നബി (സ്വ) പറഞ്ഞൊരു ധർമ്മപാഠ കഥ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 01/11/2019
വിഷയം: സൽചെയ്തികൾ ആപത്തിൽ നിന്ന് രക്ഷിക്കും

പരിശുദ്ധ ഖുർആനും പ്രവാചകർ മുഹമ്മദ് നബി (സ്വ)യും പൂർവ്വസൂരികളുടെ നിരവധി ചരിത്രകഥകൾ വിവരിച്ചിട്ടുണ്ട്. മനുഷ്യരാശിക്കെന്നും ഗുണപാഠങ്ങൾ ഗാഹ്യമാക്കുന്നതാണ് ആ സംഭവക്കഥകളൊക്കെയും. ചില സൽക്കർമ്മങ്ങൾ നിമിത്തം ജീവിതരേഖ മാറ്റിയെഴുതപ്പെട്ട പൂർവ്വികരുടെ അനുഭവങ്ങളും ചരിത്രങ്ങളിലുണ്ട്. എല്ലാം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളായും ധർമ്മാധ്യായങ്ങളുമായാണ് കഥനം ചെയ്യപ്പെടുന്നത്. ഗതകാലത്തെ മൂന്നുപേരുടെ സംഭവക്കഥ നബി (സ്വ) അനുചരന്മാർക്ക് വിവരിച്ചു കൊടുക്കുന്നത് ഇമാം ബുഖാരി (റ)യും ഇമാം മുസ്ലി (റ)മും റിപ്പോർട്ട് ചെയ്യുന്നുണ്ട്:

പണ്ടൊരു കാലത്ത് സഞ്ചാരത്തിനിറങ്ങിയ മൂന്നുപേർ രാപ്പാർക്കാനായി ഒരു ഗുഹയിൽ പ്രവേശിച്ചു. പെട്ടെന്നൊരു പാറക്കല്ല് ഉരുണ്ടുവന്ന് ഗുഹാമുഖം അടഞ്ഞു. തങ്ങൾ ചെയ്ത സൽപ്രവർത്തനങ്ങൾ അല്ലാഹുവിലേക്കവതരിപ്പിച്ച് പ്രാർത്ഥിച്ചാൽ മാത്രമേ ആരാരും സഹായത്തിനെത്താത്ത ഗുഹക്കകത്തു നിന്ന് രക്ഷപ്പെടുകയുള്ളൂവെന്ന് മനസ്സിലാക്കിയ അവർ ഓരോർത്തരും ഭക്തിസാന്ദ്രമായി പ്രാർത്ഥിച്ചു. സൽചെയ്തികൾ മുൻനിർത്തി രക്ഷിക്കണമെന്ന് അല്ലാഹുവിനോട് കേണപേക്ഷിക്കുകയായിരുന്നു അവർ. ആദ്യത്തെയാൾ തന്റെ മാതാപിതാക്കൾക്ക് അർപ്പിച്ച സേവനങ്ങളും ത്യാഗങ്ങളുമാണ് അവതരിപ്പിച്ചത്. അയാൾ കേണു: 'അല്ലാഹുവേ, എനിക്ക് വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ചെറിയ മക്കളുമുണ്ട്. ഞാനവരെ പരിപാലിക്കുന്നു. ഞാൻ വീട്ടിലേക്ക് മടങ്ങിയാൽ പാൽ കറന്ന് ആദ്യം മാതാപിതാക്കളെയാണ് കുടിപ്പിക്കാറ്. പിന്നെയാണ് മക്കൾക്ക് നൽകാറ്. ഒരു ദിവസം മൃഗങ്ങളെ മേയ്്ച്ച് വിദൂര സ്ഥലത്തെത്തിയ ഞാൻ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും ഉപ്പയും ഉമ്മയും ഉറങ്ങിയിരുന്നു. ഞാൻ സാധാരണ പോലെ പാൽ കറന്ന് പാത്രവുമായി അവരുടെയടുത്ത്് ചെന്നു. അവരെ ഉറക്കിൽ നിന്നുണർത്താത്തെ തലഭാഗത്ത്് നിന്നു. മാതാപിതാക്കൾക്ക് മുമ്പായി മക്കൾക്ക് കൊടുക്കാനും ഞാൻ കൂട്ടാക്കിയില്ല. അവരാണെങ്കിൽ വിശന്ന് ആർത്തുകരയുകയാണ്. അങ്ങനെ നേരം പുലർന്നു'. ശേഷം അയാൾ പ്രാർത്ഥിച്ചു: 