പാപങ്ങളിൽ പശ്ചാത്തപിക്കുന്നവരോട് ഇഷ്ടം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട് 

തീയ്യതി: 12/09/2019
വിഷയം: പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു


പാപികളായ മനുഷ്യരിൽ പശ്ചാത്തപിക്കുന്നവരെയാണ് അല്ലാഹുവിനിഷ്ടം. വിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറ 222ാം സൂക്തത്തിലൂടെ 'നിശ്ചയം അല്ലാഹു തൗബ (പശ്ചാത്താപം) ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു'വെന്ന് പ്രഖ്യാപനം നടത്തുന്നുണ്ട്. തൗബ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗമാണ്. അടിമകൾ പശ്ചാത്തപിക്കുമ്പോൾ അല്ലാഹു ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. നബി (സ്വ) പറയുന്നു: അടിമ പശ്ചാത്തപിക്കുമ്പോൾ അല്ലാഹു അതിയായി സന്തോഷിക്കുന്നു. എത്രത്തോളമെന്നാൽ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് തന്റെ അന്നപാനീയങ്ങൾ സജ്ജീകരിച്ച ഒട്ടകം നഷ്ട്‌പ്പെടുന്നു, തുടർന്ന നിരാശ പൂണ്ട അയാൾ ഒരു മരച്ചുവട്ടിൽ വിശ്രമിക്കുന്ന നേരത്ത് അരികിലതാ ആ ഒട്ടകം നിൽക്കുന്നു. സന്തോഷത്താൽ മതിമറന്ന് അയാൾ പറയും: അല്ലാഹുവേ...  നീ എന്റെ അടിമയാണ്, ഞാൻ നിന്റെ നാഥനാണ്. സന്തോഷാധിക്യത്താൽ പറഞ്ഞുപോയതാണ്. അടിമയുടെ തൗബയിൽ അയാളേക്കാൾ അല്ലാഹുവിന് സന്തോഷമുണ്ടാകും (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹുവെങ്ങനെ സന്തോഷിക്കാതിരിക്കും ! അവൻ കാരുണ്യവാനാണല്ലൊ. അവൻ അടിമകൾക്ക് വിടുതി നൽകുന്നതാണ്. നിലക്കാത്ത കാരുണ്യവർഷം അവനിക്ക് പറഞ്ഞ വിശേഷണമാണ്: അനുഗ്രഹം/കാരുണ്യം ചെയ്യുക എന്നത് നിങ്ങളുടെ നാഥൻ ബാധ്യയായിട്ടാണു കാണുന്നത്, അതായത് നിങ്ങളിലൊരാൾ അവിവേകത്താൽ വല്ല ദോഷവും ചെയ്യുകയും എന്നിട്ട് പശ്ചാത്തപിക്കുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്താൽ അവൻ ഏറ്റം പൊറുക്കുന്നവനും കരുണാമയനുമാകുന്നു (സൂറത്തുൽ അൻആം 54)

