അന്നവും സമ്പാദനവും അനുവദനീയ രീതിയിലായിരിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 27/09/2019
വിഷയം: അനുവദനീയമായത് ഭക്ഷ്യമാക്കുക


അല്ലാഹു എല്ലാ ജീവജാലങ്ങൾക്കും അതിന്റേതായ ഉപജീവനങ്ങളും അതിജീവനങ്ങളും ക്രമപ്പെടുത്തിയിട്ടുണ്ട്. ജീവൻ നിലനിർത്താനുള്ള ഭക്ഷ്യങ്ങളും അവ നേടാനുള്ള ഊർജവും വകതിരിവും നൽകിട്ടുണ്ട്. വിശേഷ ബുദ്ധിയുള്ള മനുഷ്യനോട് അനുവദനീയ രീതിയിൽ സമ്പാദിച്ച് നല്ലവയെ മാത്രം ഭക്ഷണമാക്കണമെന്നാണ് അല്ലാഹു കൽപ്പിക്കുന്നത് 'അല്ലാഹു തന്നതിൽ അനുവദനീയവും ഉത്തവുമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. നിങ്ങൾ വിശ്വാസമർപ്പിചച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക' (സൂറത്തുൽ മാഇദ 88). പ്രപഞ്ചത്തിലെ സൂക്ഷ്മ ജീവിയാവട്ടെ, വമ്പൻ ജന്തുവാവട്ടെ എല്ലാ സൃഷ്ടിജാലങ്ങൾക്കും സ്രഷ്ടാവായ അല്ലാഹു ഭക്ഷണങ്ങൾ സംവിധാനിച്ചിട്ടുണ്ട്. ഏവർക്കുമുള്ള അന്നങ്ങളെ അവൻ ഭൂമിയിൽ സംഭരിച്ചു വെക്കുകയും ഓരോർത്തർക്കും നിർണയിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. 'അന്നദാന ബാധ്യത അല്ലാഹു ഏറ്റിട്ടില്ലാതെ ഒരു ജീവിയും ഭൂമിയിലില്ല. അതിന്റെ താവളവും സൂക്ഷിപ്പു സ്ഥലവും അവനറിയുന്നുണ്ട്. സ്പഷ്ടമായ ഒരു രേഖയിലുണ്ട് അവയത്രയും' (സൂറത്തു ഹൂദ് 06).

