യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസുർ ഹുദവി കളനാട്
തീയ്യതി: 20/09/2019
വിഷയം: നമസ്‌ക്കാര ശേഷമുള്ള ദിക്‌റുകളും ദുആകളും
നമസ്‌ക്കാരത്തിൽ നിന്ന് വിരമിച്ചാൽ ദിക്ർ തുടങ്ങണം. ആദ്യം അല്ലാഹുവിനോട് മാപ്പ് തേടിക്കൊണ്ടുള്ള 'അസ്തഗ്ഫിറുല്ലാഹ്' എന്ന ദിക്ർ മൂന്നു പ്രാവശ്യം ഉരുവിടണം. നബി (സ്വ) നമസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ അപ്രകാരം ചെയ്തിരുന്നുവെന്ന് ശൗബാൻ (റ) ഉദ്ധരിക്കുന്നുണ്ട് (മുസ്ലിം 591). നമസ്‌ക്കാരത്തിൽ സംഭവിച്ചേക്കാവുന്ന പാക പിഴവുകൾ പൊറുത്തുത്തരാൻ അർത്ഥിക്കുന്നതാണ് ഈ ഇസ്തിഗ്ഫാർ. കാരണം മനുഷ്യന് നമസ്‌ക്കാരത്തിൽ പല ചിന്തകളും പിശാചിന്റെ ദുർബോധനങ്ങളുമുണ്ടായേക്കാം. അവ പരിഹരിക്കാനാണ് അസ്തഗ്ഫിറുല്ലാഹ് ദിക്ർ. ശേഷം 'അല്ലാഹുമ്മ അൻതസ്സലാം, വമിൻക സ്സലാം, തബാറക്ത യാദൽ ജലാലിവൽ ഇക്‌റാം എന്ന് ചൊല്ലണം (ഹദീസ് മുസ്ലിം 591, അബൂദാവൂദ് 1512, തുർമുദി 298, നസാഈ 1337, ഇബ്‌നു മാജ 928). അല്ലാഹുവിനെ പരിശുദ്ധനാക്കി വാഴ്ത്തിക്കൊണ്ടുള്ള ഈ ദിക്ർ 'സലാം' എന്ന അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അസ്മാഉൽ ഹുസ്‌നയുൽപ്പെട്ട നാമം കൊണ്ട് ദൈവസാമീപ്യമുറപ്പിക്കുന്നതാണ്. സലാമെന്നാൽ രക്ഷയെന്നർത്ഥം. അല്ലാഹു സലാമാണ്. അവൻ ഏവർക്കും രക്ഷയുണ്ടാവാൻ ഇഷ്ടപ്പെടുന്നു. സർവ്വരെയും രക്ഷയുടെ വീടായ സ്വർഗത്തിലേക്ക് ക്ഷണിക്കുന്നുമുണ്ട്. ഐഹികവും പാരത്രികവുമായ സകല അപകടങ്ങളിൽ നിന്ന് നിന്നുമുള്ള രക്ഷ അവനിൽ നിന്ന് മാത്രമാണ്. പരിശുദ്ധിയുടെയും പരിപൂർണതയുടെയും വിശേഷങ്ങളാൽ അത്യുന്നതനായവനാണ് അല്ലാഹുവെന്ന ആശയം സ്ഥിരീകരിക്കുന്നതാണ് 'തബാറക്ത യാദൽ ജലാലിൽ വൽ ഇക്‌റാം'.
നമസ്‌ക്കാര ശേഷം സത്യവിശ്വാസി അല്ലാഹുവിനോട് നേരിട്ട് ഭാഷിക്കുന്ന മറ്റൊരു ദിക്‌റാണ് 'അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്ത, വലാ മുഅ്ത്വിയ ലിമാ മനഅ്ത, വലാ യൻഫഉ ദൽജദ്ദി മിൻക ജദ്ദ് (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹു പ്രദാനം ചെയ്യുന്നതിന് വിലങ്ങായി ഒന്നുമില്ല, അവൻ വിലങ്ങുന്നത് നേടിത്തരുന്ന ആരുമില്ല, ദൈവകൃപയും ദൈവാനുസരണയുമില്ലെങ്കിൽ ഒരുത്തനും ഒരു ഭാഗ്യവും ഒരു സമ്പത്തും ഉപകാരപ്പെടുകയില്ല എന്നാണ് സാരം. നിർബന്ധ നമസ്‌ക്കാരങ്ങൾക്ക് ശേഷം ആവർത്താവർത്തിച്ച് ഉരുവിടൽ സുന്നത്തായ ദിക്‌റുകളാണ് ബാഖിയാത്തു സ്വാലിഹാത്ത് (നിത്യ സൗരഭ്യങ്ങൾ) എന്നറിയപ്പെടുന്ന സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നീ ദിക്‌റുകൾ. ഈ മൂന്നു ദിക്‌റുകൾ മുപ്പതി മൂന്നു വീതം ചൊല്ലി തൊണ്ണൂറ്റൊമ്പതാക്കണം. നൂറാമതായി 'ലഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവ അലാ കുല്ലി ശൈഇൻ ഖദീർ' എന്നും