി ആഹ്ലാദജനകമായ എന്തൊക്കെയാണ് രഹസ്യമായി അവർക്കവിടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാൾക്കുമറിയില്ല' എന്ന സ്വർഗത്തെക്കുറിച്ചുള്ള പരാമർശമാണ് പ്രസ്തുത സൂക്തം.

സ്വർഗത്തിലെ സുഖസൗകര്യങ്ങളും സംവിധാനങ്ങളും ഭൗതിക ലോകത്തിലേത് പോലെയല്ല, പേരിലും രൂപത്തിലും സാമ്യത പറയപ്പെടുന്നുവെന്ന് മാത്രം. സ്വർഗവാസികളെ അല്ലാഹു ഖുർആനിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: അതിൽ ആഹരിക്കാനായി ഓരോ കനി നൽകപ്പെടുമ്പോഴും ഇതു ഞങ്ങൾക്കു നേരത്തെ തന്നിരുന്നുവല്ലൊ?! എന്നവർ പ്രതികരിക്കും. സത്യത്തിൽ രൂപസാദൃശ്യമുള്ളതായി അത് നൽകപ്പെടുകയാണ്. അവർക്കവിടെ പരിശുദ്ധരായ ഇണകളുമുണ്ടാകും. അതിലവർ നിത്യവാസികളായിരിക്കുന്നതാണ് (സൂറത്തുൽ ബഖറ 25). സ്വർഗത്തിൽ ബന്ധുക്കളെ കണ്ടുമുട്ടുകയും മാലാഖമാർ വന്ന് ഏവർക്കും അഭിവാദ്യമർപ്പിക്കുകയും ചെയ്യുമത്രെ. 'അവരും തങ്ങളുടെ മാതാപിതാക്കൾ, ഇണകൾ, സന്താനങ്ങൾ എന്നിവരിൽ നിന്നുള്ള സദ്‌വൃത്തരും അതിൽ പ്രവേശിക്കുന്നതാണ്. അവരുടെയടുത്ത് എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ കടന്നുവരികയും “സഹനം കൈക്കൊണ്ടതിനാൽ നിങ്ങൾക്ക് സമാധാനം ഭവിക്കട്ടെ, ഈ അന്തിമ സങ്കേതം എത്ര ഉദാത്തമായിരിക്കുന്നു” എന്ന് ആശംസിക്കുകയും ചെയ്യുന്നതാണ്' (സൂറത്തു റഅ്ദ് 23, 24). അതിനേക്കാൾ വലിയ ധന്യത സ്വർഗത്തിൽ വെച്ച് പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ സദസ്സിൽ സംഗമിച്ച് മറ്റു നബിമാരെയും സിദ്ധീഖുകളെയും ശുഹദാക്കളെയും സച്ചരിതരെയും കണ്ടുമുട്ടാനാവുമെന്നുള്ളതാണ്. അവരാണല്ലൊ ഏറ്റവും നല്ല കൂട്ടാളികൾ. സ്വർഗസ്ഥരായവരുടെ മുഖം പ്രകാശപൂരിതമായിരിക്കും. 'മറ്റു ചിലരുടെ മുഖങ്ങൾ അന്ന് ജാജ്ജ്വലവും തങ്ങളുടെ നാഥനിലേക്ക് നോക്കുന്നവയുമായിരിക്കും' (സൂറത്തുൽ ഖിയാമ 22, 23).

സ്വർഗത്തിൽ വെച്ച് ലഭിക്കാവുന്ന മഹാ സൗഭാഗ്യം ദൈവദർശനമാണ്. മുസ്ലിം (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി (സ്വ) പറയുന്നു: സ്വർഗത്തിൽ പ്രവേശിച്ചാൽ ഘനഗംഭീരമായൊരു ശബ്ദം കേൾക്കും. ഏവരും അതു കേൾക്കാനായി അങ്ങോട്ടു തിരിയുന്ന സമയം അല്ലാഹു അവരോട് അഭിസംബോധനം ചെയ്യും: നിങ്ങൾക്ക് കൂടുതലായി വല്ലതും വേണോ? അവർ പറയും നീ ഞങ്ങളുടെ മുഖങ്ങൾ വെളുപ്പിക്കുകയും നരകത്തിൽ നിന്ന് രക്ഷിച്ച് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തുവല്ലൊ? നബി (സ്വ) പറയുന്നു: അങ്ങനെ അല്ലാഹു മറ നീക്കും. അല്ലാഹുവിലേക്കുള്ള ഒരു നോക്കാണ് അവർക്ക് സർവ്വതിനേക്കാളും പ്രിയപ്പെട്ടത്. ശേഷം നബി (സ്വ) 'സൽകർമ്മാനുഷ്ഠാനികൾക്കും ഉദാത്ത പ്രതിഫലവും വർദ്ധനവുമുണ്ട്' എന്നർത്ഥമാക്കുന്ന സൂറത്തു യൂനുസിലെ 26ാം സൂക്തം പാരായണം ചെയ്തു. പ്രതിഫലം സ്വർഗമാണെങ്കിൽ അതിലെ വർധനവ് ദൈവദർശനവുമാണ്. പരലോക വിജയം ലക്ഷ്യം കണ്ട് സത്യവിശ്വാസിയായി ക്കൊണ്ടുതന്നെ അതിനു വേണ്ട ശ്രമങ്ങൾ നടത്തുകയും ചെയ്താൽ അല്ലാഹു ആ പ്രയത്‌നങ്ങൾ സ്വീകരിക്കുന്നതാണ്. പരലോകത്ത് ആളുകൾ പലരും പല സ്ഥാനങ്ങളിലയായിരിക്കും. ഇഹലോകത്തെ പ്രവർത്തനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ആ സ്ഥാനങ്ങൾ നിശ്ചയിക്കപ്പെടുക. ഭൗതിക ലോകത്തെ നല്ല കൂട്ടർ പാരത്രിക ലോകത്തും നല്ല കൂട്ടരായിരിക്കുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.

back to top