'ഭൂമിയെ നാം പ്രവിശാലമാക്കുകയും അതിൽ ദൃഢീകൃതമായ മലകളുണ്ടാക്കുകയും അനുയോജ്യമാം വിധം എല്ലാ സാധനങ്ങളും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്കും നിങ്ങൾ ഭക്ഷണം കൊടുക്കുന്നവരല്ലാത്തവർക്കും അതിൽ നാം ജീവിതായോധനമാർഗങ്ങൾ ഏർപ്പെടുത്തി. ഏതൊരു വസ്തുവിന്റെയും ഖജനാവ് നമ്മുടെയടുത്ത് മാത്രമാണ്. എന്നാൽ നിശ്ചയിക്കപ്പെട്ട ഒരു കണക്കനുസരിച്ചേ നാമത് ഇറക്കുകയുള്ളൂ' (സൂറത്തുൽ ഹിജ് ർ 19, 20, 21). ഭൂമിയെ വാസയോഗ്യമാക്കിയ അല്ലാഹു അതിൽ ഭക്ഷ്യയോഗ്യമായത് നിക്ഷേപിക്കുകയും അവയെ നിലനിർത്തുകയും ചെയ്തു. 'ഭൂമിയുടെ ഉപരി തലത്തിൽ ഉറച്ച മലകളുണ്ടാക്കുകയും അതിലനുഗ്രഹം ചൊരിയുകയും അന്നപാനാദികൾ വ്യവസ്ഥപ്പെടുത്തുകയുമുണ്ടായി' (സൂറത്തു ഫുസ്സ്വിലത്ത് 10). മാത്രമല്ല, ഭൂമിയെ ഭക്ഷ്യങ്ങൾ ഉൽപാദിപ്പിക്കും വിധം മണ്ണും മഴയും വളവുമെല്ലാം സംവിധാനിച്ച് ഫലഭൂയിഷ്ടമാക്കുകയും ചെയ്തു. 'ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കു തന്നെയാണ് പുനരുത്ഥാനം' (സൂറത്തുൽ മുൽക് 15). ഭൂമിയിൽ അനുവദനീയ രീതിയിൽ സമ്പാദിച്ച് അനുവദനീയമായത് ഭക്ഷിക്കാനാണ് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ ബോധനം ചെയ്യുന്നത്: 'ഹേ ജനങ്ങളേ, ഭൂമിയിലുള്ളതിൽ അനുവദനീയവും ഉദാത്തവുമായവ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക' (സൂറത്തുൽ ബഖറ 168). മനുഷ്യരോട് പൊതുവായി നടത്തുന്ന ഈ ബോധനത്തിൽ ഭക്ഷണത്തിന് ഹലാൽ, ത്വയ്യിബ് എന്നീ രണ്ടു വിശേഷങ്ങളാണു പറഞ്ഞിരിക്കുന്നത്. ഹലാൽ എന്നാൽ ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ അനുവദനീയമായത്. ത്വയ്യിബ് എന്നാൽ ആത്മാവിന് സ്വീകാര്യവും ശരീരത്തിന് ഉപകാരപ്രദവുമായ രീതിയിൽ പരിശുദ്ധമായത്. അല്ലാഹു പ്രവാചകന്മാരോട് പ്രത്യേകമായും ഈ ബോധനം നടത്തിയിട്ടുണ്ട്: 'ഹേ ദൂതരേ, ഉദാത്ത വസ്തുക്കളിൽ നിന്ന് നിങ്ങൾ ആഹരിക്കുകയും സൽക്കർമ്മങ്ങളനുഷ്ടിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവൃത്തികളെപ്പറ്റി ഞാനറിയുക തന്നെ ചെയ്യുന്നുണ്ട്' (സൂറത്തുൽ മുഅ്മിനൂൻ 51). പ്രവാചകന്മാർ ഈ ദൈവ കൽപന പരിപൂർണമായി ശിരസ്സാ വഹിച്ചവരാണ്. കഠിനാധ്വാനം ചെയ്ത് ഹലാലായത് സമ്പാദിച്ച് തിന്നു വളർന്നവരാണ് അവർ. സ്വന്തം കൈകൊണ്ടാധ്വാനിച്ച് തിന്നുന്നതാണ് തിന്നുന്നതിൽ വെച്ചേറ്റവും നല്ലതെന്നും ദാവൂദ് നബി (അ) അങ്ങനെ കൈത്തൊഴിൽ ചെയ്ത് അന്നം കണ്ടെത്തിയവരായിരുന്നുവെന്നും നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി 2072).