ചൊല്ലിയവന്റെ ദോഷങ്ങൾ കടലിലെ നുര പോലെ അധികമാണെങ്കിൽ പോലും പൊറുക്കപ്പെടുന്നതാണ് (ഹദീസ് മുസ്ലിം 597). ഫർള് നമസ്‌ക്കാരങ്ങൾക്ക് ശേഷം ഈ നൂറു ദിക്‌റുകൾ ഉരുവിട്ടവന്റെ സൽപ്രയത്‌നങ്ങൾ വൃഥായാവില്ല, അവൻ നിരാശനാവേണ്ടിവരികയുമില്ല (ഹദീസ് മുസ്ലിം 596). തസ്ബീഹ്, തഹ്മീദ്, തക്ബീർ എന്നിവ നമസ്‌ക്കാര ശേഷം പത്തു വീതം പതിവാക്കിയാലും പരലോകത്ത് സൽക്കർമ്മങ്ങളുടെ തുലാസ് തൂക്കം കൂടുകയും സ്വർഗവഴി വെട്ടിത്തെളിയുകയും ചെയ്യുമത്രെ. അവനിക്കുള്ള പ്രതിഫലം ഒട്ടുമേ നിഷേധിക്കപ്പെടുകയുമില്ല. നബി (സ്വ) പറയുന്നു: 'രണ്ടുകാര്യങ്ങൾ, സത്യവിശ്വാസി അവ നിലനിർത്തിയാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നുറപ്പാണ്. അവ വളരെ എളുപ്പമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നവർ വളരെ വിരളവും. ഒന്ന്, എല്ലാ ഫർള് നമസ്‌ക്കാരത്തിന്റെയും ശേഷം പത്തു വീതം തസ്ബീഹ്, തഹ്മീദ്, തക്ബീർ എന്നിവ ചൊല്ലലാണ്. മൊത്തത്തിൽ അഞ്ചു നമസ്‌ക്കാരങ്ങളിലായി നാവു കൊണ്ടു നൂറ്റിയമ്പത് ഉരുവിടുന്നതാണെങ്കിലും നന്മയുടെ തുലാസിൽ അവ ആയിരത്തി അഞ്ചൂറാണ്. രണ്ടാമത്തേത്, ഉറങ്ങാൻ കിടക്കുന്ന നേരത്ത് മുപ്പത്തി നാല് പ്രാവശ്യം തക്ബീറും മുപ്പതി മൂന്ന് വീതം തഹ്മീദും തസ്ബീഹും ചൊല്ലലാണ്. ഇവ ആകെ നാവ് കൊണ്ട് നൂറു ദിക്‌റുകൾ ഉരുവിടുന്നതാണെങ്കിലും നന്മയുടെ തുലാസിൽ ആയിരത്തിന്റ തൂക്കമായിരിക്കും'. നബി (സ്വ) കൈ കൊണ്ട് എണ്ണം തിട്ടപ്പെടുത്തുന്നുണ്ടായിരുന്നു. അപ്പോൾ സ്വഹാബികൾ ചോദിച്ചു: തിരു ദൂതരേ, ഇവ ഇത്ര എളുപ്പമായിട്ടും ഇപ്രകാരം അനുവർത്തിക്കുന്നവരെന്തു കൊണ്ട് കുറവായി?! നബി (സ്വ) പറഞ്ഞു: ഉറങ്ങുന്ന നേരത്തും സമസ്‌ക്കാര സമയത്തും പിശാച് വന്ന് മറ്റു പല ആവശ്യങ്ങളും ഓർമ്മിപ്പിക്കുന്നതാണ് (ഹദീസ് അബൂദാവൂദ് 5065, തുർമുദി 3410, നസാഈ 1348, ഇബ്‌നു മാജ 926). ഒരു മുസ്ലിം നിത്യേന ചൊല്ലേണ്ട ദിക്‌റുകളുടെയും ദുആകളുടെയും മാതൃകകൾ പലതും പ്രാമാണികമായി അംഗീകരിക്കപ്പെട്ടതായുണ്ട്.
നമസ്‌ക്കാര ശേഷം ആയത്തുൽ കുർസിയ്യും ഓതണം. എല്ലാ ഫർള് നമസ്‌ക്കാരങ്ങൾക്ക് ശേഷവും ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നത് പതിവാക്കിയാൽ അവനിക്കും സ്വർഗത്തിനുമിടക്കുമുള്ള തടസ്സം മരണം മാത്രമായിരിക്കും (ഹദീസ് ത്വബ്‌റാനി 8/134). 'മുഅവ്വിദാത്ത്' (കാവൽ തേടുന്നവ) എന്നറിയപ്പെടുന്ന സൂറത്തുൽ ഇഖ്‌ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തു ന്നാസ് എന്നിവയും നമസ്‌ക്കാര ശേഷം പാരായണം ചെയ്യൽ ഏറെ പ്രതിഫലാർഹമാണ്. എല്ലാ നമസ്‌ക്കാരങ്ങൾക്ക് ശേഷവും ഈ ചെറു ഖുർആനികാധ്യായങ്ങൾ ഓതാൻ നബി (സ്വ) കൽപ്പിച്ചതായി ഉഖ്ബത്തു ബ്‌നു ആമിർ (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഹദീസ് നസാഈ 1336).