പശ്ചാത്തപിക്കുന്നവരോട് അവരുടെ മാതാപിതാക്കളേക്കാളും അല്ലാഹു സ്‌നേഹാർദ്രനും കരുണാമയനുമായിരിക്കും. ഉമറു ബ്‌നുൽ ഖത്വാബ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ കുഞ്ഞിനെ മാറോട് ചേർത്തിപ്പിടിച്ച ഒരു മാതാവിനെ കണ്ട നബി (സ്വ) സ്വഹാബികളോട് ചോദിച്ചു: ആ ഉമ്മ തന്റെ കുഞ്ഞിനെ തീയിലേക്ക് എറിയുമോ? അവർ പറഞ്ഞു: ഇല്ല. അപ്പോൾ നബി (സ്വ) പറഞ്ഞു: ഈ ഉമ്മ കുഞ്ഞിയോട് കാണിക്കുന്ന സ്‌നേഹാർദ്രതയേക്കാൾ ഊഷ്മളമായിരിക്കും അല്ലാഹുവിന്റേത് (ഹദീസ് ബുഖാരി, മുസ്ലിം). ഈ ഹദീസിനെ അടിസ്ഥാനപ്പെടുത്തി ഒരു മഹാൻ ഒരു സംഭവം ഒാർത്തുപോയെന്ന് വിവരിക്കുന്നുണ്ട്. അദ്ദേഹം ഒരു മാതാവിനെ കണ്ടിരുന്നു. സ്വന്തം മകനെ ചെയ്ത തെറ്റു കാരണം വീട്ടിൽ നിന്നിറക്കി വിട്ടവളാണ്. കുട്ടി കുറച്ച് നേരം കുറഞ്ഞ അകലങ്ങളിൽ ചുറ്റിതിരിഞ്ഞ ശേഷം വ്രണിത ഹൃദയവുമായി ഉമ്മയുടെ അടുക്കലിലേക്ക് തന്നെ മടങ്ങിവന്നു. വീട്ടുവീഴ്ച ചെയ്യാനും പൊറുക്കാനും അഭ്യർത്ഥിച്ചു. തന്റെ മകനെ ഈ ദയനീയാവസഥയിൽ കണ്ട് അലിവ് വന്ന ആ സ്ത്രീ കരഞ്ഞുകൊണ്ട് ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. വാത്സല്യനിധിയായ ഉമ്മ മകനെ ഗുണദോഷിച്ചു കൊണ്ട് വികാരധീനയായി മാപ്പാക്കുകയും ചെയ്തുവെന്നതാണ് സംഭവം. പെറ്റ ഉമ്മയുടെ കരുണക്കടാക്ഷം ഇത്രമാത്രമാണെങ്കിൽ പടച്ച ദൈവത്തിന്റെ കരുതൽ ഊഹിക്കാവുന്നതിലപ്പുറമായിരിക്കും. അവന്റെ കരുണ സർവ്വവ്യാപിയാണല്ലൊ. അവൻ തന്നെ അത് പറഞ്ഞിട്ടുണ്ട്: എന്റെ കാരുണ്യം സമസ്ത വസ്തുക്കൾക്കും പ്രവിശാലമത്രെ (സൂറത്തുൽ അഅ്‌റാഫ് 156). അല്ലാഹു അവന്റെ പാപികളായ അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നുവെങ്കിൽ, അടിമകൾ തമ്മിലുള്ള തെറ്റുകുറ്റങ്ങൾക്കുള്ള മാപ്പപേക്ഷ പരസ്പരം സ്വീകരിക്കലും പൊറുത്തുകൊടുക്കലും മാനുഷിക ബാധ്യതയാണ്. അന്യന്റെ ഖേദം പറച്ചിൽ പരിഗണിക്കുകയും ആ മനംമാറ്റത്തിലും ഏറ്റുപറച്ചിലിലും സന്തോഷിച്ച് അവനെ അനുമോദിക്കുകയും ബഹുമാനിക്കുകയും വേണം.

പ്രവാചകരും (സ്വ) അനുചരരും തെറ്റുകാരുടെ പശ്ചാത്താപത്തിൽ സന്തോഷിക്കുന്നവരായിരുന്നു. തബൂക് യുദ്ധത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കഅ്ബു ബ്‌നു മാലികും (റ) രണ്ടു കൂട്ടുകാരും ബഹിഷ്‌ക്കരണം നേരിട്ട് ഒറ്റപ്പെടുകയുണ്ടായല്ലൊ. ശേഷം അവർ തൗബ ചെയ്തപ്പോൾ പ്രവാചകർ (സ്വ) ഏറെ സന്തോഷം പ്രകടിപ്പിച്ചു. സ്വഹാബികൾ അവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. അക്കാര്യം കഅ്ബു ബ്‌നു മാലിക് (റ) തന്നെ വിശദീകരിക്കുന്നുണ്ട്: അല്ലാഹു ഞങ്ങളുടെ തൗബ സ്വീകരിച്ച കാര്യം നബി (സ്വ) അറിയിച്ചപ്പോൾ തന്നെ അവർ വന്ന് ഞങ്ങളെ ഈ സന്തോഷ വാർത്ത അറിയിക്കുകയാണുണ്ടായത്. ഞാൻ നബി സന്നിധിയിൽ ചെന്നു. ആളുകൾ ഞങ്ങളെ കൂട്ടം കൂട്ടമായി കണ്ട് അഭിവാദ്യമർപ്പിച്ചു. അങ്ങനെ ഞാൻ പള്ളിയിലെത്തി. നബി (സ്വ) യോട് സലാം പറഞ്ഞു. ആ തിരുവദനം സന്തോഷത്താൽ തിളങ്ങുന്നുണ്ടായിരുന്നു. എന്നോട് പറഞ്ഞു: താങ്കൾ ജനിച്ചതിന് ശേഷമുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്നത്തെ ദിവസം.

തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നവരെ നാം സന്തോഷത്തോടെയാണ് അഭിമുഖീകരിക്കേണ്ടത്. അവരുടെ കൈകൾ ചേർത്ത് പിടിച്ച് അവരിലുള്ള വിശ്വാസം കെട്ടിട്ടില്ലെന്ന് ബോധ്യപ്പെടുത്തുകയും അല്ലാഹുവിന്റെ കാരുണ്യക്കടൽ വറ്റില്ലെന്ന് ഓർമ്മപ്പെടുത്തുകയും വേണം. തൗബ ചെയ്തയാളെ ആലിംഗനം ചെയ്തു കൊണ്ടാണ് അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) വരവേറ്റത്. ശേഷം 'അല്ലാഹുവിന്റെ ഇഷ്ടക്കാരന് സ്വാഗതം' എന്ന് ആശംസിക്കുകയും ചെയ്തിട്ടുള്ളതായി ചരിത്രത്തിൽ കാണാം. പശ്ചാത്തപിച്ച് മടങ്ങിയവരെ ചെയ്ത പാപങ്ങൾ പറഞ്ഞ് ഓർമ്മിപ്പിക്കാതിരിക്കലാണ് നല്ല കീഴ്‌വഴക്കം. കഴിഞ്ഞ കാര്യങ്ങൾ ചികഞ്ഞ് ആക്ഷേപവാക്കുകൾ മൊഴിയുകയുമരുത്. അങ്ങനെയാണ് യൂസുഫ് നബി (അ) തന്റെ തെറ്റുകാരായ സഹോദരങ്ങളോട് ചെയ്തത്. 'നിങ്ങളെപ്പറ്റി ഒരധിക്ഷേപവും ഞാനിപ്പോൾ ഉന്നയിക്കുന്നില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. ഏറ്റം വലിയ കരുണാവാരിധിയത്രെ അവൻ' എന്ന് അവരോട് പറഞ്ഞതായി സൂറത്തു യൂസുഫ് 92ാം സൂക്തം വിവരിക്കുന്നുണ്ട്. ഒരാൾ സൽപാന്ഥാവ് സ്വീകരിച്ച് സൽക്കർമ്മങ്ങളനുഷ്ഠിച്ചാൽ അല്ലാഹു അവന്റെ ദോഷങ്ങൾ പൊറുത്തു കൊടുക്കുകയും തിന്മകൽ മായ്ച്ച് പകരം നന്മകൾ പ്രദാനം ചെയ്യുന്നതുമായിരിക്കും. 'പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈകൊണ്ട് സൽക്കർമ്മങ്ങൾ ചെയ്തവരും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നവരാണ്, അവരുടെ പാപങ്ങൾക്ക് അല്ലാഹു സൽക്കർമ്മങ്ങൾ പകരമാക്കിക്കൊടുക്കും' (സൂറത്തുൽ ഫുർഖാൻ 70).

