യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04.10.2019
വിഷയം: ആകാശ ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കാൻ
പ്രപഞ്ചം വിസ്മയമാണ്. അനന്തവും അജ്ഞാതവും അവർണനീയവുമായ ഈ ലോക സൃഷ്ടിപ്പ് സ്രഷ്ടാവിന്റെ സൃഷ്ടി വൈപുല്യങ്ങളും വൈദഗ്ധ്യങ്ങളുമാണ് വിളിച്ചോതുന്നത്. ആകാശം പ്രവിശാലമാണ്. ഭൂമിയും അന്തരാകാശവും ബഹിരാകാശവും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഗോളങ്ങളും താരപഥങ്ങളും മറ്റു ശാസ്ത്രത്തിനു ബോധ്യമല്ലാത്ത പലതും അല്ലാഹുവിന്റെ നിയന്ത്രണത്തിൽ ചലിച്ചുക്കൊണ്ടിരിക്കുന്നു. ഭൂമിയിൽ പ്രവേശിക്കുന്നതും ബഹിർഗമിക്കുന്നതും ആകാശത്തിറങ്ങുന്നതും അതിലേക്ക് ആരോഹണം ചെയ്യുന്നതുമെല്ലാം അവൻ അറിയുന്നുവെന്ന് അറിയിച്ചുക്കൊണ്ടാണ് സൂറത്തു സബഅ് ആരംഭിക്കുന്നത്. നമ്മൾക്കു മനസ്സിലാവാത്ത വിധം ഭൂമിയും സപ്ത വാനങ്ങളും അവയിലുള്ളതുമെല്ലാം അവനെ വാഴ്ത്തുന്നവെന്ന് സൂറത്തു ഇസ്‌റാഅ് 44ാം സൂക്തവും വ്യക്തമാക്കുന്നുണ്ട്. എല്ലാം ദൈവ ദൃഷ്ടാന്തങ്ങളാണ്. അവയിലെല്ലാം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നുണ്ട് : 'രാപ്പകലുകൾ മാറി വരുന്നതിലും ഭുവന വാനങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മാലുക്കളായ ജനങ്ങൾക്കു ദൃഷ്ടാന്തങ്ങളുണ്ട്' (സൂറത്തു യൂനുസ് 6).
പ്രവാചക പത്‌നി ആയിശ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരു രാത്രി നമസ്‌ക്കരിക്കുകയായിരുന്ന തിരുദൂതർ (സ്വ) കരഞ്ഞുകൊണ്ടേയിരുന്നു. സുബ്ഹ് നമസ്‌ക്കാരത്തിന്റെ സമയം അറിയിക്കാനായി അതുവഴി വന്ന ബിലാൽ (റ) ഇതു കണ്ട് ചോദിച്ചു: തിരു ദൂതരേ, അങ്ങ് പാപമുക്തരാണ്, അങ്ങയ്ക്ക് കഴിഞ്ഞതും വരാനിരിക്കുന്നതും പൊറുക്കപ്പെട്ടതാണല്ലൊ പിന്നെന്തിന് കരയണം?! അപ്പോൾ നബി (സ്വ) പറഞ്ഞു: എനിക്കൊരു നന്ദിയുള്ള അടിമ ആകേണ്ടയോ?? ഇന്നു രാത്രി എനിക്കൊരു ഖുർആനിക സൂക്തം അവതരിക്കുകയുണ്ടായി. ആ സൂക്തം പാരായണം ചെയ്തിട്ടും ചിന്തിക്കാത്തവന് നാശമാണ്. സൂറത്തു ആലു ഇംറാനിലെ 190ാം ആയത്താണത്. 'ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവർക്കും ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്' (സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 2 387). ആകാശ വിഷയകമായ ഈ സൂക്തങ്ങൾ അല്ലാഹു സംവിധാനിച്ച പ്രപഞ്ച വൈപുല്യങ്ങളിലേക്കും ഭുവന വൈവിധ്യങ്ങളിലേക്കും നോക്കി ചിന്തിക്കാനുള്ള ആഹ്വാനങ്ങളാണ്. സൂറത്തുൽ അഅ്‌റാഫ് 185ാം സൂക്തത്തിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്: 'ഭുവന വാനങ്ങളുടെ ഭരണസംവിധാനങ്ങളിൽ അവർ ചിന്തിച്ചാലോചിച്ചു നോക്കുന്നില്ലേ?' . യുക്തിസഹമായി ഉപയോഗപ്പെടുത്താനാണ് അല്ലാഹു മനുഷ്യന് ബുദ്ധിശക്തിയും ചിന്താശേഷിയും നൽകിയിരിക്കുന്നത്.
