യുഎഇ ജുമുഅ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/09/2019
വിഷയം: മുആദു ബ്‌നു ജബൽ (റ)
സർവ്വ ധനാൽ പ്രധാനമായ വിദ്യ വിലമതിക്കാനാവാത്ത ധനമാണ്. നേടാവുന്ന ഏറ്റവും ശ്രേഷ്ഠമായ സമ്പാദ്യമാണത്. പ്രവാചകാനുചരരായ സ്വഹാബിമാർ വിജ്ഞാന കുതുകികളായിരുന്നു. ജ്ഞാനാർജ്ജനത്തിനായി മത്സരബുദ്ധിയോടെ കഠിന ത്യാഗം നടത്തിയിരുന്ന ആ സച്ചരിതർ വിദ്യാസമ്പാദനം ജീവിതസപര്യയാക്കിയിരുന്നു. വിജ്ഞാനം നേടിയവരെ അല്ലാഹു ഖുർആനിൽ പുകഴ്ത്തിപ്പറയുന്നുണ്ട്: “നിങ്ങളിൽ നിന്ന് സത്യവിശ്വാസം വരിച്ചവരെയും അറിവു നൽകപ്പെട്ടവരെയും അല്ലാഹു ഏറെ പദവികൾ ഉയർത്തുന്നതാണ്” (സൂറത്തുൽ മുജാദില 11). സ്വഹാബികളിലെ ബുദ്ധിമതിയും സൽസ്വഭാവ സമ്പന്നനുമായ മാതൃകാ വിദ്യാർത്ഥിയായിരുന്നു മുആദു ബ്‌നു ജബൽ (റ). മദീനക്കാരിൽ ഇസ്ലാം മതം സ്വീകരിച്ച ആദ്യത്തെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. 18ാം വയസ്സിലാണ് അദ്ദേഹം മുസ്ലിമായത്. അദ്ദേഹത്തിന്റേത് ഇസ്ലാമിക ചരിത്രത്തിലെ ആദർശ യുവത്വമാണ്. മുആദു ബ്‌നു ജബൽ (റ) ആ കാലഘട്ടത്തെ സമൂഹത്തിലെ അതിശ്രേഷ്ഠനായ യുവാവായിരുന്നുവെന്ന് കഅ്ബു ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്നു (മുസ്തദ്‌റക് 5192). കൂടെകൂടി അറിവുകൾ നുകർന്ന മുആദി (റ)നെ പ്രവാചകർ (സ്വ) ഏറെ ഇഷ്ടപ്പെട്ടിരുന്നു. 'ഹേ മുആദ്, അല്ലാഹുവാണേ സത്യം.. ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു'വെന്ന് അരുളിയ നബി (സ്വ)യോട് ശപഥം ചെയ്ത് കൊണ്ട് 'ഞാനും അങ്ങയെ സ്‌നേഹിക്കുന്നു'വെന്നാണ് മുആദ് (റ) പറഞ്ഞത് (ഹദീസ് അബൂദാവൂദ് 1522, അഹ്്മദ് 22772). അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുണ്ടായിരിക്കേണ്ട അനിഷേധ്യ ബന്ധത്തിന്റെ ഉദാത്ത മാതൃകകളാണ് ഇവിടെ പ്രതിഫലിക്കുന്നത്. അനർഘ ജ്ഞാനമൂല്യങ്ങളാണ് ഈ ഗുരുശിഷ്യ ബന്ധത്തിലൂടെ ഇതൾ വിരിക്കുന്നത്.
