ഉമ്മു സലമാ (റ): പണ്ഡിതയായൊരു പ്രവാചക ഭർതൃമതി

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 18.10.2019
വിഷയം: ഉമ്മു സലമാ (റ)

അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ഭാര്യമാർ ദൈവാനുസരണയും ഭയഭക്തിയുമുള്ള നിഷ്‌കളങ്ക വിശ്വാസിനികളായിരുന്നു. അവർ സാധാരണ സ്ത്രീകളെപ്പോലെയല്ല. സവിശേഷരാണ്. 'നിങ്ങൾ മറ്റു വനിതകളെ പോലെയല്ല' എന്നാണ് നബി പത്‌നിമാരോട് അല്ലാഹു തന്നെ പറഞ്ഞത് (സൂറത്തുൽ അഹ്‌സാബ് 32). പ്രവാചകരുടെ (സ്വ) വീട്ടു കുടുംബക ജീവിത മാതൃകകൾ വൃത്താന്തമായി രേഖപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചവരാണവർ. 

പ്രവാചക ഭാര്യമാരിലെ പണ്ഡിതയായിരുന്നു ഉമ്മു സലമാ (റ). ഹിന്ദ് ബിൻത് ഹുദൈഫ എന്നാണ് മഹതിയുടെ യഥാർത്ഥ നാമം. ഇസ്ലാം മതത്തിലേക്ക് ആദ്യം കടന്നുവന്ന മഹിളകളിൽപ്പെട്ടവരാണവർ. മാത്രമല്ല, നബി (സ്വ) യോടൊപ്പം ഹിജ്‌റ ചെയ്ത സ്ത്രീ സംഘത്തോടൊപ്പവുമുണ്ടായിരുന്നു. അബ്‌സീനിയിലേക്കുള്ള ആദ്യ ഹിജ്‌റാ പലായനത്തിലുമുണ്ടായിരുന്നു. 'മുഹാജിറുകളിലും അൻസ്വാറുകളിലും നിന്ന് ഏറ്റമാദ്യം മുന്നോട്ടുവന്നവരിൽ അല്ലാഹു സംതൃപ്തനായിരിക്കുന്നു'വെന്ന് സൂറത്തു ത്തൗബ 100ാം സൂക്തം വിവരിക്കുന്നുണ്ടല്ലൊ. ആ ദൈവിക സംതൃപ്തി നേടി അനുഗ്രഹീതരായ മഹിളാ രത്‌നമാണ് ഉമ്മു സലമാ (റ). ആദ്യ ഭർത്താവ് അബൂ സലമാ (റ)യുടെ മരണത്തെത്തുടർന്നാണ് നബി (സ്വ) വേളി കഴിക്കുന്നത്.

നബി (സ്വ) വിവാഹം ചെയ്തത് മുതൽ മഹതിയെ ആശ്വസിപ്പിച്ചും സന്തോഷിപ്പിച്ചും സഹവാസം ധന്യമാക്കിയിരുന്നു. 'നീ നന്മയുള്ളവളാണ്' എന്നാണ് നബി (സ്വ) പ്രിയ പത്‌നിയെ പ്രശംസിച്ചു പറഞ്ഞത് (ഹദീസ് തുർമുദി 3781, അഹ്മദ് 26746). നബി (സ്വ)യെ പരിചരിക്കുന്നതേടൊപ്പം മുൻ ഭർത്താവിലുണ്ടായ ആൺ പെൺ മക്കളെ പരിപാലിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്ന ഉമ്മു സലമാ (റ) ഭർതൃ പരിചരണത്തിന്റെയും സന്താന പരിപാലനത്തിന്റെയും ഉത്തമ മഹിളാ മാതൃകയാണ്. ഉദാമതിയായ ആ മാതാവ് സ്വന്തത്തേക്കാൾ മക്കളെ പരിഗണിച്ചിരുന്നു. അവർക്ക് വേണ്ടി നന്നായി സമ്പത്ത് ചെലവാക്കുമായിരുന്നു. ഒരിക്കൽ ഉമ്മു സലമാ (റ) നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: തിരു ദൂതരേ, അബൂ സലമയുടെ മക്കൾക്ക് വേണ്ടി ഞാൻ ധനം വിനിയോഗിച്ചാൽ എനിക്ക് വല്ല പ്രതിഫവലും ലഭിക്കുമോ? അവർ എന്റെയും മക്കളാണല്ലൊ. നബി (സ്വ) പറഞ്ഞു: നീ അവർക്ക് ചെലവാക്കണം, അവർക്ക് വേണ്ടി ചെലവാക്കിയാൽ നിനിക്ക് പ്രതിഫലം ലഭിക്കുന്നതാണ് (ഹദീസ് ബുഖാരി, മുസ്ലിം). അബൂ സലമ (റ)ക്കുണ്ടായ ആ മക്കളുടെ കാര്യത്തിൽ നബി (സ്വ) ഉമ്മു സലമ (റ)യോട് പറഞ്ഞത് 'നിന്റെ മക്കൾ എന്റേതുമാണ്' എന്നാണ് (ഹദീസ് അഹ്മദ് 16344). ആ മക്കളോട് നബി (സ്വ) ഏറെ വാത്സല്യവും ലാളനയും കാണിക്കുമായിരുന്നു. 

