യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 11/10/2019
വിഷയം: കുടുംബം ഒരു ദൈവോശാരം
സകലർക്കും കണക്കറ്റ് ദാനം നൽകുന്ന അത്യുദാരനാണ് അല്ലാഹു. അവന്റെ ദാനങ്ങളിൽ വെച്ച് അനുഗ്രഹപൂർണവും ഏറെ ആർദ്രവുമാണ് കുടുംബം. വിശുദ്ധ ഖുർആനിൽ ഭാര്യസന്താനങ്ങളെ പരാമർശിക്കുന്നിടത്ത് 'ദാനം ചെയ്തു/കനിഞ്ഞേകി' എന്നർത്ഥമാക്കുന്ന 'വഹബ' എന്ന ക്രിയാരൂപത്തിന്റെ വകഭേദങ്ങൾ പ്രയോഗിച്ചതായി കാണാം. കാരണം കുടുംബം ഒരു ദാനമാണ്. സ്രഷ്ടാവ് സൃഷ്ടികൾക്കൊരുക്കിയ മഹാദാനം. ശ്രേഷ്ഠ അടിമകളായ ഇബാദു റഹ്്മാൻ കൺകുളിർമകളായ സഹധർമിണികളെയും സന്താനങ്ങളെയും ദാനം നൽകണമെന്ന് പ്രാർത്ഥിക്കുന്നവരാണെന്ന് സൂറത്തുൽ ഫുർഖാൻ 74ാം സൂക്തം വിവരിക്കുന്നുണ്ട്. അതായത് സ്രഷ്ടാവിനോടും സൃഷ്ടികളോടും ധർമ്മനിഷ്ഠ പാലിക്കുന്നതിൽ ഏവർക്കും മാതൃകയാക്കാനുതകുന്ന സ്വസ്ഥ ശാന്ത സന്തുഷ്ട കുടുംബം ദാനമായി നൽകി അനുഗ്രഹിക്കാൻ അല്ലാഹുവിനോട് അർത്ഥിക്കുന്നവരാണവർ. അല്ലാഹു അയ്യൂബ് നബി (അ) യെക്കുറിച്ച് പറയുന്നുണ്ട്: 'അദ്ദേഹത്തിന് കുടുംബത്തെ അവരൊന്നിച്ച് അത്രതന്നെ വേറെയും നാം പ്രദാനം ചെയ്തു, നമ്മിൽ നിന്നുള്ള അനുഗ്രഹവും ബുദ്ധിമാന്മാർക്ക് ഒരു ഉൽബോധനവുമായി' (സൂറത്തു സ്വാദ് 43). ജീവിതഘട്ടങ്ങളിൽ കുടുംബസാന്നിധ്യം കൊണ്ട് ആത്മസംതൃപ്തി നേടി അനുഗ്രഹീതനായിരുന്നു അയ്യൂബ് നബി (അ).