'അല്ലാഹുവേ, നിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടാണ് ഞാനിത് ചെയ്തത്. അതിനാൽ ഞങ്ങളകപ്പെട്ടിരിക്കുന്ന ഈ പാറക്കല്ല് നീക്കി രക്ഷിക്കണേ'. അപ്പോൾ പാറ അവർക്ക്് പുറത്തേക്ക് പോവാനാവാത്ത വിധം കുറച്ച് നീങ്ങി. അല്ലാഹു അയാളുടെ സൽപ്രവർത്തിയിൽ തൃപ്തിപ്പെട്ടതു കൊണ്ടും ഈ പ്രാർത്ഥന സ്വീകരിച്ചതു കൊണ്ടുമാത്രമാണ് പാറ നീങ്ങിയത്. നിശ്ചയം, മാതാപിതാക്കൾക്ക് ഗുണം ചെയ്താൽ അതിന്റെ ഗുണഫലങ്ങൾ വൈകാതെ ഇഹലോകത്ത് ആസ്വദിക്കാവുന്നതാണ്. കാരണം മാതാപിതാക്കളാണ് മനുഷ്യന് ഏറ്റവും വേണ്ടപ്പെട്ടവരും ബന്ധപ്പട്ടവരും. പരിചരണത്തിലും ശുശ്രൂഷയിലും സ്വന്തം മക്കളേക്കാൾ അവർക്കാണ് മുൻഗണന നൽകേണ്ടത്. ഓരോർത്തർക്കും മാതാപിതാക്കളോട് ചെയ്താൽ തീരാത്ത കടപ്പാടുകളുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹുവിന് നന്ദി ചെയ്യാൻ കൽപ്പിക്കുന്നതോടൊപ്പം മാതാപിതാക്കൾക്കളോടും നന്ദിയുള്ളവരാകാൻ ആജ്ഞാപിക്കുന്നുണ്ട്: 'എനിക്കും മാതാപിക്കൾക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം. നിന്റെ തിരിച്ചുവരവ് എന്റെയടുത്തേക്ക് തന്നെയാണ്' (സൂറത്തു ലുഖ്മാൻ 14). മാതാപിതാക്കളോട് നല്ല രീതിയിൽ സമ്പർക്കം നിലനിർത്താനും ഏറ്റവും നല്ല പരിചരണം നൽകാനുമാണ് അല്ലാഹു സാരോപദേശം ചെയ്യുന്നത്്. പ്രത്യേകിച്ച് അവരുടെ വാർദ്ധ്യക കാലത്ത് പൂർണ ശുശ്രൂഷയും പരിപാലനവും ഉറപ്പുവരുത്തണം. നമ്മുടെ ചെറുപ്പത്തിൽ നമ്മൾക്കായി സർവതും സമർപ്പിച്ചരാണല്ലൊ അവർ. അല്ലാഹു പറയുന്നു: 'തനിക്കല്ലാതെ നിങ്ങൾ ആരാധനകളർപ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലർത്തണമെന്നും താങ്കളുടെ നാഥൻ വിധിച്ചിരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാർധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കിൽ അവരോട് ഛെ എന്നു പോലും പറയുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുത്. ആദർശപൂർണമായ വാക്കുകൾ പറയുകയും കാരുണ്യപൂർവ്വം വിനയത്തിന്റെ ചിറകുകൾ അവരിരുവർക്കും താഴ്്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം: രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തിയതു പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയണമേ (സൂറത്തുൽ ഇസ്‌റാഅ് 23, 24).

