ഹിജ്‌റ സാധ്യമാക്കിയ മാനവികതയും നാഗരികതയും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 
മൻസൂർ ഹുദവി കളനാട്
                                                     

തീയ്യതി: 30/08/2019
വിഷയം: ഹിജ്‌റ നൽകുന്ന പാഠങ്ങൾ

1440 വർഷങ്ങൾക്ക് മുമ്പ് പ്രവാചകർ മുഹമ്മദ് നബി (സ്വ)യും അനുചരും മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റാ പലായനത്തിന്റെ സ്മരണകൾ പുതുക്കുന്നതാണ് ഈ ഹിജ്‌റാ വർഷാരംഭ മുഹൂർത്തം. മാനവ ചരിതത്തിൽ സഹവർതിത്വത്തിന്റെയും സഹിഷ്ണുതയുടെയും സുന്ദര അധ്യായങ്ങൾ തുന്നിച്ചേർത്ത ഹിജ്‌റാ സംഭവം മാനുഷിക മൂല്യങ്ങളുയർത്തിപ്പിടിച്ച് പുതുസംസ്‌ക്കാരത്തിന് തുടക്കമിടുകയായിരുന്നു. സൂറത്തുൽ ഇസ്‌റാഇലെ 80ാം സൂക്തം അവതീർണമായതിന് ശേഷമാണ് നബി (സ്വ) ഹിജ്‌റക്കൊരുങ്ങുന്നത്. “നാഥാ എന്നെ സത്യകവാടത്തിലൂടെ പ്രവേശിപ്പിക്കുകയും സത്യകവാടത്തിലൂടെ പുറത്തുകൊണ്ടുവരികയും ചെയ്യണമേ” എന്ന് പ്രാർത്ഥിക്കാൻ അല്ലാഹു നബി (സ്വ)യോട് കൽപ്പിക്കുന്നതാണ് സൂക്തം.

പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെയും സ്വഹാബികളുടെയും വരവിൽ മദീനാ നിവാസികൾ ഏറെ സന്തോഷിച്ചു. മക്കക്കാർക്ക് ആതിഥ്യമൊരുക്കാൻ മദീനക്കാർ വെമ്പൽ കൊള്ളുകയായിരുന്നു. നബി (സ്വ) മദീനയിൽ പ്രവേശിച്ച ദിവസം അന്നാട്ടിലെ സർവ്വ വസ്തുക്കളും പ്രകാശപൂരിതമായിരുന്നുവെന്ന് അനസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് തുർമുദി 3618, ഇബ്‌നു മാജ 1631, അഹ്മദ് 13830). മദീനയിൽ വെച്ച് പ്രവാചകർ (സ്വ) ആദ്യമായി വിശ്വാസികളോട് നിർദേശിച്ചത് സലാം പറയാനാണ്. 'അസ്സലാമു അലൈക്കും' എന്ന സലാം വാചകം നിനക്ക് രക്ഷയുണ്ടാകട്ടെയെന്ന പ്രാർത്ഥനയാണല്ലൊ. അബ്ദുല്ലാ ബ്‌നു സലാം (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) മദീനയിലെത്തിയപ്പോൾ ആദ്യമായി സംസാരിച്ചത് ഇങ്ങനെയാണ്: ജനങ്ങളേ, നിങ്ങൾ സലാം പറയൽ വ്യാപകമാക്കണം (ഹദീസ് തുർമുദി 2485, ഇബ്‌നു മാജ 1334). എല്ലാ ഇടങ്ങളിലും സലാം പറയാൻ പ്രേരിപ്പിച്ചുക്കൊണ്ടുള്ള പ്രവാചക കൽപനയാണത്. സർവ്വ ശക്തനായ അല്ലാഹു സലാം പറയൽ ഇഷ്ടപ്പെടുന്നു. അവൻ സലാമാണ് (രക്ഷയാണ്). അവന്റെ അടിമകൾ രക്ഷയിലും ഐക്യബോധത്തിലുമാവാനും അവൻ ഇഷ്ടപ്പെടുന്നുണ്ട്. സമാധാനാരീക്ഷമാണ് മനുഷ്യന്റെ സംസ്‌കൃതികൾക്ക് സംസ്‌ക്കാരങ്ങൾക്കും നിദാനം. സാമൂഹികോന്നതി സാധ്യമായതും അങ്ങനെ തന്നെ. അരക്ഷിതാവസ്ഥയാണ് അധപതനത്തിന്റെ അധോഗതിയിലെത്തിക്കുന്നതും സമൂഹത്തെ നശിപ്പിക്കുന്നതും.