ഭാര്യ കുടുംബത്തിന്റെ നെടുംതൂണാണ്. പവിത്രമായ ബന്ധത്തിലൂടെ ഭർതൃമതിയാവുന്ന സ്ത്രീ മഹത്തായ ദൈവിക ദാനമാണ്. 'നിങ്ങൾക്ക് സ്വന്തത്തിൽ നിന്നുതന്നെ ഇണകളെയുണ്ടാക്കി'യെന്നാണ് അല്ലാഹു നമ്മെ ഉണർത്തിയിരിക്കുന്നത് (സൂറത്തുന്നഹ് ല് 72). ഭാര്യ ദൈവാനുഗ്രഹമാണെന്നാണ് തഫ്‌സീറു റാസി വ്യാഖ്യാനിക്കുന്നത് (91/25). കുടുംബമെന്ന സ്ഥാപനം സ്ഥാപിതമാവുന്നതും നിലനിൽക്കുന്നതും ഭാര്യയിലൂടെയാണ്. ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ ഭർത്താവിനെ സഹായിക്കേണ്ടതും ശക്തി പകരേണ്ടതും അവളാണ്. സന്താന പരിപാലനമടക്കമുള്ള വീട്ടു കുടുംബ ചുമതലകൾ അഭംഗുരം നിർവ്വഹിക്കുന്ന അവൾ തന്നെയാണ് ബന്ധങ്ങളുടെ രസതന്ത്രമറിയുന്ന കുടുംബാസൂത്രക. ഭാര്യയെന്ന മഹിത സ്‌ത്രൈണതയുടെ മൂല്യമറിഞ്ഞവർക്കേ ആ കുടുംബിനിയെ ദൈവദായകമായ ഖനിയായി അനുഭവിക്കാനുവുകയുള്ളൂ. ഒരിക്കൽ പ്രവാചകർ മുഹമ്മദ് നബി (സ്വ) മുആദു ബ്‌നു ജബലി (റ)നോട് പറയുകയുണ്ടായി: മുആദേ... നന്ദിയുള്ള ഹൃദയം, ദൈവസ്മരണ നടത്തുന്ന നാവ്, മത ഭൗതിക കാര്യങ്ങളിൽ ഭർത്താവിനെ സഹായിക്കുന്ന ഭാര്യ ഇവയൊക്കെയാണ് മനുഷ്യർ നേടുന്നതിൽ വെച്ചേറ്റവും ശ്രേഷ്ഠമായത് (ശുഅബുൽ ഈമാൻ 6/247). ഭാര്യ അല്ലാഹു ഏകിയ ഓശാരമാണല്ലൊ. അവളുടെ വീട്ടു കുടുംബ പ്രതിബദ്ധതക്ക് ഭർത്താക്കന്മാർ നന്ദിയുള്ളവരാകേണ്ടിയിരിക്കുന്നു. അവളുടെ സേവനങ്ങളെ വിലമതിക്കുകയും ബഹുമാനിക്കുകയും നൈർമല്യത്തോടെ ഇടപഴകുകയും ചെയ്യണം. അല്ലാഹു പറയുന്നു: ഉദാത്ത രീതിയിൽ നിങ്ങൾ അവരോട് വർത്തിക്കണം (സൂറത്തു ന്നിസാഅ് 19). അല്ലാഹു ഒരു കുടുംബത്തിൽ നന്മയുണ്ടാവാൻ ഉദ്ദേശിച്ചാൽ അവർക്ക് മയസ്വഭാവം നൽകുമെന്ന് നബി (സ്വ)യും പറഞ്ഞിരിക്കുന്നു (ഹദീസ് അഹ്്മദ് 24427). മാർദ്ദവ സമ്പർക്കങ്ങളും സ്വരചേർച്ചയും ആർദ്രതയുമൊക്കെയാണ് ദാമ്പത്യജീവിതത്തെ വിജയകരമാക്കുന്നത്. നിങ്ങളിൽ ഏറ്റവും നല്ലവർ കുടുംബത്തോട് നന്നായി വർത്തിക്കുന്നവരാണ്, ഞാൻ എന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നു (ഹദീസ് തുർമുദി 3895, ഇബ്‌നു മാജ 1977).
മക്കൾ സൗഭാഗ്യദാനങ്ങളാണ്. 'ഭുവനവാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിന്നാണ്. താനുദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെയും മറ്റു ചിലർക്ക് ആൺമക്കളെയും കനിഞ്ഞേകുന്നു. അല്ലെങ്കിൽ ആണും പെണും കലർത്തിക്കൊടുക്കും. ഉദ്ദേശിക്കുന്നവരെ വന്ധ്യരാക്കും' (സൂറത്തു ശ്ശൂറാ 49, 50). നിങ്ങളുടെ മക്കൾ നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ദാനങ്ങളാണ് (ഹദീസുൽ ഹാകിം 3123, സുനനുൽ കുബ്‌റാ 16162). ഹസ്‌റത്ത് ഇബ്രാഹിം നബി (അ) അല്ലാഹുവിനോട് സൽസന്തതി ഏകണമെന്നാണ് പ്രാർത്ഥിച്ചിരുന്നത്: 'എന്റെ നാഥാ, സദ് വൃത്തനായ ഒരു പുത്രനെ എനിക്കു പ്രദാനം ചെയ്യണമേ' (സൂറത്തു സ്വാഫാത്ത് 100). ആ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയുണ്ടായി: 'അദ്ദേഹത്തിനു ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നാം കനിഞ്ഞേകുകയും തന്റെ സന്തതീ പരമ്പരയിൽ പ്രവാചകത്വവും ദിവ്യഗ്രന്ഥവും നൽകുകയുമുണ്ടായി' (സൂറത്തുൽ അൻകബൂത്ത് 27).