സംഭവക്കഥയിലെ രണ്ടാമത്തെയാൾ തന്റെ ദൈവഭയഭക്തിയെയും, അവസരങ്ങളുണ്ടായിട്ടും താൻ പാലിച്ച ചാരിത്ര്യശുദ്ധിയെയും മുൻനിർത്തിയാണ് അല്ലാഹുവിനോട് അപേക്ഷിച്ചത്: 'അല്ലാഹുവേ, എനിക്കൊരു പിതൃസഹോദര പുത്രിയുണ്ട്. എനിക്കവളോട് ഭയങ്കര സ്‌നേഹമായിരുന്നു. ഞാനവളിൽ ബന്ധം ആഗ്രഹിച്ചപ്പോൾ അവൾ നിരസിക്കുകയായിരുന്നു. അങ്ങനെ അവൾക്ക് സാമ്പത്തിക പ്രയാസം നേരിട്ടപ്പോൾ എന്റെയടുത്തേക്ക് വന്നു. അവളോടൊപ്പം അവിഹിതം കൂടാമെന്ന നിബന്ധനയിൽ ഞാനവൾക്ക് നൂറ്റിയിരുപത് ദീനാർ നൽകി'. അവൾ എല്ലാം അല്ലാഹു അറിയുന്നുവെന്ന് അയാളെ ഓർമ്മിപ്പിച്ചു. എല്ലാ രഹസ്യവും മറഞ്ഞതും അല്ലാഹുവിന് വ്യക്തമാണെന്നും പറഞ്ഞു. അങ്ങനെ അയാളിൽ ദൈവഭയമുണ്ടായി. ദേഹേഛ വെടിഞ്ഞ് പിതൃസഹോദര പുത്രിയോട് മാന്യമായി പെരുമാറുകയും കുടുംബബന്ധത്തെ മാനിക്കും വിധം പവിത്രമായി കണ്ട് ആ ധനം അവൾക്ക് ദാനമായി നൽകുകയും ചെയ്തു. അയാൾ പ്രാർത്ഥിച്ചു: 'അവൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടവളായിട്ടും ഞാനവളിലെ ആശ വെടിഞ്ഞു. ഞാനിങ്ങനെ ചെയ്തത് നിന്റെ തൃപ്തി മാത്രം ആശിച്ചുകൊണ്ടാണ്. അതിനാൽ ഞങ്ങൾ പെട്ടിരിക്കുന്ന ഈ അപകടത്തിൽ നിന്ന് രക്ഷിക്കണമേ'. അങ്ങനെ പാറക്കല്ല് ഒന്നുകൂടി നീങ്ങി. പക്ഷേ അവർക്ക് പുറത്തു കടക്കാനാവുമായിരുന്നില്ല. പ്രത്യക്ഷ പരോക്ഷാവസ്ഥകളിൽ അല്ലാഹുവിനെ ഭയന്ന് ജീവിക്കാനുള്ള ഉത്തമ മാതൃകയാണ് ഈ പുരുഷൻ അനാവരണം ചെയ്തത്. അത്തരക്കാരുടെ പ്രാർത്ഥന സ്വീകാര്യമായിരിക്കും. ദൈവഭക്തി അവർക്ക് രക്ഷാകവചമൊരുക്കുകയും ചെയ്യും. പരലോകത്ത് സ്വർഗം അവരെ കാത്തിരിക്കുകയാണ്. 'തങ്ങളുടെ നാഥനെ അഗോചരാവസ്ഥയിൽ ഭയപ്പെടുന്നവർക്ക് പാപമുക്തിയും മഹത്തായ പ്രതിഫലവുമുണ്ട്' (സൂറത്തുൽ മുൽക് 12).

