യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 07/11/2019
വിഷയം: നബി ജന്മദിന വാർഷികം
ഏകനായ അല്ലാഹുവാണ് ലോക സ്രഷ്ടാവ്. അവനല്ലാത്തതെല്ലാം സൃഷ്ടികളും. ചരാചരങ്ങളായ സൃഷ്ടികളിൽവെച്ച് അതിശ്രേഷ്ഠരാണ് പ്രവഞ്ച കാരണഭൂതരും ലോകാനുഗ്രഹവുമായ പ്രവാചകർ മുഹമ്മദ് നബി (സ്വ). മുത്തു നബി (സ്വ)യുടെ ജന്മ ദിന വാർഷികം കൊണ്ടാടുന്ന ഹർഷഭരിത നിമിങ്ങളാണല്ലൊ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇബ്രാഹിം നബി (അ)യുടെ പ്രാർത്ഥനയുടെ ഫലമായാണ് പ്രവാചകരുടെ നിയോഗം. ജനതക്ക് ദൈവവചനങ്ങൾ ഓതിക്കൊടുക്കുകയും, വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും, സംസ്‌ക്കാരം ശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നു തന്നെ നിയോഗിക്കണമെന്ന് ഇബ്രാഹിം നബി (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത് വിശുദ്ധ ഖുർആനിൽ സൂറത്തുൽ ബഖറ 129ാം സൂക്തം വിവരിക്കുന്നുണ്ട്. ഈസാ നബി (അ) പ്രവാചക നിയോഗമുണ്ടാവുമെന്ന് സുവിശേഷം അറിയിക്കുകയും ചെയ്തിരുന്നു. 'മർയമിന്റെ മകൻ ഈസാ നബി പറഞ്ഞ സന്ദർഭവും സ്മരണീയമാണ്: ഇസ്രയേല്യരേ എനിക്കു മുമ്പുള്ള തൗറാത്തിനെ ശരിവെച്ചും എന്റെ വഴിയെ വരുന്ന അഹ്്മദ് എന്നു പേരുള്ള ദൂതനെക്കുറിച്ച് ശുഭവാർത്ത നൽകിയും കൊണ്ട് നിങ്ങളിലേക്ക് നിയുക്തനായ ദൂതനാണ് ഞാൻ' (സൂറത്തു സ്സ്വഫ്ഫ് 06). ഇബ്രാഹിം നബി (അ)യുടെ പ്രാർത്ഥന സഫലമായിക്കൊണ്ടും ഈസാ നബി (അ)യുടെ സുവിശേഷാറിയിപ്പ് സാക്ഷാൽക്കരിക്കപ്പെട്ടുക്കൊണ്ടും പ്രവാചക നിയോഗമുണ്ടായി. ആനക്കലഹവർഷമാണ് മുഹമ്മദ് നബി (സ്വ) ഭൂജാതരാവുന്നത്. ഖൈസ് ബ്‌നു മഖ്‌റമ (റ) പറയുന്നു: ഞാനും തിരുദൂതരും ആനക്കലഹ വർഷത്തിലാണ് ജനിച്ചത് (ഹദീസ് അഹ്മദ് 17891). വിശുദ്ധ കഅ്ബാലയം തകർക്കാനായെത്തിയ ആനക്കലഹക്കാർ അമ്പേ പരാജയപ്പെട്ട ചരിത്രസംഭവം നടന്ന വർഷമാണ് ആനക്കലഹ വർഷം.