ജ്ഞാനാർത്തി പൂണ്ട മുആദ് (റ) നബി (സ്വ)യിൽ നിന്ന് ഖുർആൻ പഠിക്കാനാണ് ഏറെ കൊതിച്ചിരുന്നത്. അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ മുആദ് (റ) നബി (സ്വ)യുടെ സമക്ഷം വന്ന് പറഞ്ഞു: തിരു ദൂതരേ, എനിക്ക് ഓത്ത് പഠിപ്പിക്കണം. അപ്പോൾ നബി (സ്വ) എന്നോട് പറഞ്ഞു: അബ്ദുല്ലാ.. താങ്കൾ മുആദിന് ഓത്ത് പഠിപ്പിക്കണം. അങ്ങനെ ഞാൻ എനിക്കാവുന്ന രീതിയിൽ ഖുർആൻ പാരായണം പഠിപ്പിക്കുകയുണ്ടായി (മുസ്വന്നഫു ഇബ്‌നി അബീ ശൈബ 406). ഖുർആൻ പഠനത്തിൽ കഴിവ് തെളിയിച്ച മുആദ് (റ) പൂർണ ക്ഷമയോടെയും സ്ഥിരോത്സാഹത്തോടെയും പഠനം തുടർന്ന് ഖുർആൻ മുഴുവനായും മനപ്പാഠമാക്കുകയായിരുന്നു. മുആദു ബ്‌നു ജബൽ (റ), ഉബയ്യു ബ്‌നു കഅ്ബ് (റ), സൈദു ബ്‌നു സാബിത്ത് (റ), അബൂ സൈദുൽ അൻസ്വാരി എന്നിവരാണ് നബി (സ്വ)യുടെ കാലത്തു തന്നെ ഖുർആൻ മനപ്പാഠമാക്കിയ മിടുക്കരെന്ന് അനസു ബ്‌നു മാലിക് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പഠനത്തിനായി നല്ലൊരു ഭാഗം സമയവും മാറ്റിവെച്ചാൽ മാത്രമേ അനന്തമായ വിജ്ഞാന സാഗരത്തിൽ നിന്ന് വല്ലതും നുകരാനാവുകയുള്ളൂ. മുആദ് (റ) മുഴുസമയ വിദ്യാർത്ഥിയായിരുന്നു. കൂടുതൽ കൂടുതൽ പഠിക്കാൻ ഉത്സാഹം കാട്ടിയ അദ്ദേഹം ഖുർആൻ അതിന്റെ പാരായണ നിയമങ്ങളോടെ ഹൃദയസ്ഥമാക്കാൻ എല്ലാ സമയങ്ങളും സന്ദർഭങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. അധികരിച്ച മതജ്ഞാനങ്ങൾ നേടാൻ ഇടക്കിടക്ക് നബി (സ്വ)യോട് കാര്യങ്ങൾ ചോദിച്ചറിയുമായിരുന്നു. ഒരിക്കൽ നബി (സ്വ)യോട് താനൊന്ന് ചോദിച്ചുകൊള്ളട്ടെയെന്ന് പറഞ്ഞു. നബി (സ്വ) മൊഴിഞ്ഞു: എന്ത് വേണമെങ്കിലും ചോദിക്കാം. അങ്ങനെ മുആദ് (റ) സ്വർഗത്തിൽ പ്രവേശിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ചോദിക്കുകയുണ്ടായി. നബി (സ്വ) കുറേ സൽപ്രവർത്തനങ്ങൾ വിശദീകരിച്ചു. നന്മകളും അതിലേക്കുള്ള മാർഗങ്ങളും ലക്ഷ്യങ്ങളും പറഞ്ഞുകൊടുത്ത് വാചാലരായി. പടച്ചവനോടുള്ള ബന്ധം സുദൃഢമാക്കാനും പടപ്പുകളോടുള്ള ഇടപാടുകൾ സുകൃതമാക്കാനും കൽപ്പിച്ചു (ഹദീസ് അഹ്്മദ് 22016, തുർമുദി 2616). ഈയൊരു പ്രവാചക വസ്വിയ്യത്താണ് ഓരോ വിദ്യാർത്ഥിയും വിദ്യാത്ഥിനിയും കൈക്കൊള്ളേണ്ടത്. ദൈവഭയ ഭക്തി, നമസ്‌ക്കാര നിർവ്വഹണം, മാതാപിതാക്കളോടുളള കടപ്പാടുകൾ എന്നിവ പ്രഥമമായും പഠിച്ച് പ്രാവർത്തികമാക്കേണ്ടവയാണ്. ജനങ്ങളോട് നല്ല രീതിയിൽ വർത്തിക്കാനും ഇടപഴകാനും ശീലിക്കണം. അധ്യാപകരോടും സഹപാഠികളോടും വളരെ മാന്യവും സരളവുമായി സമ്പർക്കം പുലർത്താനും പഠിക്കണം.
മുആദ് (റ) അറിവുകൾ അധികരിപ്പിക്കാനായി പണ്ഡിതന്മാരുടെ സദസ്സുകളിൽ നിത്യമായി പങ്കെടുത്തിരുന്നു. അവർ പകർന്നുനൽകിയ വിജ്ഞാനീയങ്ങളും അനുഭവങ്ങളുമാണ് അദ്ദേഹത്തെ മഹാപണ്ഡിതനാക്കിയത്. കർമ്മശാസ്ത്രത്തിലും മറ്റു ഇസ്ലാമിക വിജ്ഞാനശാഖകളിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം നിസ്തുലം തന്നെ. നബി (സ്വ) പറഞ്ഞിരിക്കുന്നു: നിങ്ങളിൽ ഹറാമും ഹലാലും ഏറ്റവും കൂടുതലായി അറിയുന്നയാൾ മുആദു ബ്‌നു ജബലാണ് (ഹദീസ് തുർമുദി 3790). മുആദ് (റ) മറ്റു പണ്ഡിതരേക്കാൾ പദവികൾ കൈവരിക്കുമെന്നും പറഞ്ഞിട്ടുണ്ട്: 'അന്ത്യനാളിൽ മുആദു ബ്‌നു ജബൽ (റ) പണ്ഡിതരുടെ മുന്നിലായിട്ടിരിക്കും വരിക' (ഹദീസ് ത്വബ്‌റാനി). മുആദ് (റ) പ്രശംസനീയ പുരുഷനെന്നും ഹദീസുണ്ട് (തുർമുദി 3795).
നബി (സ്വ) മുആദി (റ)ന് അധ്യാപക ചുമതലകൾ ഏൽപ്പിച്ചതായി ചരിത്രത്തിൽ കാണാം. നബി (സ്വ) ഹിജ്‌റ 8ാം വർഷം മക്കയിൽ വന്നപ്പോൾ ജനങ്ങൾക്ക് ഇസ്ലാമിക മതകാര്യങ്ങൾ പഠിപ്പിക്കാൻ മുആദി(റ)നെ നിയമിക്കുകയായിരുന്നു. ഉൽകൃഷ്ഠനായ അധ്യാപകനുമായിരുന്നു അദ്ദേഹം. ഫിഖ്ഹ് പഠിക്കാനാഗ്രഹിക്കുന്നവർ മുആദു ബ്‌നു ജബലി (റ)നെ സമീപിക്കണമെന്നാണ് ഉമറി (റ)ന്റെ നിർദേശം. നബി (സ്വ)യുടെ കാലഘട്ടത്തിലെ മാതൃകാ അധ്യാപകനായിരുന്നുവെന്ന് അബ്ദുല്ലാ ബ്‌നു മസ്ഊദും (റ) പറയുന്നുണ്ട്. അധ്യാപനം മഹത്തായ സേവനമാണ്. പ്രവാചകരും (സ്വ) സ്വഹാബികളും ആ സേവനപാതയിൽ മുഴുകി ധന്യരായിരുന്നു. യഥാർത്ഥത്തിൽ അധ്യാപനമെന്നാൽ സമൂഹത്തിന് ഉത്തമ തലമുറകളെ വാർത്തെടുത്തു കൊടുക്കുന്ന ഉദാത്തമായ ജോലിയാണ്. വിവിധങ്ങളായ വിജ്ഞാനീങ്ങളിൽ നിപുണനായ മുആദ് (റ) വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട പഠനങ്ങളിലാണല്ലൊ അതീവ തൽപരത കാട്ടിയിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൽ നിന്ന് ഖുർആൻ പഠിക്കാൻ നബി (സ്വ) ജനങ്ങളോട് വസ്വിയ്യത്ത് ചെയതിട്ടുണ്ട്. മുആദു ബ്‌നു ജബല (റ)ടക്കം നാലു സ്വഹാബികളാണ് നബി (സ്വ) പരിചയപ്പെടുത്തിയ ഖുർആൻ അധ്യാപകർ. ബാക്കി മൂന്നു പേർ: അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ), സാലിം (റ), ഉബയ്യു ബ്‌നു കഅ്ബ് (റ) എന്നിവരാണ് (ഹദീസ് ബുഖാരി, മുസ്ലിം). ഇവരിൽ നിന്ന് വിദ്യ നുകരാൻ അനേകം പഠിതാക്കൾ എത്തുമായിരുന്നു.
അധ്യാപന രീതിയിൽ സഹനവും യുക്തിയും പ്രയോഗിച്ചവരാണ് മുആദ് (റ). വിദ്യാർത്ഥികളോട് നൈർമല്യത്തോടെ പെരുമാറി കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു. അവരോട് സ്‌നേഹപ്രകടനവും നടത്തിയിരുന്നു. സ്വഹാബികളൊക്കെ ഇതിന് സാക്ഷികളാണ്. മുആദ് (റ) സുമുഖനും സൽസ്വഭാവിയും ക്ഷമാശീലനുമായിരുന്നെന്ന് ജാബിർ ബ്‌നു അബ്ദുല്ല (റ)യും സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബൈഹഖി 11271).
വ്യക്തി, സമൂഹം, നാട് എന്നല്ല ലോകം തന്നെ അഭിവൃതിയും അഭിജാത്യവും കൈവരിക്കുന്നത് വിജ്ഞാനത്തിലൂടെയാണ്. അതിന് വേണ്ടിയാണ് യുഎഇ ഭരണകൂടം സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭങ്ങളും സംസ്ഥാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രാലയവും മറ്റു വിദ്യാഭ്യാസ വകുപ്പുകളും വിദ്യാർത്ഥികളിൽ മികച്ച ഫലം സാധ്യമാക്കുന്ന അധ്യാപകരെയാണ് നിയമിച്ചുക്കൊണ്ടിരിക്കുന്നത്. ആവശ്യമായ നിർദേശങ്ങളും പരിശീലനങ്ങളും നല്ല നിലവാരത്തിൽ സമയാസമയം ലഭ്യമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.