മനുഷ്യർ ആദമി (അ)ന്റെ മക്കൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/11/2019
വിഷയം: ആദം നബി (അ)

ആദിമ മനുഷ്യനും ആദ്യ നബിയുമായ ആദം നബി (അ)യാണ് മനുഷ്യവംശത്തിന്റെ പിതാവ്. മനുഷ്യരെയെല്ലാം ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിച്ചതെന്ന പ്രസ്താവ്യം പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു നടത്തുന്നുണ്ട്. ആ ആത്മാവ് ആദം നബി (അ)യാണ്. 'മനുഷ്യർ ആദമിന്റെ മക്കളാണ്, ആദം മണ്ണിൽ നിന്നാണ്' എന്ന് പ്രവാചകർ മുഹമ്മദ് നബി (സ്വ)യും പ്രസ്താവിച്ചിട്ടുണ്ട് (ഹദീസ് അഹ്മദ് 8736). മാത്രമല്ല ഖുർആനിൽ പലയിടങ്ങളിലായി മനുഷ്യരെ പരാമർശിക്കുന്നതും അഭിസംബോധനം ചെയ്യുന്നതും ആദം സന്തതികളെന്ന് പ്രയോഗിച്ചുകൊണ്ടാണ്. ഉദാഹരണത്തിന്, “ആദം സന്തതികളേ, എന്റെ സൂക്തങ്ങൾ പ്രതിപാദിച്ചു കൊണ്ട് സ്വന്തത്തിൽ നിന്നുതന്നെയുള്ള പ്രവാചകന്മാർ നിങ്ങളിലേക്ക് വന്നെത്തുമ്പോൾ സൂക്ഷ്മ ജീവിതം നയിക്കുകയും നന്മയനുവർത്തിക്കുകയും ചെയ്തവർക്കു പേടിക്കാനൊന്നുമില്ല, ദുഖിക്കേണ്ടി വരുന്നതുമല്ല അവർ” (സൂറത്തുൽ അഅ്‌റാഫ് 35).

മനുഷ്യരെ സൃഷ്ടിക്കുമെന്ന് മാലാഖമാരോട് അല്ലാഹു മുമ്പേ അറിയിച്ചതാണ്. ആദമി (അ)ന്റെ സൃഷ്ടികർമ്മം പൂർത്തിയാക്കിയപ്പോൾ അവരോട് അദ്ദേഹത്തിന് സാഷ്ടാംഗം നമിക്കാൻ കൽപ്പിക്കുകയായിരുന്നു. 'താങ്കളുടെ നാഥൻ മലക്കുകളെ അറിയിച്ച സന്ദർഭം സ്മരണീയമത്രെ: നിശ്ചയം കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ ഞാൻ സൃഷ്ടിക്കാൻ പോവുകയാണ്. അങ്ങനെ അവനു ഞാൻ ശരിയായ ആകൃതി നൽകുകയും  എന്റെ ആത്മാവിൽ നിന്ന് അതിൽ ഊതുകയും ചെയ്താൽ അവനു നിങ്ങൾ സുജൂദ് ചെയ്യണം' (സൂറത്തു സ്വാദ് 71, 72). ആത്മാവ് ഊതപ്പെട്ട ആദം (അ) തുമ്മുകയുണ്ടായി. ഉടനെ അല്ലാഹുവിന്റെ അനുവാദത്തോടെ തന്നെ അവനെ സ്തുതിച്ചു. അതായത് ആദം നബി (അ) ആദ്യമായി മൊഴിഞ്ഞത് ദൈവസ്തുതി (ഹംദ്) യാണ്. അതിന് പ്രതിവാദ്യമായി അല്ലാഹു അനുഗ്രഹാശംസകൾ നടത്തിക്കൊണ്ട് 'ഹേ ആദം, നിനക്ക് ദൈവക്കരുണയുണ്ടാവട്ടെ' എന്ന് പറയുകയുണ്ടായി. ശേഷം മലക്കുകളുടെ അടുക്കൽ പോയി സലാം പറയാൻ കൽപ്പിച്ചു. അക്കാര്യം ഖുദ്‌സിയ്യായ ഹദീസിലൂടെ നബി (സ്വ) വ്യക്തമാക്കുന്നുണ്ട്: അല്ലാഹു ആദമി (അ)നോട് പറഞ്ഞു: താങ്കൽ ആ സദസ്സിൽ ഇരിക്കുന്ന മലക്കുകളിലേക്ക് പോയി സലാം പറയുക. അങ്ങനെ അവർ 'വഅലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ്' എന്ന് പ്രതിവാദ്യം നടത്തി. ശേഷം മടങ്ങി വന്ന ആദമി (അ)നോട് അല്ലാഹു പറഞ്ഞു: ഈ സലാമാണ് താങ്കളുടെയും സന്തതികളുടെയും അഭിവാദ്യവാക്യം (ഹദീസ് ബുഖാരി, മുസ്ലിം).