നബി (സ്വ) സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങളോതി മദീനക്കാരുടെ മനസ്സുകളെ ഇണക്കുകയായിരുന്നു ആദ്യം ചെയ്തത്. അല്ലാഹു അവരെ പരസ്പരം സ്‌നേഹിതന്മാരാക്കുക തന്നെ ചെയ്തു. അല്ലാഹു പറയുന്നു: നബിയേ, ഭൂമിയിലുള്ള മുഴുവൻ വിഭവങ്ങളും ചെലവഴിച്ചാലും അവരുടെ മനസ്സുകൾ ഇണക്കിച്ചേർക്കാൻ താങ്കൾക്കാകുമായിരുന്നില്ല. പക്ഷേ അല്ലാഹു അവരുടെ ഹൃദയങ്ങൾ കൂട്ടിയിണക്കി. അജയ്യനും യുക്തിമാനും തന്നെയാണവൻ (സൂറത്തുൽ അൻഫാൽ 63). മാത്രമല്ല, അൻസ്വാറുകളായ അവർക്കിടയിലും മക്കയിൽ നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ മുഹാജിറുകൾക്കിടയിലും നബി (സ്വ) സ്‌നേഹ സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അവരുടെ ചിന്തകളിൽ സ്വന്തം സഹോദരന്മാരെന്ന കണക്കെ സമഭാവനാ ബോധം രൂഢമൂലമായിരുന്നു. 'നേരത്തെ തന്നെ വീടും വിശ്വാസവും സജ്ജീകരിച്ച അൻസ്വാറുകൾ സ്വദേശം പരിത്യജിച്ചെത്തുന്ന മുഹാജിറുകളെ സ്‌നേഹിക്കുന്നവരും അവർക്ക് കിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സിൽ ഒരാഗ്രഹവും ഇല്ലാതിരിക്കുന്നവരുമാകുന്നു, തങ്ങൾക്ക് ദാരിദ്യമുണ്ടെങ്കിൽ പോലും മുഹാജിറുകൾക്കാണവർ മുൻഗണന കൊടുക്കുക' (സൂറത്തുൽ ഹഷ്ർ 09).

മദീനയിൽ വെച്ച് നബി (സ്വ) ഒരു ഉടമ്പടി എഴുതിയുണ്ടാക്കി. തീർത്തും ചരിത്രപരമായിരുന്നു. മാനവ സൗഹാർദ്ദത്തിന്റെ ഉത്തമോദാഹരണമായിരുന്നു ആ ഉടമ്പടി. മുസ്ലിങ്ങളും അമുസ്ലിങ്ങളും സഹാനുഭൂതിയിലും സഹിഷ്ണുതയിലും കഴിഞ്ഞുകൂടണമെന്നതാണ് ഉടമ്പടിയുടെ മുഖ്യവിഷയം. നീതി നിർവ്വഹണം, അക്രമ ഉഛാടനം തുടങ്ങിയ വിഷയങ്ങൾ കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ആ ഉടമ്പടി പ്രകാരം വിശ്വാസികൾ അക്രമകൾക്കെതിരെയും മർദ്ദിതർക്കൊപ്പവും നിലയുറപ്പിച്ചുവെന്ന് പ്രമുഖ ചരിത്ര പണ്ഡിതൻ ഇബ്‌നു ഹിഷാം തന്റെ 'സീറത്തു ന്നബവിയ്യ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട് (3/501, 502, 503, 504). സഹവർതിത്വത്തിന്റെ വഴികളാണല്ലൊ എല്ലാ മതങ്ങളും സംഹിതകളും അനുശാസിക്കുന്നത്. നിശ്ചയം അല്ലാഹു ആഹ്വാനം ചെയ്യുന്നത് നീതി പാലിക്കാനും നന്മ അനുവർത്തിക്കാനുമെന്ന് വിശുദ്ധ ഖുർആൻ (സൂറത്തു ന്നഹ്‌ല് 90). മതവംശ ഭാഷവേഷമന്യെ മദീനയിലുള്ളവരെല്ലാം സ്വാതന്ത്യവും സുസ്ഥിരതയും ആസ്വദിക്കണമെന്നത് നബി (സ്വ) മദീനാ ഉടമ്പടിയിലൂടെ സാക്ഷാൽക്കരിക്കുകയായിരുന്നു. മദീനയിലുള്ളവരും മദീനയിൽ നിന്ന് പുറത്തുപോവുന്നവരും പൂർണ സുരക്ഷിതരെന്ന് ഉറപ്പുവരുത്തിയ ആ കരാർ പ്രകാരം പ്രദേശത്തെ സകല വിഭാഗം ജനങ്ങളും ശാന്തി സമാധാനത്തോടെ ജീവിക്കുന്നവരായിരുന്നു. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്ന, മാനുഷിക ബാധ്യതകൾ നിർവ്വഹിപ്പിക്കുന്ന ഇത്തരം ഉടമ്പടികളും നിയമ നിർമ്മാണങ്ങളുമാണ് ഇന്നത്തെ പ്രശ്‌ന കലുഷിത ലോകത്തിന്റെ അരക്ഷിതാവസ്ഥക്കും അസ്ഥിരതക്കും പരിഹാരമായിട്ടുള്ളത്.