നബി (സ്വ)യുടെ തിരുപ്പിറവിയോടനുബന്ധിച്ച് അനവധി അത്ഭുത സംഭവങ്ങളും ശുഭകര വികാസങ്ങളും നടന്നിട്ടുണ്ട്. ലോകാനുഗ്രഹത്തിന്റെ വെളിപാട് അറിയിക്കുന്നതായിരുന്നു ആ അടയാളങ്ങളൊക്കെയും. ഉമ്മ ആമിന ബീബി (റ) തങ്ങളെ പ്രസവിക്കുന്ന സമയം മഹതിയുടെ സ്വശരീരത്തിൽ നിന്ന് ശാം പ്രദേശത്തിലെ കോട്ടകൊത്തളങ്ങളെ തിളങ്ങിപ്പിക്കും വിധം ഒരു പ്രകാശം പുറത്തേക്ക് വരുന്നത് കണ്ടതായി നബി (സ്വ) തന്നെ വിവരിച്ചിട്ടുണ്ട് (ഹദീസ് അഹ്്മദ് 22921). ശൈശവ ഘട്ടം പൂർണമായും ദൈവസംരക്ഷണത്തിലും കാവലിലുമായിരുന്ന നബി (സ്വ)യുടെ യുവത്വം ചുറുചുറുക്കിന്റെ സമയമായിരുന്നു. നാടിന്റെ വികസനത്തിനും സുസ്ഥിരതക്കും അനൽപമായ സംഭാവനകളർപ്പിച്ച യുവാവായിരുന്ന നബി (സ്വ) നീതി നിർവ്വഹണത്തിനായും നിലകൊണ്ടു. അതുകൊണ്ടാണല്ലൊ അക്കാലത്ത് അറബികൾക്കിടയിൽ ഏറെ ശ്രദ്ധേയമായി ഖ്യാതി കേട്ട 'ഹിൽഫുൽ ഫുദൂൽ' ഉടമ്പടിയിൽ നബി (സ്വ) തങ്ങളും പങ്കു ചേർന്നത്. ഖുറൈശി ഗോത്രങ്ങളെല്ലാം ഒത്തുകൂടി അവകാശ സംരക്ഷണപ്രഖ്യാപനം നടത്തിയ ആ ഉടമ്പടി പ്രകാരം മക്കാ നിവാസികളോ മക്കയിൽ വന്നെത്തുന്നവരോ അക്രമിക്കപ്പെട്ടാൽ അവർക്കായി പൂർണ പിന്തുണയോടെ ഉറച്ചുനിന്നു പ്രതികാര നടപടികൾ സ്വീകരിക്കുമെന്നും കരാറായി എഴുതപ്പെടുകയുണ്ടായി. ആ ഉടമ്പടിയെപ്പറ്റി നബി (സ്വ) പറഞ്ഞിട്ടുണ്ട്: ഞാനൊരു ഉടമ്പടിയിൽ പങ്കെടുത്തിട്ടുണ്ട്. വിലയേറിയ ചുവന്ന ഒട്ടകങ്ങൾ സ്വന്തമാക്കുന്നതിനേക്കാൾ എനിക്കേറെ ഇഷ്ടപ്പെട്ടതായിരുന്നു ആ ഉടമ്പടി. ഇസ്ലാമിക കാലഘട്ടത്തിൽ അത്തരമൊരു സന്ധിയിലേക്കെന്നെ ക്ഷണിക്കുകയാണെങ്കിൽ ഞാൻ പങ്കെടുക്കുന്നതായിരിക്കും (സുനനുൽ ബൈഹഖി 6/368). കാരണം ശാന്തിയും സമാധാനവും പാലിക്കുന്ന, ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന, അക്രമവും അന്ധകാരവും ഉഛാടനം ചെയ്യുന്ന ആഹ്വാനവുമായി മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഹിൽഫുൽ ഫുദൂലെന്ന പ്രസ്തുത ഉടമ്പടി. ഇത്തരം സന്ധികളിലൂടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും നീതി നിർവ്വഹിക്കപ്പെടണമെന്നും കരാറുകൾ ലംഘനമില്ലാതെ പാലിക്കപ്പെടണമെന്നും ഉദ്‌ഘോഷിക്കുന്ന മതമാണല്ലൊ ഇസ്ലാം. അല്ലാഹു പറയുന്നു: അല്ലാഹുവോട് കരാർ ചെയ്താൽ നിങ്ങളത് പൂർത്തീകരിക്കണം (സൂറത്തു ന്നഹ്‌ല് 91). ഇസ്ലാമിന് മുമ്പുള്ള ഉടമ്പടികൾ ഇസ്ലാം വന്നതിന് ശേഷവും നിലനിർത്തി പൂർത്തീകരിക്കാനുള്ള വൃത്താന്തമായാണ് പ്രസ്തുത സൂക്തം അവതരിച്ചതെന്ന് ഖതാദ (റ), മുജാഹിദി (റ), ഇബ്‌നു സൈദ് (റ) തുടങ്ങിയ ഖുർആൻ പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട് (തഫ്‌സീറു ഖുർത്വുബി 10/169). എല്ലാ ഉടമ്പടികളും നീതി, അവകാശം, ധർമ്മം മുതലായ മൂല്യങ്ങൾ നിലനിർത്താൻ പരസ്പരം നിലകൊള്ളണമെന്ന് കരാർ ചെയ്യുന്നതാണെന്നും ഇസ്ലാമാഗനത്തിന് ശേഷം ഇവ്വിഷയത്തിൽ കൂടുതൽ ഭദ്രത കൈവന്നുവെന്നും നബി (സ്വ) അറിയിച്ചു തന്നിട്ടുണ്ട്.