ആദം (അ) ആദ്യമായി പഠിച്ചത് സലാം പറയാനാണ്. രക്ഷ, സമാധാനം എന്നിങ്ങനെ അർത്ഥമാക്കുന്ന സലാം എന്ന വാക്കിനെ അല്ലാഹുവിന് ഏറെ ഇഷ്ടമായതിനാലാണ് അവന്റെ വിശിഷ്ട നാമങ്ങളിൽ അതിനെ ഉൾപ്പെടുത്തിയത്. മാത്രമല്ല ആകാശ ഭൂമി ലോകങ്ങളിലുള്ള സകലരോടും സലാം പറയാൻ കൽപ്പിക്കുകയുമുണ്ടായി. നബി (സ്വ) പറയുന്നു: 'സലാം എന്നത് അല്ലാഹുവിന്റെ ശ്രേഷ്ഠനാമങ്ങളിൽപ്പെട്ട ഒരു നാമമാണ്. അതിനെ അവൻ തന്നെ ഭൂമിയിൽ പ്രതിഷ്ഠിക്കുകയുമുണ്ടായി. അതിനാൽ നിങ്ങൾ പരസ്പരം സലാം പറഞ്ഞ് വ്യാപിപ്പിക്കണം'. ഭൂമിയിൽ ആദമി (അ)ന്റെ മക്കളായ മനുഷ്യർക്കിടയിൽ സ്‌നേഹാർദ്രത പരത്തുന്ന സലാം പരലോകത്തുവെച്ച് സ്വർഗ പ്രവേശനത്തിനും നിദാനമായിത്തീരുന്നതാണ്. നബി (സ്വ) പറയുന്നു: നിങ്ങളാരും സത്യവിശ്വാസികളാവുന്നത് വരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നത് വരെ സത്യവിശ്വാസികളുമാവില്ല. എന്നാൽ നിങ്ങൾ പരസ്പരം സ്‌നേഹിക്കാൻ ഇടയാക്കുന്ന ഒരു കാര്യം ഞാൻ പറഞ്ഞുതരാം,  അതാണ് സലാം. നിങ്ങൾ പരസ്പരം സലാം പറയലിനെ വ്യാപകമാക്കണം (ഹദീസ് മുസ്ലിം 93).  അല്ലാഹു ആദമി (അ)ന് സകല വസ്തുക്കളുടെയും പേരുകൾ പഠിപ്പിക്കുകയുണ്ടായി. ശേഷം അവയെ മലക്കുകൾക്ക് പ്രദർശിപ്പിച്ച് പേരുകൾ ചോദിച്ചപ്പോൾ അവർ ഒന്നിനെ പറ്റിയും അറിവില്ലാത്തവരായിരുന്നു. ആദമി (അ)ന്റെ വ്യക്തി മാഹാത്മ്യവും വിജ്ഞാന മഹത്വവും അവർക്ക് മനസ്സിലാക്കി കൊടുക്കാനായിരുന്നു അല്ലാഹു അങ്ങനെ ചെയ്തത്. മനുഷ്യൻ നേടുന്നതിൽ വെച്ചേറ്റവും മഹത്തരമായ സമ്പാദ്യം വിജ്ഞാനമാണ്. സംസ്‌ക്കാരം പണിയുന്നതും ഇഹ പരവിജയങ്ങൾ വരുത്തുന്നതും വിജ്ഞാനമാണ്. ഈ സംഭവം ഖുർആൻ വിവരിക്കുന്നുണ്ട്: ആദം നബി (അ)ക്ക് അല്ലാഹു സകല വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിക്കുകയും എന്നിട്ട് മലക്കുകൾക്കു മുമ്പിൽ വെളിവാക്കിക്കൊടുത്ത് നിങ്ങൾ സത്യവാദികളാണെങ്കിൽ ഇവയുടെ പേരുകൾ എനിക്കു പറഞ്ഞുതരിക എന്നാവശ്യപ്പെടുകയും ചെയ്തു. അവർ പ്രതികരിച്ചു: നിന്റെ പരിശുദ്ധി ഞങ്ങൾ വാഴ്ത്തുന്നു. നീ പഠിപ്പിച്ചു തന്നതല്ലാതെ യാതൊരറിവും ഞങ്ങൾക്കില്ലല്ലൊ. നീ സർവ്വജ്ഞനും യുക്തിമാനും തന്നെ (സൂറത്തുൽ ബഖറ 31, 32). ശേഷം അല്ലാഹുവിന്റെ ആജ്ഞപ്രകാരം ആദം (അ) മലക്കുകൾക്ക് ഓരോന്നിന്റെയും പേരുകൾ പറഞ്ഞുകൊടുക്കുകയുണ്ടായി.

ശേഷം ആദമി (അ)ന്റെ ആത്മാവിൽ നിന്നു തന്നെ അദ്ദേഹത്തിന്റെ ഭാര്യയെ അല്ലാഹു സൃഷ്ടിച്ചു. അല്ലാഹു പറയുന്നുണ്ട്: ഒരേയൊരു ശരീരിത്തിൽ നിന്നു നിങ്ങളെ പടച്ചത് അവനാണ്. എന്നിട്ട് അതിൽ നിന്നു തന്നെ അതിന്റെ ഇണയെയും അവൻ സൃഷ്ടിച്ചു. അവളോടൊത്ത് സമാധാനം നേടാൻ (സൂറത്തുൽ അഅ്‌റാഫ് 189). അതായത് മനസ്സിന് ആശ്വാസവും ആനന്ദവും പകരുന്ന ഇണയെ സ്വന്തത്തിൽ നിന്നു തന്നെ സൃഷ്ടിച്ചുവെന്നതാണ്. ദമ്പതികൾക്കിടയിലുണ്ടാവേണ്ട സ്‌നേഹാർദ്രതയും സമാശ്വാസവും ആദിമ മനുഷ്യൻ മുതൽക്കേ അല്ലാഹു പ്രകൃതിമാക്കിവെച്ചുവെന്നതാണ് സത്യം. അല്ലാഹു ആദമി (അ)നെയും ഭാര്യ ഹവ്വാ (അ)നെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയുണ്ടായി. ശേഷം ഒരു വൃക്ഷമൊഴികെ ബാക്കിയുള്ളതിൽ നിന്നെല്ലാം ഭക്ഷിക്കാനും കൽപ്പിച്ചു. “ആദമിനോട് നാം അരുളി: താങ്കളും സഹധർമിണിയും സ്വർഗത്തിൽ വസിക്കുകയും അതിൽ നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ആഹരിക്കുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷവുമായടുക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങളിരുവരും അക്രമികളിൽപെടും” (സൂറത്തുൽ ബഖറ 35). ആദമി (അ)നെ പരീക്ഷിക്കാൻ വേണ്ടിയാണ് സ്വർഗകനികളിൽ നിന്ന് ഒരു വൃക്ഷം മാത്രം വിലക്കിയത്. എന്നാൽ പിശാച് അവർക്ക് ആ മരം കിട്ടാകനിയെന്ന് ആണയിട്ട് ബോധിപ്പിക്കുകയായിരുന്നു. “അങ്ങനെ ഇബ് ലീസ് അവരിൽ ദുഷ്‌പ്രേരണ ചെലുത്തി. തദ്ഫലമായി അവരുടെ ഗുപ്തഗുഹ്യങ്ങൾ വെളിപ്പെട്ടു. നിങ്ങളിരുവരും മലക്കുകളോ ശാശ്വതരോ ആയിത്തീരരുതെന്നുവെച്ചു മാത്രമാണ് രക്ഷിതാവ് ഈ മരത്തിൽ നിന്നു നിങ്ങളെ നിരോധിച്ചത് എന്നവൻ തട്ടിവിട്ടു. ഞാൻ നിങ്ങളുടെ ഗുണകാംക്ഷികകളിൽ പെട്ടവൻ തന്നെയാണെന്നവൻ ആണയിട്ടു പറയുകയുണ്ടായി” (സൂറത്തുൽ അഅ്‌റാഫ് 20, 21). അങ്ങനെ തീരുമാനത്തിൽ ഇടർച്ചയുണ്ടായ ആദം (അ) ദൈവവിലക്ക് മറന്നു. 'മുമ്പ് ആദമിനോട് നിരുദ്ധ ഫലം ഭുജിക്കരുതെന്ന് നാം കരാർ ചെയ്തിരുന്നു, എന്നാൽ അദ്ദേഹമത് വിസ്മരിച്ചുപോയി. തനിക്കു നിശ്ചയദാർഢ്യമുള്ളതായി നാം കണ്ടില്ല' (സൂറത്തു ത്വാഹാ 115). മറവി കാരണത്താലാണ് ആദം നബി (അ) വിലക്കപ്പെട്ട പഴം കഴിച്ചതെന്ന് പ്രമുഖ താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) പറഞ്ഞതായി തഫ്‌സീറുൽ റാസി വിവരിക്കുന്നുണ്ട് (22/106). സ്വചെയ്തിയിൽ ഖേദിച്ച ആദം (അ) നാഥന് മുന്നിൽ കുറ്റം സമ്മതിക്കുകയും പശ്ചാത്തപിക്കുകയുമുണ്ടായി. ആദ (അ)മും ഹവ്വാ (അ) ബീവിയും അല്ലാഹുവിനോട് കേണു: 'നാഥാ സ്വന്തത്തോടു തന്നെ ഞങ്ങൾ അക്രമം ചെയ്തു പോയി. നീ പൊറുക്കുകയും കരുണ വർഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഞങ്ങൾ സർവ്വ നഷ്ടം വന്നവരായിപ്പോവുക തന്നെ ചെയ്യും തീർച്ച' (സൂറത്തുൽ അഅ്‌റാഫ് 23). അങ്ങനെ അല്ലാഹു പ്രായശ്ചിത്തം സ്വീകരിച്ചു: 'എന്നാൽ പിന്നീട് തന്റെ രക്ഷിതാവ് അദ്ദേഹത്തെ ഉൽകൃഷ്ടനായി തെരഞ്ഞെടുത്തു, പശ്ചാത്താപം സ്വീകരിച്ച് സന്മാർഗ ദർശനമേകി' (സൂറത്തു ത്വാഹാ 122). ഇപ്രകാരം അല്ലാഹു ദോഷികളായ മനുഷ്യരുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ആദം സന്തതികളെല്ലാം പാപികളാണ്, പശ്ചാത്തപിക്കുന്നവരാണ് അവരിൽ ഉത്തമർ (ഹദീസ് ഇബ്‌നു മാജ 4251).

