യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 25/10/2019
വിഷയം: സത്യവിശ്വാസിയുടെ കാര്യം അതിശയകരം
സത്യവിശ്വാസിക്ക് സത്യവിശ്വാസം തന്നെയാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം. ദൈവാർശീർവ്വാദങ്ങളിലുള്ള നന്ദിയും ദൈവ പരീക്ഷണങ്ങളിലുള്ള ക്ഷമയുമാണ് യഥാർത്ഥ വിശ്വാസിയുടെ പ്രത്യേകത. സന്തോഷങ്ങളിലും സന്താപങ്ങളിലും ദൈവഭയഭക്തിയായിരിക്കും അവനെ നയിക്കുക. അനുഗ്രഹമുണ്ടായാൽ കൃതജ്ഞത കാണിക്കും. മതിമറന്ന് കൃതഘ്‌നത ചെയ്യുകയില്ല. ആപത്തുണ്ടായാൽ ക്ഷമ കൈക്കൊള്ളും. നിരാശനായി സഹനം അതിർലംഘിക്കുകയുമില്ല. നബി (സ്വ) പറയുന്നു: “മുഅ്മിനിന്റെ (സത്യവിശ്വാസിയുടെ) കാര്യം അതിശയകരം തന്നെ!. അവന്റെ എല്ലാ കാര്യങ്ങളും നന്മകളാണ്. അത് സത്യവിശ്വാസിക്ക് മാത്രമുള്ള സവിശേഷതയാണ്. അവനിക്കൊരു സന്തോഷകാര്യമുണ്ടായാൽ നന്ദിയുള്ളവനായിരിക്കും. അതാണ് അപ്പോഴത്തെ നന്മ. അവനിക്കൊരു പ്രതിസന്ധിയുണ്ടായാൽ ക്ഷമിക്കും. അതാണ് അപ്പോഴത്തെ നന്മ (ഹദീസ് മുസ്ലിം 5318). പ്രസ്തുത പ്രവാചക വചനം സത്യവിശ്വാസിയുടെ മാഹാത്മ്യമാണ് വ്യക്തമാക്കുന്നത്. സമാനതകളില്ലാത്ത പ്രതിഫലങ്ങളാണ് അല്ലാഹു അവനിക്ക് സജ്ജീകരിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാം.
ഒരു നല്ലകാര്യമുണ്ടായാൽ അത് ദൈവദാനമെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഏകദൈവവിശ്വാസി. 'അനുഗ്രഹമായി നിങ്ങൾക്ക് എന്തൊക്കെയുണ്ടോ അവയത്രയും അല്ലാഹുവിങ്കൽ നിന്നുള്ളതത്രേ' (സൂറത്തുന്നഹ് ല് 53). ദൈവവിധിയിൽ വിശ്വസിക്കുന്ന അവൻ അല്ലാഹുവിന്റെ കഴിവും മഹത്വവും അംഗീകരിച്ച് മനസാ വാചാ കർമണാ തൃപ്തിയടയും. ദൈവത്തീരുമാനത്തിന് വിഘ്‌നമായി ഒന്നുമില്ലെന്ന പരമാർത്ഥം ഉൾക്കൊള്ളുകയും ചെയ്യും. സംഭവിക്കേണ്ടത് സംഭവിക്കാതിരിക്കില്ലെന്നും സംഭവിക്കാതിരിക്കേണ്ടത് സംഭവിക്കുകയില്ലെന്നുമുള്ള ദൈവഹിതത്തിൽ ശക്തിയുക്തം വിശ്വാസമർപ്പിക്കുന്ന സത്യവിശ്വാസിയുടെ ഹൃദയം പ്രശാന്തവും സ്വസ്ഥപൂർണവുമായിരിക്കും. 'അല്ലാഹുവിന്റെ അനുമതിയോടെ മാത്രമേ ഏതൊരു വിപത്തും ആർക്കും ബാധിക്കുകയുള്ളൂ. അവനിൽ ഒരാൾ വിശ്വാസമർപ്പിക്കുന്നുവെങ്കിൽ അയാളുടെ ഹൃദയത്തിനവൻ മാർഗദർശനം ചെയ്യും' (സൂറത്തുത്തഖാബുൻ 11). ആ വിശ്വാസം അവനെ ഇഹലോകത്ത് വിജയിയാക്കുകയും പരലോകത്ത് വിജയാശ്രീലാളിതനായി സ്വർഗസ്ഥനാക്കുകയും ചെയ്യും. 'സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങളനുവർത്തിക്കുകയും ചെയ്തവരാകട്ടെ തങ്ങളുടെ വിശ്വാസം കാരണം നാഥൻ അവർക്ക് സന്മാർഗം കാട്ടിക്കൊടുക്കുക തന്നെ ചെയ്യുന്നതാണ്. അനുഗ്രഹപൂർണമായ സ്വർഗപ്പൂത്തോപ്പുകളിൽ അവരുടെ താഴെകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും' (സൂറത്തു യൂനുസ് 09). സത്യവിശ്വാസികൾക്ക് മഹത്തായ പ്രതിഫലങ്ങളാണല്ലൊ അല്ലാഹു ഒരുക്കിയിരിക്കുന്നത് (സൂറത്തു ന്നിസാഅ് 146). യഥാർത്ഥ സത്യവിശ്വാസത്തിന്റെ പ്രതിഫലനങ്ങളാണ് ഈ നന്മകളൊക്കെയും. അതുകൊണ്ടാണ് നബി (സ്വ) സത്യവിശ്വാസം ഹൃദയങ്ങൾക്ക് അലങ്കാരമായി പ്രിയങ്കരമാക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചിരുന്നത് (ഹദീസ് ബുഖാരി 699, അഹ്മദ് 15891).