ആകാശ സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ തന്നെ ധിഷണയുള്ളവന് ദൈവ മാഹാത്മ്യം ബോധ്യമാവും. വിശ്വാസം ദൃഡീകരിക്കാൻ പ്രാപഞ്ചിക ചിന്തകൾ തന്നെ മതി. അല്ലാഹു ഇബ്രാഹിം നബി (അ)യെക്കുറിച്ച് പറയുന്നുണ്ട്: 'അങ്ങനെ ഭുവന വാനങ്ങളുടെ അധൃഷ്യാധിപത്യം ഇബ്രാഹിം നബിക്കു നാം കാണിച്ചുകൊടുത്തു. താൻ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിലുൾപ്പെടാൻ വേണ്ടി' (സൂറത്തുൽ അൻആം 75). അല്ലാഹു അറിയിച്ച പ്രപഞ്ച പ്രതിഭാസങ്ങളെ ജനതക്ക് പരിചയപ്പെടുത്തിക്കൊണ്ടാണല്ലൊ ഇബ്രാഹിം നബി (അ) സത്യമത പ്രബോധന വീഥിയിലിറങ്ങിയത്. അതുവഴി വിവരമുള്ളവർ ദൃഢവിശ്വാസികളായി തീരുകയും ചെയ്തു. ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുന്നവരെ അല്ലാഹു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. കാരണം അവർക്കായിരിക്കും ദൈവഭയവും ഭക്തിയും ഉണ്ടായിരിക്കുക. അവർ നാഥന്റെ പരിശുദ്ധി വാഴ്ത്തുന്നവരുമായിരിക്കും. പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുന്നവർ പറയും: 'രക്ഷിതാവേ, നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ' (സൂറത്തു ആലു ഇംറാൻ 191). മനുഷ്യന്റെ അതിജീവനത്തിനും അധിവാസത്തിനുമായി ഭൂമിയും ഇതര പ്രതിഭാസങ്ങളും തയ്യാർ ചെയ്ത അല്ലാഹു അതി മഹത്വമുടയവൻ തന്നെ!. പ്രപഞ്ചത്തിലെ സകലതും അല്ലാഹു പടച്ചത് മനുഷ്യന് വേണ്ടിയാണല്ലൊ. 'ഭുവന വാനങ്ങളിലുള്ളതൊക്കെയും നിങ്ങൾക്ക് അല്ലാഹു കീഴ്‌പ്പെടുത്തി. ആലോചിച്ചു ഗ്രഹിക്കുന്നവർക്ക് ഇതിലെല്ലാം വിവിധ ദൃഷ്ടാന്തങ്ങളുണ്ട് തീർച്ച' (സൂറത്തുൽ ജാസിയ 13).