സകരിയ നബി (അ) പതുക്കെ പ്രാർത്ഥിച്ചത് ഇങ്ങനെ: 'രക്ഷിതാവേ, എന്റെ അസ്ഥികൾ ദുർബലമാവുകയും തല നരച്ചുവെളുത്തു തിളങ്ങുകയും ചെയ്തിരിക്കുന്നു. നിന്നോടു പ്രാർത്ഥന നടത്തിയിട്ട് ഇന്നോളം ഞാൻ ഭാഗ്യശൂന്യനായിട്ടില്ല. നാഥാ വഴിയെ വരാനുള്ള ബന്ധുക്കളെക്കുറിച്ചു എനിക്കു പേടിയുണ്ട്. എന്റെ സഹധർമിണിയാണെങ്കിൽ വന്ധ്യയാണ്. അതിനാൽ നിന്റെയടുത്തു നിന്ന് എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയാകുന്ന ഒരു ബന്ധുവിനെ കനിഞ്ഞേകണേ, രക്ഷിതാവേ അവനെ സർവർക്കും സംതൃപ്തനാക്കുകയും ചെയ്യേണമേ (സൂറത്തു മർയം 3, 4, 5, 6). സൽവൃത്ത സന്താനം ദൈവഭക്തിയുള്ളവരായിരിക്കും. കുടുബത്തിന്റെ സഹായഹസ്തമായിരിക്കും. നാടിന്റെ അഭിമാനവും. ഒരാൾക്ക് കുഞ്ഞു പിറന്നാൾ പണ്ഡിതന്മാർ അയാൾക്ക് ആശംസകളറിയിക്കുകയും സൗഭാഗ്യമേകിയ നാഥന് നന്ദി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. “ബാറകല്ലാഹു ലക ഫിൽ മൗഹൂബി, വശകറ്തൽ വാഹിബ, വബലഗ അശുദ്ദഹു, വറുസിക്ത ബിറ്‌റഹു എന്നതാണ് കുഞ്ഞ് ജനിച്ചാലുള്ള ആശംസാ വാചകം (ഇമാം നവവിയുടെ അൽ അദ്കാർ 853). ഇബ്രാഹിം നബി (അ)ക്ക് കുഞ്ഞുണ്ടായപ്പോൾ ദാതാവായ അല്ലാഹുവിന് നന്ദി പറഞ്ഞു കൊണ്ട് സ്തുതി സ്‌തോത്രങ്ങൾ ചെയ്തിട്ടുണ്ട്: 'ഈ വയസ്സുകാലത്ത് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും എനിക്കു കനിഞ്ഞേകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. നിശ്ചയം എന്റെ നാഥൻ പ്രാർത്ഥന കേൾക്കുന്നവൻ തന്നെയത്രെ' (സൂറത്തു ഇബ്രാഹിം 39). ശരിയായ രീതിയിൽ സന്താന പലിപാലനം നടത്തലും നിഷ്ഠയിൽ വളർത്തലുമെല്ലാം സന്താനദാനത്തിന് അല്ലാഹുവിനോട് ചെയ്യുന്ന നന്ദി പ്രകാശനങ്ങളാണ്. 'പുരുഷനാണ് വീട്ടിലെ ഭരണാധികാരി, വീട്ടുകാരുടെ കാര്യത്തിൽ അവനായിരിക്കും ഉത്തരവാദി' (ഹദീസ് ബുഖാരി, മുസ്ലിം). ഉമ്മയും ഉപ്പയും മക്കൾക്ക് എന്നും നല്ലത് മാത്രം ഭവിക്കാൻ പ്രാർത്ഥിക്കണം. നമസ്‌കാരവും മറ്റു ആരാധനാനുഷ്ഠാനങ്ങളും മുറപോലെ നിർവ്വഹിക്കാൻ പ്രാപ്തരാക്കുകയും വേണം. 'നാഥാ എന്നെയും എന്റെ മക്കളിൽപ്പെട്ടവരെയും കൃത്യമായി നമസ്‌കാരം നിലനിർത്തുന്നവരാക്കണമേ' എന്നാണ് ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചിരുന്നത് (സൂറത്തു ഇബ്രാഹിം 40). തീർച്ചയായും മക്കൾ കുടുംബത്തിന്റെ ഭാഗ്യപ്രഭകളാണ്. ജീവിതത്തിന്റെ അലങ്കാരങ്ങളുമാണ് അവർ.