ഒരാൾ ഒരു തെറ്റിൽ പശ്ചാത്തപിച്ചു കഴിഞ്ഞാൽ പിന്നെ ആ തെറ്റ് അടഞ്ഞ അധ്യായമാണ്. വിഷയീഭവിക്കുന്നേയില്ല.  പാപത്തിൽ നിന്ന് തൗബ ചെയ്തവൻ പാപം ചെയ്യാത്തവനെ പോലെയെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് ഇബ്‌നു മാജ 4250). സമൂഹത്തിൽ തെറ്റുകുറ്റങ്ങളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവരെ മാറ്റിനിർത്താതെ കൂടെകൂട്ടി, തെറ്റിന്റെ കാരണങ്ങൾ കണ്ടെത്തി യുക്തിസഹം പെറുമാറുകയും അവന്റെ നന്മക്കായി അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്താൽ അവനിക്ക് നല്ലൊരു ജീവിതം തുടരാനാകും. ഉമറു ബ്‌നുൽ ഖത്വാബ് (റ) പറയുന്നു: നിങ്ങളുടെ സഹോദരന് ഒരു വീഴ്ച പറ്റിയാൽ അവനൊപ്പം കൂടി അതിനെ തിരുത്തി ശരിയാക്കണം. അല്ലാഹു അവന്റെ തൗബ സ്വീകരിക്കാൻ പ്രാർത്ഥിക്കുകയും വേണം. നേരെമറിച്ച് അവനിക്കെതിരിൽ പിശാചിന്റെ സഹായികളാവരുത്. എത്രയെത്ര ആളുകളാണ് ചെയ്ത പാപങ്ങളിൽ നിന്ന് ഖേദിച്ചു മടങ്ങി മഹാന്മാരായി മാറിയത്. സമൂഹം അവരെ വളരെ ബഹുമാനപുരസരം സ്വീകരിച്ചിട്ടുമുണ്ട്. ആ ഗണത്തിൽപ്പെട്ട മഹാ പണ്ഡിതനാണ് ഫുദൈലു ബ്‌നു ഇയാള് (റ). അദ്ദേഹം ദുഷ്ടനായിരുന്നു. ദൈവാനുസരണയില്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ അദ്ദേഹം സൂറത്തുൽ ഹദീദിലെ 16ാം സൂക്തം കേൾക്കാനിടയായി. 'അല്ലാഹുവിനെയും സത്യസന്ദേശങ്ങളുമായിയവതരിച്ച ഖുർആനിനെയും അനുസരിച്ചുകൊണ്ട് ഹൃദയങ്ങൾ ഭീതിദവാകാനും നേരത്തെ വേദം ലഭിച്ചവരെ പോലെയാകാതിരിക്കാനും (അവർക്ക് കാലദൈർഘ്യം വരികയും തദ്വാരാ ഹൃദയകാഠിന്യമുണ്ടാവുകയും മിക്കവരും അധർമകാരികളാവുകയുമാണ് ചെയ്തത്) സത്യവിശ്വാസികൾക്കു സമയമായില്ലേ?' എന്നു ചോദിക്കുന്നതാണ് പ്രസ്തുത ആയത്ത്. ഇതു കേട്ട ഉടനെ അദ്ദേഹം അതിന് മറുപടി പറഞ്ഞു: അതേ നാഥാ.. സമയമായി. അങ്ങനെയദ്ദേഹം പശ്ചാത്തപിച്ചു ജീവിതശൈലി മാറ്റി. ആരാധനകളിലും വിജ്ഞാനസമ്പാദനത്തിലുമായി കഴിഞ്ഞുകൂടുകയും ജീവിതത്തിൽ വിശിഷ്ട സ്വഭാവഗുണങ്ങൾ വെച്ചുപുലർത്തുകയും ചെയ്യുകയുണ്ടായി. ആളുകൾ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടു. പ്രമുഖ പണ്ഡിതർ പോലും അദ്ദേഹത്തെ പുകഴത്തിപ്പറയുകയാണുണ്ടായത്. ഭൂമുഖത്ത് ഫുദൈലു ബ്‌നു ഇയാളിനെക്കാൾ ശ്രേഷ്ഠമായി ഒന്നുമില്ലെന്നാണ് അബ്ദുല്ലാ ബ്‌നു മുബാറക് (റ) പറഞ്ഞത്.

ആരും നിരാശരാകരുത്. അല്ലാഹു ഏതു ദോഷവും പൊറുത്തുതരും. കാരുണ്യവാനും പൊറുക്കുന്നവനുമായ അല്ലാഹുവിന്റെ കാരുണ്യക്കടലിൽ നിന്ന് ആരുടെ ആശയും വറ്റരുതെന്നാണ് അവൻ തന്നെ അടിമകളോട് പറഞ്ഞിരിക്കുന്നത്. ലഹരിയെന്ന കെണിയിൽപ്പെട്ടവനും പശ്ചാത്തപിച്ചു മടങ്ങിയാൽ അല്ലാഹു പൊറുത്തുകൊടുക്കും. ലഹരി ആസക്തിയുള്ളവനാണെങ്കിലും അല്ലാഹു കരുണ ചെയ്യുകയും അവന്റെ പ്രായശ്ചിത്തം സ്വീകരിക്കുകയും ചെയ്യും. യുഎഇ രാജ്യം ലഹരിയിലമർന്നവരെ പുരധിവസിപ്പിക്കാൻ നിരവധി കേന്ദ്രങ്ങളിലൂടെ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അവരുടെ വീണ്ടെടുപ്പിന് കുടുംബത്തിനും സമൂഹത്തിനുമാണ് കുറേ ചെയ്യാനാവുക. ലഹരി ഉപയോഗം നിർത്തുന്നവർക്ക് പുതുജീവിതത്തിന് അവസരമൊരുക്കി ഋജുപാതയിൽ അടിയുറപ്പിച്ച് നിർത്താനാവണം. അവരിൽ നിന്ന് കഴിഞ്ഞതെല്ലാം നമ്മുക്ക് മറക്കാം. ഇനി നല്ലത് മാത്രം പ്രതീക്ഷിക്കുകയും ചെയ്യാം.

back to top