നമ്മൾ മനുഷ്യരെല്ലാം ആദമി (അ)ന്റെ മക്കളാണല്ലൊ. നബി (സ്വ) പറയുന്നു: മനുഷ്യരേ, അറിയുക നിങ്ങളുടെ നാഥൻ ഏകനാണ്. നിങ്ങളുടെ പിതാവും ഒരേ ഒരുത്തനാണ്. അറിയുക, അറബിക്ക് അനറബിയേക്കാൾ ശ്രേഷ്ഠതയില്ല. അനറബിക്ക് അറബിയേക്കാളും ശ്രേഷ്ഠതയില്ല. ചുവന്ന നിറമുള്ളവന് കറുത്തവനേക്കാൾ ശ്രേഷ്ഠതയില്ല. കറുത്തവന് ചുവന്ന നിറമുള്ളവനേക്കാളും ശ്രേഷ്ഠതയില്ല. എന്നാൽ ഒരാൾ ശ്രേഷ്ഠനാവുന്നത് ദൈവഭയഭക്തി കൊണ്ടുമാത്രമാണ് (ഹദീസ് അഹ്മദ് 23489). മനുഷ്യർക്കിടയിലെ ഭാഷ വേഷ നിറ വൈജാത്യങ്ങളും വൈവിധ്യങ്ങളുമെല്ലാം മാനുഷികമായ സ്വാഭാവികതകളാണ്. വിത്യാസങ്ങളുണ്ടായിട്ടും പരസ്പരം സഹവർത്തിത്വത്തിലും സഹകരണത്തിലും കഴിയേണ്ടതിൽ നാനാത്വത്തിന്റെ ഏകത്വമാണ് പ്രതിഫലിക്കുന്നത്. കാരണം ഏവരുടെയും കുടുംബ പരമ്പര അവസാനം ചെന്നെത്തുന്നത് ആദം നബി (അ)യിലേക്കാണ്. അതിനാൽ ഒരുത്തൻ മറ്റൊരുവനേക്കാൾ ഉയർന്നവനാവുന്നത് ദൈവാനുസരണ പ്രകാരമുള്ള സുകൃതങ്ങൾ കൊണ്ടുമാത്രമാണ്.

അല്ലാഹു മനുഷ്യരെ ബഹുമാനിച്ച് മറ്റുള്ള  സൃഷ്ടികളേക്കാൾ പ്രത്യേകമായി ശ്രേഷ്ഠരാക്കിട്ടുണ്ട്. 'നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്ത ഭോജ്യങ്ങളിൽ നിന്ന് അവർക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയുംക്കാൾ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു' (സൂറത്തുൽ ഇസ്‌റാഅ് 70). നമ്മുടെ ആദ്യപിതാവ് ആദം നബി (അ)യുടെയും അന്ത്യപ്രവാചകർ നമ്മുടെ നബി മുഹമ്മദ് നബി (സ്വ)യുടെയും ജീവിതദർശനങ്ങൾ വർണ വർഗ ജാതി വർഗീകരണം നടത്താതെയുള്ള മാനവബന്ധങ്ങൾ അരകിട്ടുറപ്പിക്കുന്നതായിരുന്നു. അല്ലാഹു ആദമി (അ)നെയും സന്തതികളെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാനാണ്. മനുഷ്യജിന്നു വർഗങ്ങളെ പടച്ചത് ആരാധനക്കെന്ന് അല്ലാഹു തന്നെ പ്രഖ്യാപിച്ചതാണ്. അല്ലാഹു മനുഷ്യരെ ഭൂമിയിൽ അധിവസിപ്പിച്ചത് നന്മയാർന്ന സംസ്‌ക്കാരങ്ങൾ പണിയാനും സുകൃതങ്ങൾ കൈമാറാനുമാണെന്ന് സുവ്യക്തം. മാനവികതയുടെ മൂല്യമതാണ്. സഹിഷ്ണുത, സഹകരണം, സഹാനുഭൂതി എന്നീ വിശേഷങ്ങളെല്ലാം മനുഷ്യരിൽ സഹജമായിരിക്കുമ്പോഴാണ് ഭൂമിയിൽ രക്ഷയും വിജയവും വിളയുന്നത്. ഇത്തരത്തിൽ ആദം നബി (അ)യുടെ ചരിത്രം കുറേ നന്മകൾ പകർന്നു നൽകുന്നുണ്ട്.

back to top