ഏറ്റവും പരിശുദ്ധവും പരിപാവനവുമായ സമ്പാദ്യമേതെന്ന സ്വഹാബികളുടെ ചോദ്യത്തിന് നബി (സ്വ) മറുപടി നൽകിയത് 'കൈത്തൊഴിലും നേരായ കച്ചവടവും' എന്നാണ്. എല്ലാ ജോലിയും ഉദ്യോഗവും വ്യാപാരവുമെല്ലാം ഇതിൽപ്പെടും. ചുരുക്കത്തിൽ സ്വന്തം അധ്വാനിച്ചുണ്ടാക്കിയതാണ് അത്യുത്തമ സമ്പാദ്യം. അതിൽ നിന്ന് ഭക്ഷിക്കുന്നതാണ് അത്യുത്തമ ഭക്ഷണം. സന്താനങ്ങളും സമ്പാദ്യങ്ങളെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അബൂദാവൂദ് 3528, തുർമുദി 1358, നസാഈ 4451, ഇബ്‌നു മാജ 2137, അഹ്്മദ് 24032). ഇസ്ലാം മതം നിയമമാക്കിയതിന് വിരുദ്ധമായി അനധികൃത രീതിയിൽ സമ്പാദിക്കുന്നത് അല്ലാഹു കണിശമായും വിലക്കിയതാണ്. 'അറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുകൾ അന്യായമായി പരസ്പരം തിന്നുകയോ ആളുകളുടെ സമ്പത്ത് കുറ്റകരമായി നേടിയെടുത്ത് തിന്നുവാനായി ഭരണാധികാരികളെ സമീപിക്കുകയോ ചെയ്യരുത്' (സൂറത്തു ബഖറ 188). കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സമ്പാദിക്കാനായി അധാർമിക വഴികൾ സ്വീകരിക്കുന്ന കാര്യത്ിതൽ നബി (സ്വ) താക്കീത് ചെയ്തിരിക്കുന്നു. നബി (സ്വ) പറയുന്നു: മാലാഖ ജിബ്‌രീൽ (അ) എനിക്ക് ദിവ്യബോധനം നൽകിയിരിക്കുന്നു; അല്ലാഹു കണക്കാക്കിയ ആയുസ്സ് തീരുകയും ഭക്ഷ്യം പൂർത്തിയാക്കുകയും ചെയ്യുന്നത് വരെ ഒരു ആത്മാവും മരിക്കുകയില്ല. അതിനാൽ നിങ്ങൾ നല്ല രീതിയിൽ സമ്പാദിക്കുക. ഭക്ഷ്യം കിട്ടാൻ സമയമെടുക്കുന്ന വിചാരത്തിൽ അധാർമിക മാർഗത്തിൽ സമ്പാദിക്കാനൊരുങ്ങരുത്. അല്ലാഹുവിങ്കലുള്ളത് ലഭിക്കാൻ അവനെ അനുസരിച്ചേ തീരൂ.

നിഷിദ്ധമാണോ അനുവദനീയമാണോ എന്ന് ലവലേശം സംശയമുള്ള ഭക്ഷ്യങ്ങൾ ഒഴിവാക്കലാണ് അഭികാമ്യം. നബി (സ്വ) പറയുന്നു: ഹലാൽ ഏതൊക്കെയെന്ന് വ്യക്തം. ഹലാലും വ്യക്തമാണ്. രണ്ടിനുമിടക്ക് അധികമാരും അറിയാത്ത അവ്യക്ത സംശയകാര്യങ്ങളുമുണ്ട്. അക്കാര്യങ്ങളിൽപ്പെടാതെ സൂക്ഷിക്കുന്നവൻ മതവും മാനവും സംരക്ഷിച്ചവനാണ്. അവയിൽപ്പെട്ടവൻ നിഷിദ്ധം ചെയ്തവനുമാണ് (ഹദീസ് ബുഖാരി, മുസ്ലിം). അന്നപാനീയങ്ങളിൽ അനുവദനീയമായത് മാത്രമേ നമ്മുടെ ഉള്ളിൽ കടക്കാവൂ. അക്കാര്യത്തിൽ നബി (സ്വ) നമ്മുക്ക് ഉദാത്ത മാതൃകയുണ്ട്. നബി (സ്വ) പറയുന്നു: അല്ലാഹുവാണേ സത്യം, ഞാൻ കുടുംബത്തിന്റെയടുക്കൽ ചെന്നാൽ വിരിപ്പിൽ കാരക്ക കിട്ടാറുണ്ട്. തിന്നാനായി അതെടുത്താൽ എനിക്ക് പേടിയാവും; അത് സ്വദഖയായിരിക്കുമോയെന്ന് കരുതി അതവിടെ തന്നെ വെക്കും (ഹദീസ് മുസ്ലിം 1070). അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) ഒരു വഴിയിലൂടെ നടന്നുപോവുമ്പോൾ ഒരു കാരക്ക കിട്ടുകയുണ്ടായി. എന്നിട്ടു പറഞ്ഞു: ഇത് സ്വദഖ അല്ലാതിരുന്നെങ്കിൽ ഞാൻ ഭക്ഷിക്കുമായിരുന്നു (ഹദീസ് മുസ്ലിം 1071). കാരണം സ്വദഖ പ്രവാചക കുടുംബത്തിന് അനുവദനീയമല്ലല്ലൊ.