സമൂഹത്തിലെ ഓരോ അംഗങ്ങൾക്കിടയിലും സഹകരണത്തിന്റെയും രഞ്ജിപ്പിന്റെയും വാതിലുകൾ തുറന്നുകൊണ്ടാണ് നബി (സ്വ) മദീനക്കാർക്ക് ഉൽകൃഷ്ട സ്വഭാവങ്ങളുടെയും ഉദാത്ത നിലപാടുകളുടെയും മൂല്യങ്ങൾ പരിചയപ്പെടുത്തിക്കൊടുത്തത്. ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവനാണ് നിങ്ങളിലെ ഉത്തമനെന്ന് സ്ഥിരീകരിച്ചുക്കൊടുക്കുകയും ചെയ്തു. അങ്ങനെ മദീനാ സമൂഹം പൂർണാർത്ഥത്തിൽ ഒരൊറ്റ തടി പോലെ സഹവർതിത്വത്തിലും പരസ്പരാശ്രയത്വത്തിലും ജീവിക്കുന്ന മാതൃകാ സമൂഹമായി മാറി. മനുഷ്യ നന്മയുടെ പുതു സംസ്‌ക്കാരമാണ് മദീനയിൽ യാഥാർത്ഥ്യമായത്.

നബി (സ്വ) മദീനയിൽ ഉത്തമമായ മനുഷ്യസംസ്‌ക്കാരത്തിന് തുടക്കമിട്ടത് പോലെ നാഗരിക സംസ്‌ക്കാരത്തിനും പരിഗണന നൽകിയിരുന്നു. ഓരോ ഭാഗത്തും നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് മസ്ജിദു ഖുബാ സ്ഥാപിതമാവുന്നത്. ഖുബാ പള്ളിയെക്കുറിച്ച് അല്ലാഹു ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്: തുടക്കം മുതലേ ഭക്തിയുടെ മേൽ അടിത്തറ പാകിയിട്ടുള്ള മസ്ജിദാണ് താങ്കൾക്കും നമസ്‌ക്കരിക്കാൻ ഏറ്റമനുയോജ്യം. വിശുദ്ധരാകാൻ തൽപരരായ ചില പുരുഷന്മാർ അവിടെയുണ്ട്. പരിശുദ്ധന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു (സൂറത്തുത്തൗബ 108). പിന്നെ പ്രവാചകരുടെ പള്ളിയെന്നറിയപ്പെടുന്ന മസ്ജിദു ന്നബവി നിർമ്മിച്ചു. പട്ടണത്തിന്റെ സുസ്ഥിര വികസനത്തിന് രൂപരേഖ തയ്യാറാക്കുകയും വഴികൾ വെട്ടിത്തെളിക്കുകയും ചെയ്തു. പ്രവിശാലമായ മണൽപ്പരപ്പുകളെ സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. മാത്രമല്ല മദീനയുടെ വഴിയോരങ്ങളെ ശുചിത്വ പൂർണമാക്കാൻ നിവാസികളോട് പാതകളിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കാനും, വീടും പരിസരവും വൃത്തിയാക്കാനും നിർദേശം നൽകുമായിരുന്നു.