തന്റെ ആൺ പെൺ മക്കളുടെ പഠന സംസ്‌കാര രൂപീകരണ കാര്യങ്ങളിൽ ഉമ്മു സലമാ (റ) നിതാന്ത താൽപര്യം കാണിച്ചിരുന്നു. അങ്ങനെയാണ് സമർത്ഥയായ മകൾ സൈനബ് അക്കാലത്തെ പ്രഗത്ഭ കർമ്മ ശാസ്ത്ര പണ്ഡിതയാവുന്നത്. മക്കളെ വളർത്തുന്നതിലും മര്യാദ പഠിപ്പിക്കുന്നതിലും വിദ്യാ സമ്പന്നരാക്കുന്നതിലും  ഒരു മാതാവ് കാണിച്ച വിശ്വമാതൃകയാണത്. പിതാക്കൾക്കൊപ്പം മാതാക്കളും പലതും ചെയ്യാനുണ്ട്. സ്ത്രീ വീട്ടിലെ ഭരണാധികാരിയാണ്, വീട്ടു കാര്യങ്ങളിൽ അവൾ ഉത്തരവാദിയായിരിക്കുമെന്നാണല്ലൊ പ്രവാചകാധ്യാപനം. ഖുർആൻ പാരായണം അധികമായി നടത്തിയിരുന്ന മഹതി ഖുർആനികാശയങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചിന്തിക്കുമായിരുന്നു. ഒരിക്കൽ നബി (സ്വ)യോട് ചോദിച്ചു: നബിയേ, ഖുർആനിൽ പുരുഷന്മാർ പറയപ്പെടുന്നത് പോലെ ഞങ്ങൾ സ്ത്രീകൾ പറയപ്പെടുന്നില്ലല്ലൊ, എന്തു കൊണ്ടാണത്?. ആ ചോദ്യം കാരണമാണ് സൂറത്തുൽ അഹ്‌സാബിലെ 35ാം സൂക്തം അവതരിക്കുന്നത്. ആണുകൾക്കൊപ്പം പെണ്ണുകളും പ്രത്യേകം ആവർത്തിച്ചാവർത്തിച്ച് പറയപ്പെടുന്ന സൂക്തമാണത്. ആയത്ത് ഇങ്ങനെ: “നിശ്ചയം അല്ലാഹുവിന് കീഴ്‌പ്പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും, ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും, വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും, ധർമ്മിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, വ്രതാനുഷ്ഠാനികളായ ആണുങ്ങളും പെണ്ണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഇവർക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു”.