നാൽപതാം വയസ്സിലാണ് സകലർക്കും അനുഗ്രഹമായി അല്ലാഹു നബി (സ്വ)യെ നിയോഗിക്കുന്നത്. കനിഞ്ഞേകപ്പെട്ട കാരുണ്യമെന്നാണ് നബി (സ്വ) സ്വന്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത് (ഹദീസുദ്ദാരിമി 15). ലോകാനുഗ്രഹി പ്രവാചകർ (സ്വ) ഇഹലോകത്ത് സാധ്യമാക്കിയ മഹത്തായ അനുഗ്രഹമാണ് പരിശുദ്ധ മതസംഹിതയായ ദീനുൽ ഇസ്ലാം പ്രബോധനം നടത്തി പൂർത്തീകരിച്ചത്. ഇസ്ലാം ലാളിത്യത്തിന്റെയും എളിമയുടെയും മതമാണ്. ഇടപാടുകളിൽ എന്നല്ല ആരാധനാ കാര്യങ്ങളിൽ പോലും എളുപ്പം പരിഗണിക്കുന്നുണ്ട് പാവന ഇസ്ലാം. സുന്ദരവും ഋജുവുമായ നിയമസംഹിതയുമായാണ് തങ്ങൾ നിയോഗതിരായതെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്മദ് 22951). അന്ത്യനാളിലും പ്രവാചകർ (സ്വ) നമ്മുക്ക് അനുഗ്രഹമാണ്. നബി (സ്വ)യുടെ പ്രാർത്ഥനയും ശുപാർശയും നമ്മുക്ക് രക്ഷയായെത്തുന്നതാണ്. നബി (സ്വ) പറയുന്നു: എല്ലാ നബിമാർക്കും സ്വീകാര്യമാവുമെന്നുറപ്പായ ഒരു പ്രാർത്ഥനയുണ്ടായിരുന്നു. മറ്റു നബിമാരെല്ലാം ആ പ്രാർത്ഥനാവസരം ഇഹലോകത്തു വെച്ചു തന്നെ ഉപയോഗപ്പെടുത്തുകയുണ്ടായി. ഞാനത് അന്ത്യനാളിൽ എന്റെ സമുദായത്തിനായി മാറ്റിവെക്കുകയായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). അന്ത്യനാളിൽ ഏവരും ഓരോ നബിമാരിലേക്കും ശുപാർശക്കായി യാചിച്ചുപോവുമ്പോൾ ഓരോർത്തരും കൈയൊഴിയും. ഒടുവിൽ അവർ അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ സന്നിധിയിൽ വന്ന് പറയും: മുഹമ്മദ് നബിയേ.. അങ്ങ് അല്ലാഹുവിന്റെ ദൂതരാണ്. അന്ത്യപ്രവാചകരാണ്. അല്ലാഹു അങ്ങയ്ക്ക് സകലതിൽ നിന്നും പാപമുക്തി നൽയിട്ടുണ്ട്. അങ്ങ് ഞങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യണം. നബി (സ്വ) പറയുന്നു: അങ്ങനെ ഞാൻ അല്ലാഹുവിങ്കലിലേക്ക് ചെന്ന് ഹർഷിന് കീഴായി വരും. അല്ലാഹുവിന് സാഷ്ടാംഗം നമിക്കും. ശേഷം അല്ലാഹു ആർക്കും വെളിപ്പെടുത്താത്ത അവന്റെ സ്‌തോത്രങ്ങളും സ്തുതികളും എനിക്കായി തുറന്നുതരും. ശേഷം അല്ലാഹു പറയും: യാ മുഹമ്മദ് തല ഉയർത്തുക. താങ്കൾ ഒരു കാര്യം ചോദിച്ചാലത് നൽകപ്പെട്ടിരിക്കും. താങ്കൾ ശുപാർശ ആവശ്യപ്പെട്ടാൽ അത് സ്വീകരിച്ചിരിക്കും. അങ്ങനെ ഞാൻ തല ഉയർത്തി പറയും: നാഥാ എന്റെ സമുദായം.. നാഥാ, എന്റെ സമുദായം.. നാഥാ, എന്റെ സമുദായം.. അപ്പോൾ പറയപ്പെടും: യാ മുഹമ്മദ് താങ്കളുടെ സമുദായത്തിൽ നിന്ന് വിചാരണയില്ലാത്തവരെ സ്വർഗത്തിന്റെ വലതു ഭാഗത്തുള്ള വാതിലിലൂടെ പ്രവേശിപ്പിക്കുക. അവർക്ക് മറ്റുള്ളവരുടെ വാതിലുകളിലൂടെയും പ്രവേശിക്കാനാവും (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന സത്യസാക്ഷ്യം മനസ്സിലുറപ്പിച്ച് നാവുകൊണ്ടുച്ചരിച്ചവർക്കാണ് അന്ത്യനാളിൽ നബി (സ്വ)യുടെ ശുപാർശ ലഭിക്കാൻ സൗഭാഗ്യം സിദ്ധിക്കുക (ഹദീസ് ബുഖാരി 99, 6570).