സ്വഹാബികളും ഭക്ഷണങ്ങളിൽ ജാഗ്രത പുലർത്തുന്നവരായിരുന്നു. ഹറാം ഭയന്ന് ഹലാൽ തന്നെ ഉപേക്ഷിക്കുന്നവരായിരുന്നു അവർ. അതുകൊണ്ടു തന്നെ അവരുടെ ജീവിതത്തിലും മരണശേഷവും അതിന്റെ ശ്രേഷ്ഠ പ്രതിഫലനങ്ങൾ നമ്മുക്ക് ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാനാവും. ഹറാമിൽ നിന്ന് ഹലാലു കൊണ്ടൊരു മറ ആഗ്രഹിക്കുന്നവരായിരുന്നു പ്രമുഖ സ്വഹാബിവര്യൻ ഇബ്‌നു ഉമർ (റ). ഹലാലായത് ഭുജിക്കുന്നത് കാരണം പ്രാർത്ഥനകൾ ഫലവത്താവുകയും സൽകർമ്മങ്ങൾ സ്വീകാര്യമാവുകയും ചെയ്യുന്നതാണ്. ശരിയായ രീതിയിൽ സമ്പാദിച്ച ഒരു ചെറു കാരക്കയോളമുള്ളത് പോലും ദാനധർമ്മം ചെയ്താൽ അല്ലാഹു സ്വീകരിക്കും. നല്ലത് മാത്രമേ അവൻ സ്വീകരിക്കുകയുള്ളൂ. അതിനെ അവൻ ആ ദാനദാതാവിന് വേണ്ടി ഒരു ചെറു വളർത്തുമൃഗത്തെ പോലെ വളർത്തി മലയോളമാക്കി അതിന്റെ പ്രതിഫലങ്ങൾ നൽകുന്നതായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം).

അന്നത്തിലും സമ്പാദനത്തിലും പവിത്രത പുലർത്തിയാൽ അതിന്റെ പ്രതിഫലനങ്ങൾ സ്വന്തം ശരീരത്തിലും സന്താനത്തിലും മുഴുവൻ സമ്പാദ്യങ്ങളിലും അനുഭവിക്കാനാവും. ഹലാൽ ഭക്ഷിക്കുന്നത് അന്ത്യനാളിൽ വിചാരണ എളുപ്പമാക്കാൻ കാരണമാക്കുന്നതാണ്. എവിടെ നിന്ന് സമ്പാദിച്ചു? എങ്ങനെ ചെലവഴിച്ചു? എന്നീ ചോദ്യങ്ങൾക്ക് വ്യക്തവും സരളവുമായി ഉത്തരം പറയാനാവും. അങ്ങനെ അനായാസം അവൻ സ്വർഗത്തിലും കടക്കും. ഒരാൾ വന്ന് നബി (സ്വ)യോട് ചോദിച്ചു: തിരു ദൂതരേ, ഞാൻ നിർബന്ധമായത് നമസ്‌ക്കരിക്കുന്നു. ഹലാലായത് പുൽകുന്നു. ഹറാമായത് വെടിയുന്നു. ഞാൻ സ്വർഗത്തിൽ പ്രവേശിക്കുമോ? നബി (സ്വ) പറഞ്ഞു: അതെ, സ്വർഗത്തിൽ പ്രവേശിക്കും (ഹദീസ് മുസ്ലിം 15).

back to top