സ്വർഗസ്സുവിശേഷം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/11/2019
വിഷയം: സ്വർഗത്തിൽ പ്രവേശിക്കാനുള്ള സന്തോഷ വാർത്ത

സത്യവിശ്വാസികൾക്കുള്ള ദൈവവാഗ്ദാനമണ് സ്വർഗലോകം. നിർഭയം സ്വർഗസ്ഥരായിക്കൊള്ളാനുള്ള സുവിശേഷങ്ങൾ പരിശുദ്ധ ഖുർആനിൽ കാണാം. 'അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കുന്നവർ സ്വർഗീയാരാമങ്ങളിലും അരുവികളിലുമാകും തീർച്ച. സമാധാനപൂർണരായി ശാന്തിയോടെ കടന്നുവരൂ എന്നവർ സ്വാഗതം ചെയ്യപ്പെടും' (സൂറത്തുൽ ഹിജ് ർ 45, 46). സൂറത്തു ഫുസ്വിലത്ത് 30, 31, 32 സൂക്തങ്ങളിൽ മാലാഖമാർ സ്വർഗസ്സുവിശേഷം നൽകുന്നത് വിവരിക്കുന്നുണ്ട്: 'ഞങ്ങളുടെ നാഥൻ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടിൽ ഋജുവായി നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണസമയം മലക്കുകൾ ഇറങ്ങിവന്ന് ഇങ്ങനെ ശുഭവാർത്തയറിയിക്കും: നിങ്ങൾ ഭയപ്പെടുകയോ ദുഖിക്കുകയോ അരുത്. നിങ്ങൾക്കുള്ള വാഗ്ദത്ത സ്വർഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷരാണ് ഞങ്ങൾ. പരലോകത്ത് നിങ്ങൾ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രെ അത്'.  ജീവിതാന്ത്യത്തിൽ മലക്കുകൾ ധൈര്യം പകരുമത്രെ. ഐഹികതയിൽ ബാക്കിവെച്ച മക്കൾ, കുടുംബം, സമ്പത്ത് എന്നിവയിൽ ഖേദിക്കേണ്ടതില്ലെന്നും വരാനിരിക്കുന്ന പാരത്ര ികത സ്വർഗീയമാണെന്നുമാണ് മാലാഖമാർ ഓതുന്ന ശുഭവാർത്ത. ഇഹത്തിലും പരത്തിലും സത്യവിശ്വാസികൾക്ക് സഹായത്തിനെത്തുന്ന മാലാഖമാർ സ്വിറാത്ത് പാലം കടന്ന് സ്വർഗത്തിലെത്തിക്കാനുമുണ്ടാവും. മാത്രമല്ല പുനർ എഴുന്നേൽപ്പിന്റെ ദിവസവും അവരെ സഹർഷം വരവേൽക്കും. 'ആ കൊടുംസംഭ്രമം അവരെ ദുഖാകുലരാക്കില്ല. മലക്കുകൾ അവർക്ക് സ്വാഗതമോതിക്കൊണ്ട് പറയും: നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സുദിമാണിത്'(സൂറത്തുൽ അൻബിയാഅ് 103).