ആകാശം ഭൂമിക്ക് മുകളിലൂടെ സംരക്ഷണമൊരുക്കുന്ന പാളിയാണ്. ജീവന് സൗകര്യമൊരുക്കും വിധമാണ് അല്ലാഹു അതിനെ ക്രമപ്പെടുത്തിയിരിക്കുന്നത്. ആ ആകാശത്തിൽ നിന്ന് തന്നെ ഉപജീവനത്തിനുള്ള ഭക്ഷണങ്ങൾ ഇറക്കുകയും ചെയ്യുന്നു: 'വാനലോകത്ത് നിങ്ങളുടെ ഉപജീവനവും വാഗ്ദത്ത വിഷയങ്ങളുമുണ്ട്' (സൂറത്തു ദ്ദാരിയാത്ത് 22). ജീവന്റെ നിലനിൽപ്പിനാവശ്യമായ ശുദ്ധ വെള്ളവും അല്ലാഹു ആകാശത്തിൽ നിന്നാണിറക്കുന്നത് : 'അല്ലാഹു ആകാശത്തിൽ നിന്ന് മഴ വർഷിക്കുകയും അതു മുഖേന ഭൂമിയെ അതു വരണ്ടുണങ്ങിക്കിടന്നപ്പോൾ ജീവസ്സുറ്റതാക്കുകയും ചെയ്യുന്നു. വസ്തുതകൾ ശ്രവിച്ചു മനസ്സിലാക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ടെന്ന കാര്യം തീർച്ച' (സൂറത്തു ന്നഹ് ല് 65). ആകാശ നീരുക്കൊണ്ടാണ് അരുവികളും പുഴകളും മറ്റു ജലാശയങ്ങളും ഒഴുകുന്നത്: 'അല്ലാഹു ആകാശത്തിൽ നിന്ന് മഴ വർഷിച്ചു. എന്നിട്ട് താഴ് വരകളിലൂടെ അവയുടെ തോതനുസരിച്ച് വെള്ളപ്പൊക്കമുണ്ടായി. ഉപരി തലത്തിൽ ഉയർന്ന നുര വഹിച്ചാണത് ഒഴുകിയത്'(സൂറത്തു റഅ്ദ് 17). ആകാശ വർഷിതമായ വെള്ളം കൊണ്ടുതന്നെയാണ് സസ്യ വൃക്ഷാധികൾ വളരുന്നതും കായ്കൾ കായ്ച്ച്, പൂക്കൾ പൂത്ത്, പഴങ്ങൾ പഴുത്ത് ഭൂമിക്ക് ഹരിത ശോഭ ഏകുന്നതും: 'ഭുവന വാനങ്ങൾ സൃഷ്ടിക്കുകയും അന്തരീക്ഷത്തിൽ നിന്നു മഴ വർഷിക്കുകയും തദ്വാരാ ഉപജീവനത്തിനായി നിങ്ങൾക്ക് ഫലവർഗങ്ങൾ ഉൽപ്പാദിക്കുകയും ചെയ്തത് അല്ലാഹുവാണ്' (സൂറത്തു ഇബ്രാഹിം 32). ജീവന്റെ തുടിപ്പ് തന്നെ നിലകൊള്ളുന്നത് ആകാശ ഭൂമികളുടെ വിഭവങ്ങൾ കൊണ്ടാണെന്നതാണ് വാസ്തവം.
അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചിരിക്കുന്നത് മുൻ മാതൃകകളില്ലാത്തവിധം നിസ്തുലമായിട്ടാണ്. അല്ലാഹുവിനെ വിശേഷിപ്പിക്കുന്ന 'ബദീഉ സമാവാത്തി വഅർദി' എന്ന പ്രയോഗം അർത്ഥമാക്കുന്നതും അതാണ്. ഉപോൽബലകങ്ങളായി തൂണുകളോ ആണികളോ ഇല്ലാതെ സുശക്തവും സുഭദ്രവുമായാണ് ആകാശ നിർമിതി. 'വൻശേഷി കൊണ്ടാണ് നാം ആകാശം സൃഷ്ടിച്ചത്. നാമത് വികസിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും' (സൂറത്തു ദ്ദാരിയാത്ത് 47). 'നിങ്ങൾക്ക് ഗോചരീഭവിക്കുന്ന തൂണുകളൊന്നുമില്ലാതെയാണ് അവൻ ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്' (സൂറത്തു ലുഖ്മാൻ 10). ബലിഷ്ഠ സുന്ദരമായ ആകാശത്തെ സത്യം ചെയ്യുന്നതാണ് സൂറത്തു ദ്ദാരിയാത്തിലെ 71ാം സൂക്തം. പ്രവിശാലവും അനന്തവും അത്യധികം ശക്തിമത്തുമായ ആകാശത്തിന്റെ സൃഷ്ടി വൈഭവത്തിൽ ചിന്തിക്കേണ്ട സൃഷ്ടികളാണ് മനുഷ്യർ. 