നബി (സ്വ)യുടെ മേൽ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ടെന്ന പ്രവാചക മാഹാത്മ്യം അറിയിച്ച ശേഷം സത്യവിശ്വാസികളും നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും അർപ്പിക്കണമെന്നാണ് അല്ലാഹുവിന്റെ കൽപന (സൂറത്തുൽ അഹ്‌സാബ് 56). സ്വലാത്ത് ചൊല്ലിയാൽ അല്ലാഹുവിൽ നിന്നും മലക്കുകളിലും നിന്നുമുള്ള പ്രത്യേക സ്വലാത്തിന് അർഹനാവുകയും നന്മകളധികരിച്ച് സ്ഥാനമുയരുകയും ദോഷങ്ങൾ മാപ്പാക്കപ്പെടുകയും ചെയ്യുന്നതാണ്. ഒരാൾ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അയാൾക്കായി പത്തു സ്വലാത്ത് നടത്തുകയും പത്തു ദോഷങ്ങൾ പൊറുക്കുകയും പത്തു സ്ഥാനങ്ങൾ ഉയർത്തുകയും ചെയ്യും (അദബുൽ മുഫ്‌റദ് ബുഖാരി 642, 643). സ്വലാത്ത് ചൊല്ലുന്ന കാലത്തോളം മാലാഖമാർ അയാൾക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യും (ഹദീസ് അഹ്്മദ് 15689, ഇബ്‌നു മാജ 907). സ്വലാത്ത് കാരണം വ്യസനങ്ങൾ മാറുകയും പ്രയാസങ്ങൾ നീങ്ങികിട്ടുകയും ചെയ്യും. ഉബയ്യു ബ്‌നു കഅ്ബ് (റ) പറയുന്നു: ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിച്ചു: തിരു ദൂതരേ ഞാൻ പ്രാർത്ഥനകളൊക്കെയും അങ്ങയ്ക്ക് സ്വലാത്തായി അർപ്പിച്ചാലോ? നബി (സ്വ) മറുപടി മൊഴിഞ്ഞു എന്നാൽ നിന്റെ ഐഹികവും പാരത്രികവുമായ മുഴുവൻ ആകുലതകളും അല്ലാഹു മാറ്റിത്തരുന്നതായിരിക്കും (ഹദീസ് അഹ്മദ് 21242).
നബി (സ്വ)യുടെ മേലിലുള്ള സ്വലാത്ത് വെള്ളിയാഴ്ച ദിവസം ചൊല്ലലാണ് അതിശ്രേഷ്ഠം. വെള്ളിയാഴ്ച ശ്രേഷ്ഠ ദിവസമാണല്ലൊ. ആ ദിവസത്തിൽ സ്വലാത്തുകൾ അധികരിപ്പിക്കാനാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത്. കാരണം സ്വലാത്തുകൾ നബി (സ്വ)ക്ക് വെളിവാക്കപ്പെടുന്നതായിരിക്കും. അന്ത്യനാളിൽ നബി (സ്വ)യോട് ഏറ്റവും കൂടുതൽ ബന്ധമുണ്ടായിരിക്കുക അധികരിച്ചും സ്വലാത്ത് ചൊല്ലിയവർക്കായിരിക്കും (ഹദീസ് തുർമുദി 484).