ജ്ഞാനകുതുകിയായിരുന്ന ഉമ്മു സലമാ (റ) ഉപകാരപ്രദമായ വിജ്ഞാനീയങ്ങൾ നുകരാൻ വെമ്പൽ കൊള്ളുമായിരുന്നു. ഫലപ്രദമായ അറിവിനായി എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം പ്രാർത്ഥിക്കുമായിരുന്ന നബി (സ്വ)യുടെ പാതയിൽ പത്‌നിയും ആ സാക്ഷാൽക്കാരം അർഹിച്ചിരുന്നു. അങ്ങനെ മഹതി വിശ്വമറിയുന്ന ഇസ്ലാമിക കർമ്മശാസ്ത്ര പണ്ഡിതയായി. ആ ജീവിതം മുഴുക്കെ ജ്ഞാനർജ്ജനത്തിനും പ്രസരണത്തിനുമായി ഒഴിഞ്ഞുവെച്ചു. നബിയുടെ (സ്വ) വീട്ടു ചര്യകൾ വിശ്വാസികൾക്ക് വ്യക്തമായി പകർത്തി കൊടുത്തിരുന്ന നിപുണയായ പണ്ഡിത പത്‌നിയായിരുന്നു ഉമ്മു സലമാ (റ). 'സ്വഗൃഹങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന ദൈവിക സൂക്തങ്ങളും തത്ത്വജ്ഞാനവും നിങ്ങൾ അനുസ്മരിക്കണ'മെന്നാണ് നബി ഭാര്യമാരോടുള്ള അല്ലാഹുവിന്റെ കൽപന (സൂറത്തുൽ അഹ്‌സാബ് 34). നബി (സ്വ)യിൽ നിന്ന് ഒട്ടനവധി ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഉമ്മു സലമാ (റ) പ്രവാചക ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളൊക്കെ ഒപ്പിയെടുത്ത് ധർമ്മ പാഠങ്ങൾ നൽകിയിട്ടുണ്ട്. സ്വഹാബികൾ മഹതിയുടെ അടുക്കൽ ചെന്ന് ഇസ്ലാമിക കർമ്മ വിശ്വാസ കാര്യങ്ങളിലുള്ള സംശയങ്ങൾ ദൂരീകരിക്കുമായിരുന്നു. അവർക്ക് ആവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുകയും ഫത്‌വ നൽകുകയും ചെയ്തിരുന്നു. വാക് ചാരുതി, യുക്തി ഭദ്രമായ സംസാരം, കണിശമായ അഭിപ്രായ രൂപീകരണം തുടങ്ങിയവയാണ് ആ സ്‌ത്രൈണ പാണ്ഡിത്യത്തിന് മാറ്റു കൂട്ടുന്നത്. വിശ്വസ്തവും യുക്തിസഹവുമായ നിർദേശങ്ങൾ മുന്നോട്ടുവെച്ച ഉമ്മു സലമയെന്ന ആ ഉപദേശകയുടെ വിദഗ്ദാഭിപ്രായങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഹുദൈബിയ സന്ധിയിൽ പോലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രവാചകർ (സ്വ) ആ നിർദേശം സ്വീകരിച്ചു. ഉമർ (റ), ഉസ്മാൻ (റ), അലി (റ), ആയിശ (റ) തുടങ്ങിയ പ്രമുഖ സ്വഹാബികൾക്കും സ്വഹാബിയത്തുകൾക്കും ഉപദേശ നിർദേശങ്ങൾ നൽകുമായിരുന്നു. അവർ ആ അഭിപ്രായമനുസരിച്ച് നിലക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു. 

വീട്ടിലെയും കുടുംബത്തിലെയും ചുമതലകൾ മുറപോലെ ചെയ്ത് ഭർത്താവിനോടും മക്കളോടുമുള്ള ബാധ്യതകൾ കണിശമായി പാലിച്ച ആ ഗൃഹണി ആരാധനാകാര്യങ്ങളും നിർബന്ധപൂർവ്വം പാലിച്ചിരുന്നു. ദൈനികമായി അഞ്ചു നേരത്തെ നിർബന്ധ നമസ്‌കാരം നിർവ്വഹിച്ചും റമദാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചും ചാരിത്ര്യശുദ്ധി സംരക്ഷിച്ചും ഭർത്താവിനെ അനുസരിക്കുന്ന ഭാര്യയോട് സ്വർഗത്തിലെ ഇഷ്ടമുള്ള വാതിലൂടെ പ്രവേശിക്കാൻ വിളിയാളമുണ്ടാവുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്മദ് 1661). പ്രസ്തുത ഹദീസ് അനർത്ഥമാക്കുന്ന ഉദാത്ത ജീവിതമായിരുന്നു ഉമ്മു സലമ (റ)യുടേത്.

back to top