'സൃഷ്ടിക്കപ്പെടാൻ ഏറെ കാഠിന്യമുള്ളത് നിങ്ങളോ ആകാശമോ? അതിനെ വിതാനം ഉയർത്തുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്ത് അവൻ പടച്ചുണ്ടാക്കി' (സൂറത്തുന്നാസിആത്ത് 27, 28). പാളിപാളികളായി പണിത ആകാശങ്ങളിൽ യാതൊരു വിടവോ ഒടിവോ മറ്റു ന്യുനതകളോ കണ്ടെത്താനാവില്ല. 'സപ്ത വാനങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനുമാണവൻ. കരുണാമയനായ അവന്റെ സൃഷ്ടിപ്പിൽ ഒരുവിധ ഏറ്റക്കുറിച്ചിലും നിനക്ക് കാണാനാകില്ല. ഒരാവൃത്തി കൂടിനോക്കൂ. വല്ല വിടവും കാണുന്നുണ്ടോ പിന്നെയും രണ്ടുവട്ടം ദൃഷ്ടി തിരിക്കു. കണ്ണുകൾ തോറ്റ് അവശമായി നിന്നിലേക്കു തന്നെ മടങ്ങിയെത്തുന്നതാണ്' (സൂറത്തുൽ മുൽക് 3, 4). ആകാശത്തിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളും അല്ലാഹു പടച്ചിട്ടുണ്ട് 'ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങൾ സൃഷ്ടിക്കുകയും നിരീക്ഷിക്കുന്നവർക്കവ കൗതുകകരമാക്കുകയും ചെയ്തിരിക്കുന്നു' (സൂറത്തുൽ ഹിജ്‌റ് 16). വാനത്ത് ശോഭ ചൊരിയുന്ന അലങ്കാര ഗോളങ്ങളായ നക്ഷത്രങ്ങൾ കടലിലെയും കരയിലെയും വഴിയടയാളങ്ങൾ കൂടിയാണ്. അല്ലാഹു പറയുന്നു: നക്ഷത്രങ്ങൾ വഴിയും അവർ വഴി കണ്ടെത്തുന്നുണ്ട് (സൂറത്തുന്നഹ് ല് 16).
നക്ഷത്രങ്ങൾ എണ്ണമറ്റതാണ്, അതിന്റെ കണക്കുകൾ അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ആകാശ ലോകത്ത് അനേകായിരം നക്ഷത്രങ്ങളും ഗ്രഹങ്ങളും ചുറ്റിക്കൊണ്ടിക്കുന്ന താരപഥങ്ങളു (ഗാലക്‌സി)ണ്ടെന്നും നമ്മുടെ താരപഥമായ ക്ഷീരപഥത്തിൽ മാത്രം നൂറു മില്യൻ കണക്കിന് സൂര്യനെ പോലെത്ത നക്ഷത്രങ്ങളുണ്ടെന്ന് ഗോളശാസ്ത്രം നിരീക്ഷിക്കുന്നതായി നാസ വെബ് സൈറ്റ് വെളിപ്പെടുത്തുന്നുണ്ട്. ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ചിട്ടയിൽ അടുക്കി നിയന്ത്രിക്കുന്ന അല്ലാഹുവെത്ര മഹാൻ. 'അവന്റെ സമ്മതമില്ലാതെ ഭൂമിക്കു മേൽ നിപതിക്കുന്നതിൽ നിന്ന് ആകാശത്തെ അവൻ തടഞ്ഞു നിർത്തിയിട്ടുണ്ട്'(സൂറത്തുൽ ഹജ്ജ് 65).
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദു ബ്‌നു സുൽത്താൻ ആലു നഹ് യാന്റെ സ്വപ്‌നമായിരുന്നു തന്റെ ജനത ബഹിരാകാശ ഗവേഷണ പര്യവേഷക രംഗത്ത് കടക്കുകയെന്നുള്ളത്. അത് സഫലമായിരിക്കുന്നു. അറബ് ഐക്യ നാടുകളിൽ നിന്നൊരു ബഹിരാകാശ യാത്രികൻ ദൗത്യം പൂർത്തീകരിച്ചിരിക്കുന്നു. പരിശുദ്ധ ഖുർആനും ഈ ദേശത്തിന്റെ പതാകയുമേന്തി കൊണ്ടാണ് വീരധീര യുവാവ് ചരിത്രപരമായ യാത്ര പുറപ്പെട്ടത്. അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. ഇനി നമ്മുക്ക് അഭിമാനിക്കാം.