ഫർള് നമസ്‌ക്കാരങ്ങൾക്ക് ശേഷം ദുആ ചെയ്യൽ അല്ലാഹു നബി (സ്വ)യോട് കൽപ്പിക്കുന്നത് സൂറത്തു ശ്ശർഹ് 7, 8 സൂക്തങ്ങളിൽ കാണാം: 'പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവായാൽ താങ്കൾ ആരാധനാ നിരതനാവുകയും നാഥനോടു തന്നെ അഭിനിവേശം പുലർത്തുകയും ചെയ്യുക'. ഈ ആയത്തുകളുടെ വ്യാഖ്യാനത്തിൽ നമസ്‌ക്കാരത്തിൽ നിന്ന് വിരമിച്ചാൽ ആവശ്യങ്ങൾ അല്ലാഹുവിലേക്കവതരിപ്പിച്ച് പ്രാർത്ഥിക്കണമെന്നാണ് അല്ലാഹു നബി (സ്വ)യോട് നിർദേശിക്കുന്നതെന്ന് തഫ്‌സീറു ത്വബ് രി (24/497), തഫ്‌സീറുൽ ഖുർത്വുബി (20/108) വിശദീകരിക്കുന്നുണ്ട്. നമസ്‌ക്കാരനന്തരമുള്ള പുണ്യ സമയത്ത് നബി (സ്വ) കൂടുതലായി പ്രാർത്ഥിക്കുകയും അങ്ങനെ ചെയ്യാൻ അനുചരരെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഏത് പ്രാർത്ഥനക്കാണ് വേഗത്തിൽ ഉത്തരം കിട്ടാൻ കൂടുതൽ സാധ്യതയുള്ളതെന്ന ചോദ്യത്തിന് രാത്രിയാമങ്ങളിലും നമസ്‌ക്കാരങ്ങൾക്ക് ശേഷവുമുള്ള ദുആകളെന്നാണ് നബി (സ്വ) മറുപടി നൽകിയത് (ഹദീസ് തുർമുദി 3499). 'അല്ലാഹുമ്മ അഇന്നീ അലാ ദിക്‌റിക വശുക്‌റിക വഹുസ്‌നി ഇബാദത്തിക' എന്ന പ്രാർത്ഥന ഓരോ നമസ്‌ക്കാര ശേഷവും ഒഴിവാക്കാതിരിക്കാനാണ് നബി (സ്വ) മുആദി (റ)നോട് വസ്വിയ്യത്ത് ചെയ്തത് (ഹദീസ് അബൂദാവൂദ് 1301, നസാഈ 9857, അഹ്മദ് 22119). അല്ലാഹുവേ നിന്നെ സ്മരിക്കാനും നിന്നോട് നന്ദി കാട്ടാനും നിനക്ക് നന്നായി ആരാധന ചെയ്യാനും നീ എന്നെ സഹായിക്കണേ എന്നാണ് ഈ പ്രാർത്ഥന അർത്ഥമാക്കുന്നത്. നമസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ നബി (സ്വ) നടത്തിയിരുന്ന മറ്റൊരു പ്രാർത്ഥന: അല്ലാഹുമ്മ ഗ്ഫിർലി മാ ഖദ്ദമ്തു വമാ അഖ്ഖർതു വമാ അസ്‌റർതു മവാ അഅ്‌ലൻതു വമാ അസ്‌റഫ്തു, വമാ അൻത അഅ്‌ലമു ബിഹി മിന്നീ, അൻതൽ മുഖദ്ദിമു വഅൻത മുഅഖ്ഖിറു, ലാഇലാഹ ഇല്ലാ അൻത (ഹദീസ് മുസ്ലിം 771, അബൂദാവൂദ് 760). നാഥാ, നീ എനിക്ക് ഞാൻ മുമ്പ് ചെയ്തതും പിമ്പ് ചെയ്തതും, ഞാൻ രഹസ്യമായും പരസ്യമായും ചെയ്തതും, ഞാൻ അതിർലംഘിച്ചതുമെല്ലാം പൊറുത്തുത്തരണം. എന്നേക്കാൾ നിനക്കറിയാവുന്ന എന്നിൽ നിന്നുണ്ടായതെല്ലാം മാപ്പാക്കിതരണം. മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീ തന്നെയാണ്. നീയല്ലാതെ ഒരു ആരാധ്യനുമല്ല എന്നാണ് പ്രാർത്ഥനാ സാരം.