സുഖാവസ്ഥയിൽ നാഥനെ പ്രകീർത്തിച്ച് നന്ദി പ്രകടിപ്പിക്കൽ പ്രവാചകന്മാരുടെ വിശ്വാസപാതയാണ്. നൂഹ് നബി (അ) കൃതജ്ഞനായിരുന്ന അടിമയായിരുന്നെന്നാണ് അല്ലാഹു സൂറത്തുൽ ഇസ്‌റാഅ് 3ാം സൂക്തത്തിലൂടെ ബോധിപ്പിക്കുന്നത്. ദൈവാനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനായിരുന്നുവെന്നാണ് ഇബ്രാഹിം നബി (അ)യെ അല്ലാഹു വിശേഷിപ്പിക്കുന്നത് (സൂറത്തു ന്നഹ്‌ല് 121). അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ അവസരമേകണമെന്നാണ് സുലൈമാൻ നബി (അ) പ്രാർത്ഥിച്ചിരുന്നത് (സൂറത്തുന്നംല് 19). പാപ സുരക്ഷിതരായിട്ടും പശ്ചാത്തപിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് 'ഞാനൊരു നന്ദിയുള്ള അടിമയാകണ്ടയോ' എന്നാണല്ലൊ നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) മറുപടി നൽകിയത് (ഹദീസ് ബുഖാരി, മുസ്ലിം). നാഥനെ നന്നായി ആരാധിക്കാനും സ്മരിക്കാനും നന്ദി ചെയ്യാനും സഹായമേകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു നബി (സ്വ) (ഹദീസ് അഹ്മദ് 8202).
നമ്മുക്ക് കിട്ടിയതൊക്കെ ദൈവാനുഗ്രഹങ്ങളാണ്. എവിടെ നോക്കിയാലും അല്ലാഹുവിന്റെ ദാനങ്ങൾ മാത്രമാണ്. ഈ ദൈവൗദാര്യങ്ങൾക്ക് നാം അടിമകൾ കടപ്പെട്ടിരിക്കുന്നു. നന്ദി ചെയ്യാനാണല്ലൊ അല്ലാഹുവിന്റെ നിർദേശം. 'സത്യവിശ്വാസികളേ, നാം നിങ്ങൾക്കു തന്നതിൽ നിന്നുദാത്തമായവ ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിക്കുക അവനെയാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ' (സൂറത്തുൽ ബഖറ 172). നന്ദിപ്രകാശനം അനുഗ്രഹങ്ങളും ആശീർവ്വാദങ്ങളും അധികമാവാനും വിപുലപ്പെടാനും സഹായകരമായിരിക്കും. നന്ദി പ്രകാശിപ്പിക്കുന്നവർക്ക് പ്രതിഫലമേകുന്നതിന്റെ ചരിത്രോദാഹരണമാണ് സൂറത്തുൽ ഖമർ 35ാം സൂക്തം പ്രതിപാദിക്കുന്നത്. അനുഗ്രഹത്തിന് നന്ദി ചെയ്താൽ അതു നിലനിൽക്കുകയും അതിന്റെ പുണ്യങ്ങൾ നിലക്കാതെ മുടങ്ങാതെ തുടരുകയും ചെയ്യും. അതായത് നന്ദി നിലക്കുവോളം അനുഗ്രഹങ്ങൾക്ക് തുടർച്ച നഷ്ടപ്പെടുകയില്ല. 'കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കിൽ നിശ്ചയം നിങ്ങൾക്ക് ഞാൻ അനുഗ്രഹ വർധന നൽകുന്നതാണ്' (സൂറത്തു ഇബ്രാഹിം 07). നന്ദിയുള്ളവന് ഐഹിക ലോകത്തെ ഈ പുണ്യങ്ങൾക്കപ്പുറം പാരത്രിക ലോകത്ത് തക്ക പ്രതിഫലം നൽകുന്നതുമായിരിക്കും.
ദുഖാവസ്ഥയിലെ ക്ഷമ വിശ്വാസി ലക്ഷണമാണ്. വിശ്വാസി പല രീതികളിൽ പരീക്ഷിക്കപ്പെട്ടേക്കാം. സ്വന്തം ശരീരത്തിലോ സ്വത്തിലോ മക്കളിലോ കുടുംബത്തിലോ പല വിധേയനയും ദൈവ പരീക്ഷണ നിരീക്ഷണങ്ങളുണ്ടാവാം. അല്ലാഹു പറയുന്നുണ്ട്: 'നിങ്ങൾ സ്വശരീരങ്ങളിലും സ്വത്തുക്കളിലും പരീക്ഷിക്കപ്പെടുന്നതായിരിക്കും' (സൂറത്തു ആലുഇംറാൻ 186). ഏതു ആപത്ഘട്ടത്തെയും ക്ഷമക്കൊണ്ട് നേരിട്ട് വിജയം വരിക്കുകയെന്നതാണ് വിശ്വാസിക്ക് ഭൂഷണം. 'ക്ഷമാശീലരോടൊപ്പമാണ് അല്ലാഹു' (സൂറത്തുൽ അൻഫാൽ 46). 'ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു' (സൂറത്തു ആലു ഇംറാൻ 146). ദൈവ പരീക്ഷണങ്ങളിൽ ക്ഷമ കൈക്കൊണ്ടവന്റെ സ്ഥാനം അല്ലാഹു ഉയർത്തുകയും വണ്ണമായ പ്രതിഫലങ്ങൾ അധികരിപ്പിച്ചു നൽകുന്നതുമായിരിക്കും. 'ക്ഷമാശീലർക്ക് തങ്ങളുടെ പ്രതിഫലം കണക്കില്ലാതെ നൽകപ്പെടുന്നതാണ്' (സൂറത്തുസ്സുമർ 10).
ഇഹലോകത്തു വെച്ച് പ്രപഞ്ച നാഥനായ അല്ലാഹു ഓശാരങ്ങളായി കനിഞ്ഞേകുന്ന ഭക്ഷ്യസമൃദ്ധിയും ക്ഷേമകാര്യങ്ങളടക്കമുള്ള അനുഗ്രഹദാനങ്ങൾക്ക് സത്യവിശ്വാസി കാട്ടുന്ന നന്ദിയാണ് സന്തോഷ ഘട്ടത്തിൽ നന്മയായി ഭവിക്കുന്നത്. അവനിക്ക് വിപത്ത് സംഭവിച്ചാൽ ക്ഷമ പാലിക്കും. ക്ഷമാശീലനായി ദൈവവിധിയിൽ വിജയം വരിക്കുന്ന വിശ്വാസിയെ ആകാശലോകത്തുള്ളവർ ഇഷ്ടപ്പെടും. അങ്ങനെയാണ് സന്താപ ഘട്ടത്തിൽ നന്മയുണ്ടാവുന്നത്. ചുരുക്കത്തിൽ സത്യവിശ്വാസിക്ക് എല്ലാ അവസ്ഥകളും നന്മകളാണ് വരുത്തുന്നത്. വിപത്തുകൾ പോലും അനുഗ്രഹങ്ങളായാണ് ഭവിക്കുക. വിശ്വാസം അചഞ്ചലമാക്കുന്ന ഘടകം കൂടിയാണ് ഈ നന്ദിയും ക്ഷമയും.