ശേഷം അവർ കൂട്ടംകൂട്ടമായി സാദരം ദൈവസന്നിധിയിലേക്ക് ആനയിക്കപ്പെടും. പരമ കാരുണികന്റെ സന്നിധിയിലേക്ക് ഭക്തരെ കൂട്ടമായി സമ്മേളിപ്പിക്കുന്ന നാൾ എന്നാണ് ആ ദിവസത്തെ സൂറത്തു മർയം 85ാം സൂക്തത്തിലൂടെ വിശേഷിപ്പിക്കുന്നത്. അന്നേരം ഏവരെയും വിചാരണക്കായി വിളിച്ചുവരുത്തിയതായി കാണാം. നബി (സ്വ) പറയുന്നു: അല്ലാഹു അന്ത്യനാളിൽ സകല കാല ലോകരെയും ഒരൊറ്റ മൈതാനിയിൽ ഒരുമിച്ചുകൂട്ടും. സംസാരിച്ചാൽ പരസ്പരം കേൾക്കുകയും മറയില്ലാതെ കാണുകയും ചെയ്യുന്ന വിധത്തിലായിരിക്കും അവർ (ഹദീസ് ബുഖാരി, മുസ്ലിം). ദൈവസവിധത്തിലെത്തിയവരോട് അല്ലാഹു സംസാരിക്കും. ചെറുതും വലുതുമായ സകല കാര്യങ്ങളിൽ അവരെ വിചാരണ നടത്തുകയും ചെയ്യും. അല്ലാഹു പറയുന്നു: 'പുനരുത്ഥാനനാൾ നീതിനിഷ്ഠമായ തുലുസുകൾ നാം സംവിധാനിക്കും. അപ്പോൾ ആരോടും ഒട്ടുമേ അനീതി കാണിക്കപ്പെടില്ല. ഒരു കടുകുമണിത്തൂക്കമാണ് ഒരാളുടെ കർമ്മമുള്ളതാണെങ്കിലും നാമത് ഹാജറാക്കുന്നതാണ്. വിചാരണ നടത്താൻ നാം തന്നെ ധാരാളം' (സൂറത്തുൽ അൻബിയാഅ് 47). സത്യവിശ്വാസി അനായാസം വിചാരണ നേരിടുകയും ദൈവസാമീപ്യം വരിക്കുകയും ചെയ്യും. അല്ലാഹു അവനിക്ക് തെറ്റുകുറ്റങ്ങൾ മാപ്പാക്കി നൽകുന്നതുമാണ്. നബി (സ്വ) പറയുന്നു: അല്ലാഹു സത്യവിശ്വാസിയെ അവനിലേക്ക് അടുപ്പിച്ച് പ്രത്യേകം സുരക്ഷയും മറയും നൽകും. ശേഷം പറയും: ഈ തെറ്റ് ചെയ്തത് നീ ഓർക്കുന്നുണ്ടോ? ഈ തെറ്റ് ചെയ്തത് നീ ഓർക്കുന്നുണ്ടോ? അവൻ പറയും: അതേ നാഥാ. അങ്ങനെ അവൻ തന്റെ തെറ്റുകുറ്റങ്ങൾ സമ്മതിച്ച് താൻ നശിച്ചെന്ന് കരുതും. അപ്പോൾ അല്ലാഹു പറയും: ഞാനവയെ ഐഹികലോകത്ത് നിനക്കു വേണ്ടി മറച്ചുവെച്ചു, ഇന്ന് നിനക്കായി ഞാനവയെ പൊറുത്തുതരുന്നതാണ്. ശേഷം അവന്റെ നന്മകളുടെ ഏട് നൽകപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം). അങ്ങനെ സത്യവിശ്വാസി ഇനിയൊരിക്കലും പരാജിതനാവില്ലെന്ന പരമാർത്ഥമുൾക്കൊണ്ട് വിജയാശ്രീലാളിതനായിത്തീരും.

അല്ലാഹുവിന്റെ ഏകത്വവും മുഹമ്മദ് നബി (സ്വ)യുടെ പ്രവാചകത്വവും അംഗീകരിച്ചുകൊണ്ടുള്ള സത്യസാക്ഷ്യം പോലും സത്യവിശ്വാസികളുടെ സ്വർഗപ്രവേശത്തിനായി ശുപാർശ ചെയ്യുന്നതാണ്. നബി (സ്വ) പറയുന്നു: അന്ത്യനാളിൽ എന്റെ സമുദായത്തിൽ നിന്നൊരാളെ സകലർക്കും മുമ്പിൽ വെച്ച് ഉറക്കെ വിളിക്കപ്പെടും. എന്നിട്ട് തിന്മകൾ എഴുതപ്പെട്ട തൊണ്ണൂട്ടൊമ്പത് ഏടുകൾ അവന്റേതായി നിവർത്തപ്പെടും. ഓരോ ഏടും കണ്ണെത്താദൂരം വ്യാപ്തിയുള്ളതായിരിക്കും. ശേഷം അല്ലാഹു അവനോട് പറയും: ഇതിൽ നിന്ന് നീ വല്ലതും നിഷേധിക്കുന്നുണ്ടോ? അവൻ പറയും:  ഇല്ല നാഥാ അല്ലാഹു പറയും: നിന്നോട് എന്റെ എഴുതുന്ന മാലാഖമാർ വല്ല അക്രമവും കാണിച്ചിട്ടുണ്ടോ? അവൻ പറയും: ഇല്ല നാഥാ. അല്ലാഹു പറയും:  നിനക്ക് വല്ല ന്യായവും ബോധിപ്പിക്കാനുണ്ടോ? വല്ല നന്മയും നീ ചെയ്തിട്ടുണ്ടോ? അപ്പോൾ ഭയപ്പാടോടെ അയാൾ പറയും: ഇല്ല. അല്ലാഹു പറയും: അല്ല, നിനക്ക് നമ്മുടെ പക്കൽ കുറച്ച് നന്മകളുണ്ട്. ഇന്ന് നിന്നോട് അനീതി കാണിക്കുകയില്ല. ശേഷം സത്യസാക്ഷ്യം എഴുതപ്പെട്ട ഒരു ചീട്ട് പുറത്തെടുക്കും. അപ്പോൾ അയാൾ ചോദിക്കും: നാഥാ എന്താണ് ഈ ഏടുകൾക്കൊപ്പമുള്ള ചീട്ട്. അല്ലാഹു പറയും: നീ അക്രമിക്കപ്പെടുകയില്ല. ശേഷം ഏടുകൾ തുലാസിന്റെ ഒരു താലത്തിലും ചീട്ട് മറ്റൊരു താലത്തിലും വെക്കും. തിന്മകളുടെ ഏടുകൾക്ക് തൂക്കം കുറയും. സത്യസാക്ഷ്യത്തിന്റെ ചീട്ട് ഘനം കൂടുകയും ചെയ്യും. അല്ലാഹുവിന്റെ മഹത്തായ നാമത്തിനോട് ഒന്നും ഘനം തൂങ്ങുകയില്ല (ഹദീസ് തുർമുദി 2639, അഹ്മദ് 6994, സ്വഹീഹു ഹിബ്ബാൻ 225, ഇബ്‌നു മാജ 4300).

ശേഷം സത്യവിശ്വാസികളെല്ലാവരും കൂട്ടംകൂട്ടമായി സ്വർഗത്തിലേക്ക് കുതിക്കും. ഏവരും പരസ്പരം വിടുതിയും വിട്ടുവീഴ്ചയും ചെയ്തു സംശുദ്ധ ഹൃദയരായിരിക്കും. ആ സ്‌നേഹവും സഹിഷ്ണുതയുമാണ് അവരെ മുമ്പോട്ടു നയിക്കുന്നത്. അല്ലാഹു പറയുന്നു: അവരുടെ നെഞ്ചകങ്ങളിലുള്ള അസൂയ നാം നീക്കിക്കളയും. അവരുടെ താഴെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവർ ഇങ്ങനെ പ്രതിവചിക്കും നമ്മെ ഇതിലേക്ക് മാർഗദർശനം ചെയ്ത അല്ലാഹുവിനു സമസ്ത സ്‌തോത്രങ്ങളും. അവൻ വഴി കാണിച്ചിട്ടില്ലായിരുന്നെങ്കിൽ നാമൊരിക്കലും സന്മാർഗ പ്രാപ്തരാകില്ലായിരുന്നു. നാഥന്റെ ദൂതന്മാർ നമ്മുടെയടുത്തുവന്നത് സത്യവുമായി തന്നെ തീർച്ച. ഒരശരീരി വിളിച്ചു പറയും: അതാ സ്വർഗ ലോകം. സ്വന്തം കർമ്മ ഫലമായി നിങ്ങൾക്കതു അവകാശമായി ലഭിച്ചിരിക്കുന്നു (സൂറത്തുൽ അഅ്‌റാഫ് 43). സ്വർഗത്തിലേക്ക് പ്രവേശിക്കാനുള്ള അറിയിപ്പെത്തിയാൽ ഓരോർത്തരും അവരവരുടെ ഗേഹങ്ങളിലേക്ക് നയിക്കപ്പെടും. സത്യവിശ്വാസിക്ക് അവന്റെ ഐഹിക ലോകത്തെ വീട്ടിലേക്കുള്ള വഴിയെക്കാളേറെ സ്വർഗീയ സദനത്തിലേക്കുള്ള വഴി അറിയാമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി 6535).