നബി (സ്വ) മദീനയിലെത്തിയ ശേഷം പ്രാദേശിക പുരോഗതിക്കായി കൃഷി, ഉൽപാദനം, വാണിജ്യം, സാമ്പത്തിക രംഗം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മദീനയിലുള്ളവരെ തദ് വിഷയത്തിൽ ഉണർത്തുകയും സ്വന്തം ഭൂയിടങ്ങളിൽ കൃഷിയിറക്കാനും വിളവെടുക്കാനും പ്രേരിപ്പിച്ചിരുന്നു. ഒരു തോട്ടത്തിൽ ജോലി ചെയ്യുന്നതായി കണ്ട സ്ത്രീയോട് നബി (സ്വ) പറയുകയുണ്ടായി: ഒരു സത്യവിശ്വാസി ഒരു തൈ നടുകയോ കൃഷി നടത്തുകയോ ചെയ്ത് അതിൽ നിന്ന് ഒരു മനുഷ്യനോ മറ്റു ജീവിയോ ഭക്ഷിക്കുന്ന പക്ഷം അദ്ദേഹത്തിന് അതിലെ ഓരോന്നും ദാനധർമ്മം ചെയ്ത പ്രതിഫലമാണുള്ളത് (ഹദീസ് മുസ്ലിം 1552). നബി (സ്വ) അല്ലാഹുവിനോട് മദീനയിലെ ഭക്ഷ്യപദാർത്ഥങ്ങളിലും സമ്പാദ്യങ്ങളിലും ബർക്കത്ത് ചെയ്യാൻ പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ നാടാകെ ഐശ്വര്യവും ക്ഷേമവും പരന്നു. അഭിവൃതിപ്പെട്ട മദീന വലിയൊരു വാണിജ്യ വ്യാപാരകേന്ദ്രമായി മാറുകയുണ്ടായി. പൗരസ്ത്യ പാശ്ചാത്യ ദേശങ്ങളിൽ നിന്നു പോലും കമ്പോള ഇടപാടുകൾക്കായി ആളുകളെത്തുന്ന രീതിയിൽ മദീന കച്ചവട കേന്ദ്രമായി അറിയപ്പെട്ടുവെന്നതാണ് ചരിത്രം. ഹിജ്‌റാ സംഭവത്തിലൂടെ നബി (സ്വ) സാധ്യമാക്കിയ നിസ്തുല സംഭാവനകളാണ് മദീനയെ വികസിതമാക്കിയതും മദീനക്കാരെ പ്രശംസീയരാക്കിയതും. ഹിജ്റ നൽകുന്ന പാഠങ്ങൾ മാനവികതയുടെയും നാഗരികതയുടെയുമാണെന്നതാണ് പരമാർത്ഥം.

ഹിജ്‌റ എന്ന വാക്കിന്റെ അർത്ഥം തിരസ്‌ക്കാരമെന്നാണ്. അതായത് തിന്മയുടെ തിരസ്‌ക്കാരവും നന്മയുടെ പുരസ്‌ക്കാരവുമാണ് ഹിജ്റ. അല്ലാഹു വിലങ്ങിയത് തിരസ്‌ക്കരിക്കലാണ് യഥാർത്ഥ ഹിജ്റ. മുഹാജിറെന്നാൽ അല്ലാഹു നിരോധിച്ചത് വെടിഞ്ഞവെന്നാണ് നബി (സ്വ) നിർവചിച്ചത്. യഥാർത്ഥത്തിൽ മദീനയിലേക്ക് ഹിജ്റ പോയവരും മദീനയിൽ അവരെ സ്വീകരിച്ചവരും അങ്ങനെയുള്ളവർ തന്നെയായിരുന്നു. നന്മയെ പുൽകുന്ന, തിന്മയെ വിലങ്ങുന്ന സ്വഭാവം ശ്രേഷ്ഠ ഗുണമാണ്. അത്യുത്തമ സ്വഭാവഗുണങ്ങൾ പൂർത്തീകരിക്കാൻ നിയോഗിതകരായവരാണല്ലൊ പ്രവാചകർ (സ്വ). സഹിഷ്ണുത, സ്നേഹം, സഹവർതിത്വം, സൗഹൃദം, ജനക്ഷേമ പ്രവർത്തനങ്ങളെല്ലാം ഹിജ്‌റയിൽ പ്രവാചകരിലൂടെ പ്രതിഫലിച്ച മഹിതമായ മാനവിക വിശേഷങ്ങളാണ്. ആ ചര്യ പകർത്തിയവരാണ് അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബികൾ.

back to top