സുന്ദരദാനങ്ങളായ കുടുംബാംഗങ്ങളാണ് സഹോദരങ്ങൾ. സുഖദുഖങ്ങളിൽ പങ്കു ചേരുന്ന അവർ ആപൽഘട്ടങ്ങളിൽ സമാശ്വാസം പകരുകയും നേട്ടങ്ങൾ സാക്ഷാൽക്കരിക്കാൻ ആത്മവിശ്വാസം തന്ന് സഹായിക്കുകയും ചെയ്യുന്നവരായിരിക്കും. മൂസാ നബി (അ)ക്ക് പ്രബോധന ദൗത്യങ്ങളിൽ സഹായിക്കാനും ശക്തി പകരാനും അല്ലാഹു കനിഞ്ഞേകിയ സഹോദരനാണ് ഹൂദ് നബി (അ). 'നമ്മുടെ കാരുണ്യത്താൽ സഹോദരൻ ഹാറൂനെ പ്രവാചകനായി നൽകുകയുമുണ്ടായി' (സൂറത്തു മർയം 53). സഹോദര സഹോദരിമാർ എന്നും പരസ്പരം കുശലാന്വേഷണങ്ങളിലും സ്‌നേഹ സമ്പർക്കങ്ങളിലുമായിരിക്കണം. അന്യോനം ആശ്വാസവാക്കുകൾ പങ്കുവെക്കുകയും ആവശ്യഘട്ടങ്ങളിൽ സഹായിക്കുകയും വേണം.
ഇഹലോകത്തു വെച്ച് അല്ലാഹു ഏകിയ ഈ ദാനങ്ങളുടെ യഥാർത്ഥ ഫലങ്ങൾ പാരത്രിക ലോകത്തു വെച്ചാണ് അനുഭവിക്കാനാവുക. പ്രമുഖ താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) പറയുന്നു: 'അല്ലാഹു കനിഞ്ഞേകിയ ഓരോ അനുഗ്രഹത്തെക്കുറിച്ചും ഏവരും ചോദ്യം ചെയ്യപ്പെടുന്നതായിരിക്കും'. കുടുംബത്തിന്റെ ഭദ്രതയും സുസ്ഥിരതയും നിലനിർത്താൻ ഓരോ കുടുംബാംഗങ്ങളും അവരവരുടെ ഭോഗധേയങ്ങൾ ഭംഗിയായി പാലിക്കേണ്ടിയിരിക്കുന്നു. കുടുംബനാഥനും കുടുംബിനിയുമായ ഭാര്യഭർത്താക്കന്മാർ കുടുംബത്തിന്റെ ആർദ്രത അണയാതെ നിലനിർത്താൻ ബാധ്യസ്ഥരാണ്. മക്കൾ മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നവരായിരിക്കണം. പഠനത്തിലും പഠനേതര ചുമതലകളിലും ശ്രദ്ധ ചെലുത്തണം. സഹോദരങ്ങൾ പരസ്പരം സ്‌നേഹത്തിലും ബഹുമാനത്തിലും സഹകരണത്തിലും കഴിയണം. എന്നാൽ മാത്രമേ കുടുംബത്തിന്റെ കെട്ടുറപ്പ് സാധ്യമാകുകയുള്ളൂ.