സ്വർഗപ്രവേശത്തിനുള്ള ദൈവാനുവാദമുണ്ടായാൽ ഓരോ സത്യവിശ്വാസിയും അവർക്കൊരുക്കിയ സ്വർഗീയ ഗേഹത്തിലേക്ക് ഗമിക്കും. സ്വർഗസ്ഥരാവുന്നവരിൽ വെച്ച് താഴ്ന്ന സ്ഥാനത്തുള്ളയാൾ സ്വർഗവാതിൽക്കൽ വന്നു നിൽക്കും. സ്വർഗത്തിലിനി ഇടമില്ലെന്ന് കരുതുന്ന അയാളോട് ഉള്ളിൽ പ്രവേശിക്കാൻ പറയപ്പെടും. അപ്പോൾ അയാൾ പറയും: നാഥാ, ഇനിയെങ്ങനെയാണ് ഞാൻ പ്രവേശിക്കുക. ഒാരോർത്തരും അവരവരുടെ സ്ഥാനങ്ങൾ കയ്യടക്കിയിരിക്കുകയാണല്ലൊ. അപ്പോൾ പറയപ്പെടും: ഐഹിക ലോകത്തെ രാജാധികാരം പോലെയുള്ളത് താങ്കൾക്ക് നൽകിയാൽ തൃപ്തിപ്പെടുമോ? അയാൾ പറയും: നാഥാ എനിക്ക് തൃപ്തികരമാണ്. അപ്പോൾ അല്ലാഹു പറയും: എന്നാൽ താങ്കൾക്ക് അതുണ്ട്. അതുപോലുള്ളതുണ്ടെന്ന് ആവർത്താവർത്തിച്ച് പറഞ്ഞ് അഞ്ചാമത്തേതെത്തിയപ്പോൾ അയാൾ പറയും: നാഥാ എനിക്ക് തൃപ്തിയായിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും: നിനക്ക് ഇതും ഇതുപോലുള്ള പത്തെണ്ണവുമുണ്ട്. താങ്കളുടെ മനസ്സ് ആശിക്കുന്നതെന്തും ലഭ്യമായിരിക്കും. നയനാനന്ദകരമായതെന്തും കാണാവുന്നതുമാണ്. അപ്പോൾ അയാൾ പറയും: ഞാൻ അതിൽ തൃപ്തനായിരിക്കുന്നു (ഹദീസ് മുസ്ലിം 312). സ്വർഗത്തിലെ താഴ്ന്ന സ്ഥാനക്കാരുടെ സ്വർഗീയ സൗഖ്യങ്ങൾ ഇതൊക്കെയാണെങ്കിൽ ഉന്നത സ്ഥാനീയരുടെ സ്വർഗീയ മഹിമകൾ ഊഹിക്കാവുന്നതിലറപ്പുറമായിരിക്കും. സ്വർഗത്തിന്റെ ഉന്നത ശ്രേണികളിൽ അഭിരമിക്കുന്ന സ്വർഗസ്ഥരുടെ വിശേഷണങ്ങൾ നാഥൻ നമ്മുക്കും ഏകിയനുഗ്രഹിക്കട്ടെ ആമീൻ. സൂറത്തു ഖാഫ് 31 മുതൽ 35 വരെയുള്ള ആയത്തുകളിൽ അല്ലാഹു പറയുന്നുണ്ട്: 'ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയവർക്ക് ദൂരെയല്ലാതെ സ്വർഗം സമീപസ്ഥമാക്കപ്പെടുന്നതാണ്. നന്നായി ഖേദിച്ച ു മടങ്ങുകയും നിയമങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്ത അദൃശ്യതയിൽ പരമ കാരുണികനെ പേടിക്കുകയും വിനയാന്വിത ഹൃദയവുമായി വരികയും ചെയ്ത നിങ്ങൾക്കുള്ള വാഗ്ദത്ത സ്വർഗമിതാ സമാധാന സമേതം നിങ്ങളതിൽ പ്രവേശിച്ചു കൊള്ളുക. ശാശ്വത നിവാസ ദിനമാണത്. തങ്ങളുദ്ദേശിക്കുന്നതെന്തും അവർക്കവിടെയുണ്ടാകും. നമ്മുടെയടുത്താകട്ടെ കൂടുതൽ നൽകാനുമുണ്ട്'.

back to top