മൂന്നാമത്തെയാൾ തന്റെ കൂലിപ്പണിക്കാരനോട് കാട്ടിയ സത്യസന്ധതയും അവകാശദാനവും പറഞ്ഞുകൊണ്ടാണ് ഇടതേടിപ്പ്രാർത്ഥിച്ചത്. അയാൾ പറഞ്ഞു: 'അല്ലാഹുവേ, ഞാൻ പണിക്കാരെ കൂലിപ്പണിയെടുപ്പിച്ചു. അവർക്കുള്ള കൂലി നൽകി. ഒരാൾക്ക് മാത്രം നൽകിയില്ല. അയാൾ വാങ്ങാതെ കടന്നുകളയുകയായിരുന്നു. ഞാൻ അയാളുടെ കൂലിപ്പണം നിക്ഷേപമായി മാറ്റിവെച്ചു. അതിൽ നിന്നു ധാരാളം സമ്പത്തുണ്ടായി. വർഷങ്ങൾക്ക് ശേഷം അയാൾ എന്റെയടുക്കൽ വന്ന് പഴയ കൂലി നൽകാൻ ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു: നീ കാണുന്ന ആട് മാട് ഒട്ടകമെല്ലാം നിന്റെ കൂലിപ്പണത്തിൽ നിന്നുണ്ടായതാണ്. അയാൾ ഒന്നും ബാക്കിവെക്കാത്ത വിധം എല്ലാത്തിനെയും കൊണ്ടുപോവുകയുണ്ടായി. നാഥാ, ഞാൻ ചെയ്തതൊക്കെ നിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടു മാത്രമാണ്. അക്കാരണത്താൽ ഈ പാറ നീക്കി ഞങ്ങളെ രക്ഷിക്കണേ'. കൂലിപ്പണിക്കാർക്കുള്ള അവകാശം വകവെച്ചു നൽകിയതു മൂലം അല്ലാഹു അയാൾക്കുള്ള പ്രതിഫലം ഇഹലോകത്തുവെച്ചു തന്നെ നൽകുകയായിരുന്നു. പ്രാർത്ഥന സ്വീകരിച്ചു. പാറ നീങ്ങുകയും അവർ രക്ഷപ്പെട്ടു പുറത്തേക്കു വരികയും ചെയ്തു. പണിക്കാർക്ക്്അവരുടെ വിയർപ്പ് ഉണങ്ങുന്നതിന് മുമ്പ് തന്നെ കൂലി നൽകണമെന്നാണല്ലൊ നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 2443). മൂവരെയും രക്ഷിച്ചത് അവരുടെ സൽചെയ്തികളാണ്. സൽക്കർമ്മങ്ങൾ മുൻനിർത്തിയുള്ള ശ്രമദാനങ്ങൾ വെറുതെയാവില്ലയെന്നതാണ് പാഠം.

ആത്മാർത്ഥവും നിഷ്‌കളങ്കവുമായി ദൈവമാർഗത്തിൽ ചെയ്തത് മാത്രമേ സ്വീകാര്യമാവുകയുള്ളൂവെന്ന് ത്രിമൂർത്തികൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണവർ 'നിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് കൊണ്ടു ചെയ്ത'തെന്ന് പ്രത്യേകം പ്രാർത്ഥിച്ചത്. ദൈവഭയഭക്തി, നല്ലപെരുമാറ്റം, സത്യസന്ധത, വിശ്വാസ്യത എന്നീ സുകൃതഭാവങ്ങൾ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശ്രേഷ്ഠ കർമ്മങ്ങളെന്ന് തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണല്ലൊ അവർ സുരക്ഷിതരായി ഗുഹയിൽ നിന്നിറങ്ങിയത്. നബി (സ്വ) ഇവരുടെ അനുഭവ വിവരണത്തിലൂടെ ആ മാതൃകകൾ നാം ജീവിതത്തിൽ പകർത്താനാണ് ഉണർത്തുന്നത്. സദാ സമയം നന്മകളനുവർത്തിക്കാനും മറ്റുള്ളവരോട് ഉദാത്തമായി സമ്പർക്കം ചെയ്യാനും അവകാശ സംരക്ഷണം നടത്താനുമുള്ള ധർമ്മപാഠം നൽകുന്ന ഈ സംഭവം ഏതവസ്ഥയിലും നിഷിദ്ധങ്ങൾ വെടിയാനും കൽപ്പിക്കുന്നുണ്ട്. എന്നൽ സദാസമയം അല്ലാഹുവിന്റെ കരുണയും കാവലുമുണ്ടാവും. നബി (സ്വ) പറയുന്നു: നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ നിന്നെ അല്ലാഹു സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കണം. അവൻ നിന്റെ മുന്നിലുണ്ട്. ക്ഷേമകാലത്ത് നീയവനെ അറിഞ്ഞാൽ ക്ഷാമകാലത്ത് അവൻ നിന്നെ അറിയും (ഹദീസ് അഹ്്മദ് 2803).


back to top